രശ്മിക മന്ദാനയോട് വിവാഹത്തെക്കുറിച്ച് നൂറു തവണ ചോദിക്കാൻ ആവശ്യപ്പെട്ടെന്ന വിജയ് ദേവരകൊണ്ടയുടെ വെളിപ്പെടുത്തൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ പരിപാടിയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്. രശ്മികയെ അപമാനിക്കുന്ന തരത്തിലായിരുന്നു വിജയിന്റെ പ്രതികരണമെന്നും ബന്ധത്തിൽ രശ്മികയ്ക്കാണ് കൂടുതൽ താത്പര്യമെന്ന പ്രതീതിയുണ്ടാക്കിയെന്നും ആരോപിച്ച് നിരവധി പേർ താരത്തിനെതിരെ രംഗത്തെത്തി. എന്നാൽ, അതിന്റെ മുഴുവൻ എപ്പിസോഡിൽ ഈ പരാമർശത്തിനു പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് വിജയ്. വിവാഹം പെട്ടെന്നുള്ള വൈകാരിക തീരുമാനമാകരുതെന്നും ബന്ധത്തിന്റെ ഉറപ്പ് ബോധ്യപ്പെടണമെന്നുമായിരുന്നു തന്റെ ആഗ്രഹമെന്ന് താരം പറയുന്നു.
രശ്മികയാണ് ആദ്യം വിവാഹത്തെക്കുറിച്ച് സംസാരിച്ചതെന്ന് വിജയ് ഓർത്തെടുത്തു. വിമാനത്താവളത്തിൽ ഇരിക്കുമ്പോഴായിരുന്നു അത്. 'നമുക്ക് വിവാഹം കഴിക്കാം' എന്ന് രശ്മിക പറഞ്ഞപ്പോൾ വിജയിന്റെ മറുപടി, 'ശരി, നീ എന്നോട് നൂറു തവണ ചോദിക്കൂ' എന്നായിരുന്നു. ഇതുകേട്ട് അമ്പരന്ന കരൺ ജോഹർ, രശ്മികയോട് നൂറു തവണ ചോദിച്ചോ എന്നു തിരക്കി. 'ഒരു വർഷം മുഴുവൻ ഞാൻ ചോദിച്ചു' എന്നായിരുന്നു രശ്മികയുടെ മറുപടി.
Also Read
"വിവാഹം ഒരു നിമിഷത്തെ വൈകാരിക ആവേശത്തിൽ എടുക്കുന്ന തീരുമാനമാകരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരാളോടുള്ള പ്രണയം ആഴമുള്ളതാണെന്ന് തോന്നുന്ന സമയത്തുപോലും ജീവിതത്തിലെ മറ്റു സാഹചര്യങ്ങൾ ആ വികാരത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയേണ്ടതുണ്ടായിരുന്നു. പ്രണയത്തോടും ബന്ധങ്ങളോടും ഒരുകാലത്ത് എനിക്ക് വലിയ വിശ്വാസമില്ലായിരുന്നു. കരിയറിനും പണത്തിനും വളർച്ചയ്ക്കും സഹായകമല്ലാത്ത കാര്യങ്ങൾ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നവയാണെന്നായിരുന്നു അന്നത്തെ ചിന്ത. പിന്നീട് ആ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി. രശ്മികയോടുള്ള അടുപ്പം പതിയെ വളരുകയായിരുന്നു. അവൾ അടുത്തുള്ളപ്പോൾ എന്റെ ദിവസങ്ങൾ കൂടുതൽ മനോഹരമാകുന്നതായും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അതിന് കൂടുതൽ രുചി തോന്നുന്നതായും എനിക്ക് തോന്നിത്തുടങ്ങി. അവൾ കൂടെയുള്ളപ്പോൾ എനിക്ക് നന്നായി ഉറങ്ങാൻ കഴിയുന്നു. അപ്പോഴാണ് ഈ സ്ത്രീയെ എനിക്ക് വിവാഹം കഴിക്കണം, അവൾക്കൊപ്പം ജീവിക്കണം എന്ന് തിരിച്ചറിഞ്ഞത്”, വിജയ് പറഞ്ഞു.
വിവാഹത്തെക്കുറിച്ച് നൂറു തവണ ചോദിക്കാൻ ആവശ്യപ്പെട്ടത് രശ്മികയെ പരീക്ഷിക്കാനായിരുന്നില്ലെന്നും തന്നെയും ബന്ധത്തെയും മനസ്സിലാക്കാനായിരുന്നുവെന്നും വിജയ് വ്യക്തമാക്കി. ഒരിക്കൽ രശ്മിക, 'നിങ്ങൾ എന്നെ പരീക്ഷിക്കുകയാണോ?' എന്നു ചോദിച്ചപ്പോൾ തനിക്ക് കുറ്റബോധം തോന്നിയെന്നും താരം പറഞ്ഞു.
“ഞാൻ എന്നെത്തന്നെയാണ് പരീക്ഷിച്ചത്. ഈ ബന്ധത്തെയും പരീക്ഷിക്കുകയായിരുന്നു. നിന്നോട് പെട്ടെന്ന് പ്രണയം തോന്നിയതുകൊണ്ട് മാത്രം നമുക്ക് വിവാഹം കഴിക്കാം എന്ന് പറയാൻ എനിക്ക് കഴിയില്ലായിരുന്നു. സന്തോഷമുള്ള ദിവസങ്ങളിലും വിഷമം നിറഞ്ഞ ദിവസങ്ങളിലും കരിയറിന് കൂടുതൽ സമയം നൽകേണ്ടിവരുമ്പോഴും ഒരാൾക്ക് എല്ലാം ഉപേക്ഷിച്ച് വീട്ടിലിരിക്കണമെന്നു തോന്നുന്ന സാഹചര്യങ്ങളിലും ബന്ധം ഒരുപോലെ നിലനിൽക്കുമോ എന്നറിയണമെന്നായിരുന്നു ആഗ്രഹം. അത്തരം സാഹചര്യങ്ങളിലെല്ലാം വിവാഹം കഴിക്കണമെന്ന ആഗ്രഹം നിലനിൽക്കുന്നുണ്ടെങ്കിൽ ആ തീരുമാനത്തിലേക്ക് കടക്കാമെന്നായിരുന്നു എന്റെ ചിന്ത", താരം വ്യക്തമാക്കി.
പുറമേ പരുക്കനായി തോന്നുമെങ്കിലും താൻ ഏറെ വൈകാരികമായി ചിന്തിക്കുന്നയാളാണെന്നും വിജയ് പറഞ്ഞു. ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിച്ചതിനാൽ സ്വയം സംരക്ഷിക്കാനുള്ള പ്രവണത വളർന്നിരുന്നു. അതിന്റെ ബുദ്ധിമുട്ടുകൾ രശ്മികയ്ക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ എല്ലാം മനോഹരമായെന്നും താരം കൂട്ടിച്ചേർത്തു.
വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീതച്ചടങ്ങിനിടെയാണ് വിജയ് ഒടുവിൽ രശ്മികയോട് വിവാഹാഭ്യർഥന നടത്തിയതെന്നും പരിപാടിയിൽ വെളിപ്പെടുത്തി. “ഡിസംബറിൽ ഇറ്റലിയിൽവച്ച് വിവാഹാഭ്യർഥന നടത്തണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്. എന്നാൽ, അനുയോജ്യമായ മോതിരം കണ്ടെത്താനാകാത്തതിനാൽ അതു നടന്നില്ല”. വിവാഹത്തിനു മുൻപ് വിജയ് രശ്മികയ്ക്കു നൽകിയ മോതിരത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ഇരുവരും മറുപടി നൽകി. അത് വിവാഹനിശ്ചയ മോതിരമായിരുന്നില്ലെന്ന് വ്യക്തമാക്കിയ താരങ്ങൾ പരിപാടിക്കിടെ തങ്ങളുടെ യഥാർഥ മോതിരങ്ങളും കാണിച്ചു.
2018-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഗീത ഗോവിന്ദം ആണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. 2019-ൽ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തി. ഓൺസ്‌ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകശ്രദ്ധ നേടിയതോടെ പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ, വ്യക്തിജീവിതത്തെക്കുറിച്ച് ഇരുവരും അധികം വെളിപ്പെടുത്തിയിരുന്നില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 22 Oct 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented