തമിഴ് സിനിമയുടെ ചരിത്രത്തിൽ പല ഇതിഹാസ കൂട്ടുകെട്ടുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ആരാധകർ വർഷങ്ങളായി കാത്തിരുന്ന ഒരു കൂട്ടുകെട്ടുണ്ടെങ്കിൽ അത് കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന ഒരു വലിയ സിനിമയാണ്. ആ കാത്തിരിപ്പിന്റെ പേരാണ് 'ധർമ്മൻ'. ഒരു സിനിമയുടെ പിറവി സാധാരണയായി ഒരു കഥയിൽ നിന്നോ ഒരു കഥാപാത്രത്തിൽ നിന്നോ ആയിരിക്കും. എന്നാൽ 'ധർമ്മൻ' എന്ന സിനിമയുടെ കഥ തുടങ്ങുന്നത് 40 വർഷം മുൻപ് നടന്ന ഒരു വിമാനയാത്രയിലാണ്. അന്നത്തെ ഒരു ചെറിയ സംഭാഷണം ഇന്ന് ഒരു വലിയ സിനിമയായി മാറുകയാണ്. ചെന്നൈയിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ സിനിമയുടെ പിറവിയെക്കുറിച്ചും രജനീകാന്തുമായുള്ള സൗഹൃദത്തെക്കുറിച്ചും കമൽഹാസൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഒരിക്കൽ ബോംബെയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ആളുകൾ ഞങ്ങളോട് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഒരേ സിനിമയിൽ അഭിനയിക്കുന്നത് ഒരു ബിസ്‌കറ്റ് പങ്കിട്ടെടുക്കുന്നതുപോലെയായിരുന്നു. അന്ന് ഇരുവരും കരിയറിൽ ഏറ്റവും ഉയർച്ചയിൽ നിൽക്കുന്ന സമയമായിരുന്നു. ഒരേ സിനിമയിൽ അഭിനയിക്കുന്നത് പോലും പ്രായോഗികമല്ലാത്ത സാഹചര്യം. അതിനാൽ ഒരിക്കൽ ഞങ്ങളിൽ ഒരാൾ നിർമ്മിച്ച് മറ്റെയാൾ അഭിനയിക്കുന്ന ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അന്നുമുതൽ 40 വർഷമായി ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്,” കമൽ പറഞ്ഞു.

വർഷങ്ങൾ കടന്നുപോയി. സിനിമകൾ മാറി. തലമുറകൾ മാറി. എന്നാൽ ആ സംഭാഷണം മാത്രം അവസാനിച്ചില്ല. അമ്പത് വർഷത്തിലേറെയായി നീളുന്ന സൗഹൃദത്തിന്റെ മറ്റൊരു അധ്യായമാണ് 'ധർമ്മൻ'. സഹനടനായി സിനിമയിൽ എത്തിയ രജനീകാന്ത് പിന്നീട് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറി. മറുവശത്ത്, അഭിനേതാവായും സംവിധായകനായും നിർമ്മാതാവായും നിരന്തരം പുതുമകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കമൽഹാസനും. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചെങ്കിലും ഇരുവരുടെയും സൗഹൃദം എന്നും സിനിമാലോകത്തെ ആകർഷിച്ചിട്ടുണ്ട്.
ചടങ്ങിൽ രജനീകാന്തിനെ അഭിസംബോധന ചെയ്ത് കമൽ പറഞ്ഞ മറ്റൊരു വാചകവും ശ്രദ്ധേയമായിരുന്നു. “ഈ സിനിമ യാഥാർഥ്യമാകുന്നത് വരെ നിങ്ങൾ സിനിമാരംഗത്ത് സജീവമായി തുടരുകയായിരുന്നു. അതിന് നന്ദി”. മൂന്ന് നാല് വർഷം മുൻപ് ഓഫീസ് ഉദ്ഘാടനം ചെയ്തപ്പോഴും ഈ ആശയം വീണ്ടും ചർച്ച ചെയ്തിരുന്നുവെന്നും ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുകയാണെന്നും കമൽ കൂട്ടിച്ചേർത്തു.

ഏറെ നാളായി 'തലൈവർ 173' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ സംവിധായകൻ അശ്വത്ത് മാരിമുത്തുവാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു കൗതുകം സംവിധായകൻ നൽകിയ സൂചനയാണ്. “ഇത് ഒരു ഫാമിലി ത്രില്ലറാണ്. രജനീകാന്ത് സാറിന്റെ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ‘പടയപ്പ’യാണ്. കമൽ സാറിന്റെ ചിത്രങ്ങളിൽ വേട്ടയാട് വിളയാടും. അതുകൊണ്ടുതന്നെ സിനിമയുടെ സ്വഭാവം എല്ലാവർക്കും ഊഹിക്കാമെന്ന് കരുതുന്നു. ഈ രണ്ട് സിനിമകളുടെയും ഒരു മിശ്രിതം പോലെ ‘ധർമ്മനെ’ കാണാം”, അശ്വത്ത് പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച രജനീകാന്ത്, കമൽഹാസൻ തനിക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന് വ്യക്തമാക്കി. “കഥ പോലും ചോദിക്കാതെ എല്ലാം എന്നെ ഏൽപ്പിക്കാമെന്ന് കമൽ പറഞ്ഞു. അത് വലിയൊരു ഉത്തരവാദിത്വമായിരുന്നു,” രജനീകാന്ത് പറഞ്ഞു.

കെ.എസ്. രവികുമാർ, സുന്ദർ സി, സിബി ചക്രവർത്തി എന്നിവരുടെ പദ്ധതികൾ വിവിധ കാരണങ്ങളാൽ മുന്നോട്ട് പോകാനായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബി ചക്രവർത്തി തയ്യാറാക്കിയ കഥ ഒരു ആണവ ശാസ്ത്രജ്ഞനെ ആസ്പദമാക്കിയതായിരുന്നുവെന്നും, അതീവ സെൻസിറ്റീവ് വിഷയമായതിനാലും കൂടുതൽ സമയം ആവശ്യമായതിനാലുമാണ് അത് മാറ്റിവെച്ചതെന്നും രജനീകാന്ത് പറഞ്ഞു.

40 വർഷം മുൻപ് ഒരു വിമാനത്തിൽ തുടങ്ങിയ സംഭാഷണം ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിൽ ഒന്നായി മാറുമ്പോൾ, ആരാധകർക്ക് ഇത് ഒരു സിനിമ മാത്രമല്ല, രണ്ട് ഇതിഹാസങ്ങൾ ചേർന്ന് പൂർത്തിയാക്കുന്ന ഒരു പഴയ വാഗ്ദാനമാണ്. 'ധർമ്മൻ' മാത്രമല്ല, നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘KH x RK Reunion എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലും കമൽഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi