ഏത് കഥാപാത്രമായാലും അതിനുവേണ്ടി വളരെ നന്നായി തയ്യാറെടുപ്പുകൾ നടത്തുന്ന താരമാണ് രൺവീർ സിങ്. സഞ്ജയ് ലീല ബൻസാലിയുടെ 'പദ്മാവത്' എന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി അദ്ദേഹം നടത്തിയ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ക്രൂരനായ ആ ഭരണാധികാരിയെ അവതരിപ്പിക്കുന്നതിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, 21 ദിവസത്തോളം ഒരു അപ്പാർട്ട്‌മെന്റിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, രൺവീറിന് അഭിനയത്തോടുള്ള സമർപ്പണത്തെ എടുത്തുകാണിക്കുന്ന മറ്റൊരു സംഭവം അദ്ദേഹത്തോടൊപ്പം അഭിനയിച്ച റാസ മുറാദ് പങ്കുവെച്ചിരിക്കുന്നു.

To advertise here,

2018-ലാണ് 'പദ്മാവത്' റിലീസായത്. ചിത്രത്തിൽ നായികയായ റാണി പദ്മാവതിയായി അഭിനയിച്ചത് ദീപിക പദുകോൺ ആണ്. അദിതി റാവു ഹൈദരി, റാസ മുറാദ്, അനുപ്രിയ ഗോയങ്ക എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ചരിത്രപശ്ചാത്തലമുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ, ഒരു പ്രത്യേക രംഗത്തിൽ രൺവീറിനെ 24 തവണ അടിക്കാൻ ബൻസാലി തന്നോട് ആവശ്യപ്പെട്ട കാര്യം റാസ ഓർത്തെടുത്തു. സ്‌ക്രീനിൽ ആ പ്രഹരങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും അത് യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാൻ സംവിധായകൻ ആഗ്രഹിച്ചതുകൊണ്ടാണ്, യഥാർത്ഥത്തിൽ തന്നെ അടിച്ചത്. പലതവണ റീടേക്കുകൾ എടുക്കേണ്ടി വന്നിട്ടും, രൺവീർ ഒട്ടും എതിർപ്പ് പ്രകടിപ്പിക്കാതെ ആ രംഗം തുടരുകയായിരുന്നു.

'ദി ലല്ലൻടോപ്പു'മായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ റാസ വെളിപ്പെടുത്തിയത്. ആകെ നൽകിയ 24 അടിയും യഥാർത്ഥത്തിലുള്ളവയായിരുന്നോ എന്ന് റാസയോട് ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''യഥാർത്ഥത്തിൽത്തന്നെയായിരുന്നു അടിച്ചത്. ബൻസാലി ആഗ്രഹിച്ച രീതിയിലുള്ള ശക്തമായ ഒരടി ലഭിക്കാത്തതുകൊണ്ട് 24 തവണ റീടേക്കുകൾ എടുക്കേണ്ടി വന്നു. രൺവീറിന് എങ്ങനെയുണ്ടാകും എന്നതിനെക്കുറിച്ച് സഞ്ജയ്ക്ക് ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. അദ്ദേഹം എന്നോട്, 'റാസാ, അടിക്കൂ, ഒന്നുകൂടി അടിക്കൂ' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ രൺവീറിന്റെ കവിൾ നീരുവന്ന് വീർത്തു. താൻ ആകെ തകർന്നുപോയിരുന്നുവെന്നും, മനക്കരുത്ത് കൊണ്ട് മാത്രമാണ് അപ്പോൾ അവിടെ പിടിച്ചുനിന്നതെന്നും രൺവീർ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിലും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു''.

രൺവീറിന്റെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച റാസ, വളരെ കഠിനമായ ഷൂട്ടിങ് വേളയിലുടനീളം അദ്ദേഹം എത്രത്തോളം സഹകരിച്ചുവെന്ന് ഓർത്തെടുത്തു. ''രൺവീർ വിനയമുള്ളവനുമാണ്. തന്റെ ജോലിയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണദ്ദേഹം. ഷൂട്ടിങ് നടക്കുമ്പോൾ അദ്ദേഹം ആരോടും സംസാരിക്കാറില്ല. പൂർണ്ണമായും തന്റെ കഥാപാത്രമായി മാറുന്ന അദ്ദേഹം, കൂട്ടിലടച്ച സിംഹത്തെപ്പോലെ ചുറ്റും നടക്കും; ആ സമയത്ത് ആരോടും സംസാരിക്കാതെ, പൂർണ്ണമായും ആ കഥാപാത്രത്തിന്റെ അവസ്ഥയിൽ തന്നെയായിരിക്കും അദ്ദേഹം. മാത്രമല്ല, ഷോട്ടിൽ അഭിനയിക്കുമ്പോൾ തന്റെ കാഴ്ചപരിധിയിൽ ആരും ഉണ്ടാകാൻ അദ്ദേഹം അനുവദിക്കില്ല. അസാധാരണമായ കഴിവുള്ള, ആത്മാർത്ഥതയുള്ള, വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം; അദ്ദേഹത്തെപ്പോലെ കഴിവുള്ള നടന്മാർ വളരെ കുറച്ചുപേർ മാത്രമേ വന്നിട്ടുള്ളൂ''. 'ധുരന്ധർ' എന്ന സിനിമയ്ക്കുശേഷം 'പ്രളയ്' എന്ന ചിത്രത്തിലാണ് ഇപ്പോൾ രൺവീർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi