ഒരു ഷോട്ടിനായി 90-ലേറെ ടേക്കുകൾ. ഉച്ചഭക്ഷണത്തിന് വെറും 20 മിനിറ്റ് ഇടവേള. എല്ലാവരേക്കാളും മണിക്കൂറുകൾക്കു മുൻപേ ലൊക്കേഷനിലെത്തുന്ന സംവിധായകൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘വാരണാസി’യുടെ സെറ്റിൽ കണ്ട എസ്.എസ്. രാജമൗലിയുടെ ജോലിരീതിയെക്കുറിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധനേടുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ. മഹേഷ് ബാബുവിനൊപ്പമുള്ള ഒരു രംഗം ചിത്രീകരിക്കാൻ ഒരു ദിവസം മുഴുവൻ ചെലവഴിക്കേണ്ടി വന്ന സംഭവമാണ് അദ്ദേഹം ഓർത്തെടുത്തത്.
“ഇത് അതിശയോക്തിയല്ല, ഒരു പ്രത്യേക ഷോട്ടിനായി ഞാനും മഹേഷ് ബാബുവും രാവിലെ മുതൽ അഭിനയിച്ചു തുടങ്ങി. അത് 94-ാമത്തെ ടേക്കായിരുന്നോ 97-ാമത്തേതായിരുന്നോ എന്ന് പോലും എനിക്ക് ഉറപ്പില്ല. മണിക്കൂറുകളോളം ചിത്രീകരണം നീണ്ടശേഷം ഉച്ചഭക്ഷണത്തിനായി ഇടവേള നൽകിയെങ്കിലും അതും അധികനേരം നീണ്ടില്ല. കഴിച്ചുതുടങ്ങുമ്പോഴേക്കും വീണ്ടും സെറ്റിലേക്ക് വിളിച്ചു,” പൃഥ്വി ചെറുചിരിയോടെ ഓർത്തെടുത്തു. “വൈകുന്നേരം ആറരയോ ഏഴോ മണിവരെ ചിത്രീകരണം തുടർന്നിട്ടും രാജമൗലി തൃപ്തനായില്ല. ഒടുവിൽ അടുത്ത ദിവസവും അതേ രംഗം വീണ്ടും ചിത്രീകരിക്കേണ്ടി വന്നു.”
ചിത്രത്തിൽ വീൽചെയറിലിരിക്കുന്ന അപകടകാരിയായ വില്ലൻ കഥാപാത്രമായ 'കുംഭ'യെ അവതരിപ്പിക്കുന്ന പൃഥ്വിരാജ്, രാജമൗലിയെ താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കഠിനാധ്വാനിയായ സംവിധായകനെന്നാണ് വിശേഷിപ്പിച്ചത്. “അദ്ദേഹം ഒരു പാതയൊരുക്കിയ സിനിമാക്കാരനാണ്. പക്ഷേ അദ്ദേഹത്തിന്റെ ആവേശം കാണുമ്പോൾ ആദ്യ സിനിമയ്ക്കായി 20-30 വർഷം കാത്തിരുന്ന ഒരു യുവ സംവിധായകനെയാണ് ഓർമ്മ വരുന്നത്,” പൃഥ്വിരാജ് പറഞ്ഞു.
Also Read
രാജമൗലിയുടെ ജോലിശൈലിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “രാവിലെ ഏഴിന് ഷൂട്ടിങ് തുടങ്ങേണ്ട ദിവസങ്ങളിൽ പോലും സംവിധായകൻ പുലർച്ചെ തന്നെ സെറ്റിലെത്തും. ക്യാമറ ഒരുക്കുന്നതും സഹപ്രവർത്തകരോടൊപ്പം റിഹേഴ്‌സൽ നടത്തുന്നതും ഓരോ വിശദാംശവും പരിശോധിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ പതിവാണ്. ഒരു ദിവസം രാവിലെ ഏഴിന് ഷൂട്ട് തുടങ്ങാനിരിക്കെ അദ്ദേഹം പുലർച്ചെ 5.15 മുതൽ സെറ്റിലുണ്ടായിരുന്നുവെന്ന് പറഞ്ഞു. താനും മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും എത്തുമ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കും. ഷൂട്ടിങ് അവസാനിച്ച ശേഷവും സെറ്റ് വിടുന്ന അവസാന ആളുകളിൽ ഒരാളായിരിക്കും രാജമൗലി”. ഉച്ചഭക്ഷണ ഇടവേളകൾ പോലും പലപ്പോഴും 20 മിനിറ്റിൽ താഴെയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന ‘വാരണാസി’ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. കഥയുടെ പ്രധാന വിവരങ്ങൾ അണിയറ പ്രവർത്തകർ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ അനിമേറ്റഡ് ടീസർ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു വലിയ കഥയിലേക്കാണ് സൂചന നൽകിയത്. ചിത്രത്തിൽ മഹേഷ് ബാബു 'രുദ്ര'യെയും പ്രിയങ്ക ചോപ്ര 'മന്ദാകിനി'യെയും അവതരിപ്പിക്കുന്നു. 2027 ഏപ്രിൽ 7-ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: prithviraj-shares-ss-rajamouli-shooting-style-varanasi-movie
Published: 25 Jun 2026, 06:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented