മാസങ്ങൾക്കുമുമ്പാണ് രാംചരണും ജാൻവി കപൂറും നായികാനായകൻമാരായെത്തിയ 'പെഡ്ഡി' തിയേറ്ററുകളിലെത്തിയത്. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം, പിന്നാലെ വിവാദങ്ങളിൽ പെട്ടു. ഗ്ലാമർരംഗങ്ങൾക്കുവേണ്ടി മാത്രമാണ് ജാൻവിയെ സിനിമയിൽ അഭിനയിപ്പിച്ചതെന്നും അങ്ങേയറ്റം സ്ത്രീവിരുദ്ധമായിട്ടാണ് അവതരിപ്പിച്ചതെന്നും വിമർശനങ്ങളുണ്ടായി. ജാൻവിയും ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തി. വാണിജ്യപരമായും അത്ര വിജയിച്ചില്ല സിനിമ.

To advertise here,

ചിത്രത്തിൽ 'ഹെല്ലല്ലോ' എന്ന പാട്ടിൽ ഐറ്റംഡാൻസറായി ശ്രുതി ഹാസനും അഭിനയിച്ചിരുന്നു. എന്തുകൊണ്ടാണ് താൻ അതിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് വിശദീകരിക്കുകയാണ് ശ്രുതി ഇപ്പോൾ. അതേസമയം ജാൻവിയുടെ കാര്യത്തിലോ അവരുടെ അനുഭവത്തെക്കുറിച്ചോ സംസാരിക്കാൻ തനിക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

'ഗലാട്ട പ്ലസി'നു നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസ്സുതുറന്നത്. 'പെഡ്ഡി'യിലെ പോലുള്ള 'ഐറ്റം നമ്പറുകൾ' സിനിമയിൽ എന്തിനാണ് ഉൾപ്പെടുത്തുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അവതാരകൻ ശ്രുതിയോട് ചോദിച്ചു. ഇത്തരം ഗാനങ്ങളിൽ അഭിനയിക്കാൻ സമ്മതിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചും അവർ ചോദിച്ചു.

അതിന് ശ്രുതി മറുപടി നൽകിയത് ഇങ്ങനെയാണ്, ''സിനിമകളിൽ എന്തിനാണ് ഇത്തരം 'സ്‌പെഷൽ നമ്പറുകൾ' ആവശ്യമുള്ളതെന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്. എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്, അത് വളരെ വ്യക്തമായിത്തന്നെ പറയട്ടെ. വേഷവിധാനങ്ങൾ പരീക്ഷിക്കാനും എനിക്ക് ഇഷ്ടമാണ്. ഇതാണ് ഇത്തരം കാര്യങ്ങളെ ഞാൻ സമീപിക്കുന്ന രീതി. ദൃശ്യപരമായ ലൈംഗികതയെ (visual sexuality) ഞാൻ സമീപിക്കുന്ന രീതി എനിക്ക് തന്നെ വലിയൊരു സ്വാതന്ത്ര്യം നൽകുന്ന ഒന്നാണ്. ഒരിക്കലും മറ്റുള്ളവരുടെ താത്പര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ വേണ്ടി മാത്രം ഞാൻ ഓകെ പറഞ്ഞിട്ടില്ല. അതുകൊണ്ട്, എനിക്ക് ഒട്ടും സുഖകരമല്ലാത്ത ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ, 'ഞാൻ ഇത് ധരിക്കില്ല' എന്ന് തുറന്നു പറയാറുണ്ട്. ഞാൻ ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ, അതിൽ ഞാൻ പൂർണമായും കംഫർട്ടബിൾ ആണെന്ന് ഉറപ്പിച്ചു പറയാം. എനിക്ക് അസ്വസ്ഥത തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യില്ല. ഇതിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നെ 'കാര്യങ്ങൾ ദുഷ്‌കരമാക്കുന്നവൾ' എന്ന് മുദ്രകുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും എനിക്ക് പ്രശ്‌നമല്ല''.

എങ്കിലും, ഈ സിനിമയെക്കുറിച്ചും സിനിമകളിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് ശ്രുതി സമ്മതിച്ചു. ''ഇതിനെക്കുറിച്ചുള്ള ചർച്ചകൾ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, എന്റെ സമീപനം ഇതാണ്: നൃത്തം ചെയ്യുന്നതും, നൃത്തസംവിധാനം ചെയ്യുന്നതും, സെക്‌സിയായിരിക്കുന്നതും എനിക്ക് ആസ്വാദ്യകരമാണ്. ഇതൊരു പ്രത്യേകതരം 'കാഴ്ചപ്പാടിന്' വഴങ്ങിക്കൊടുക്കുന്ന ഒന്നല്ല. ഇത് 'ഐറ്റം സോങ്ങുകളിൽ' മാത്രമുള്ള കാര്യമാണോ? വാസ്തവത്തിൽ, നമ്മൾ പല രീതികളിൽ ഇത്തരം പ്രീണനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഐറ്റം സോങ്ങുകളിലെ ചെറിയ വസ്ത്രങ്ങൾ മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത്. നമ്മൾ ജീവിക്കുന്നത് തന്നെ ഇത്തരം പ്രീണനങ്ങൾ നിറഞ്ഞ ഒരു ലോകത്താണ്. അതിനാൽ, എന്തിനെയാണ് നിങ്ങൾ പ്രീണിപ്പിക്കാൻ തിരഞ്ഞെടുക്കുന്നത് എന്നത് നിങ്ങളുടെ തീരുമാനമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കാം''.

'ആകാസംലോ ഒക്ക താര'യാണ് ശ്രുതിയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രം. അതിൽ ദുൽഖർ സൽമാനാണ് നായകൻ. പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi