നടൻ വിജയ്‌യുടെ വിവാഹമോചന വാർത്തകളാണ് എങ്ങും. ചെന്നൈയിൽ വെച്ച് നടന്ന ഒരു വിവാഹ സൽക്കാരത്തിൽ വിജയ്‌യും നടി തൃഷ കൃഷ്ണനും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വിജയ്‌യുടെ 26 വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം, അദ്ദേഹത്തിന് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് (Vijay divorce) അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് വിജയ്‌യും തൃഷ കൃഷ്ണനും. 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 'തിരുപ്പാച്ചി', 'ആദി', 'കുരുവി' എന്നീ ചിത്രങ്ങളിലും അവർ ഒന്നിച്ചിരുന്നു. ഈ സിനിമകളിലെല്ലാം ഇവരുടെ കെമിസ്ട്രി ആരാധകർ ആഘോഷമാക്കുകയും ചെയ്തു.

തങ്ങളുടെ ആദ്യ ചിത്രമായ 'ഗില്ലി'യിൽ വിജയ്‌ക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് തൃഷ ഒരു പഴയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. "വിജയ് അത്ഭുതകരമായ വ്യക്തിയാണ്. ഞാൻ അദ്ദേഹത്തിനൊപ്പം നാല് സിനിമകൾ ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാൽ, 'ഗില്ലി'യുടെ തുടക്കത്തിൽ എനിക്ക് അദ്ദേഹവുമായി അത്ര വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. കാരണം വിജയ് വളരെ നിശബ്ദനായ ഒരാളാണെന്ന് എല്ലാവർക്കും അറിയാമല്ലോ. വളരെ റിസർവ്ഡ് ആയ പ്രകൃതം, സെറ്റിൽ വരുന്നു, ജോലി ചെയ്യുന്നു. എന്നാൽ 'ഗില്ലി' ടീമിന് നന്ദി, ഞങ്ങൾ പിന്നീട് നല്ല സുഹൃത്തുക്കളായി," അവർ പറഞ്ഞു.

വിജയ്‌യെ "വളരെ ദയയുള്ള, മാന്യനായ വ്യക്തി" എന്നും താരം വിശേഷിപ്പിച്ചു. "എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകൾ നൽകിയ സഹതാരം എന്ന നിലയിൽ വിജയ് എനിക്ക് എപ്പോഴും പ്രത്യേകതയുള്ള വ്യക്തിയായിരിക്കും. അദ്ദേഹത്തെ ഒരിക്കലും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. സെറ്റിൽ വളരെ പ്രൊഫഷണലാണ് അദ്ദേഹം, തന്റെ ജോലി കൃത്യമായി പൂർത്തിയാക്കും. എനിക്ക് എന്നും ഇഷ്ടമുള്ള വ്യക്തികളിൽ ഒരാളാണ് അദ്ദേഹം," അന്ന് തൃഷ പറഞ്ഞു.

2023-ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയ്‌യും വീണ്ടും ഒന്നിച്ചു. വിജയ് തന്റെ വിവാഹമോചനത്തെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും പരോക്ഷമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi