“അമ്മേ! ഒരു ഏഴരശനിക്കാരിയും കണ്ടകശനിക്കാരിയും കൂടിയാണ് ഇന്റർനാഷണൽ ട്രിപ്പ് പോകുന്നത്! കുഴപ്പം വല്ലതും?” പെട്ടി പാക്ക്ചെയ്ത് ദുബായ്ക്ക് ഇറങ്ങുന്നതിന് മുൻപ് കണ്ടകശനിക്കാരി അമ്മയോട് ഏഴരശനിക്കാരി ഞാൻ ചോദിച്ചത് ഇപ്പോഴും നല്ല ഓർമ്മയുണ്ട്! ഞാൻ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അമ്മയത് കാര്യമായെടുത്തു. രണ്ടുപേരുടെയും തലയ്ക്ക് പത്തുരൂപ ഉഴിഞ്ഞിട്ടാണ് യാത്ര തുടങ്ങിയത്. ഉഴിഞ്ഞതിന്റെ ഫലമാണോ എന്തോ, എട്ടു ദിവസം നീണ്ട ദുബായ് പര്യടനം വെണ്ണപോലെ സ്മൂത്തായിരുന്നു! ഫെബ്രുവരി ഇരുപതിയെട്ടാം തീയതിയാണ് മടക്കം. അമ്മ നാട്ടിലേക്കും, ഞാൻ ജോർദാനിലേക്കും.

അമ്മയുടെ ഫ്‌ളൈറ്റ് ഉച്ചയ്ക്കാണ്. എന്റേത് വൈകിട്ടും. അമ്മയും ഞാനും ഒരുമിച്ച് ഇമ്മിഗ്രേഷൻ പൂർത്തിയാക്കുന്നു, അമ്മയെ ബോർഡിങ് ഗേറ്റ് സമീപം കൊണ്ടുവിട്ട് ഞാൻ എനിക്കുള്ള ബോർഡിങ് ഗേറ്റ് കണ്ടുപിടിക്കുന്നു, അമ്മ വീട്ടിലേക്ക് പോകുന്നു. ഞാൻ ജോർദാനിൽ പത്തു ദിവസത്തേക്ക് യാത്രപോകുന്നു... സുവ്യക്തമായ പ്ലാൻ! അബുദാബി എയർപോർട്ടിൽ എത്തി അമ്മയുടെ ചെക്ക് ഇൻ പൂർത്തിയാക്കിയ ശേഷം ഞാൻ എയർപോർട്ട് ഉദ്യോഗസ്ഥരോട് ചോദിച്ചു; “എനിക്ക് വൈകീട്ടാണ് ഫ്ളൈറ്റ്. വളരെ നേരത്തേയാണെന്നറിയാം, എങ്കിലും അമ്മയുടെ കൂടെ ചെക്ക് ഇൻ അനുവദിച്ചാൽ എനിക്ക് അമ്മയെ ബോര്ഡിങ് ഗേറ്റ് വരെ കൊണ്ടാക്കാമായിരുന്നു. പ്രായമായ ആളല്ലേ.” “അതിനെന്താ ഒരു കുഴപ്പവുമില്ല.” ചിരിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു. പെട്ടെന്ന് അവിടെ നിന്നിരുന്ന ഒരു അറബി വളരെ ഗൗരവത്തോടെ അയാളോടെന്തോ പറയുന്നതുകണ്ടു. ശേഷം, "മാഡം! ജോർദാൻ ഫ്ളൈറ്റ് തത്കാലം ഹോൾഡിലാണ്. ഉച്ചയ്ക്ക് ശേഷമേ ഫ്ളൈറ്റിന്റെ അവസ്ഥയെക്കുറിച്ച് പറയാൻ സാധിക്കൂ” എന്ന് എന്നോട് പറഞ്ഞു.

“ലവന്മാർക്ക് എന്നെ നേരത്തെ വിടാതിരിക്കാനുള്ള മുട്ടാപ്പോക്ക് ന്യായം.” ഞാൻ മനസ്സിൽ പിറുപിറുത്തു! ശേഷം അമ്മയെ പാസ്സ്‌പോർട്ടും ബാക്കി രേഖകളുമെല്ലാം ഏല്പിച്ച് ഇമ്മിഗ്രേഷൻ കഴിഞ്ഞ ഉടനെ എന്നെ വിളിക്കണം എന്നു പറഞ്ഞു യാത്രയാക്കി. ശേഷം ഞാൻ ഒരു കാപ്പിയും വാങ്ങി അമ്മയുടെ വിളിയും കാത്തിരുന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും അമ്മ വിളിച്ചു. “ഇമ്മിഗ്രേഷൻ കഴിഞ്ഞു. ബോർഡിങ് ഗേറ്റ് എത്തി മോളെ. ബോർഡിങ് തുടങ്ങാൻ ഇനിയും സമയമുണ്ട്.” ഫ്ളൈറ്റ് കയറുന്നതിനു മുൻപ് എന്നെ വിളിക്കണം, തന്നുവിട്ട ഭക്ഷണം കഴിക്കണം എന്നൊക്കെ ഓർമ്മിപ്പിച്ച് ഞാൻ ഫോൺകോൾ അവസാനിപ്പിച്ചു. 

സമയം കൃത്യം ഒരുമണി. ബോർഡിങ് ഒന്നരയ്ക്കാണ്. ഞാൻ ചുറ്റോട് ചുറ്റും നോക്കി. പല ചെക്ക് ഇൻ കൗണ്ടറുകളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോൾ പല ഫ്ളൈറ്റും താമസിച്ചാണ്  എന്ന മറുപടിയാണ് കിട്ടിയത്. കാര്യമെന്തെന്ന് ആരും പറയുന്നില്ല. കുറച്ചു മുന്നിൽ ഒരു മലയാളി കുടുംബം നിൽക്കുന്നത് കണ്ടു; “നിങ്ങൾ എങ്ങോട്ടേക്കാ?” ഞാൻ ചോദിച്ചു. “രണ്ടു മണിയുടെ കൊച്ചി ഫ്ളൈറ്റാണ്. അവർ പറയുന്നത് ഫ്ളൈറ്റ് ഹോൽഡിൽ ആണെന്നാണ്.” ഈശ്വരാ! അമ്മ പോകേണ്ട ഫ്ളൈറ്റ് അല്ലേ അത്! എന്റെ നെഞ്ച് പിടഞ്ഞു! 
അമ്മയെ പെട്ടെന്ന് തന്നെ വിളിച്ചു. “ഈ ഫ്ളൈറ്റ് ഇന്നെടുക്കില്ല. കുറച്ചു സമയം കാത്തിരിക്കാൻ പറയുന്നു.” അമ്മ പറഞ്ഞു.
“അതെന്താ ഫ്ളൈറ്റ് എടുക്കാത്തത്? അവർ കാരണമെന്തെങ്കിലും പറഞ്ഞോ?” ഞാനത് ചോദിച്ചതും, ഭൂമി പിളർന്നതുപോലെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു! ഉടനെ ഫോണിൽ അലെർട്ട് വന്നു. “മിസൈൽ ആക്രമണം നടക്കുന്നു. പുറത്തിറങ്ങാതെ, കെട്ടിടങ്ങൾക്കുള്ളിൽ സുരക്ഷിതമായ സ്ഥാനങ്ങൾ കണ്ടുപിടിക്കുക.” ഞാൻ അതു വായിച്ച് തരിച്ചു നിന്നു. ചുറ്റുമുള്ളവർ പരിഭ്രമിക്കുന്നുണ്ട്. പലരും ഉടനെ എയർപോർട്ട് വിട്ടു. അമ്മയെ വിളിച്ചിട്ട് കിട്ടുന്നുമില്ല. അപ്പോഴേക്കും ഗ്രൗണ്ട് സ്റ്റാഫ് ഔദ്യോഗികമായി പറഞ്ഞു; “ഇറാൻ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ അയയ്ക്കുന്നുണ്ട്. ആകാശമാർഗങ്ങളെല്ലാം തന്നെ താത്കാലികമായി അടച്ചിരിക്കുകയാണ്. ഇവിടുന്ന് പോകുന്നതാണ് എന്തുകൊണ്ടും നല്ലത്.” 
“എന്റെ അമ്മ അകത്തുണ്ട്. അവരുടെ ഇമ്മിഗ്രേഷൻ കഴിഞ്ഞു. ഇനി എന്തു ചെയ്യും?” 
“ഇമ്മിഗ്രേഷൻ കഴിഞ്ഞതുകൊണ്ട് അവർ രാജ്യം വിട്ടുകഴിഞ്ഞു. അതുകൊണ്ട് അമ്മയെ അവിടുന്ന് തിരിച്ചുകൊണ്ടുവരാൻ അല്പം സമയമെടുക്കും.” അവർ വിശദീകരിച്ചു.
“അവർ പ്രായമായ സ്ത്രീയാണ്. ഷുഗറും പ്രഷറുമൊക്കെയുണ്ട്.” എന്‍റെ ടെൻഷൻ മാറുന്നില്ല.  “പേടിക്കേണ്ട. അവർ സുരക്ഷിതമാണ്. പരിചരിക്കാൻ ആളുകളുണ്ട്. നടപടികൾ പൂർത്തിയാക്കി, അറൈവൽ സ്ഥാനത്തേക്ക് അവർ‌ വരും. അവിടുന്ന് കൊണ്ടുപോയാൽ മതി.” എന്നെ ആശ്വസിപ്പിച്ചു. എങ്കിലും അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല. എനിക്ക് വല്ലാത്തൊരു ഭയം. “ഒന്നുകൊണ്ടും പേടിക്കേണ്ട. മെഡിക്കൽ എമർജൻസിക്കും മറ്റേതൊരു എമർജൻസിക്കും അവിടെ ആളുണ്ട്.” അയാൾ അങ്ങനെ പറഞ്ഞെങ്കിലും എനിക്കൊരു സമാധാനവും കിട്ടിയില്ല. ഒരു തൂവാല കാണാതെ പോയാൽ ടെൻഷൻ അടിക്കുന്ന ആളാണ് അമ്മ. ആ അമ്മയാണ് മിസൈലിന്റെ നടുവിൽ സമാധാനമായിട്ടിരിക്കുന്നത്! 

ഞാൻ ഭ്രാന്തു പിടിച്ചപോലെ തുടരെ തുടരെ അമ്മയെ വിളിച്ചുകൊണ്ടേയിരുന്നു. എങ്ങനെയോ ഒടുവിൽ കിട്ടി; “മോളെ! അമ്മ ഇപ്പൊ ഒരു ക്യൂവിലാണ്. എന്റെ കൂടെ ഒരുപാടാളുകളുണ്ട്. ഭക്ഷണവും വെള്ളവുമുണ്ട്. ഒന്നുകൊണ്ടും പേടിക്കണ്ട. പുറത്തേക്കിറക്കും എന്നാണ് പറയുന്നത്.” അമ്മ പറഞ്ഞു.
“ഞാൻ പുറത്തുണ്ടാകും. അമ്മ ധൈര്യമായിട്ട് പുറത്തേക്ക് വായോ. പേടിക്കേണ്ട.”
“അമ്മയ്‌ക്കെന്ത് പേടി, അമ്മേടെ മോളുള്ളപ്പോൾ...” എന്നെ സമാധാനിപ്പിക്കാൻ പാവം അമ്മ എന്തൊക്കെയോ പറയുന്നു. 

നീണ്ട ആറു മണിക്കൂറുകൾ! മിസൈലിന്റെ ശബ്ദവും എമർജൻസി അലെർട്ടുകൾക്കുമിടയിൽ അമ്മയെ കാത്തു ഞാൻ ഇരുന്ന നീണ്ട ആറു മണിക്കൂറുകൾ! എനിക്ക് ചുറ്റും പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന നിസ്സഹായരായ മനുഷ്യർ! എന്റെ തൊട്ടടുത്തിരുന്നവരും അമ്മയെ കാത്തിരിക്കുകയാണ്. ആറ്റുകാൽ പൊങ്കാലയിടാൻ തിരുവനന്തപുരത്തേക്ക് പോവുകയാണ് അവരുടെ അമ്മ. ഇതിനിടയിൽ ഒരു വശത്തൂടെ ടൂറിസ്റ്റുകളെ കൂട്ടത്തോടെ പുറത്തേക്ക് വിടുന്നുണ്ട്. അവർക്കായി സർക്കാർ ഹോട്ടലുകളിൽ താമസവും ഏർപ്പാടാക്കിയിട്ടുണ്ട്. അവരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ നഗരത്തിലെ എല്ലാ സ്‌കൂൾബസുകളും സജ്ജീകരിച്ചിട്ടുണ്ട്. അവിടുത്തെ സർക്കാർ, ഒരു അത്യാഹിതത്തെ എങ്ങനെ നേരിടുന്നു എന്ന് കണ്ടു തന്നെ പഠിക്കണം! ഉദ്യോഗസ്ഥർക്ക് പരിഭ്രമിക്കാതെ കാര്യങ്ങൾ നേരിടാൻ വ്യക്തമായ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. തലയ്ക്കു മുകളിലൂടെ മിസൈലുകൾ പറക്കുമ്പോഴും അവിടുത്തെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്തും ഭയമില്ല. കർമനിരതരായി നമ്മുടെ ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ മറുപടി പറഞ്ഞുകൊണ്ട് അവർ നിന്നു.

ഒടുവിൽ അമ്മ പുറത്തു വന്നു. അബുദബിയിൽ നിന്ന് ദുബായിയിലേക്ക് കൊണ്ടുപോകാൻ അമ്മയുടെ ജ്യേഷ്ഠന്റെ മകൻ കമലേഷ് ചേട്ടൻ വന്നു. എനിക്ക് ആ മനുഷ്യനോട് തോന്നിയ ബഹുമാനത്തിന് കയ്യും കണക്കുമില്ല. വിളിച്ച ഉടനെ, രണ്ടാമതൊന്നു ചിന്തിക്കാതെ ഞങ്ങളെ കൂട്ടിക്കൊണ്ട് പോന്നു. അത്യാഹിതഘട്ടങ്ങളിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്താണെന്നറിയാമോ? കൂട്ട്! ഇത്തരം ഘട്ടങ്ങളിൽ താൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ വല്ലാത്തൊരു ആശ്വാസമാണ്. ഇത്രയും സംഭവബഹുലമായ ദിവസത്തിനൊടുവിൽ പരിചിതമായ മുഖങ്ങൾ കണ്ടത് എന്നെ സമാധാനിപ്പിച്ചു. കമലേഷ് ചേട്ടന്റെയും രാധ ആന്റിയുടെയുമൊപ്പം മൂന്നു ദിവസത്തോളം താമസിച്ചു. രാത്രിയിൽ മിസൈലുകളുടെ ശബ്ദം കേട്ട് ഞെട്ടി ഉണരും. നാട്ടിൽ നിന്ന് ഹരി (ഭർത്താവ്) പരിഭ്രമത്തോടെ ഓരോ മണിക്കൂറും വിളിക്കും. അമ്മയ്ക്ക് രാത്രി ഉറങ്ങാനുമാവുന്നില്ല.

അങ്ങനെയിരിക്കെയാണ് ഒമാനിൽ നിന്ന് നാട്ടിലേക്ക് ഫ്ളൈറ്റ് സർവീസുണ്ട് എന്നറിഞ്ഞത്. രാധ ആന്റിയുടെ മരുമകൻ ബിട്ടു ചേട്ടൻ ഒമാനിലാണ്. അന്വേഷിച്ചപ്പോൾ സംഗതി ശരിയാണ്. ചേട്ടൻ ആ രാത്രി കൊണ്ട് വിസ ശരിയാക്കി തന്നു. റോഡ് മാർഗം വേണം ഒമാനിലേക്ക് പോകാൻ. ഇനി ഒമാനിൽ നിന്ന് ഫ്ളൈറ്റ് ബുക്ക് ചെയ്യണം. ഒമാൻ എയറിന്റെ വെബ്സൈറ്റ് നോക്കി. മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു ടിക്കറ്റിന് വില 464 ഒമാനി റിയാൽ. അതായത് ഏകദേശം 1,11,00 രൂപ! ഞാൻ വായും പൊളിച്ചിരുന്നു! 

“സാരമില്ല. നീ ടിക്കറ്റ് എടുക്ക്. നാട്ടിൽ ചെന്നിട്ട് ഞാൻ നിനക്ക് പൈസ തരാം.” അമ്മ പറഞ്ഞു. എത്രമാത്രം പേടിച്ചിട്ടായിരിക്കണം പാവം അങ്ങനെ പറഞ്ഞത്! ഭാഗ്യം പരീക്ഷിക്കാൻ, ഫ്ളൈറ്റ് ഇറങ്ങേണ്ട സ്ഥലം, കൊച്ചി മാറ്റി കരിപ്പൂർ കൊടുത്തുനോക്കി. ഭാഗ്യത്തിന് 23,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. വില കൂടുന്നതിനു മുൻപ് ഞങ്ങൾ അടുത്ത ദിവസത്തേക്ക് ടിക്കറ്റെടുത്തു. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. യുഎഇ അതിർത്തിയായ ഹത്ത വരെ കമലേഷ് ചേട്ടൻ ഞങ്ങളെ കൊണ്ടുവിട്ടു. അവിടുന്ന് ബിട്ടുചേട്ടന്റെ ഡ്രൈവർ ഞങ്ങളെ അദ്ദേഹത്തിന്റെ വണ്ടിയിൽ മസ്‌കറ്റ് വരെ കൊണ്ടുപോകും. ഇതായിരുന്നു പ്ലാൻ. എന്നാൽ അതിർത്തിയിൽ എത്തിയതും അവിടുള്ളവർ പറഞ്ഞു; “കാറിൽ ബോർഡർ കടക്കാൻ സാധിക്കില്ല. ബസ് സർവീസ് ഉണ്ട്. സൗജന്യമാണ്. ബോർഡർ കടന്നതിനു ശേഷം ബോർഡറിനപ്പുറം കാറിൽ കയറി നിങ്ങൾക്ക് പോകാം.” 

പെട്ടികളെല്ലാം പൊക്കിയെടുത്തു ഞാൻ ബസ്സിൽ വെച്ചു. എന്നെപ്പോലെ, ഏഴു കിലോ ഭാരമുള്ള ബാക്ക്പാക്ക് കൊണ്ട് നടക്കുന്ന ആളല്ല അമ്മ. അലമാര മുഴുവനും പെട്ടിയിലാക്കുന്ന കക്ഷിയാണ് അമ്മ. ഏകദേശം 30 കിലോ തൂക്കം വരുന്ന രണ്ട് പെട്ടികൾ. ഇത് രണ്ടും പല വട്ടം കയറ്റുകയും ഇറക്കുകയും ചെയ്ത് ഞാൻ ഒരു പരുവമായി. പലവട്ടമുള്ള സ്‌കാനിങ്ങുകൾ കഴിഞ്ഞ് ഒടുവിൽ അവസാനത്തെ ബസിൽ കയറി. തൊട്ടടുത്തിരുന്നത് ബ്രിട്ടീഷുകാരായ ഭാര്യയും ഭർത്താവുമാണ്. ഗാസയിലും തുർക്കിയിലുമൊക്കെ താമസിച്ചിട്ടുള്ളതുകൊണ്ട് യുദ്ധം അവർക്ക് പുത്തരിയല്ല. ബ്രിട്ടീഷ് പാസ്സ്‌പോർട്ടിന് വിസ ബോർഡറിൽ കിട്ടും. ആ ‘പാസ്‌പോർട്ട് പ്രിവിലേജ്’ എന്താണെന്ന് അറിയാൻ ഇമ്മിഗ്രേഷൻ കൗണ്ടറിൽ പോയാൽ മതി. അവർക്കൊക്കെ രാജ്യാതിർത്തിയിൽ കിട്ടുന്ന സാധനം വിസ നമുക്ക് അപേക്ഷിച്ച് രണ്ടും മൂന്നും ദിവസം കാത്തിരുന്നാലാണ് ലഭിക്കുക.

ഒടുവിൽ ഡ്രൈവറെ കണ്ടു. ഖാലിദ്! നല്ല മനുഷ്യൻ. മസ്‌കറ്റ് എത്തുന്നതുവരെയും ഖാലിദ് ഒമാനിലെ വിശേഷങ്ങൾ മുറി ഇംഗ്ലീഷിൽ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ മസ്‌കറ്റ് എത്തി ബിട്ടു ചേട്ടനെ കണ്ടു. വൈകുന്നേരം മസ്‌കറ്റ് ചുറ്റിക്കാണിച്ചു തന്നു. അന്നു രാത്രി രാധ ആന്റിയുടെ രണ്ടാമത്തെ മകളുടെ വീട്ടിലാണ് തങ്ങിയത്. പിറ്റേന്ന് ബിട്ടു ചേട്ടൻ എയർപോർട്ടിൽ വിട്ടു. ഇറങ്ങി യാത്ര പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത്രമാത്രം കടപ്പാട് ബിട്ടുചേട്ടനോടും കമലേഷ് ചേട്ടനോടും ഞങ്ങൾക്കുണ്ട്! ‘ഞങ്ങളുണ്ട്’ എന്ന് കേൾക്കുമ്പോൾ തോന്നുന്നൊരു ധൈര്യം, അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi