ശുദ്ധ ഹാസ്യവും വിമര്‍ശനവും ഫാന്റസിയുമൊക്കെ ഒന്നിച്ച് കോര്‍ത്ത് മലയാളിയുടെ പൊങ്ങച്ചത്തിന് മുകളില്‍  സംവിധായകന്‍ രഞ്ജിത് നല്‍കിയ പ്രഹരമായിരുന്നു 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്'. രഞ്ജിത്തിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം നിരൂപകര്‍ വിലയിരുത്തുന്നു. മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങളുടെ കൂട്ടത്തിലും പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയ്ന്റുണ്ട്. തൃശ്ശൂരുകാരന്‍ അരി പ്രാഞ്ചി എന്ന പ്രാഞ്ചിയേട്ടനായി മമ്മൂട്ടി തകര്‍ത്താടിയ ചിത്രത്തില്‍ ഇന്നസെന്റും ജഗതിയും പ്രിയാമണിയും ഖുശ്ബുമെല്ലാം നിറഞ്ഞുനിന്നു. ചിത്രം പിറന്ന വഴിയിലെ പ്രേക്ഷകര്‍ അറിയാക്കഥകള്‍ പറയുകയാണ് സംവിധായകന്‍ രഞ്ജിത്. 

കെയ്‌റോയിലെ പ്രാഞ്ചിയേട്ടന്‍

ഞാനും എന്റെ ഒരു സുഹൃത്തുംകൂടി നടത്തിയ ഈജിപ്ത് യാത്രയിലാണ് ആദ്യമായി പ്രാഞ്ചിയേട്ടനെ കിട്ടുന്നതെന്ന് പറയാം. ഈജിപ്തിലെ ഏറെ പൗരാണിക പാരമ്പര്യമുള്ള നഗരമാണ് കെയ്‌റോ. അവിടത്തെ കാഴ്ചകളൊക്കെ കണ്ട് നടക്കുന്ന ദിവസങ്ങളിലൊന്ന്. കെയ്‌റോയില്‍ മലയാളമല്ലാത്തത് കൊണ്ട് തന്നെ ഇംഗ്ലീഷ് എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് ദൈവങ്ങളുടെ ഭാഷയെപ്പറ്റി ചര്‍ച്ചചെയ്തത്. ചിന്തിക്കേണ്ടതാണെങ്കിലും നമ്മളാരും ഇതുവരെ ചിന്തിക്കാത്ത ഒരുകാര്യം. ആ സ്പാര്‍ക്കില്‍ നിന്നാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന സിനിമ പിറക്കുന്നത്.

ആ സ്പാര്‍ക്ക് ഡയലോഗായി പ്രാഞ്ചിയേട്ടനില്‍ ഉപയോഗിച്ചിട്ടുണ്ട്. 'മലയാളം അറിയില്ലേ ഞങ്ങടെ ഭാഷ, അപ്പോ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള്‍ മലയാളത്തില്‍ വേദപുസ്തകം വായിച്ചതും പ്രാര്‍ഥിച്ചതുമൊക്കെ വേസ്റ്റായില്ലേ'.  

placeholder
സംവിധായകന്‍ രഞ്ജിത്

വയനാട്ടിലെ രാത്രി 

പതിനാല് ദിവസം ഈജിപ്തില്‍ ചെലവിട്ടു. അതിനിടയില്‍ ഓരോ ദിവസവും ഇതിന്റെ കഥ മനസില്‍ വികസിപ്പിച്ചു. തിരിച്ചു കേരളത്തില്‍ എത്തുമ്പോള്‍ ഏതാണ്ടൊരു രൂപമുണ്ടായിരുന്നു. അങ്ങനെ വയനാട്ടില്‍ ഉള്ള ഒരു രാത്രി. ക്യാമറമാന്‍ വേണുകൂടെയുണ്ട്. വേണുവും ഞാനും പഴയ സുഹൃത്തുക്കളാണ്. എന്നാല്‍ പ്രാഞ്ചിയേട്ടന് മുമ്പ് ഞങ്ങള്‍ ഇതുവരെ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടില്ല.  ഞാന്‍ തിരക്കഥ എഴുതിയ മായാമയൂരം മാത്രമാണ് വേണു ക്യാമറ ചെയ്തത്. വേണുവുമായി ഓരോ കാര്യങ്ങള്‍ സംസാരിച്ച് സംസാരിച്ചവസാനം ഈ വിഷയത്തിലേക്കെത്തി. ഞാന്‍ മനസിലുള്ള ബേസിക് ഐഡിയ പറഞ്ഞപ്പോള്‍ ഗംഭീരസംഭവമാണ് നീ ചെയ്യണം എന്ന് വേണു പറഞ്ഞു . സിനിമയില്‍ ഇത്രയും എക്‌സ്പീരിയന്‍സുള്ള ഒരാള്‍ നല്ലതുപറയുമ്പോള്‍ നമുക്കുമൊരു ധൈര്യം കിട്ടുമല്ലേ. അങ്ങനെയാണ് പ്രാഞ്ചിയേട്ടന്‍ എഴുതാന്‍ തുടങ്ങുന്നത്. 

ഒരു വിളിക്കപ്പുറത്ത് മമ്മൂക്ക

എനിക്ക് എപ്പോഴും എളുപ്പത്തില്‍ കടന്നുചെല്ലാന്‍ പറ്റുന്ന നടനാണ് മമ്മൂക്ക. പോയിക്കണ്ട് ഏതുനേരത്തായാലും കഥ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ മമ്മൂക്കയോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ ഇതിന് ഒരു കൊമേഴ്‌സ്യല്‍ സാധ്യത മറ്റൊരു നിര്‍മാതാവ് കാണണമെന്നില്ല അതുകൊണ്ട് സ്വന്തമായി തന്നെ നിര്‍മിച്ചാലോ എന്ന് ചിന്തിച്ചു. ഇത് കേട്ടപ്പോള്‍ മമ്മൂക്കയും ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പ്ലേഹൗസും ഇതിന്റെ ഭാഗമായി. ആദ്യം തന്നെ തൃശ്ശൂരാണ് പശ്ചാത്തലം എന്ന് ഉറപ്പിച്ചിരുന്നു. തൃശ്ശൂര്‍ ഭാഷയുടെ രസവും അവരുടെ ഒരു രീതിയുമാണ് അതിന് കാരണം.

അവരങ്ങനെ ആളുകളുടെ സ്ഥാനം നോക്കി കപട ബഹുമാനമെന്നും നല്‍കില്ല. നിഷ് കളങ്കരാണ്. എന്നുവെച്ചാല്‍ യേശുവിനെ നേരിട്ട് കണ്ടാല്‍ യേശുവേട്ടാ എന്നുവിളിക്കുന്ന ടീംസാണ്.

placeholder
മമ്മൂട്ടി

ഭാഷാ പ്രശ്‌നം

തിരക്കഥ എഴുതുമ്പോള്‍ സംഭാഷണങ്ങള്‍ ഒന്നും തന്നെ എഴുതിയിരുന്നില്ല. ഓരോദിവസവും സംഭാഷണങ്ങളെല്ലാം സെറ്റില്‍ വച്ച് തന്നെ എഴുതിയതാണ്. മമ്മൂക്കയ്ക്ക് ആദ്യം ഭാഷയുടെ പ്രശ്‌നമുണ്ടായി. തൃശ്ശൂര്‍ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങളായി ഞാന്‍ കാസ്റ്റ് ചെയ്തത്. എന്നാല്‍ മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം പുള്ളി ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ്. വിചാരിച്ചപോലെ തന്നെ സംഭവിച്ചു.  

ഇന്നസെന്റിന് പകരം മറ്റൊരാളെ ചിന്തിക്കാനാവുമായിരുന്നില്ല. പ്രാഞ്ചിയേട്ടന്‍ മമ്മൂക്കയും മേനോനായിട്ട് ഇന്നസെന്റും അത് ആദ്യമേ മനസിലുറപ്പിച്ചതാണ്. ലൊക്കേഷന്‍ യാത്രകള്‍ക്കിടയില്‍ ഞാനും വേണുവും കൂടിയാണ് ഇന്നസെന്റേട്ടന്റെ വീട്ടില്‍ പോയി കഥ പറയുന്നത്. അതുപോലെ ഷൂട്ട് തുടങ്ങി ആദ്യ 12 ദിവസം എനിക്ക് അസോസിയേറ്റ് ഡയറക്ടര്‍ ഇല്ലായിരുന്നു. ഞാനും അസിസ്റ്റന്റ്‌സായ പിള്ളേരും ചേര്‍ന്നാണ് ഷൂട്ടിങ് നടത്തിയത്. ഇത് കണ്ട് മമ്മൂക്കയും വേണുവും പറഞ്ഞു നിന്റെ ഭാരം കുറയ്ക്കാന്‍ ഒരാള്‍ വേണം. അങ്ങനെയാണ് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ അസോസിയേറ്റായി വരുന്നത്. പിന്നെ അതിന്റെ ചാര്‍ട്ടിങും കാര്യങ്ങളുമൊക്കെ അവന്‍ നോക്കി. 

placeholder
ജഗതി, ഇന്നസെന്റ്

വിനോദയാത്ര സമ്മാനിച്ച പോളി

സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്ര കണ്ടപ്പോള്‍ എന്റെ മനസില്‍ കയറികൂടിയ ആളാണ് ഗണപതി. സിനിമയിലേക്ക് പോളി എന്ന കഥാപാത്രത്തിനായി ഒരാളെ വേണമെന്നും വന്നപ്പോള്‍ അവന്റെ മുഖമാണ് മുന്നില്‍ വന്നത്.  ഗണപതി വന്ന് വളരെ ഗംഭീരമായി തന്നെ അഭിനയിക്കുകയും ചെയ്തു. അതുപോലെ മുന്‍ഷി കഥാപാത്രം. കാരിക്കേച്ചര്‍ കഥാപാത്രം വരുമ്പോള്‍ ജഗതി ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷന്‍ നമുക്ക് മുന്നിലില്ല. ജഗതി ചേട്ടനായി മാത്രം രൂപപ്പെടുത്തിയ കഥാപാത്രമാണ് അത്. അതിബുദ്ധിമാനാണെന്ന് സ്വയംവിചാരിക്കുന്ന അധ്യാപകരുണ്ട്. അവരെ ചില കുട്ടികള്‍ പൊടികൈകളിലൂടെ മലര്‍ത്തിയടിച്ച സംഭവം ഞാന്‍ കേട്ടിട്ടുണ്ട്. ആ ഓര്‍മയില്‍ നിന്ന് കണ്ടെടുത്ത കഥാപാത്രമാണ് മുന്‍ഷി. 

പണംകൊടുത്ത് പത്മശ്രീ 

പ്രാഞ്ചിയേട്ടന്‍ ചെയ്യുന്നതിന് മുമ്പ് കണ്ട വാര്‍ത്തയാണ് പത്മശ്രീ കച്ചവടം എന്ന ആശയം നല്‍കിയത്. കശ്മീരില്‍ ഒരു കാര്‍പ്പന്റ് കച്ചവടക്കാരന് പത്മഭൂഷണ്‍ എന്നായിരുന്നു ആ വാര്‍ത്ത. ആര്‍ക്കോ പണം നല്‍കി വാങ്ങിച്ചതാണ്. ഇത് പലസംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഈ വാര്‍ത്തയില്‍ നിന്നാണ് പ്രാഞ്ചിയേട്ടന്റെ പത്മശ്രീ പിറന്നത്. പ്രിയാമണി അവതരിപ്പിച്ച കഥാപാത്രത്തിനും സമാന പേര് നല്‍കി. രസകരമായ ഒരു സീനും അതിലൂടെ സൃഷ്ടിക്കാനായി.

മനു ജഗത് ആയിരുന്നു ആര്‍ട്ട് ഡയറക്ടര്‍. മനുവും ഞാനും വേണുവും പിന്നെ വേണുവിന്റെ അസിസ്റ്റന്റ് അജയ് കാച്ചപ്പിള്ളിയും കൂടിയായിരുന്നു ലൊക്കേഷനുകള്‍ കാണാന്‍ പോയത്. ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനാണ് അജയ്. തൃശ്ശൂരില്‍ ഒരു ജോസേട്ടനുണ്ട്. എല്ലാവരുടെയും ജോസേട്ടന്‍. അദ്ദേഹമാണ് പ്രാഞ്ചിയേട്ടന്റെ വീടും ബാക്കി സ്ഥലങ്ങളുമൊക്കെ സംഘടിപ്പിച്ചു തന്നത്. പിന്നെ പള്ളിയുടെ ഭാഗം ഷൂട്ട് ചെയ്തത് ഗോവയിലാണ്. ഗോവയില്‍ എന്റെ ഒരു സുഹൃത്ത് അപര്‍ണ കാര്‍വേയാണ് പള്ളി സംഘടിപ്പിച്ച് തന്നത്.  പോര്‍ച്ചുഗീസുകാര്‍ പണിത ഒരു വീട്  അപര്‍ണ വാങ്ങിയിരുന്നു. അവിടെ ഞങ്ങളൊക്കെ ഇടയ്ക്ക് പോകാറുണ്ട്. അപര്‍ണയുടെ വീടിനടുത്തുള്ള ഗ്രാമത്തിലെ പള്ളിയാണ് സിനിമയിലേത്. വെന്റര്‍ റോഡ്രിക്‌സ് എന്നുപറയുന്ന ഡിസൈനറുടെ ഗ്രാമമാണ്. അപര്‍ണ ഇപ്പോള്‍ ജീവനോടെയില്ല. കടലില്‍ നീന്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു.

 കേരളത്തില്‍ പള്ളികള്‍ ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും  പിന്നെ ഞാന്‍ മനസില്‍ കണ്ടപോലെ ഒരുപള്ളി കിട്ടാത്തത് കൊണ്ടുമാണ് ഗോവയിലേക്ക് എത്തിയത്. പുണ്യാളന്റെ രൂപം മനു ഒരു ശില്‍പിയെ കൊണ്ട് ചെയ്യിച്ച് ആ പള്ളിയില്‍ കൊണ്ടുവച്ചു. പള്ളീലച്ചനൊക്കെ ഷൂട്ടിങിന് എല്ലാ സഹായവും ചെയ്തു തന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ പുണ്യാളന്റെ രൂപം ഞങ്ങള്‍ പള്ളിക്ക് സമ്മാനിച്ചു. ഈയിടെ ഗോവയില്‍ പോയപ്പോള്‍ പള്ളിയില്‍ ആ രൂപത്തിന് മുന്നില്‍ ആള്‍ക്കാര്‍ മെഴുകുതിരിയൊക്കെ കത്തിക്കുന്നുണ്ട്. അലന്‍ ജെസി എന്നയാളാണ് പുണ്യാളനായി അഭിനയിച്ചത്. ഇന്ത്യയില്‍ ജീവിക്കുന്ന വിദേശികളായ നടന്മാരെ ഓണ്‍ലൈന്‍ വഴി തെരയുകയും അവസാനം അലന്‍ ജെസിയെ സെലക്ട് ചെയ്യുകയുമായിരുന്നു. പോണ്ടിച്ചേരി ഓറവില്ലയിലാണ് അലന്റെ താമസം. അലന്റെ അമ്മ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ വലിയ വിശ്വാസിയാണ്. സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയെയാണ് ഞങ്ങള്‍ ചിത്രത്തിലേക്ക് കൊണ്ടുവന്നതും.  

അത് അവിടെ ഇരിക്കട്ടെ

ഖുശ്ബുവും ഞാനും നല്ല സൗഹൃദമുള്ളവരാണ്. കൈയ്യൊപ്പില്‍ നല്ലൊരുവേഷം ഖുശ്ബു ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരുവേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ തന്നെ ഖുശ്ബു വന്നു. അവള്‍ക്ക് ഞാന്‍ അഡ്വാന്‍സായി പണമൊന്നും നല്‍കിയിരുന്നില്ല.   ഷൂട്ട് തീരുന്ന ദിവസം ലൊക്കേഷനില്‍ നിന്ന് അവള്‍ നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ്. ഞാന്‍ അവളുടെ അടുത്ത് പോയി ഒരു ബ്ലാങ്ക് ചെക്ക് നല്‍കിയിട്ട് പറഞ്ഞു 'തുക ഖുശ്ബുവിന് സ്വന്തമായിട്ട് എഴുതാം, അല്ല ഞാന്‍ എഴുതണമെന്നാണെങ്കില്‍ അങ്ങനെയാകാം' എന്ന്. അവള്‍ ആ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വച്ചിട്ട് പറഞ്ഞു 'അത് അവിടെ ഇരിക്കട്ടെ' എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിന് ചെലവഴിച്ചിട്ടും അവള്‍ പ്രതിഫലമൊന്നും വാങ്ങിച്ചില്ല. 

placeholder
പ്രാഞ്ചിയേട്ടനില്‍ ഖുശ്ബു

തിരിച്ചെടുത്ത വാക്ക് 

ആദ്യത്തെ രണ്ടുമൂന്ന് ദിവസം മമ്മൂക്കയ്ക്ക് ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഇത് എനിക്കെന്തെങ്കിലും കാര്യം ഉണ്ടോ എന്ന രീതിയില്‍. ആശങ്ക ക്യാമറമാന്‍ വേണുവിനോട് മമ്മൂക്ക പങ്കുവെക്കുകയും ചെയ്തു. അത് വേണു എന്നോട് പറഞ്ഞു. ആയിക്കോട്ടെ  സിനിമ വരുമ്പോ നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ആറുദിവസം കഴിഞ്ഞപ്പോള്‍ മമ്മൂക്ക വേണുവിനോട് പറഞ്ഞു ഞാന്‍ മുമ്പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങി എന്ന്. പിന്നെ ഡബ്ബിങ്ങ്. അത് ഈയിടെ കണ്ടപ്പോള്‍ വരെ മമ്മൂക്ക പറഞ്ഞു. ഇവന്‍ മാത്രമാണ് സ്‌പോട്ട് ഡബ്ബിങും ലൈവ് സൗണ്ടുമൊന്നും ഇപ്പോഴും ചെയ്യാത്തതെന്ന്. ലൈവ് സൗണ്ടെക്കെ നല്ലതാണ് ലോകം അങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ് പക്ഷേ മമ്മൂക്ക പ്രാഞ്ചിയേട്ടന്‍ ലൈവ് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് ചോദിച്ചു. കാരണം 12 ദിവസം കൊണ്ടാണ് മമ്മൂക്ക ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ഓരോ ദിവസവും വരും തെറ്റും വീണ്ടും ശരിയാക്കും പിന്നെയും തെറ്റും ഇടയ്ക്ക് ദേഷ്യം വരും. അങ്ങനെ നന്നായി തന്നെ മമ്മൂക്ക അത് ചെയ്തു. സംഗീതം ഔസേപ്പച്ചന്‍ മികച്ചതാക്കി മാറ്റി. 

പ്രാഞ്ചിയേട്ടന്‍ എന്ന ബ്രാന്റ് 

പ്രാഞ്ചിയേട്ടന്‍ എന്തെങ്കിലും ഒരു കച്ചവടക്കാരനാകണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഒരു നിക്ക് നെയിം കൂടി വേണം. അതിന് സാധ്യതയുള്ളതാണ് അരി കച്ചവടമാണ് നല്ലതെന്ന് തോന്നി. അങ്ങനെ അരി പ്രാഞ്ചിയായി. സിനിമയില്‍ ആ നിക്ക് നെയിം മാറ്റാന്‍ പ്രാഞ്ചിയേട്ടന്‍ സ്വര്‍ണക്കട തുടങ്ങുന്നുണ്ട്. എന്നിട്ടും ആ വട്ടപേര് പോകുന്നില്ല. പ്രാഞ്ചിയേട്ടന്‍ യൂണിവേഴ്‌സല്‍ ആയിട്ടുള്ള ഒരു കഥാപാത്രമാണ്. എല്ലാ നാട്ടിലും ഓരോ പ്രാഞ്ചിയേട്ടന്‍മാരുണ്ട്. സിനിമ ഇറങ്ങിയ ശേഷം ആ പേര് ഒരു ബ്രാന്റ് ആയി മാറിക്കഴിഞ്ഞു. ഇന്നത് പലരും പലയിടത്തും ഉപയോഗിക്കുന്നു. ഒരു പേരെടുക്കാന്‍ വേണ്ടി പലതും ചെയ്തുകൂട്ടുന്ന എത്രയോ പേരെ നാം ഇന്നുകാണുന്നു. 

placeholder
വേണു

വേണുവും ഞാനും ഒന്നിച്ച് വര്‍ക്ക് ചെയ്യുക എന്ന ആഗ്രഹവും പ്രാഞ്ചിയേട്ടനിലൂടെ സാധിച്ചു. നാളുകളായി രണ്ടാള്‍ക്കും പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ അറിയാം. വേണുവിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ്. ഒരു സീന്‍ പറഞ്ഞാല്‍ അതിന്റെ തിയേറ്റര്‍ റെസ്‌പോണ്‍സ് എങ്ങനെയായിരിക്കുമെന്ന് വേണു പറഞ്ഞുതരും. പള്ളി ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവം പറയാം.

കഥയില്‍ ഓരോ കാര്യവും പറഞ്ഞുകഴിയുമ്പോള്‍ പുണ്യാളനിലേക്ക് തിരിച്ചുവരുന്നുണ്ടല്ലോ. അങ്ങനെ പുണ്യാളന്റെ ഓരോ സീനും ഓരോ ആംഗിളില്‍  ഷൂട്ട് ചെയ്ത് വരികയായിരുന്നു.  വേണു ചോദിച്ചു അടുത്തത് എവിടെ എന്ന്. അപ്പോ ഞാന്‍ പറഞ്ഞു, എനിക്കൊരു കിളി പോയ ഷോട്ട് തോന്നുന്നുണ്ട്. എന്താണെന്ന് പറയാന്‍ പറഞ്ഞു വേണു. പുണ്യാളന്‍ കാലും കൈയും കറക്കുന്ന ഷോട്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ആ പള്ളിമുഴങ്ങുന്ന രീതിയില്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു 'ഗംഭീരമായിരിക്കും അത്'എന്ന്. തിയേറ്ററില്‍ നല്ല പ്രതികരണമായിരുന്നു ആ ഷോട്ടിന്. എന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്ത സിനിമയാണ് പ്രാഞ്ചിയേട്ടന്‍. 32 ദിവസം കൊണ്ട് ഷൂട്ട് അവസാനിച്ചു. ശേഷം സ്പിരിറ്റ് എന്ന സിനിമയും വേണുവും ഞാനും ഒന്നിച്ച് ചെയ്തു. 

ഓടിക്കയറിയ പ്രാഞ്ചിയേട്ടന്‍

ശിക്കാറും എല്‍സമ്മ എന്ന ആണ്‍കുട്ടിയും പ്രാഞ്ചിയേട്ടനും ഒന്നിച്ചാണ് തിയേറ്ററിലെത്തിയത്. മൂന്നും മൂന്ന് ജോണറിലുള്ള സിനിമകളായിരുന്നു. ഞാന്‍ ചെയ്ത ഒരു സിനിമയും തിയേറ്ററില്‍ പോയി കാണുന്ന പതിവെന്നും എനിക്കില്ല. കാരണം എത്ര നല്ല സിനിമയായാലും നമ്മള്‍ വീണ്ടും കാണുമ്പോള്‍ അതിന്റെ പാകപ്പിഴയായിരിക്കും പെട്ടെന്ന് പിടിക്കുക. പിന്നെ അത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തും. തൃശ്ശൂര്‍ രാംദാസ് തിയേറ്ററില്‍ പടം നൂറ് ദിവസത്തോടടുക്കുമ്പോള്‍ തിയേറ്ററിലേക്ക് വാ എന്ന് പറഞ്ഞ് രാംദാസേട്ടന്‍ വിളിച്ചു. ഞാന്‍ അവസാനം പോയി ഡോറിന്റെ അടുത്ത് നിന്ന് കുറച്ച് സമയം കണ്ടു. മെല്ലെ മെല്ലെ തുടങ്ങി ഓടിക്കയറി നൂറ് ദിവസം പ്രദര്‍ശിപ്പിച്ചു. അങ്ങനെതന്നെയാണ് ഞങ്ങളും പ്രതീക്ഷിച്ചത്. കാരണം ബ്ലോക്ക് ബസ്റ്റര്‍ സിനിമക്ക് ആവശ്യമായ ഒരു സ്വഭാവവും അതിനില്ല. പരിഹസിക്കപ്പെടുന്ന നായകന്‍, വളരെ വളരെ പിന്നെയാണ് അയാള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്. സ്ഥിരം ഫോര്‍മുലയില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമ വരുമ്പോള്‍ സ്വീകരിക്കപ്പെടാന്‍ സമയമെടുക്കും. ശരിക്കും ഇപ്പോഴുണ്ടായ മാറ്റങ്ങളുടെ ഒരു തുടക്കമാണ് പ്രാഞ്ചിയേട്ടന്‍. 

placeholder
മമ്മൂട്ടി, പ്രിയാമണി


തൃശ്ശൂരില്‍ മൂന്ന് ബിഷപ്പുമാര്‍ ഒരുമിച്ച് ഒരുപടം കാണാന്‍ വന്നു എന്ന ചരിത്രം പ്രാഞ്ചിയേട്ടനുള്ളതാണ്. പടത്തിന്റെ അവസാനം നിലവിലുള്ള ക്രിസ്തീയ സെറ്റപ്പിനെതിരെയാണ് സംസാരിക്കുന്നത്. സ്വര്‍ണംകൊണ്ട് പള്ളിപണിയുകയല്ല വേണ്ടത് ഒരുജീവന്‍ രക്ഷിക്കാനാവുമെങ്കില്‍ അതാണ് ചെയ്യേണ്ടതെന്ന്. അപ്പോള്‍ മാത്രമേ നീ ദൈവത്തിന് പ്രിയപ്പെട്ടവനാകൂ എന്നു. പല പള്ളീലച്ചന്‍മാരും സിനിമ കണ്ടിട്ട് പള്ളിയിലെ പ്രസംഗത്തില്‍ സിനിമ കാണണമെന്ന് പരാമര്‍ശിച്ചു. അവരും ആ നന്മയെ തിരിച്ചറിഞ്ഞു. ശരിക്കും തൃശ്ശൂരുകാരാണ് പ്രാഞ്ചിയേട്ടനെ ആഘോഷിച്ചത്. ഇന്നും ജീവിച്ചിരിക്കുന്നവരില്‍  പ്രാഞ്ചിയേട്ടന്റെ ഒരു വലിയ ആരാധകന്‍ ടി.വി.ചന്ദ്രനാണ്. മറ്റൊരാള്‍ മരിച്ചുപോയ ചിന്ത രവി ആയിരുന്നു. തൃശ്ശുരുള്ള സിനിമക്കാര്‍ പറയാറുണ്ട് നമ്മള്‍ കണ്ടെത്തിയില്ലേ തൃശ്ശൂരുനിന്ന് ഇങ്ങനെയൊരു സിനിമ എന്ന്.