നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിലെ സായ് പല്ലവിയുടെ വേഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം തനിഷ മുഖർജി. ചിത്രത്തിലെ സീതയായി സായ് പല്ലവി ഒട്ടും അനുയോജ്യയല്ലെന്നും, സിനിമയുടെ ദൃശ്യഭംഗിയിൽ നിന്ന് തന്നെ പൂർണ്ണമായും അകറ്റുന്നതായിരുന്നു അവരുടെ പ്രകടനമെന്നും തനിഷ എക്സിൽ (X) കുറിച്ചു. കാജോളിന്റെ സഹോദരി കൂടിയായ തനിഷ, ചിത്രത്തിലെ രൺബീർ കപൂറിന്റെയും യഷിന്റെയും പ്രകടനങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.

To advertise here,

സിനിമ വൈകിയാണ് കണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തനിഷ തന്റെ അഭിപ്രായം പങ്കുവെച്ചത്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണെന്നും സിനിമ പൂർണ്ണമായും രാമന്റേതാണെന്നും അവർ കുറിച്ചു. "സായ് പല്ലവി മികച്ചൊരു നടിയാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ നിർഭാഗ്യവശാൽ, എന്നെ സംബന്ധിച്ചിടത്തോളം സീതയായി അവർ തീർത്തും അനുയോജ്യയല്ല. സിനിമയുടെ ദൃശ്യാനുഭവത്തിൽ നിന്ന് അവരെന്നെ പൂർണ്ണമായും അകറ്റിക്കളയുന്നു," തനിഷ കുറിച്ചു.

സായ് പല്ലവിയെ വിമർശിച്ചപ്പോൾ തന്നെ, ശ്രീരാമനായി എത്തിയ രൺബീർ കപൂറിനെയും രാവണനായി വേഷമിട്ട യഷിനെയും തനിഷ പ്രശംസിച്ചു. 'അനിമൽ' എന്ന ചിത്രത്തിന് ശേഷം രൺബീറിനെ ശ്രീരാമനായി സങ്കൽപ്പിക്കാൻ കഴിയുമോ എന്ന് സംശയിച്ചിരുന്നതായും, എന്നാൽ അദ്ദേഹം ആ വേഷം അവിസ്മരണീയമാക്കിയെന്നും തനിഷ പറഞ്ഞു. രാവണനായി യഷ് പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്നും, രാമനും രാവണനും ഒന്നിനൊന്ന് മികച്ച രീതിയിൽ മത്സരിച്ച് അഭിനയിച്ചുവെന്നും കൂട്ടിച്ചേർത്തു. സിനിമയുടെ ദൃശ്യങ്ങളും കഥയും അഭിനയവും മികച്ചതാണെന്നും 'രാമായണം' തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും പറഞ്ഞു.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ രൺബീർ കപൂറിന്റെയും സായ് പല്ലവിയുടെയും കാസ്റ്റിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നിരുന്നു. സീതയെ ഒരു യോദ്ധാവായി ചിത്രീകരിച്ചതിനെതിരെ നടൻ മുകേഷ് ഖന്ന നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഒരു പ്രമുഖ താരം പരസ്യമായി സായ് പല്ലവിയുടെ കാസ്റ്റിങ്ങിനെ 'മിസ്കാസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്.

അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് 'രാമായണം' നടത്തുന്നത്. റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളിൽ 1,735.15 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 972.95 കോടി രൂപ നെറ്റ് കളക്ഷനും സ്വന്തമാക്കി. 1,742 കോടി രൂപ നേടിയ അല്ലു അർജുൻ ചിത്രം 'പുഷ്പ 2'-ന്റെ ലൈഫ് ടൈം കളക്ഷൻ മറികടക്കാൻ 'രാമായണ'ത്തിന് ഇനി വെറും 7 കോടി രൂപ കൂടി മതിയാകും. ഇതോടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിൽ 'ദംഗൽ', 'ധുരന്ധർ 2' എന്നീ ചിത്രങ്ങൾക്ക് തൊട്ടുപിന്നിലായി 'രാമായണം' ഇടംപിടിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi