കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അവയുടെ അവതരണത്തിലും വേറിട്ട വഴികൾ തേടുന്ന അഭിനേത്രിയാണ് പൂജ മോഹൻരാജ്. ഫ്രീഡം ഫൈറ്റ്, രോമാഞ്ചം, ഇരട്ട, നീലവെളിച്ചം, കാതൽ: ദി കോർ, ആവേശം, സൂക്ഷ്മദർശിനി...തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായ പൂജ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. 'ആവേശ'ത്തിലെ ബ്യൂട്ടി എന്ന കഥാപാത്രവും 'സൂക്ഷ്മദർശിനി'യിലെ അസ്മയും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഇരട്ട'യിലെ പോലീസുകാരിയായും 'കാതൽ: ദി കോറി'ൽ തങ്കന്റെ സഹോദരിയായും 'രോമാഞ്ച'ത്തിൽ മാലച്ചേച്ചിയായും എത്തിയപ്പോൾ കഥാപാത്രങ്ങളുടെ വലുപ്പത്തിനപ്പുറം പ്രകടനത്തിന്റെ കരുത്തുകൊണ്ട് അവർ അടയാളപ്പെടുത്തുകയായിരുന്നു. പതിവ് നായികാസങ്കൽപ്പങ്ങൾക്കപ്പുറമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാനും കഥാപാത്രങ്ങളുടെ സ്വാഭാവികതയും തീവ്രതയും ഒരുപോലെ അവതരിപ്പിക്കാനും പൂജയ്ക്കു സാധിച്ചു.

To advertise here,

നാടകപരിശീലനത്തിലൂടെ നേടിയ അഭിനയമികവും കഥാപാത്രങ്ങളെ സമീപിക്കുന്ന വേറിട്ട രീതിയും പൂജയുടെ പ്രകടനങ്ങളിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്ത 'അക്ക' എന്ന വെബ്‌സീരീസിലെ ദേജു എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധ നേടുകയാണ് ഈ അഭിനേത്രി. സിനിമയിലെ തിരഞ്ഞെടുപ്പുകൾ, കരുത്തുറ്റ കഥാപാത്രങ്ങൾ, അഭിനയജീവിതത്തിലെ അനുഭവങ്ങൾ...എന്നിവയെക്കുറിച്ചെല്ലാം മനസ്സുതുറക്കുകയാണ് പൂജ മോഹൻരാജ്.

'അക്ക'യ്ക്ക് പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേജു എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെ എങ്ങനെ കാണുന്നു?
ഒരുപാട് സന്തോഷമുണ്ട്. സ്ഥിരമായി മലയാളം സിനിമകൾ കാണുന്ന പ്രേക്ഷകർ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും എനിക്ക് മെസേജുകൾ അയക്കുന്നുണ്ട്. അങ്ങനെ വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്തുന്ന ഒരു സൃഷ്ടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ദേജു. ആ കഥാപാത്രത്തെ അത്രത്തോളം ആസ്വദിച്ചാണ് അവതരിപ്പിച്ചത്. നമ്മൾ ഏറെ ഇഷ്ടത്തോടെ ചെയ്ത ഒരു കഥാപാത്രത്തെ പ്രേക്ഷകരും ഏറ്റെടുക്കുന്നു എന്നറിയുമ്പോൾ അതിലും വലിയ സന്തോഷമില്ല.

placeholder
Photo:Instagram

ദേജു വളരെ കരുത്തുറ്റതും അതേസമയം ഭയപ്പെടുത്തുന്നതുമായ കഥാപാത്രമാണ്. ഈ വേഷത്തിനായി മാസങ്ങളോളം ഫിസിക്കൽ ട്രെയിനിങ് നടത്തിയെന്നു കേട്ടിരുന്നു. ആ പരിശീലനം എത്രത്തോളം കഠിനമായിരുന്നു? അഭിനയത്തിനപ്പുറം ജീവിതത്തിലും ഈ മാറ്റങ്ങൾ സഹായിച്ചിട്ടുണ്ടോ?
സീരീസിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്നുനാല് മാസം മുൻപുതന്നെ ശാരീരികമായ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ദിൽഷാദ് എന്ന ട്രെയിനറുടെ നേതൃത്വത്തിൽ ബോക്‌സ്ബേൺ ജിമ്മിലായിരുന്നു പരിശീലനം. ദേജുവിന് വളരെ വ്യത്യസ്തമായ ശാരീരിക സവിശേഷതകളാണ് വേണ്ടിയിരുന്നത്. എന്റെ ശരീരഭാരം കൂട്ടുന്നതിനൊപ്പം നല്ല വഴക്കവും നിലനിർത്തണമായിരുന്നു. ഭാരം കൂടുമ്പോഴും ശരീരത്തിന്റെ ഫ്‌ലെക്‌സിബിലിറ്റി കുറയരുത്. അതിനനുസരിച്ച് ഡയറ്റിലും വർക്കൗട്ടിലും നിരന്തരം മാറ്റങ്ങൾ വരുത്തി. ശരീരത്തിന് പരമാവധി വഴക്കവും ചടുലമായി ചലിക്കാനുള്ള ശേഷിയും ലഭിക്കുന്ന തരത്തിലുള്ള പരിശീലനമായിരുന്നു നടത്തിയത്.

തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ജിം എനിക്ക് അത്ര പരിചയമുള്ള ഇടമായിരുന്നില്ല. ഇത്രയും കാലം തുടർച്ചയായി ജിമ്മിൽ ചെലവഴിക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നാലും ഷൂട്ടിങ്ങിനിടയിലും അതിനുശേഷവും പരിശീലനം മുടക്കിയില്ല. നേരിട്ട് പോകാൻ കഴിയാത്ത ദിവസങ്ങളിൽ ഓൺലൈനായും തുടർന്നു. ഒരു ദിവസംപോലും മുടക്കാതെ വളരെ തീവ്രമായ പരിശീലനമാണ് ഈ കഥാപാത്രത്തിനുവേണ്ടി നടത്തിയത്. ശരീരത്തിന്റെ കരുത്തും ശേഷിയും വർധിക്കുന്നതിനൊപ്പം ആ അനുഭവങ്ങൾ കഥാപാത്രത്തെ ഉൾക്കൊള്ളാനും സഹായിച്ചു. പരിശീലനത്തിലൂടെ നേടിയ ശാരീരികമായ കരുത്ത് ദേജുവിന്റെ വ്യക്തിത്വത്തിലേക്കും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

ഈ പരിശീലനം ജീവിതത്തിലും തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. സ്‌ട്രെങ്ത് ട്രെയിനിങ് എനിക്ക് പുതിയ അനുഭവമായിരുന്നു. പ്രത്യേകിച്ച് മുപ്പതുകളിലുള്ള സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് കൂടുതൽ അവബോധം ലഭിക്കേണ്ട സമയമാണിത്. പ്രായത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും അതിന്റെ കരുത്തും കഴിവുകളും തിരിച്ചറിയാനും ഈ പരിശീലനം സഹായിച്ചിട്ടുണ്ട്. ജീവിതത്തിൽ തുടർന്നും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു അനുഭവമായാണ് ഞാനിതിനെ കാണുന്നത്.

placeholder

ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു? പ്രത്യേകിച്ച് തുടക്കത്തിലെ ബോട്ടിലെ രംഗവും അങ്കത്തട്ടിലെ സംഘട്ടനവുമെല്ലാം മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ എനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പലപ്പോഴും സ്ത്രീകൾ ആക്ഷൻ ചെയ്യുമ്പോൾ, അടിച്ചുകഴിഞ്ഞാണ് അവർ കരുത്തരാണെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടാറുള്ളത്. അത്തരത്തിലായിരുന്നു അവരെ ചിത്രീകരിച്ചിരുന്നത്. എന്നാൽ ദേജുവിന്റെ കാര്യത്തിൽ അങ്ങനെയാകരുതെന്ന് എനിക്ക് തോന്നി. എന്നെ കണ്ടാൽത്തന്നെ ഈ കഥാപാത്രത്തിന് കരുത്തുണ്ടെന്നും ഇവർക്ക് എതിരാളികളെ നേരിടാൻ കഴിയുമെന്നും പ്രേക്ഷകർ വിശ്വസിക്കണമായിരുന്നു. വെറുതെ നിൽക്കുമ്പോഴോ ഒരു നോട്ടത്തിലൂടെയോ പോലും ആ ശക്തി പ്രകടമാകണം. അതിനുവേണ്ടിയാണ് ഞാൻ തയ്യാറെടുപ്പുകൾ നടത്തിയത്.

അങ്കത്തട്ടിലെ സംഘട്ടനരംഗങ്ങളെല്ലാം വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടിങ് അനുഭവങ്ങളായിരുന്നു. എന്നാൽ അതിനേക്കാൾ വെല്ലുവിളിയായി തോന്നിയത് ബോട്ടിലെ ആക്ഷൻ സീക്വൻസാണ്. സാധാരണ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനുമുൻപ് ശരീരം നന്നായി വാം അപ്പ് ചെയ്യും. അപ്പോൾ ചലനങ്ങൾ കുറച്ചുകൂടി എളുപ്പമാകും. എന്നാൽ ബോട്ടിലെ രംഗം ചിത്രീകരിച്ചത് ഒരു രാത്രി മുഴുവനായിരുന്നു. ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിച്ചിരുന്നെങ്കിലും രാത്രിയിലെ തണുപ്പും കാറ്റും കാരണം ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഷോട്ടുകൾക്കിടയിൽ ശരീരം തണുത്തുറയുന്ന അവസ്ഥയുമുണ്ടായി. അങ്ങനെയൊരു സാഹചര്യത്തിൽ ശരീരഭാരവും നിയന്ത്രിച്ച് സംഘട്ടനരംഗങ്ങൾ ചെയ്യുന്നത് ഏറെ അപകടസാധ്യതയുള്ള കാര്യമാണ്. ബോട്ടിന്റെ പ്രതലത്തിൽ വഴുക്കലുമുണ്ടായിരുന്നു. അതുകൊണ്ട് ഓരോ ചലനത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നു. പരമാവധി സുരക്ഷ ഉറപ്പാക്കിക്കൊണ്ടുതന്നെ അഭിനയിക്കണം. എന്നാൽ ആ ശ്രദ്ധയും കരുതലുമൊന്നും കഥാപാത്രത്തിന്റെ പ്രകടനത്തിൽ പ്രതിഫലിക്കാനുംപാടില്ല. അതൊന്നും പ്രേക്ഷകർക്ക് തോന്നാത്തവിധം സ്വാഭാവികമായി അഭിനയിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

കീർത്തി സുരേഷ്, രാധിക ആപ്തെ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവവും സെറ്റിലെ സൗഹൃദങ്ങളും എങ്ങനെയായിരുന്നു?
'അക്ക'യുടെ ഭാഗമായതിലൂടെ ലഭിച്ച ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് സഹപ്രവർത്തകരുമായുണ്ടായ സൗഹൃദങ്ങളാണ്. വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് ഞങ്ങളിൽ പലരും. വിശാഖ് നായർ, കാർത്തിക മുരളീധരൻ, ഊർമിള കൃഷ്ണൻ, തെലുങ്ക് അഭിനേത്രി ദിവ്യ ശ്രീപദ തുടങ്ങിയവരുമായി ഇപ്പോഴും കുടുംബാംഗങ്ങളെപ്പോലെയുള്ള അടുപ്പമുണ്ട്. ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ നിധികളാണ് അവരെന്ന് പറയാം.

രാധികയും കീർത്തിയും പൂർണിമ ചേച്ചിയുമെല്ലാം അങ്ങനെയാണ്. എന്താവശ്യമുണ്ടെങ്കിലും വിളിക്കാനും ആശ്രയിക്കാനും കഴിയുന്നവരാണ് എല്ലാവരും. പരസ്പരം പ്രകടനങ്ങൾ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സൗഹൃദത്തിന്റെ ഏറ്റവും മനോഹരമായ വശം. മറ്റൊരാൾ നന്നായി അഭിനയിക്കുമ്പോൾ അത് ആത്മാർഥമായി സന്തോഷത്തോടെ ആഘോഷിക്കാൻ ഞങ്ങൾക്കെല്ലാം കഴിയുന്നുണ്ട്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും പ്രകടനങ്ങളോടുള്ള വിലമതിപ്പുമെല്ലാം വളരെ സ്വാഭാവികമാണ്. ഒരാൾ പറയുന്നത് ആത്മാർഥമായിട്ടാണോ അതോ വെറുതെ അഭിനന്ദിക്കുന്നതാണോ എന്ന് അവരുടെ പെരുമാറ്റത്തിൽനിന്ന് മനസ്സിലാകുമല്ലോ. പരസ്പരം ചെയ്യുന്ന ജോലിയെ ആത്മാർഥമായി അംഗീകരിക്കുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്നവരാണ് ഞങ്ങളെല്ലാം. ആ ബന്ധമാണ് 'അക്ക'യിലെ സൗഹൃദങ്ങളെ ഇത്രയും മനോഹരമാക്കുന്നത്.

മലയാളത്തിൽനിന്ന് ഹിന്ദി വെബ് സീരീസിലേക്കുള്ള യാത്രയിൽ ഭാഷയും വ്യത്യസ്തമായ അഭിനയരീതികളും വെല്ലുവിളിയായിരുന്നോ?
തീർച്ചയായും. ഭാഷ വലിയൊരു വെല്ലുവിളിയായിരുന്നു. മൂന്നുവർഷത്തോളം ഡൽഹിയിൽ പഠിച്ചിട്ടുള്ളതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനും മനസ്സിലാക്കാനുമൊക്കെ എനിക്ക് അറിയാം. എന്നാൽ അഭിനയിക്കുമ്പോൾ ഭാഷയിലുള്ള ഒഴുക്കും സ്വാഭാവികതയും വളരെ പ്രധാനമാണ്. മലയാളത്തിൽ അഭിനയിക്കുമ്പോൾ ഭാഷയിലുള്ള പരിചയംകൊണ്ട് സംഭാഷണങ്ങളിൽ സ്വന്തമായ ചില സംഭാവനകൾ നൽകാൻ നമുക്ക് കഴിയും. എന്നാൽ ഹിന്ദിയിൽ അത്തരമൊരു സ്വാതന്ത്ര്യം തുടക്കത്തിൽ അനുഭവപ്പെട്ടിരുന്നില്ല. അതൊരു പരിമിതിയായി തോന്നിയിരുന്നു. എന്നാൽ സീരീസിൽ ഡയലക്ട് കോച്ചുണ്ടായിരുന്നു. വികാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഉച്ചാരണവും സംഭാഷണങ്ങളിലെ സ്വാഭാവികതയും മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പരിശീലനം ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹിന്ദിയിലെ ഡിക്ഷനും വാക്കുകൾ ഉച്ചരിക്കുന്ന രീതിയുമെല്ലാം പരിശീലനത്തിലൂടെ മെച്ചപ്പെടുത്തുകയായിരുന്നു.

'രോമാഞ്ചം', 'ആവേശം', 'സൂക്ഷ്മദർശിനി' തുടങ്ങി 'അക്ക' വരെ... പൂജയുടെ സിനിമാ തിരഞ്ഞെടുപ്പുകൾ ഏറെ വ്യത്യസ്തമാണ്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും എന്താണ് പരിഗണിക്കുന്നത്?
'ആവേശം', 'പടക്കളം' തുടങ്ങിയ സിനിമകളിൽ ലഭിച്ച വേഷങ്ങളൊന്നും ഞാൻ വളരെ ആലോചിച്ച് തിരഞ്ഞെടുത്തതല്ല. സിനിമയിൽ തുടക്കക്കാരിയായിരുന്ന സമയത്ത് എന്നെ അധികമാർക്കും അറിയില്ലായിരുന്നു. ഇൻഡസ്ട്രിയിലുള്ളവർക്ക് എന്നെ പരിചിതയാക്കാനും ഈ മാധ്യമത്തിൽ കൂടുതൽ അനുഭവസമ്പത്ത് നേടാനുമായിരുന്നു അന്ന് ശ്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ വന്ന അവസരങ്ങളെല്ലാം സ്വീകരിച്ചു. ആ സിനിമകളിൽ പലതും നല്ല സിനിമകളായിരുന്നു. മികച്ച സാങ്കേതികപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു.
അടുത്ത കാലത്താണ് കഥാപാത്രങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ച് തിരഞ്ഞെടുക്കുന്നത്. 'അക്ക' പോലും വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. വൈആർഎഫിന്റെ ഇൻസ്റ്റഗ്രാം പേജിൽനിന്ന് നേരിട്ട് എനിക്ക് സന്ദേശം അയക്കുകയായിരുന്നു. ഇവിടുത്തെ എന്റെ ഒരു മലയാള സിനിമ കണ്ടിട്ടാണ് അവർ എന്നെ സമീപിച്ചത്. ചില കഥാപാത്രങ്ങൾ നമ്മളെ തേടിയെത്തുന്നതാണ്. അതിൽ നമുക്ക് വലിയ നിയന്ത്രണമൊന്നുമില്ലെന്ന് തോന്നുന്നു. കഥാപാത്രങ്ങളെ നമ്മൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ ചിലപ്പോൾ കഥാപാത്രങ്ങൾ നമ്മളെ തിരഞ്ഞെടുക്കുകയാണെന്ന് തോന്നാറുണ്ട്.

തുടക്കത്തിൽ പൊലീസ് വേഷങ്ങൾ ഉൾപ്പെടെ സമാനമായ കഥാപാത്രങ്ങളാണ് ലഭിച്ചിരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ടൈപ്പ്കാസ്റ്റിങ്ങിൽനിന്ന് പുറത്തുകടക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ?
തുടക്കകാലത്ത് അത്തരം കാര്യങ്ങളിൽ നമുക്ക് വലിയ നിയന്ത്രണമൊന്നുമുണ്ടാകില്ല. ആദ്യം ലഭിച്ച അവസരങ്ങളിലേറെയും അത്തരം കഥാപാത്രങ്ങളായിരുന്നു. ഒരുപക്ഷേ, ആ പൊലീസ് വേഷങ്ങൾ കണ്ടിട്ടായിരിക്കാം 'അക്ക'യിലേക്കുപോലും എന്നെ ക്ഷണിച്ചത്. എന്നാൽ പിന്നീട് 'അസംഘടിതർ' എന്ന സിനിമയ്ക്കുവേണ്ടിയുള്ള ഓഡിഷനിലൂടെയാണ് മറ്റൊരു തരത്തിലുള്ള കഥാപാത്രം എന്നെ തേടിയെത്തിയത്. അതിൽ ഒരു മുസ്ലിം കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതെനിക്ക് വലിയ വഴിത്തിരിവായിരുന്നു. പിന്നീട് കൂടുതലും കോമഡി കഥാപാത്രങ്ങളാണ് ലഭിച്ചത്. അതും ഞാൻ ഒരുപാട് ആസ്വദിച്ചു. പ്രേക്ഷകരിൽനിന്ന് ലഭിച്ച പ്രതികരണങ്ങൾ കണ്ടപ്പോൾ കോമഡി എന്ന ജോണറിലൂടെ അവരിലേക്ക് കുറച്ചുകൂടി അടുക്കാൻ കഴിയുമെന്ന് തോന്നി. അങ്ങനെ നേരത്തെയുണ്ടായിരുന്ന ഇമേജ് മാറി.

എന്നാൽ പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടായി. ആ സമയത്താണ് 'അക്ക' വരുന്നത്. ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. അഭിനേതാക്കളെന്ന നിലയിൽ നമുക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം എപ്പോഴും ലഭിക്കണമെന്നില്ല. ലീഡ് റോളുകൾ ചെയ്യുന്ന താരങ്ങൾക്ക് ഒരുപക്ഷേ അക്കാര്യത്തിൽ കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടാകാം. എന്നാൽ എന്നെപ്പോലെ ക്യാരക്ടർ റോളുകൾ ചെയ്യുന്നവർക്ക് അത്തരം തിരഞ്ഞെടുപ്പുകൾ പരിമിതമാണ്. വേണമെങ്കിൽ ഒരുതരം കഥാപാത്രങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് തീരുമാനിക്കാം. പക്ഷേ, ഇതൊരു തൊഴിൽ കൂടിയാണല്ലോ. അതിനനുസരിച്ച് ലഭിക്കുന്ന അവസരങ്ങൾ സ്വീകരിക്കേണ്ടിവരും. അങ്ങനെ ചിലപ്പോൾ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ആവർത്തിക്കപ്പെടുകയും നമ്മൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. ഒരു ഘട്ടമാകുമ്പോൾ അത്തരം വേഷങ്ങൾ ആവർത്തിക്കുന്നതിൽ മടുപ്പുതോന്നും. അപ്പോഴാണ് കുറച്ചുകൂടി ശ്രദ്ധിച്ച് വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കാനും ശ്രമിക്കാനും തുടങ്ങുന്നത്.

അഭിനയപഠനത്തിലും നാടകത്തിലും ലഭിച്ച പരിശീലനം സിനിമയിലെ പ്രകടനങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത്?
ഒരു അഭിനേത്രി എന്ന നിലയിൽ എനിക്കുള്ള ആത്മവിശ്വാസവും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും ലഭിച്ചത് നാടകത്തിലൂടെയും അഭിനയപരിശീലനത്തിലൂടെയുമാണ്. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, സിനിമയുൾപ്പെടെയുള്ള കലാരംഗം വളരെയധികം അനിശ്ചിതത്വങ്ങൾ നിറഞ്ഞ മേഖലയാണ്. അഭിനയിക്കുന്നതിനപ്പുറം പല കാര്യങ്ങളും നമുക്ക് നേരിടേണ്ടിവരും. ചിലപ്പോൾ അഭിനയിക്കുക എന്നതുതന്നെയായിരിക്കും ഏറ്റവും സമാധാനത്തോടെ ചെയ്യാൻ കഴിയുന്ന കാര്യം. അവസരങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പ്, സിനിമകൾ ലഭിക്കുന്നതിലെ ഇടവേളകൾ, അതിനിടയിലുണ്ടാകുന്ന മാനസിക സമ്മർദങ്ങൾ... ഇതെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇത്രയേറെ അനിശ്ചിതത്വങ്ങളുള്ള ഒരു മേഖലയിലേക്ക് വരുമ്പോൾ, എന്റെ ജോലി എനിക്ക് അറിയില്ല എന്നതായിരിക്കരുത് മറ്റൊരു ആശങ്കയെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യം അഭിനയപരിശീലനം തേടിയതും വർഷങ്ങളോളം അതിനായി സമയം ചെലവഴിച്ചതും. പരിശീലനത്തിനുശേഷമാണ് പ്രൊഫഷണൽ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആ അടിത്തറയാണ് ഇന്നും ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം നൽകുന്നത്.

മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിലും അർഹമായ അംഗീകാരം നേടുന്നതിലും അഭിനേത്രികൾ ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും വെല്ലുവിളികളുണ്ട്. അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഒരുപോലെ നേരിടേണ്ടിവരുന്നുണ്ട്. ഞാൻ നേരത്തേ പറഞ്ഞതുപോലെ, സിനിമാരംഗം ഒട്ടും എളുപ്പമുള്ള മേഖലയല്ല. ഇന്നത്തെ അഭിനേതാക്കളുടെ യാത്ര മുൻകാല സിനിമാപ്രവർത്തകരുടേതുമായി താരതമ്യം ചെയ്യാനും കഴിയില്ല. അന്ന് ഇന്നത്തെപ്പോലെയുള്ള സോഷ്യൽ മീഡിയ എക്‌സ്‌പോഷറോ ഓൺലൈൻ മാധ്യമങ്ങളുടെ നിരന്തരമായ നിരീക്ഷണമോ ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ സമയത്തും ഒരുതരത്തിൽ സ്വയം അവതരിപ്പിക്കാനും ശ്രദ്ധിക്കപ്പെടാനും അഭിനേതാക്കൾ നിർബന്ധിതരാകുന്നുണ്ട്. ഇത് ജോലിയുടെ ബുദ്ധിമുട്ടുകൾക്കൊപ്പം അനാവശ്യമായ മറ്റൊരു സമ്മർദംകൂടി സൃഷ്ടിക്കുകയാണ്.

അംഗീകാരത്തിന്റെ കാര്യത്തിലും ചില പ്രശ്‌നങ്ങളുണ്ട്. കഠിനാധ്വാനം ചെയ്ത് നമ്മൾ മികച്ച പ്രകടനം കാഴ്ചവെച്ചാലും പ്രേക്ഷകർ അത് ഏറ്റെടുക്കുമ്പോഴാണ് പലപ്പോഴും മാധ്യമങ്ങളും മറ്റുള്ളവരും ശ്രദ്ധിക്കുന്നത്. ഇപ്പോഴത്തെ ഇൻസ്റ്റഗ്രാം, യൂട്യൂബ് ട്രെൻഡുകൾക്കനുസരിച്ചാണ് പലപ്പോഴും പ്രചാരണവും ശ്രദ്ധയും ലഭിക്കുന്നത്. കൂടുതൽ ലൈക്കുകളും വ്യൂസും ലഭിക്കുന്നവരുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം നൽകുന്നത്. പുതുതായി വരുന്ന ഒരാളെ പ്രോത്സാഹിപ്പിക്കണമെന്ന ചിന്തയിൽ മാധ്യമങ്ങൾ മുന്നോട്ടുവരുന്നത് അപൂർവമാണ്. എനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. മറ്റു അഭിനേതാക്കളുടെയോ സംവിധായകരുടെയോ ഫോൺ നമ്പറുകൾ ചോദിക്കാൻ മാത്രമായി ബന്ധപ്പെടുന്ന ചില മാധ്യമപ്രവർത്തകരുമായുള്ള സൗഹൃദംപോലും ഞാൻ അവസാനിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ഈ മേഖലയുടെ ഭാഗമായിത്തന്നെയാണ് കാണുന്നത്.

placeholder

സിനിമയിൽനിന്ന് അവസരങ്ങൾ ലഭിക്കുന്നതിൽ എനിക്ക് വലിയ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ല. അംഗീകാരം ലഭിച്ചാലും ഇല്ലെങ്കിലും സിനിമകളിലേക്ക് വിളികൾ വന്നിട്ടുണ്ട്. എന്നാൽ സിനിമാരംഗത്തുനിന്ന് അവസരങ്ങൾ ലഭിക്കുന്നതും അതിനുപുറത്ത് ഒരു വ്യക്തി എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കിയതോടെ ഇപ്പോൾ വലിയ പരാതികളോ വിഷമങ്ങളോ ഇല്ല. ഈ മേഖല ഇങ്ങനെയാണെന്ന് തിരിച്ചറിയുക. നമ്മുടേതായ സമയം വരുമ്പോൾ അർഹിക്കുന്ന അംഗീകാരവും ലഭിക്കുമെന്ന വിശ്വാസത്തോടെ മുന്നോട്ടുപോവുക. അതാണിപ്പോൾ ചെയ്യുന്നത്.

അഭിനയത്തിനൊപ്പം ഫിറ്റ്‌നസിനും പരിശീലനത്തിനും സമയം കണ്ടെത്തുന്നുണ്ടല്ലോ…
ഈ വർഷമാണ് ഫിറ്റ്‌നസിന് കൃത്യമായി കൂടുതൽ ശ്രദ്ധ നൽകാൻ കഴിഞ്ഞത്. സത്യത്തിൽ, അഭിനയത്തിനൊപ്പം ഫിറ്റ്‌നസ് നിലനിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രധാന വേഷങ്ങൾ ചെയ്യുന്ന അഭിനേതാക്കൾക്കും അഭിനേത്രികൾക്കും പലപ്പോഴും സ്വന്തമായി ഫിറ്റ്‌നസ് കോച്ചും പാചകക്കാരനുമൊക്കെയുണ്ടാകും. അതുകൊണ്ടുതന്നെ ഷൂട്ടിങ് തിരക്കുകൾക്കിടയിലും ഭക്ഷണക്രമവും വ്യായാമവുമെല്ലാം കൃത്യമായി പിന്തുടരാൻ അവർക്ക് കഴിയും. എന്നെപ്പോലെയുള്ള ക്യാരക്ടർ റോളുകൾ ചെയ്യുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ എപ്പോഴും ലഭിക്കണമെന്നില്ല.
'അക്ക'യുടെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് 'ആവേശം' റിലീസ് ചെയ്യുന്നതും കൂടുതൽ സിനിമകൾ വരുന്നതും. ആ തിരക്കിനിടയിൽ ഫിറ്റ്‌നസിൽ സ്ഥിരമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായി ഷൂട്ടിങ്ങുകളുണ്ടാകുമ്പോൾ സെറ്റിലെ ഭക്ഷണമാണ് കഴിക്കുക. അത് മോശമാണെന്നല്ല, പക്ഷേ നമ്മൾ പിന്തുടരാൻ ആഗ്രഹിക്കുന്ന ഭക്ഷണക്രമവും ക്ലീൻ ഈറ്റിങ്ങുമൊക്കെ കൃത്യമായി പാലിക്കാൻ അത്തരം സാഹചര്യങ്ങളിൽ പ്രയാസമാണ്. വീട്ടിൽ കഴിയുമ്പോഴാണ് അതിനുള്ള സൗകര്യം കൂടുതൽ ലഭിക്കുക. ആ സമയത്ത് തുടർച്ചയായി വന്ന സിനിമകൾ ചെയ്യുന്നതിനായിരുന്നു ഞാൻ മുൻഗണന നൽകിയത്. ഏതാണ്ട് രണ്ടുവർഷത്തിനുശേഷം, ഈ വർഷമാണ് ഫിറ്റ്‌നസിന് വീണ്ടും മുൻഗണന നൽകണമെന്ന് തീരുമാനിച്ചത്. നമ്മുടെ ജീവിതസാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമൊക്കെ മാറുന്നതിനനുസരിച്ച് പല കാര്യങ്ങൾക്കും മുൻഗണന നൽകേണ്ടിവരും. ഇപ്പോൾ ഫിറ്റ്‌നസിൽ ശ്രദ്ധിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. അങ്ങനെയാണ് വീണ്ടും ഫിറ്റാകാൻ തുടങ്ങിയത്.

വരാനിരിക്കുന്ന സിനിമകൾ?
മലയാളത്തിൽ 'ഫോർട്ടി ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടി', 'കാലന്റെ തങ്കക്കുടം' എന്നീ സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. സൂര്യയുടെ 48-ാമത്തെ ചിത്രമാണത്. ജിത്തുവിന്റെ ‘സീൻ’ എന്ന സിനിമയ്ക്കുശേഷം സൂര്യ അഭിനയിക്കുന്ന ഈ ചിത്രം 'ജയ് ഭീം' ഒരുക്കിയ ജ്ഞാനവേൽ സാറാണ് സംവിധാനം ചെയ്യുന്നത്. അതിനുപുറമേ നാടകത്തിന്റെ പ്രവർത്തനങ്ങളിലുമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi