
അച്ഛന്റെ പോക്കറ്റിൽ നിന്ന് മോഷ്ടിച്ച കാശുമായി നമ്മളെയും കൂട്ടി സിനിമ കാണാൻ പോയ കളിക്കൂട്ടുകാരനെ ഓർമയുണ്ടോ. നാം എന്നോ മറന്നുപോയ കാതിൽ ചുവന്ന കല്ലുവച്ച കടുക്കനിട്ട ആ സൗഹൃദത്തിന്റെ ഊഷ്മളതയിലേക്ക് വാതായനങ്ങൾ തുറന്നിട്ടാണ് കഥ പറയുമ്പോൾ എന്ന ചിത്രം ഹൃദയത്തിൽ ഇടം നേടിയത്. അതുകൊണ്ടു തന്നെ ഓരോ തവണ കഥപറയുമ്പോൾ കണ്ട് കഴിയുമ്പോഴും കണ്ണിലെവിടെയോ ഒരുതുടം കണ്ണീർ നിറയും. ശ്രീനിവാസൻ- മമ്മൂട്ടി- മോഹനൻ കൂട്ടുകെട്ടിൽ പിറന്ന് മലയാള സിനിമയുടെ ബോക്‌സോഫീസിൽ എന്നൊന്നും ഓർമിക്കാവുന്ന വിജയമായി മാറി. ബാർബറാം ബാലന്റെയും സൂപ്പർ സ്റ്റാർ അശോക് രാജിന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ തന്റെ ആദ്യ ചിത്രമായ കഥ പറയുമ്പോളിന്റെ പിന്നാമ്പുറ കഥകൾ ഓർത്തെടുക്കുകയാണ് സംവിധായകൻ എം മോഹനൻ.
കഥ പറയും മുമ്പെ...
Also Read
ജിഷ്ണു, മുരളിയേട്ടൻ(ഭരത് മുരളി), ശ്രീനിയേട്ടൻ (ശ്രീനിവാസൻ) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ഒരു ചിത്രമായിരുന്നു ഞാൻ ആദ്യം ചെയ്യാനുദ്ദേശിച്ചത് . ഞാൻ തന്നെയായിരുന്ന തിരക്കഥ. ലിവ ടവർ എംഡിയായ മുനീറും തിരുവനന്തപുരത്തുള്ള രാധാകൃഷ്ണനുമായിരുന്നു നിർമാതാക്കൾ. തിരക്കഥ ശ്രീനിയേട്ടനെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പുതിയൊരു സംവിധായകൻ എന്ന രീതിയിൽ സ്‌പെഷ്യലായൊരു സിനിമയായിരിക്കണം ചെയ്യേണ്ടത്, അത്തരമൊരു സ്‌പെഷ്യാലിറ്റി ഇതിലില്ലെന്ന്. അതോടെ ആ ശ്രമം ഉപേക്ഷിച്ചു.
പിന്നീടൊരു ദിവസം ശ്രീനിയേട്ടൻ ചെന്നൈയിൽ ഉള്ള സമയത്ത് അവിചാരിതമായി ഒരു അമ്വേചർ നാടകം കാണാനിടയായി. നടി ഇന്ദ്രജയുടെ സുഹൃത്തുക്കൾ സംവിധാനം ചെയ്ത നാടകമായിരുന്നു അത്. നാടകം ശ്രീനിയേട്ടന് ഇഷ്ടമാകുകയും നാട്ടിലെത്തിയ ഉടൻ അതിന്റെ സംഗ്രഹം എന്നോട് പറയുകയും ചെയ്തു. അങ്ങനെ പുതിയൊരു സിനിമയുടെ ആലോചനയ്ക്ക് വിത്തിട്ടു. ആർ പി ഗംഗാധരൻ എന്നൊരു നിർമാതാവിനോട് സംഭവം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. അതോടെ ഇന്ദ്രജ വഴി നാടകത്തിന്റെ അണിയറപ്രവർത്തകരെ കണ്ടെത്തി. ചെന്നൈയിൽ പോയി നാടകത്തിന്റെ മലയാളം റൈറ്റ്‌സ് വാങ്ങി. പിന്നീട് കോയമ്പത്തൂരിൽ പോയി ശ്രീനിയേട്ടന്റെ സുഹൃത്തായ വിജയകുമാർ കുനിശ്ശേരി എന്ന ഒരാളെ കണ്ട് നാടകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യിപ്പിച്ചു. ശ്രീനിയേട്ടൻ എഴുതുന്നതിന് മുന്നോടിയായി വിവർത്തനം ചെയ്ത കഥ വായിച്ച ശേഷം ഞാനൊരു വൺലൈനുണ്ടാക്കി. പ്രോജക്ട് ഉദയനാണ് താരത്തിന് മുമ്പ് നമ്മൾ ചെയ്യണമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം ചിതറിയവർ എന്ന സിനിമയുടെ ഷൊർണൂരിലെ സെറ്റിൽ പോയി ആദ്യപകുതിയുടെ വൺലൈൻ ശ്രീനിയേട്ടനെ കാണിച്ചു. അദ്ദേഹത്തിന് ഇഷ്ടമായി.
അന്ന് എന്റെ കൈയിൽ മൊബൈലൊന്നും ഇല്ല. ഒരാഴ്ച കഴിഞ്ഞ് ശ്രീനിയേട്ടൻ വീട്ടിലെ ലാൻഡ്‌ഫോണിലേക്ക് വിളിച്ചു. 'എടാ, പുതിയൊരു സാധനമുണ്ട്. കഥയൊന്നുമില്ല ഒരു തോന്നലാണ്. ' ഇരുപത് മിനുട്ടോളം ശ്രീനിയേട്ടൻ സംസാരിച്ചു. ആ ഫോൺ കോളിലാണ് കഥ പറയുമ്പോൾ എന്ന സിനിമ പിറക്കുന്നത്.

കുചേലനും കൃഷ്ണനും...
ആദ്യ സംസാരത്തിൽ ബാർബർ ബാലനൊന്നും കഥയിലില്ല. ഒരുമിച്ച് പഠിച്ച രണ്ടുപേർ. ഒരാൾ പ്രത്യേക സാഹചര്യത്തിൽ നാടുവിടേണ്ടി വരുന്നു. മറ്റെയാൾ വളർന്ന് സൂപ്പർ താരമാകുന്നു. എന്ന് വിചാരിച്ചാൽ കൃഷ്ണ- കുചേല സങ്കൽപ്പം. കാലങ്ങൾക്ക് ശേഷം കൃഷ്ണനെ കാണാൻ പോകുന്ന കുചേലൻ. അതായിരുന്നു ശ്രീനിയേട്ടൻ ഫോൺ കോളിൽ പറഞ്ഞ കഥ.
കോളേജ് കാലഘട്ടം മുതൽ ശ്രീനിയേട്ടൻ ഓരോ യാത്ര കഴിഞ്ഞുവരുമ്പോഴും ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ എന്നോട് പറയാറുണ്ട്. വളരെ കൗതുകത്തോടെ ഞാനത് കേട്ടിരിക്കും. ദുബായിൽ ശ്രീനിയേട്ടൻ ഒരുപരിപാടിയ്ക്ക് പോയ സമയം. ജഗദീഷേട്ടനൊപ്പം അവിടത്തെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചിരിക്കുന്നു. പെട്ടെന്ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെയുള്ള ഒരു കുടുബം മടിച്ച് മടിച്ച് ശ്രീനിയേട്ടന്റെ ടേബിളിനരികിലെത്തി. 'സാറെ ഞങ്ങൾ മട്ടന്നൂരുകാരാണ്. എന്റെ പേര് സുരേഷ് (സാങ്കൽപ്പികം). ഇത് എന്റെ ഭാര്യയും കുട്ടികളുമാണ്'. ശ്രീനിയേട്ടൻ അവരെയെല്ലാം ഒന്ന് നോക്കി. അയാൾ തുടർന്നു 'സാറെ, ഭാര്യ നിങ്ങളുടെ കോളേജിൽ പഠിച്ചതാണ് നിങ്ങളെ അറിയാം എന്നൊക്കെ എപ്പോഴും പറയും. ശ്രീനിയേട്ടന്റെ സിനിമ ടിവിയിൽ കണ്ടാൽ തുടങ്ങും, ഞാനും ശ്രീനിവാസനും ഒരേ കോളേജിൽ പഠിച്ചതാണ്. നല്ല സുഹൃത്തുക്കളാണ് എന്നൊക്കെയുള്ള ഇവളുടെ വീമ്പ് . പക്ഷേ ഞാനും മക്കളും ഇതുവരെ അത് വിശ്വസിച്ചിട്ടില്ല. ' മക്കളും അമ്മയുടെ വീമ്പ് വിശ്വസിക്കാറില്ല എന്ന് പറഞ്ഞു. സ്ത്രീ ഇഞ്ചി കടിച്ച പോലെ ടെൻഷനിൽ നിൽക്കുകയാണ്. എല്ലാവരും ശ്രീനിയേട്ടന്റെ മറുപടിക്കായി കാതോർത്തു. ശ്രീനിയേട്ടൻ സ്ത്രീയെ ഒന്ന് നോക്കിയശേഷം അവരുടെ പേര് കൃത്യമായി പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണെന്നും കൂട്ടിച്ചേർത്തു. അത് കേട്ടതോടെ സ്ത്രീ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു.
അതുപോലെ മറ്റൊരനുഭവം പറയാം. ശ്രീനിയേട്ടന്റെ കൂടെ പഠിച്ച സുഹൃത്ത് തലശ്ശേരിയുണ്ട്. ഫോണിൽ ഇടയ്ക്ക് വിളിച്ച് സംസാരിക്കും. കോയമ്പത്തൂരിൽ ബനിയൻ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഒരിക്കൽ ശ്രീനിയേട്ടൻ കോയമ്പത്തൂരിൽ പരിപാടിയ്ക്ക് പോയപ്പോൾ വേദിയ്ക്ക് പിറകിലേക്ക് ഇയാൾ വന്നു. പ്രായാധിക്യം മൂലം ആളാകെ മാറിയിട്ടുണ്ട്. പേര് പറഞ്ഞ് ശ്രീനിയേട്ടനെ പരിചയപ്പെട്ടു. ശ്രീനിയേട്ടന് ഉടൻ ഓർമ വന്നു വിശേഷങ്ങൾ ചോദിച്ചു. ' നമ്മൾ പരിചയക്കാരാണെന്ന് പറഞ്ഞിട്ട് മക്കളും ഭാര്യയുമൊന്നും വിശ്വസിക്കുന്നില്ല ഒന്ന് വീട് വരെ വരണം നമുക്ക് ഒരു ഫോട്ടെയൊക്കെ എടുത്തിട്ട് പോകാം' എന്ന് അയാൾ പറഞ്ഞു. ഇതുപോലെയുള്ള നിരവധി അനുഭവങ്ങൾ ശ്രീനിയേട്ടനുണ്ടായിട്ടുണ്ട്. അതുമായി സമാനമായൊരു സീൻ കഥയിലേക്ക് കൊണ്ടുവരാം എന്ന് തീരുമാനിച്ചു.
മമ്മൂക്കയില്ലെങ്കിൽ പടമില്ല...
കഥയുടെ വൺലൈൻ റെഡിയായി. ഒരൊറ്റ കണ്ടീഷൻ ശ്രീനിയേട്ടൻ വച്ചു. ' സൂപ്പർസ്റ്റാർ അശോക് രാജിന്റെ റോൾ മമ്മൂട്ടി ചെയ്യണം. അഞ്ചോ ആറോ സീനുകളോ മമ്മൂട്ടിയ്ക്ക് ഉണ്ടാവുകയുള്ളൂ. അതിഥി വേഷമായിരിക്കും. പ്രധാന കഥാപാത്രം നെടുമുടി വേണു ചേട്ടനെയെ മറ്റേവെച്ച് ചെയ്യിപ്പിക്കാം.' പ്രധാനകഥാപാത്രം വേണു ചേട്ടനെക്കാൾ ശ്രീനിയേട്ടൻ തന്നെ ചെയ്യുന്നതായിരിക്കും യോജിക്കുകയെന്ന് ഞാൻ പറഞ്ഞു. ' അത് പിന്നെ ആലോചിക്കാം , പക്ഷേ മമ്മൂട്ടി വരാതെ സിനിമ നിൽക്കില്ല.' ശ്രീനിയേട്ടൻ തുടർന്നു. അതിഥി വേഷത്തിലൊക്കെ മെഗാസ്റ്റാറായ മമ്മൂക്ക വരുമോ എന്ന ടെൻഷനായി എനിക്കും. മമ്മൂക്കയില്ലെങ്കിൽ സിനിമ ചെയ്തിട്ടും കാര്യമില്ലെന്ന് എനിക്കും മനസിലായി. കാരണം അവസാനത്തെ ഇരുവരുടെയും കണ്ടുമുട്ടലിലാണ് സിനിമ നിൽക്കുന്നത്. അത് മമ്മൂക്കയല്ലാതെ മറ്റാര് ചെയ്താലും ശരിയാവില്ല. കഥ കേട്ടാൽ മമ്മൂക്ക സമ്മതിക്കുമെന്ന് മനസ് പറഞ്ഞു. എന്നാലും ചെറിയ ആശങ്ക അപ്പോഴുമുണ്ടായിരുന്നു.
അങ്ങനെ കുറച്ച് കാത്തിരുന്നു. അതിനിടെ ആന്റോ ചേട്ടൻ കഥ കേട്ടു. ഇേത് മമ്മൂക്ക ചെയ്യുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അതോടെ എനിക്കും കോൺഫിഡൻസായി. അങ്ങനെ ഭാർഗവചരിതം മൂന്നാംഖണ്ഡം എന്ന സിനിമയുടെ സെറ്റിൽ മമ്മൂക്കയെ കണ്ട് കഥ പറഞ്ഞു. കഥ കേട്ട് സന്തോഷത്തോടെ നമ്മൾ ഇത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് നിർമാതാക്കളെ തേടിയുള്ള അലച്ചിൽ. പല പല നിർമാതാക്കൾ വരികയും പോകുകയും ചെയ്തു. മുകേഷേട്ടൻ ഒരുദിവസം കഥ കേട്ട് ശ്രീനി ഇത് നമുക്ക് നിർമിച്ചാലോ എന്ന് ചോദിച്ചു. ആന്റോ ചേട്ടനും അവിടെ ഉണ്ടായിരുന്നു. നിങ്ങൾ രണ്ടുപേരും നിർമിക്കുകയാണെങ്കിൽ എല്ലാവിധ സഹകരണവും ഞാൻ ചെയ്ത് തരാമെന്ന് ആന്റോ ചേട്ടനും പറഞ്ഞു. ശ്രീനിയും മുകേഷുമാണ് ഇത് നിർമിക്കുന്നതെങ്കിൽ ഞാൻ പണം മേടിക്കാതെ അഭിനയിക്കാമെന്ന് മമ്മൂക്കയും പറഞ്ഞു. അതോടെ എല്ലാവർക്കും ആവേശമായി. അങ്ങനെ ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിൽ മുകേഷ്- ശ്രീനിവാസൻ എന്നിവർ ചിത്രം നിർമിച്ചു.
ബാലൻ മാഷ് ബാർബറായി...
കുചേലൻ എന്നൊക്കെയായിരുന്നു ആദ്യം പേര് ആലോചിച്ചത്. പിന്നീട് ശ്രീനിയേട്ടൻ തന്നെയാണ് "കഥ പറയുമ്പോൾ' എന്ന പേര് സജസ്റ്റ് ചെയ്തത്. തിരക്കഥ പലവട്ടം മാറ്റിയെഴുതി. പ്രണയിച്ച് ഒളിച്ചോടിയ ബാലൻ ആരും എത്തിപ്പെടാത്ത മലയോര ഗ്രാമത്തിൽ എത്തിപ്പെടും എന്ന ചർച്ചയാണ് മേലുകാവ് പോലൊരു സ്ഥലത്തേക്ക് കഥ പശ്ചാത്തലം മാറ്റാൻ കാരണമായത്. കുറേ അലച്ചിലിനൊടുവിൽ പ്രൊഡക്ഷനിലെ ഡ്രൈവറായ ബിജുവാണ് അനുയോജ്യമായ മേലുകാവ് എന്ന സ്ഥലം കണ്ടെത്തിയത്. ഈരാറ്റുപേട്ടയ്ക്ക് അടുത്ത സ്ഥലമാണ് മേലുകാവ്. സ്ഥലത്തിന്റെ പേര് അതേപോലെ തന്നെ നൽകി. മേലുകാവ് എന്ന പേര് പാട്ടിലും ഉപയോഗിച്ചു. അത് ആ നാട്ടുകാർക്കും ഏറെ സന്തോഷം സമ്മാനിച്ചു. ആദ്യം ബാലൻ മാഷായിരുന്നു. എന്നാൽ മാഷായാൽ ദാരിദ്രവും കഷ്ടപ്പാടുകളും കാണിക്കാനാകില്ലെന്ന് ചർച്ച വന്നപ്പോൾ ബാർബറാക്കി മാറ്റി. അതുപോലെ സലീം കുമാറിന്റെ കവി കഥാപാത്രം നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഒരാളാണ്. സ്വയം വലിയ സാഹിത്യകാരനാണെന്ന് പറഞ്ഞ് അധ്വാനിക്കാനൊന്നും തയ്യാറല്ലാത്ത ആര് വേണമെങ്കിലും നമ്മളെ ഇങ്ങോട്ട് വന്ന് കാണട്ടെ എന്ന് വിചാരിക്കുന്ന ഒരാൾ. അതുപോലെ ഇന്നസെന്റേട്ടൻ അവതരിപ്പിച്ച ഈപ്പച്ചൻ മുതലാളി എന്ന കഥാപാത്രത്തെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.
സത്യേട്ടന്റെ (സത്യൻ അന്തിക്കാട്) അസിസ്റ്റന്റായി ഞാൻ കുറെക്കാലം വർക്ക് ചെയ്തിരുന്നു. അതുപോലെ ശ്രീനിയേട്ടന്റെ അളിയനുമാണ്. ഈ രണ്ട് ലേബലും ഉള്ളത് കൊണ്ട് പലപ്പോഴും ചില കൊച്ചുമുതലാളിമാർ വന്ന് നമുക്ക് ഒരു സിനിമ ചെയ്താലേ എന്ന് ചോദിക്കും. സംവിധാനം മോഹനൻ, ശ്രീനിയേട്ടൻ തിരക്കഥ, മമ്മൂക്കയോ മോഹൻലാലേ അഭിനയിക്കും എല്ലാം സെറ്റ് എന്നൊക്കെ പറഞ്ഞ് അവർ കൈതരും. കോൾ ഷീറ്റെന്ന് എന്തെന്നോ ഡേറ്റ് എടുക്കൽ എന്തെന്നോ തുടങ്ങി സിനിമയുടെ എബിസിഡി അറിയാത്ത കൈയിൽ അഞ്ചോ പത്തോ ലക്ഷം രൂപയുള്ള പാവങ്ങളാണ് എല്ലാം. വേഗം പ്രശസ്തനാകണമെന്ന് മോഹമാണ് അവർക്കെല്ലാം. അവരുടെ പ്രതിനിധിയാണ് ഈപ്പച്ചൻ മുതലാളി എന്ന കഥാപാത്രം.
ഈപ്പച്ചൻ മുതലാളിയുടെ റോൾ അമ്പിളി ചേട്ടനായിരുന്നു ആദ്യം. അതും പിന്നീട് ഡേറ്റ് പ്രശ്‌നമായതേടെ മാറ്റി ഇന്നസെന്റേട്ടൻ എത്തി. ചെറുതാണെങ്കിലും മറ്റൊരു നിർണായകമായ റോൾ അമ്പിളി ചേട്ടൻ ചെയ്തു. മുകേഷേട്ടൻ അവതരിപ്പിച്ച ട്യൂട്ടോറിയൽ പ്രിൻസിപ്പൽ നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയാണ്. അങ്ങനെ ഓരോ കഥാപാത്രവും സാധാരണക്കാർക്ക് പോലും എളുപ്പം റിലേറ്റ് ചെയ്യാൻ പറ്റുന്നവരായി മാറി.
ശോഭനയെയായിരുന്നു ബാലന്റെ ഭാര്യയുടെ റോളിൽ ആദ്യം കാസ്റ്റ് ചെയ്ത്. എന്നാൽ ഷൂട്ട് നീണ്ട് പോയതോടെ അത് മാറ്റേണ്ടി വന്നു. മീനയെ കൊണ്ടുവന്നു. വളരെ നന്നായി തന്നെ മീന അത് ചെയ്തു. ജയേട്ടൻ (ജയചന്ദ്രൻ) ആയിരുന്നു സംഗീതം. പിന്നീട് ഞങ്ങളുടെ അഭ്യർഥന പ്രകാരം പശ്ചാത്തലസംഗീതവും ജയേട്ടൻ നിർവഹിച്ചു.
ആദ്യ ദിനം മഴ...
പുതുമുഖ സംവിധാനകനായിട്ട് കൂടി ഒരു ടെൻഷനുമില്ലാതെ ഷൂട്ട് ചെയ്യാൻ എനിക്കായി. സുകുവേട്ടൻ (പി.സുകുമാർ ) ക്യാമറ ചെയ്തത് ഏറെ സഹായകമായി. എന്റെ ആദ്യ സിനിമ ആണെന്നറിയാവുന്നത് കൊണ്ട് തന്നെ തോളോട് തോൾ ചേർന്ന് നിന്ന് സഹായിച്ചു. ആദ്യ ദിനം ഉച്ചയ്ക്ക് ശേഷം മഴകാരണം ഷൂട്ട് നടന്നില്ല. 40 ദിവസമായിരുന്നു ഷൂട്ട് ഷെഡ്യൂൾ ചെയ്തത്. രണ്ടാം ദിവസവും ഉച്ചയ്ക്ക് ശേഷം മഴ പെയ്തു. ഷൂട്ട് നീണ്ടുപോകുമോ എന്ന് ഒരു ടെൻഷനായി. ദിവസം കൂടിയാലും മികച്ച രീതിയിൽ മാത്രമേ നമ്മൾ ഇത് പുറത്തിറക്കുകയുള്ളൂ എന്ന് ശ്രീനിയേട്ടൻ പറഞ്ഞു. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായി. ചാർട്ടിങ്ങ് അനുസരിച്ച് 38 ദിവസങ്ങൾ കൊണ്ട് ഷൂട്ട് തീർക്കാനായി. മരിച്ചുപോയ ഷഫീർ സേട്ടായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ.
ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കട്ട് പോകാൻ മറന്നുപോയിട്ടുണ്ട്. ക്ലൈമാക്‌സിൽ മമ്മൂക്ക ബാലനെ കുറിച്ച് പറയുന്ന സീനായിരുന്നു അത്. അസോസിയേറ്റ് സംഭാഷണം പ്രോംറ്റ് ചെയ്ത് കൊടുക്കുന്നു. മമ്മൂട്ടി ഗംഭീരമായി സംഭാഷണംപറഞ്ഞ് അഭിനയിക്കുകയാണ്. ഷോട്ട് ടൈം കഴിഞ്ഞിട്ടും ഞാൻ കട്ട് പറഞ്ഞില്ല. സിനിമയാണെന്ന് മറന്നുപോയി. എന്റെ മുന്നിൽ നിന്ന് സുഹൃത്തിനെ കുറിച്ച് ഒരാൾ സംസാരിക്കുന്നത് പോലെയായിരുന്നു അനുഭവം. രണ്ട് ക്യാമറ വച്ചായിരുന്നു ഷൂട്ട് ചെയ്തത്.
സമയം അധികമായതിനാൽ ഒരു ക്യാമറ റൺ ഔട്ട് ആയി. മമ്മൂക്കയുടെ കുറച്ച് ഗംഭീര ഷോട്ടുകൾ നമുക്ക് നഷ്ടമായി. അശോക് രാജിന്റെ സീനുകൾ ഷൂട്ട് തീർന്ന ദിവസം ഞാൻ പോയി മമ്മൂക്കയോട് എല്ലാം ഓക്കെയാണെന്നും മമ്മൂക്കയുടെ ഭാഗങ്ങൾ തീർന്നെന്നും പറഞ്ഞു. നന്ദിയും പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി. കുറച്ച് ദൂരം നടന്നപ്പോൾ അദ്ദേഹം എന്നെ ഒറ്റയ്ക്ക് കാറിനടുത്തേക്ക് വിളിപ്പിച്ചു. എന്തെങ്കിലും തെറ്റ് പറ്റിയോ എന്ന ടെൻഷനോടെയാണ് ഞാൻ അരികിലേക്ക് പോയത്. അദ്ദേഹം കൈയിൽ കൈവച്ച് പടം നന്നായിവരുമെന്നും ഹിറ്റായി മാറുമെന്ന് പറഞ്ഞു.
കൈക്കൂലിയും കത്രികയും...
പടം ഫസ്റ്റ് കോപ്പി കണ്ടപ്പോൾ സംവിധായകൻ അൻവർ റഷീദ് സംഭവം നന്നായിട്ടുണ്ടെന്നും കോമഡിയും ഇമോഷണൽ രംഗങ്ങളും വർക്ക് ചെയ്യുന്നുണ്ടെന്നും വിജയിക്കുമെന്നും പറഞ്ഞു. അത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി. കാരണം ആദ്യമായി പുറത്ത് നിന്നൊരാൾ കണ്ട് മികച്ച അഭിപ്രായം പറയുകയാണ്. അതുപോലെ സെൻസറിങ് സമയത്ത് കൈക്കൂലിയെ കുറിച്ചൊക്കെ പറയുന്ന ഭാഗത്ത് കത്രിക വീഴുമോ എന്നൊരു ഭയമുണ്ടായിരുന്നു. എന്നാൽ പടം കണ്ട് കഴിഞ്ഞപ്പോൾ എവിടെയും കത്രിക വെക്കുന്നില്ലെന്നും ഗംഭീരമായിട്ടുണ്ടെന്നും ബോർഡ് അംഗങ്ങൾ പറഞ്ഞു. സെൻസറിങ് ഓഫീസർ റൂമിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും എല്ലാ ആശംസയും അറിയിച്ചു.
2007 ഡിസംബർ 14 നായിരുന്നു റിലീസ്. അന്നേ ദിവസം തലശേരിയിലായിരുന്നു ഞാൻ. ചിത്രവാണി ടാക്കീസിനു എതിർഭാഗത്ത് ആദ്യ ഷോ കഴിഞ്ഞതിന്റെ പ്രതികരണം അറിയാൻ പോയി നിന്നു. പകുതി ഓഡിയൻസ് മാത്രമേ ആദ്യ ഷോയ്ക്ക് അവിടെ ഉണ്ടായിരുന്നുള്ളു. ചിലർ ഇറങ്ങിവന്ന് കുഴപ്പമില്ലാത്ത പടമാണെന്ന് പറഞ്ഞു. മെല്ലെ ഞാൻ തിയേറ്ററിനുള്ളിലേക്ക് നീങ്ങി. അപ്പോൾ എന്റെ നല്ലൊരു സുഹൃത്ത് പടം കണ്ട് ഇറങ്ങിവരുന്നുണ്ടായിരുന്നു. മോഹനൻ മണ്ടോടി എന്ന പേരിലാണ് നാട്ടിലെല്ലാം ഞാൻ അറിയപ്പെടുന്നത്. അതിനാൽ കഥ പറയുമ്പോൾ ഞാനാണ് സംവിധാനം ചെയ്തതെന്ന് അവനൊന്നും അറിയില്ല. അവൻ നേരെ വന്നിട്ട് ചോദിച്ചു. 'എടാ പടം കണ്ടോ, ഗംഭീരമായിട്ടുണ്ട്. ശ്രീനിയേട്ടനും മമ്മൂക്കയുമെല്ലാം കണ്ണുനിറയിപ്പിച്ചു. പുതിയ സംവിധായകനാണെന്ന് തോന്നുന്നു. നിനക്കറിയുമോ ആളേ' എന്ന്. ഞാൻ തന്നെയാണ് സംവിധാനം ചെയ്തത് എന്ന് പറഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു.
എന്താടാ എന്നെ മറന്നോ...?
എല്ലായിടത്തും നിന്നും ഗംഭീര റിപ്പോർട്ടുകൾ വന്നു. പലരും വിളിച്ചു. പടം സൂപ്പർഹിറ്റായി മാറി. സന്തോഷം അറിയിക്കാനായി ഞാൻ മമ്മൂക്കയെ വിളിച്ചു. അദ്ദേഹം ചെന്നൈയിൽ ആയിരുന്നു ഫോണിൽ കിട്ടിയില്ല. ജോർജേട്ടന്റെ ഫോണിലേക്കും പലവട്ടം ശ്രമിച്ചിട്ടും കോൾ കിട്ടിയില്ല.
മൂന്ന് ദിവസം കഴിഞ്ഞ് ജോർജേട്ടൻ വിളിച്ചു. മോഹനാ, നീ മമ്മൂക്കയെ വിളിച്ചില്ലേ എന്ന് ചോദിച്ചു. ഞാൻ പലവട്ടം വിളിച്ചിട്ടും കിട്ടിയില്ല എന്ന് പറഞ്ഞു. നീ വിളിക്കാത്തതിനാൽ മമ്മൂക്ക ദേഷ്യത്തിലാണെന്നും പറഞ്ഞ് അദ്ദേഹം മമ്മൂക്കയ്ക്ക് ഫോൺ കൈമാറി. പടം ഹിറ്റായപ്പോൾ നമ്മളെയെല്ലാം മറന്നോ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ ചോദ്യം. സംഭവം ഞാൻ പറഞ്ഞപ്പോൾ മമ്മൂക്കയും ഓക്കെയായി. സിനിമ നന്നായിട്ടുണ്ടെന്നും സന്തോഷമായെന്നും പറഞ്ഞു. പിന്നീട് എന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും അദ്ദേഹം വിളിച്ച് അഭിപ്രായം അറിയിക്കാറുണ്ട്.
കഥ പറയുമ്പോൾ നിറഞ്ഞ സദസ്സിൽ 100 ദിനം പ്രദർശിപ്പിക്കുകയും കൊച്ചിയിൽ വച്ച് വൻവിജയാഘോഷം നടക്കുകയും ചെയ്തു. പിന്നീട് കുശേലൻ എന്ന പേരിൽ തമിഴിലും, ബില്ലു എന്ന പേരിൽ ഹിന്ദിയിലും പടം റീമേക്ക് ചെയ്യപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെയായിരുന്നു റീമേക്കുകളിൽ അഭിനയിച്ചത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള 2017 ലെ സംസ്ഥാന പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.
Content Highlights: Director mohanan tells the story behind the superhit film Kathaparayumbol
Published: 26 Sept 2023, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented