വീട്ടുജോലികളിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾക്കെതിരെ (stereotype) നടി പ്രിയങ്ക ചോപ്ര. പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്ന് താരം വ്യക്തമാക്കി. ലിംഗഭേദമന്യേ എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളാണ്‌ ഇവയെന്നും പ്രിയങ്ക പറഞ്ഞു.

കാൻ ലയൺസിൽ (Cannes Lions) സംസാരിക്കവെയാണ് വീട്ടുജോലികളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ച് പ്രിയങ്ക സംസാരിച്ചത്. പല വീടുകളിലും പാചകം, വൃത്തിയാക്കൽ, മറ്റ് ഗൃഹഭരണ ചുമതലകൾ എന്നിവ ഇപ്പോഴും സ്ത്രീകളുടെ ജോലിയായിട്ടാണ് വലിയൊരു വിഭാഗം ആളുകൾ കാണുന്നതെന്ന് താരം ചൂണ്ടിക്കാട്ടി.

"വീട് വൃത്തിയാക്കുന്നതും പാചകം ചെയ്യുന്നതും സ്ത്രീകളുടെ മാത്രം ജോലിയല്ല. അതൊക്കെ പ്രായപൂർത്തിയായ ഏതൊരാളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് (basic adulting). ലിംഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്," പ്രിയങ്ക പറഞ്ഞു.

ഇതേ അഭിമുഖത്തിൽ തന്നെ, ലോകമെമ്പാടും സിനിമയും കഥപറച്ചിലുകളും എങ്ങനെ വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചും നടി സംസാരിച്ചു. ഹോളിവുഡ് ഹൊറർ ചിത്രമായ 'ഒബ്സെഷന്റെ' (Obsession) വിജയം ചൂണ്ടിക്കാണിച്ച താരം, സാങ്കേതികവിദ്യയുടെ വളർച്ച, സിനിമ നിർമ്മാണം കൂടുതൽ എളുപ്പമാക്കിയെന്നും, ഇത് കൂടുതൽ ആളുകൾക്ക് അവരുടെ കഥകൾ പറയാൻ അവസരമൊരുക്കുന്നുവെന്നും വ്യക്തമാക്കി.

"മുൻപൊക്കെ നിങ്ങൾക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കിൽ, ഏത് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യണമായിരുന്നു. അക്കാലത്ത് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശയമുണ്ടെന്ന് തോന്നിയാൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടാം. ഒരു കലാകാരനാകാനും വിനോദ വ്യവസായത്തിന്റെ ഭാഗമാകാനും ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല," പ്രിയങ്ക കൂട്ടിച്ചേർത്തു.

പ്രിയങ്കയുടെ തിരിച്ചുവരവ്

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'വാരണാസി' (Varanasi) എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്‌ പ്രിയങ്ക ചോപ്ര. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏകദേശം 1,000 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. 2027 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi