മലയാളത്തിലെ ക്രൈം ത്രില്ലർ ചിത്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷയോടെ തെളിയുന്ന ഒരു മുഖമുണ്ട്, സംവിധായകൻ ജീത്തു ജോസഫിന്റേത്. 19 വർഷത്തെ ഫിലിമോഗ്രഫിയിൽ വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങളുണ്ടെങ്കിലും ജീത്തു ജോസഫെന്ന ത്രില്ലടിപ്പിക്കുന്ന സംവിധായകനോടാണ് പ്രേക്ഷകർക്ക് ഏറെയും പ്രിയം. കിളി പറത്തുന്ന ട്വിസ്റ്റുകൾകൊണ്ട് മലയാളികളെ ത്രില്ലടിപ്പിച്ച സംവിധായകൻ തന്റെ ക്ലാസിക് ത്രില്ലറിന്റെ മൂന്നാംഭാഗവുമായി എത്തിയിരിക്കുന്നു, ദി ക്ലാസിക് 'ദൃശ്യം 3'.

2013-ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 'ദൃശ്യം' ജീത്തു ജോസഫിന്റെയും മലയാളസിനിമയുടെയും വഴിത്തിരിവായിരുന്നു. ബോക്സ് ഓഫീസ് കളക്ഷനിൽമുതൽ റീമെയ്ക്കുകളിൽവരെ ദൃശ്യം കസറി. മോഹൻലാൽ ഗംഭീരമാക്കിയ ജോർജുകുട്ടിയായി വേഷമിടാൻ കമൽഹാസനും അജയ് ദേവ്ഗണും വെങ്കടേഷും ഉൾപ്പെടെയുള്ള താരങ്ങളെത്തി. ഹിന്ദി, തമിഴ്, തെലുഗു മുതൽ ദൃശ്യത്തിന്റെ ചൈനീസ് റീമെയ്ക്കുവരെ സംഭവിച്ചു. ദൃശ്യം വമ്പൻ ഹിറ്റായതോടെ ജീത്തു ജോസഫ് എന്ന എഴുത്തുകാരനും സംവിധായകനും ഒരു ബ്രാൻഡായിമാറുന്ന കാഴ്ചയ്ക്കാണ് മോളിവുഡ് സാക്ഷ്യംവഹിച്ചത്. കോവിഡ്കാലത്ത് ഒ.ടി.ടി. റിലീസായെത്തിയ 'ദൃശ്യം 2'വിലൂടെ സംവിധായകൻ പതിവുപോലെ ഞെട്ടിച്ചു. ഒരിക്കൽക്കൂടി ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോഴും പ്രതീക്ഷകൾ വാനോളംതന്നെ.

സമർഥനായ സംവിധായകൻ
ഇന്റലിജന്റ് ഫിലിം മെയ്ക്കർ എന്ന് ജീത്തു ജോസഫിനെ വിശേഷിപ്പിക്കാനാണ് ആരാധകർക്ക് ഇഷ്ടം. ദൃശ്യത്തിൽമാത്രം ഒതുങ്ങുന്നതല്ല ജീത്തു ജോസഫിന്റെ ഫിലിമോഗ്രഫി. 'ഡിറ്റെക്റ്റീവ്' എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ജീത്തു ജോസഫ് എന്ന സംവിധായകൻ മലയാളസിനിമയിൽ തന്റെ വരവറിയിച്ചു. 2007-ൽ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ 'ഡിറ്റെക്റ്റീവി'ന് ആരാധകരേറെയാണ്.
മൂന്നുവർഷത്തിനുശേഷം 2010-ൽ വീണ്ടുമൊരു ജീത്തു ജോസഫ് ചിത്രമെത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് മറ്റൊരു അനുഭവമാണ്. എന്നാൽ, അവിടെയും സംഭവിച്ചു ട്വിസ്റ്റ്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലൂന്നിയ 'മമ്മി ആൻഡ് മീ' എന്ന ഫാമിലി ഡ്രാമയാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. പിന്നാലെ, ദിലീപും മമ്തയും തകർത്തഭിനയിച്ച 'മൈ ബോസ്' എന്ന റൊമാന്റിക് കോമഡി ചിത്രം എത്തി. ഇതോടെ വ്യത്യസ്തതകൾ തേടിപ്പോകുന്ന, മിനിമം ഗാരന്റിയുള്ള സംവിധായകൻ എന്ന ലേബലിലേക്ക് അദ്ദേഹമെത്തി.
ക്ലാസിക് കഥാപാത്രങ്ങൾ
ജോർജുകുട്ടിയെന്ന സാധാരണക്കാരന്റെ ബുദ്ധിക്ക് പ്രേക്ഷകർ കൈയടിക്കുംമുൻപേ മറ്റൊരു ചിത്രത്തിലൂടെ ജീത്തു ജോസഫ് ഒരു ഐക്കോണിക് കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നു, സാം അലക്സ് എന്ന പോലീസ് ഉദ്യോഗസ്ഥൻ. 2013-ൽ മലയാളികളെ ടിക്കറ്റിനായി നെട്ടോട്ടം ഓടിച്ച ദൃശ്യത്തിനുമുൻപേ 'മെമ്മറീസ്' എന്ന ക്രൈം ത്രില്ലർ. ആദ്യദിനങ്ങളിൽ പയ്യെത്തുടങ്ങി പിന്നാലെ കേട്ടറിഞ്ഞ് ആളുകൾ തിയേറ്ററിലേക്ക് ഒഴുകി. ദൃശ്യത്തിനും ജോർജുകുട്ടിക്കും ആരാധകർ ഏറെയുള്ളപ്പോഴും ഒരു പ്രത്യേക ഫാൻ ബെയ്സ്, ജീത്തു ജോസഫിന്റെ മെമ്മറീസിനും പൃഥ്വിരാജ് അവതരിപ്പിച്ച സാം അലക്സിനുമുണ്ട്. ജോർജുകുട്ടി മൂന്നാമതും എത്തുമ്പോഴും ആരാധകർ സാം അലക്സിന്റെ രണ്ടാംവരവിനായാണ് കാത്തിരുന്നത്. പതിഞ്ഞ താളത്തിൽ ഒരു കുടുംബകഥ പറഞ്ഞുതുടങ്ങി ക്ലൈമാക്സിൽ ആളിക്കത്തിച്ചാണ് ദൃശ്യത്തിലൂടെ ജീത്തു ജോസഫ് മലയാളികളെ ത്രില്ലടിപ്പിച്ചത്. ആദ്യംമുതൽ കൊലയാളി ആരാണെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ട് ഒട്ടേറെ ട്വിസ്റ്റുകളിലൂടെ കഥപറഞ്ഞാണ് അദ്ദേഹം മെമ്മറീസ് അവതരിപ്പിച്ചത്. ദൃശ്യം, ഇന്ത്യൻ സിനിമയിലെ സംസാരവിഷയമായതിനുശേഷം റീമെയ്ക്കുകളുടെ വരവായിരുന്നു. കമൽഹാസൻ നായകനായ റീമെയ്ക്ക് 'പാപനാശം' ജീത്തു ജോസഫ് തന്നെ ഒരുക്കി. മറ്റുഭാഷകളിലും വൻ വിജയമായിമാറി, ഈ ജീത്തു ജോസഫ് തിരക്കഥ.

വ്യത്യസ്തത തേടി…
കിളിപറത്തുന്ന ട്വിസ്റ്റുകൾകൊണ്ട് ത്രില്ലടിപ്പിക്കാൻമാത്രമല്ല, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തനിക്ക് അറിയാമെന്ന്, കരിയറിൽ പലകുറി ജീത്തു ജോസഫ് തെളിയിച്ചിട്ടുണ്ട്. പാപനാശത്തിന്റെ വിജയത്തിനുശേഷം പുതുമയുള്ള ഒരു കോമഡി ഡ്രാമയുമായാണ് സംവിധായകൻ എത്തിയത്, ദിലീപ് നായകനായ 'ലൈഫ് ഓഫ് ജോസൂട്ടി'. പിന്നാലെ, തുടർച്ചയായി രണ്ട് ആക്ഷൻ ത്രില്ലറുകൾ. പൃഥ്വിരാജ് നായകനായെത്തിയ 'ഊഴ'വും, പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റംകുറിച്ച 'ആദി'യും. സംവിധായകനെന്നനിലയിൽ വ്യത്യസ്തത തേടുന്ന ജീത്തുവിനെയാണ് ഈ ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ടത്. കാളിദാസ് ജയറാമും അപർണാ ബാലമുരളിയും പ്രധാനവേഷത്തിലെത്തിയ കോമഡി ചിത്രം 'മിസ്റ്റർ ആൻഡ് മിസ് റൗഡി'യും പിന്നാലെ ജീത്തു ഒരുക്കി.
മലയാളത്തിൽനിന്ന് ചെറിയൊരു ഇടവേളയായിരുന്നു പിന്നീട്. ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മിയും റിഷി കപൂറും പ്രധാനവേഷത്തിലെത്തിയ 'ദി ബോഡി' എന്ന മിസ്റ്ററി ത്രില്ലറും തമിഴിൽ കാർത്തി നായകനായ ആക്ഷൻ ത്രില്ലർ 'തമ്പി'യും ഒരുക്കി. കോവിഡ്കാലത്താണ് തന്റെ ക്ലാസിക് ചിത്രത്തിന്റെ രണ്ടാംഭാഗവുമായി മലയാളത്തിലേക്ക് സംവിധായകൻ തിരികെ വരുന്നത്. നേരിട്ട് ഒ.ടി.ടി. റിലീസായെത്തിയ 'ദൃശ്യം 2' ഇന്ത്യയൊട്ടാകെ ചർച്ചയായി. വെങ്കടേഷ് നായകനായ 'ദൃശ്യം 2' തെലുങ്ക് പതിപ്പും ജീത്തു ജോസഫ് തന്നെയാണ് ഒരുക്കിയത്. 2022-ൽ ഒ.ടി.ടി. റിലീസായി മറ്റൊരു മോഹൻലാൽചിത്രംകൂടി ജീത്തു സംവിധാനംചെയ്തു, ക്രൈം ത്രില്ലർ 'ട്വൽത്ത് മാൻ'. അതേവർഷം ആസിഫ് അലിയെ നായകനാക്കി ക്രൈം ത്രില്ലർ 'കൂമൻ' ഒരുക്കി ഹിറ്റടിക്കാനും സാധിച്ചു.

സൂപ്പർഹിറ്റായ കോർട്ട്‌റൂം ഡ്രാമ
ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച, 'നേര്' എന്ന കോർട്ട് റൂം ഡ്രാമയ്ക്ക് ടിക്കറ്റെടുക്കാൻ പ്രേക്ഷകർക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടിവന്നിരുന്നില്ല. അനശ്വരാ രാജനും പ്രധാനവേഷത്തിലെത്തിയ ചിത്രം ജീത്തു ജോസഫിന്റെ കരിയറിലെ മറ്റൊരു ഹിറ്റായിമാറി. മോഹൻലാൽ-ജീത്തു ജോസഫ് കോംബോയിലുള്ള പ്രേക്ഷകരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകകൂടിയായിരുന്നു നേരിന്റെ വിജയം.

ത്രില്ലടിപ്പിച്ച നേരിനുശേഷം പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നു ജീത്തു ജോസഫിന്റെ ലക്ഷ്യം. ഇത്തവണ നായകനായി എത്തിയത് ബേസിൽ ജോസഫ്. 2024-ൽ പുറത്തിറങ്ങിയ 'നുണക്കുഴി'യിൽ നിഖിലാ വിമലും ഗ്രേസ് ആന്റണിയും മറ്റ് പ്രധാനവേഷങ്ങളിലെത്തി. ചിരിപ്പിച്ചും കുറച്ചൊക്കെ ത്രില്ലടിപ്പിച്ചും 'നുണക്കുഴി'യും വിജയമായി. 'നുണക്കുഴി'ക്ക് പിന്നാലെ ആസിഫ് അലി നായകനായ 'മിറാഷ്', ബിജു മേനോനും ജോജുവും പ്രധാനവേഷത്തിലെത്തിയ 'വലതുവശത്തെ കള്ളൻ' എന്നീ ത്രില്ലറുകൾ ജീത്തു ജോസഫ് അണിയിച്ചൊരുക്കി.

ജോർജുകുട്ടിയുടെ മൂന്നാംവരവ്
കരിയറിലുടനീളം പ്രേക്ഷകർക്ക് മിനിമം ഗാരന്റിയുള്ള ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ജീത്തു ജോസഫ് എന്ന സംവിധായകന്റെ യാത്ര. ചെയ്യുന്ന ചിത്രങ്ങളിലെ വ്യത്യസ്തതന്നെയാണ് ജീത്തു ജോസഫിന്റെ മുഖമുദ്രയും. ത്രില്ലടിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെ സംവിധായകന് ഒരുപോലെ സാധിക്കുന്നുണ്ട്. സംവിധായകന്റെ പേര് നോക്കി ടിക്കറ്റെടുക്കുന്ന പ്രേക്ഷകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ജീത്തു ജോസഫിന് സാധിക്കാറുണ്ട്. ജോർജുകുട്ടി വീണ്ടും തിരശ്ശീലയിൽ എത്തുമ്പോഴും പ്രേക്ഷകർ സംവിധായകനിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. ആദ്യഭാഗങ്ങൾ നൽകിയ സംതൃപ്തി 'ദൃശ്യം 3'-യും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് സിനിമാലോകം.
വളരെയധികം ശ്രദ്ധിച്ചാണ് തന്റെ ഐക്കോണിക് കഥാപാത്രത്തെ രണ്ടാംഭാഗത്തിൽ ജീത്തു ജോസഫ് വീണ്ടും അവതരിപ്പിച്ചത്. പ്രേക്ഷകർ അർപ്പിക്കുന്ന വിശ്വാസവും ദൃശ്യം ഫ്രാഞ്ചൈസിക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്തെല്ലാം സസ്പെൻസുകളാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ജോർജുകുട്ടിയുടെ ഓരോ നീക്കവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമ്പോൾ മലയാളസിനിമ കാത്തിരിക്കുന്നതും പുതിയ ഉയരങ്ങൾ താണ്ടാനാണ്. റിലീസിനുമുൻപേ പാൻ ഇന്ത്യൻ ചർച്ചയായ ചിത്രം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോളിവുഡ് പ്രതീക്ഷിക്കുന്നു.
''ത്രില്ലറുകൾതന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നുമല്ലോ. അപ്പോൾ ഒന്ന് മാറ്റിചെയ്യാമെന്ന് കരുതും. ഒരേ ടൈപ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അഭിനേതാക്കൾക്ക് മടുക്കില്ലേ, അത് ഫിലിം മെയ്ക്കേഴ്സിനും ഉണ്ടാകും. എല്ലാത്തരത്തിലുള്ള സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുള്ള സംവിധായകനാണ് ഞാൻ'' - ജീത്തു ജോസഫ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi