'വാരാണസി' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്താൻ ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ 'കുംഭ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് 'കൊളൈഡറിന്' നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചു.
സിനിമയിലെ തന്റെ കഥാപാത്രം വീൽചെയറിൽ ഇരിക്കുന്ന ഒരാളായതിനാൽ, ചലനപരിമിതികൾ വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് താരം പറഞ്ഞു. "ഒരു നടൻ എന്ന നിലയിൽ, പ്രത്യേകിച്ച് ഇത്രയും കാലം സിനിമയിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ, ശരീരം ഒരു വിനിമയ ഉപാധിയാണെന്ന ബോധ്യം ഉപബോധമനസ്സിൽ എപ്പോഴുമുണ്ടാകും. എന്നാൽ കഴുത്തിന് താഴെ ഒന്നും കാണാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് വരുമ്പോൾ, ശാരീരികമായി എന്ത് ചെയ്താലും അത് സ്ക്രീനിൽ കാണില്ലെന്ന് നിങ്ങൾ തിരിച്ചറിയും. നിങ്ങളുടെ പക്കലുള്ളതെല്ലാം മുഖത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നതെല്ലാം മുഖത്തിലൂടെയും കണ്ണുകളിലൂടെയും മാത്രം പ്രകടിപ്പിക്കേണ്ടി വരും." കുംഭ എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണത പ്രകടനത്തെ കൂടുതൽ പ്രയാസകരമാക്കിയെന്നും അദ്ദേഹം പങ്കുവെച്ചു.
"കുംഭയുടെ ഒരു വികാരവും ഏകപക്ഷീയമല്ല. അവൻ പറയുന്നതിലും ചെയ്യുന്നതിലും അയാളുടെ ഭൂതകാലത്തിന്റെ വലിയൊരു ഭാരമുണ്ട്. ഓരോ വരികൾക്കും പിന്നിൽ പല തലങ്ങളിലുള്ള ഉപകഥകളുണ്ട്. ആ സങ്കീർണ്ണതയാണ് ആ കഥാപാത്രത്തെ ഇത്രയധികം ആകർഷകമാക്കുന്നത്, അതാണ് ഒരു നടൻ എന്ന നിലയിൽ എന്നെ ആവേശഭരിതനാക്കിയതും," അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ എസ്.എസ്. രാജമൗലിക്കൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. "ഓരോ കഥാപാത്രവും സ്ക്രീനിൽ എങ്ങനെ കാണപ്പെടണം എന്ന കാര്യത്തിൽ ഇത്രയും വ്യക്തതയുള്ള ഒരു സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അത്രയും വ്യക്തമായ ക്രിയേറ്റീവ് സാഹചര്യം ഒരു നടനെ സംബന്ധിച്ച് അനുഗ്രഹമാണ്."
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണ് കുംഭയെന്ന് അദ്ദേഹം പറഞ്ഞു. "രാജമൗലി സർ വിഭാവനം ചെയ്തതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രങ്ങളിലൊന്നാണത്. സിനിമ കാണാനും കുംഭയെ കൂടുതൽ അടുത്തറിയാനും ഞാൻ കാത്തിരിക്കുകയാണ്."
ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾ നൽകിക്കഴിഞ്ഞു. വാരാണസിയുടെ മനോഹരമായ ദൃശ്യങ്ങളോടെ തുടങ്ങുന്ന ടീസറിൽ, 'സംഭവി' എന്ന ക്ഷുദ്രഗ്രഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കുന്ന നാടകീയ രംഗങ്ങളുണ്ട്. കാളപ്പുറത്ത് തൃശൂലവുമായി ഇരിക്കുന്ന മഹേഷ് ബാബുവിന്റെ 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് ടീസർ അവസാനിക്കുന്നത്. പ്രിയങ്ക ചോപ്ര 'മന്ദാകിനി'യായി എത്തുന്ന ഈ ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ എത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prithviraj Sukumaran discusses the immense challenges of playing Kumbha, a wheelchair-bound character in `Varanasi,` relying solely on facial expressions and eyes.
Published: 10 Feb 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented