
ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ പറയുന്നത് സാക്ഷാല്‍ ഉണ്ണി മേനോന്‍ തന്നെയാണെങ്കിലോ, വിശ്വസിക്കാതിരിക്കാന്‍ തരമില്ല. സംഗീതം പഠിക്കാത്ത, ഗായകജീവിതം സ്വപ്‌നത്തില്‍ പോലും കാണാത്ത ഒരുകാലം ഉണ്ണിമേനോന്റെ ജീവിതത്തിലുണ്ടായിരുന്നു. അവിടെ നിന്നാണ് പാട്ടിനോട് ഉണ്ണി മേനോന്‍ ഇഷ്ടം കൂടിത്തുടങ്ങിയത്. ആ സംഗീതപ്രേമിയിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞത് സംഗീതസംവിധായകന്‍ ശ്യാം ആയിരുന്നു. യേശുദാസിന് ട്രാക്ക് പാടിച്ച് ഉണ്ണിമേനോനെ ശ്യാം സിനിമയിലേക്ക് കൈപിടിച്ചു. പിന്നീടുള്ള 41 വര്‍ഷങ്ങള്‍ മലയാളത്തിലും തമിഴിലും തെലുഗിലുമായി ഉണ്ണിമേനോന്‍ പാടിപതിപ്പിച്ച സുവര്‍ണ ഗാനങ്ങള്‍ നിരവധിയാണ്. ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്റെ ഇഷ്ടഗായകരുടെ പട്ടികയിലും പ്രധാനി ഈ മലയാളി തന്നെ. 25-ലധികം പാട്ടുകളാണ് എ.ആര്‍.റഹ്മാന് വേണ്ടി ഉണ്ണിമേനോന്‍ പാടിയത്. നാലുദശാബ്ദം പിന്നിടുന്ന ആ ശബ്ദസൗകുമാര്യത്തിന് ന്യൂജെന്‍ കാലത്തും ആരാധകര്‍ ഏറുകയാണ്. തിരുവാവണി രാവും, രതിപുഷ്പവും തുടങ്ങി പോയവര്‍ഷങ്ങളിലും ഉണ്ണിമേനോന്‍ പാടിയ ഹിറ്റ് ട്രാക്കുകള്‍ മലയാളിയുടെ പ്ലേ ലിസ്റ്റിലുണ്ട്.
'നദികളില്‍ സുന്ദരി യമുന' എന്ന പുതിയ ചിത്രത്തില്‍ മലയാളിയുടെ എവര്‍ ഗ്രീന്‍ മെലഡികളിലൊന്നായ വരവേല്‍പ്പിലെ 'വെള്ളാര പൂമല മേലെ..' എന്ന പാട്ട് റീക്രിയേറ്റ് ചെയ്യപ്പെടുമ്പോള്‍ അതിനും ശബ്ദസൗന്ദര്യമേകിയത് ഉണ്ണിമേനോനാണ്. നാലുദശാബ്ദം പിന്നിട്ട സംഗീതയാത്രയെ കുറിച്ചും പുതിയ പാട്ടുവിശേഷങ്ങളെ കുറിച്ചും ഉണ്ണിമേനോന്‍ മനസ്സുതുറക്കുന്നു.
Also Read
'വെള്ളാര പൂമല മേലേ'... എവര്‍ഗ്രീന്‍ ഹിറ്റ് താങ്കളുടെ ശബ്ദത്തില്‍ വീണ്ടും മലയാളിയുടെ പ്ലേ ലിസ്റ്റില്‍ നിറയുകയാണ്, എന്താണ് പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം?
'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ നിര്‍മാതാവായ മുരളി എന്റെ സുഹൃത്താണ്. അദ്ദേഹമാണ് ഇത്തരമൊരു ആവശ്യവുമായി എന്നെ വിളിക്കുന്നത്. അത്തരമൊരു റിക്രിയേഷന്‍ വേണോ എന്നാണ് ഞാനാദ്യം തന്നെ മുരളിയോട് ചോദിച്ചത്. എന്നാല്‍ സിനിമയ്ക്ക് ആ പാട്ട് ആവശ്യമാണെന്നും അതിനായുള്ള എല്ലാ പെര്‍മിഷനുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഞാന്‍ പാടാമെന്ന് സമ്മതിച്ചത്. വരവേല്‍പ്പ് എന്ന സിനിമയിലെ പാട്ട് അതിന്റെ സംഗീതമൊന്നും മാറ്റാതെ റീക്രിയേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമെനിക്കൊരു ശങ്കയുണ്ടായിരുന്നു. കാരണം ദാസേട്ടന്‍ പാടിയ ഒരുപാട്ട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പാടിയാല്‍ അത് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നൊരു സംശയം.
യൂട്യൂബിലൂടെ പാട്ട് റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീനുകളുമായി ചേര്‍ന്നുപോകുന്നുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. അതില്‍ സന്തോഷമുണ്ട്. പാട്ടിനോട് നീതി പുലര്‍ത്താന്‍ സാധിച്ചു എന്നാണ് വിചാരിക്കുന്നത്. റെക്കോര്‍ഡിങ് സമയത്ത് ചില ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കുറച്ച് കൂടി ഭംഗിയാക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. ഒരിക്കലും എന്റെയും ദാസേട്ടന്റെയും ശബ്ദം തമ്മില്‍ താരതമ്യം ചെയ്യരുത്. ദാസേട്ടന്റെ ഒരുഫാന്‍ ബോയ് മാത്രമാണ് ഞാന്‍. അതിനാല്‍ ദാസേട്ടന്‍ പാടിയ വേര്‍ഷനും ഞാന്‍ പാടിയ വേര്‍ഷനും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്ന് മലയാളികളോട് അഭ്യര്‍ത്ഥിക്കുന്നു.

ന്യൂജെന്‍ സംഗീത സംവിധായകരുടെയും ഇഷ്ടഗായകനായി താങ്കള്‍ മാറുന്നു, എങ്ങനെയാണ് പുതിയ ജനറേഷനിലേക്ക് എത്തിപ്പെടുന്നത്..?
എനിക്ക് കിട്ടുന്ന അംഗീകാരമായാണ് അതിനെയെല്ലാം കാണുന്നത്. പണ്ട് തൊട്ടേ സംഗീതസംവിധായകരോട് അങ്ങോട്ട് അവസരം ചോദിക്കാന്‍ മടിയുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് പുതുതലമുറയിലെ സംഗീതസംവിധായകരെ വിളിച്ച് എനിക്കൊരു പാട്ട് തരണം എന്ന് പറയാന്‍ ഒരിക്കലും എന്നെക്കൊണ്ട് സാധിക്കില്ല. അതെന്റെ ഒരുവീക്ക്‌നെസ് ആണെന്ന് പറയാം. സിനിമയില്‍ മുന്നോട്ട് പോകണമെങ്കിലും ഒരിക്കലും അങ്ങനെ പാടില്ല. കാരണം ചോദിക്കുന്നവര്‍ക്ക് മാത്രമേ അവസരമുണ്ടാകൂ എന്നതാണ് സിനിമയുടെ രീതി. അവസരം ചോദിക്കാനുള്ള മടി കാരണമാണ് പലപ്പോഴും എനിക്ക് മലയാളത്തില്‍ അവസരങ്ങൾ കുറഞ്ഞത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പുതുതലമുറയിലെ മികച്ച സംഗീതസംവിധായകര്‍ എന്നെ തേടിയെത്തി. ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം, ഹിഷാം അബ്ദുള്‍ വഹാബ്, രഞ്ജിന്‍ രാജ്, അരുണ്‍ തുടങ്ങി പലരും എന്നെ വിളിച്ചു. അവരെല്ലാം മികച്ച പാട്ടുകളും സമ്മാനിച്ചു. ഗായകനെന്ന നിലയില്‍ ഏറെ പ്രചോദനം നല്‍കുന്ന കാര്യമാണ് സംഭവിക്കുന്നത്. ഇനിയും ഒരുപാട് നല്ല പാട്ടുകള്‍ കാത്തുകിടക്കുന്നുണ്ട് എന്ന് മനസ്സ് പറയുന്നു.
ഓരോ പാട്ട് ഇറങ്ങുമ്പോഴും ഞാന്‍ വിചാരിക്കും ഇതായിരിക്കും എന്റെ അവസാനത്തെ ഹിറ്റ്, ഇതോടെ നിര്‍ത്താം എന്ന്. കാരണം അത്രമാത്രം പുതിയ ഗായകര്‍ ഇന്ന് സിനിമയിലുണ്ട്. എന്നാല്‍ അങ്ങനെ വിചാരിച്ച് ഇരിക്കുമ്പോഴായിരിക്കും അടുത്ത നല്ലൊരു പാട്ട് തേടിയെത്തുന്നതും അത് ഹിറ്റാക്കുന്നതും.
'ഭീഷ്മപര്‍വ്വ'ത്തിലെ 'രതി പുഷ്പം പൂക്കുന്ന യാമം..' വലിയ ഹിറ്റായിരുന്നു, ആ പാട്ടിനെ കുറിച്ച്...?
സുഷിന്‍ ശ്യാമിന്റെ ടീമാണ് എന്നെ 'ഭീഷ്മ പര്‍വ്വ'ത്തിലേക്ക് വിളിക്കുന്നത്. റെക്കോഡിങ് ചെന്നപ്പോഴാണ് നൊസ്റ്റാള്‍ജിക് മൂഡിലുള്ള പാട്ടാണെന്ന് മനസ്സിലായത്. സുഷിന്‍ കൃത്യമായി പാട്ടിന്റെ മൂഡ് പറഞ്ഞുതന്നു. അതുപോലെ തന്നെ പാടാന്‍ പറ്റി. പാടുമ്പോള്‍ ഇത്രവലിയ ഹിറ്റാകുമെന്ന് വിചാരിച്ചില്ല. ആ ഗാനം മികച്ച രീതിയില്‍ തന്നെ സിനിമയില്‍ ചിത്രീകരിക്കപ്പെടുകയും പ്ലേസ് ചെയ്യപ്പെടുകയും ചെയ്തു. സിനിമയും പാട്ടും വലിയ ഹിറ്റായി മാറി. എന്നെ ഇങ്ങനെയൊരു ഗാനം ഏല്‍പ്പിച്ച സുഷിനാണ് അതിന്റെ ക്രെഡിറ്റ്. ഒരുപാട് പുതിയ ഗായകരുണ്ടായിട്ടും എന്നെ സുഷിന്‍ ഓര്‍ത്തത് കൊണ്ടാണ് അത്തരമൊരു പാട്ട് പാടാനായത്. അതുപോലെ 'ഹൃദയം' എന്ന സിനിമയിലെ ടൈറ്റില്‍ സോങും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സംഗീതവഴിയില്‍ നാലുദശാബ്ദം പിന്നിടുന്നു, പാട്ടുവഴിയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ...?
സിനിമയുടെ എല്ലാ രീതികളും മാറി. അതിനനുസരിച്ചുള്ള മാറ്റം പാട്ടിലും വന്നിട്ടുണ്ട്. ആ മാറ്റത്തിനനുസരിച്ച് നമ്മളെ സ്വയം പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ നമ്മള്‍ ഫീല്‍ഡ് ഔട്ട് ആയി പോകും. പണ്ട് സംഗീതംസംവിധായകന്‍ ഗായകരെ മുന്നിലിരുത്തി പാട്ട് പഠിപ്പിക്കും, ശേഷം ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം റിഹേഴ്‌സല്‍ ചെയ്യിപ്പിക്കും. അതിനുശേഷമാണ് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു അന്ന്. 1981 തൊട്ട് പതിനഞ്ച് വര്‍ഷത്തോളം ആ രീതിയിലാണ് ഞാന്‍ പാടിയത്. പിന്നീട് നമ്മുടെ ശബ്ദം മാത്രം മിക്‌സ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. നമ്മള്‍ പോയി പാട്ട് പാടിക്കൊടുത്താല്‍ മാത്രം മതി. സ്റ്റുഡിയോയില്‍ ടെക്‌നീഷ്യന്‍മാര്‍ ഒഴിച്ച് വേറെ ആരും ഉണ്ടാകണമെന്നില്ല. ഇന്ന് ലോകത്തിന്റെ എവിടെ നിന്നും പാട്ടുപാടി അയക്കാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഞാന്‍ അമേരിക്കയിലിരുന്ന് പാട്ട് റെക്കോര്‍ഡ് ചെയ്ത് അയച്ചുകൊടുത്തിട്ടുണ്ട്. അത്രമാത്രം സൗകര്യങ്ങള്‍ ഇന്നുണ്ട്. പക്ഷേ, പാട്ടുകാരുടെ ഇന്‍വോള്‍മെന്റ് കുറഞ്ഞുപോകുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.
ചെറുപ്പത്തിലേ ഗായകനാകുക എന്ന മോഹം ഉണ്ടായിരുന്നോ...?
ഒന്നും പ്രതീക്ഷിക്കാതെ സംഗീതലോകത്തേക്ക് വന്നൊരാളാണ് ഞാന്‍. ഒരിക്കലും ഗായകനാകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ സംഗീതം പഠിച്ചിട്ടില്ലായിരുന്നു. ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലായിരുന്നു എന്റെ ജോലി. ആ ജോലി മടുപ്പിച്ച് തുടങ്ങിയപ്പോഴാണ് മറ്റൊരു ഓപ്ഷനെ കുറിച്ച് ആലോചിച്ചത്. ജോലിയിലെ മടുപ്പ് മറികടക്കാന്‍ അന്നൊക്കെ പാട്ടുകളുടെ റെക്കോഡിങ് കാണാന്‍ ചെല്ലും. യേശുദാസ്, എസ്.പി.ബാലസുബ്രഹമണ്യം, എസ്. ജാനകി, പി.സുശീല...അങ്ങനെ പലരുടെയും റെക്കോഡിങ് കണ്ടപ്പോള്‍ എനിക്കും ഒരുപാട്ട് പാടണമെന്ന് ആഗ്രഹം തോന്നി. റേഡിയോ കേട്ടാണ് അന്ന് പാട്ടുകള്‍ പഠിച്ചിരുന്നത്.
അന്ന് ദാസേട്ടന്റെ സെക്രട്ടറി കുഞ്ഞുണ്ണി എന്ന് പേരുള്ളയാളാണ്.പാട്ടിനോടുള്ള എന്റെ താത്പര്യം അദ്ദേഹത്തിന് മനസ്സിലായി. സംഗീതസംവിധായകനായ ചിദംബരനാഥിനോട് അദ്ദേഹം എന്റെ പേര് സൂചിപ്പിച്ചു. അങ്ങനെ ചിദംബരനാഥ് എന്നെ ഒരുപാട്ടുപാടാന്‍ വിളിച്ചു. സംഗീതം പഠിച്ചിട്ടില്ലെന്നും ഞാന്‍ പാടിയാല്‍ ശരിയാകുമോ എന്നറിയില്ല എന്നൊക്കെ പറഞ്ഞ് ആദ്യം മടികാണിച്ചു. വെറുതേ വന്ന് പാടിനോക്കൂ എന്നാണദ്ദേഹം അപ്പോള്‍ പറഞ്ഞത്. അങ്ങനെ ചെന്നൈയിലെ ശാരദ സ്റ്റുഡിയോയില്‍ ചെന്ന് ഞാനാദ്യമായി ഒരുതമിഴ് പാട്ടുപാടി റെക്കോര്‍ഡ് ചെയ്തു. ശേഷം ആ പാട്ട് കേട്ടുനോക്കിയപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. കേട്ടാല്‍ ആരും മോശം പറയാത്ത ഒരുശബ്ദമെനിക്കുണ്ടെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു. അവിടെ വച്ചാണ് ജീവിതം കീഴ്‌മേല്‍ മറിഞ്ഞ് തുടങ്ങുന്നത്.

സംഗീതസംവിധായകന്‍ ശ്യാം താങ്കളെ സിനിമയിലെത്തിച്ചതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടല്ലേ...?
ആദ്യമായി മലയാളത്തില്‍ പാടാന്‍ വിളിക്കുന്നത് ശ്യാം സാറാണ്. സാറിന്റെ മാനേജറായ കല്യാണമാണ് എന്നെ വിളിക്കാന്‍ വന്നത്. ചെന്നൈ ജെമിനി സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്. 'ശ്രുതിയില്‍ നിന്നുയരും ..' എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് ഞാന്‍ പാടിയത്. ദാസേട്ടന് വേണ്ടിയുള്ള ട്രാക്കായിരുന്നു. അതിനുശേഷം ഒരുപാട് പാട്ടുകള്‍ എന്നെക്കൊണ്ട് ശ്യാം സാര്‍ പാടിച്ചു. പുതുമുഖ ഗായകര്‍ക്ക് ഒരുപാട്ട് തന്നെ കിട്ടാന്‍ പ്രയാസപ്പെടുന്ന കാലത്താണ് ഇത്രയും പാട്ടുകള്‍ അദ്ദേഹം എനിക്ക് തന്നത്. കൃഷ്ണചന്ദ്രന്‍, ലതിക തുടങ്ങി ഒരുപാട് പുതുമുഖ ഗായകര്‍ക്ക് അന്ന് ശ്യാം സാര്‍ അവസരം നല്‍കിയിരുന്നു.
25 സിനിമകള്‍ പാടിക്കഴിഞ്ഞപ്പോഴാണ് എന്റെ പേര് ആള്‍ക്കാര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പാട്ടുപാടാന്‍ തുടങ്ങിയതോടെ ഞാന്‍ ജോലി രാജിവച്ചു. വീട്ടില്‍ നിന്നെല്ലാം വലിയ എതിര്‍പ്പായിരുന്നു അന്ന് നേരിടേണ്ടി വന്നത്. അതെല്ലാം മറികടന്ന് ഇവിടെ വരെയെത്തി. 42 വര്‍ഷമായി ഗായകനെന്ന നിലയില്‍ ഒരുപാട് പാട്ടുകള്‍ പാടിയും ജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങിയും ജീവിക്കുന്നു. ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ ഇരട്ടി, സംഗീതം എനിക്ക് നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. ആ സന്തോഷമാണ് എന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
എ.ആര്‍.റഹ്മാനും 'റോജ' എന്ന സിനിമയും താങ്കളുടെ കരിയറില്‍ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു...?
ആര്‍.കെ.ശേഖറിന്റെ മകനാണ് എ.ആര്‍. റഹ്മാന്‍. സംഗീതസംവിധായകനാകുന്നതിന് മുമ്പേയുള്ള റഹ്മാനെ ഞാന്‍ കണ്ടിട്ടുണ്ട്. അന്നദ്ദേഹം കീബോര്‍ഡ് വായിക്കാന്‍ വരും. പന്ത്രണ്ട് വയസ്സ് തൊട്ട് കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ റഹ്മാനെ എനിക്ക് അറിയാം. പല റെക്കോഡിങ്ങിലും ഒരുമൂലയിലിരുന്ന് അദ്ദേഹം കീ ബോര്‍ഡ് വായിക്കും. തന്റെ ജോലി കഴിഞ്ഞാല്‍ ആരോടും മിണ്ടാതെ അവന്‍ പോകും. ആ കാലത്താണ് ഔസേപ്പച്ചന്റെ ഒരുസംഗീത ആല്‍ബം പുറത്തിറക്കുന്നത്. ഞാനും സുജാതയുമായിരുന്നു ആല്‍ബത്തിലെ പാട്ടുകാര്‍ പാടിയത്. റഹ്മാനായിരുന്നു ആ പാട്ടുകള്‍ക്ക് പ്രോഗ്രാമിങ് ചെയ്തത്. റഹ്മാന്റെ പഴയ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാട്ട് റെക്കോര്‍ഡ് ചെയ്തത്. അന്ന് കണ്ട പരിചയംവച്ചാണ് ഞങ്ങളെ അദ്ദേഹം ആദ്യ സ്വതന്ത്രസംഗീതസംവിധായകനായ 'റോജ'യില്‍ പാടാന്‍ വിളിച്ചത്.
അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ കരിയര്‍ അവിടെ അവസാനിക്കുമായിരുന്നു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മുഴുവനായി എന്നെ മാറ്റിനിര്‍ത്തപ്പെട്ട സമയമായിരുന്നു അത്. ഒരുപാട്ടും എന്നെ തേടിയെത്തിയിരുന്നില്ല. ആകെ മടുപ്പ് തോന്നി ഇനി സംഗീതം നിര്‍ത്താം എന്നൊക്കെ വിചാരിച്ച് നടക്കുന്ന കാലമായിരുന്നു അത്. ആ സമയത്താണ് ദൈവദൂതനെപോലെ എ.ആര്‍. റഹ്മാന്‍ 'റോജ'യിലെ പാട്ടുപാടാന്‍ വിളിക്കുന്നത്. 'റോജ' എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി. ശേഷം ഒരുപാട് തമിഴ് പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി.

എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ 27 ഗാനങ്ങള്‍ തുടര്‍ന്ന് എനിക്ക് പാടാനായി. അതെല്ലാം വലിയ ഹിറ്റുകളായി മാറി. ഒരുപാട് പുതുമുഖ ഗായകരെ റഹ്മാന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തി. എപ്പോഴും ഒരുപുതുമ ഇഷ്ടപ്പെടുന്ന സംഗീതസംവിധായകനാണ് അദ്ദേഹം. അതുകൊണ്ടാണ് പാടിപ്പതിഞ്ഞ ഒരുപാട് ഗായകര്‍ ഉണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ ഞാന്‍, സുജാത, മിന്‍മിന്നി തുടങ്ങിയ പുതിയ ഗായകരെ ആദ്യസിനിമയില്‍ തന്നെ അദ്ദേഹം വിളിച്ചത്. അത് അദ്ദേഹം എടുത്ത റിസ്‌ക് കൂടിയാണ്. സാധാരണ പതിവുഗായകരെ കൊണ്ട് പാടിക്കുക എന്നതാണ് ഒരുപുതുമുഖ സംഗീത സംവിധായകനെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള കാര്യം. പുതുമുഖ ഗായകരെ തെരഞ്ഞെടുക്കാന്‍ ഒരു ആര്‍ജവം വേണം. ഇന്നും ആയൊരു പുതുമ നിലനിര്‍ത്താന്‍ സാധിക്കുന്നത് കൊണ്ടാണ് എ.ആര്‍. റഹ്മാന് എതിരാളികളില്ലാത്തത്.
ചെന്നൈ എന്ന നഗരം താങ്കളുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്...?
1981-ലാണ് ഞാന്‍ ചെന്നൈയില്‍ വരുന്നത്. എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും ആവാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ചെന്നൈയാണ് തന്നത്. സിനിമകള്‍, സൗഹൃദങ്ങള്‍, ജീവിതം അങ്ങനെ എല്ലാം. തമിഴര്‍ വളരെ സ്‌നേഹമുള്ള മനുഷ്യരാണ്. ഗായകരെയും സംഗീതസംവിധായകരെയുമെല്ലാം ഏറെ ബഹുമാനത്തോടെയാണ് അവര്‍ കാണുന്നത്. ഇവിടെ ജീവിക്കുമ്പോള്‍ ആ ബഹുമാനവും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
അഭിനയത്തിലും ഒരുകൈ നോക്കിയിട്ടുണ്ട്..?
'സ്ഥിതി' എന്ന സിനിമയില്‍ ഞാന്‍ പാട്ടുപാടി അഭിനയിച്ചു. അന്നെനിക്ക് അഭിനയത്തിന്റെ ബാലപാഠം പോലും അറിയില്ലായിരുന്നു. അന്ന് ഒഴിഞ്ഞുമാറാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. എന്നെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു. അതിനുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്തു. പിന്നീട് 916, തീ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ നല്ലൊരു കഥാപാത്രം കിട്ടിയാല്‍ നന്നായി അഭിനയിക്കാം എന്നൊരു ആത്മവിശ്വാസമുണ്ട്.
'ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ..' എന്ന പാട്ടടക്കം ഒരുപിടി ഗാനങ്ങള്‍ക്ക് താങ്കള്‍ സംഗീതം നല്‍കിയിട്ടുണ്ട്, സംഗീതസംവിധാനത്തില്‍ സജീവമാകാത്തത് എന്തുകൊണ്ടാണ്..?
സിനിമയില്‍ നല്ലൊരു പാട്ടുണ്ടാക്കാന്‍ ഒരുപാട് ദിവസത്തെ അധ്വാനം വേണം. അതിന് തക്കതായ വേതനമൊന്നും ലഭിക്കുകയുമില്ല. അതുപോലെ നമ്മള്‍ സംഗീത സംവിധാനത്തില്‍ സജീവമായാല്‍ മറ്റ് സംഗീത സംവിധായകര്‍ നമ്മളെ പാടാന്‍ വിളിക്കാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ഞാന്‍ സിനിമയില്‍ സംഗീതസംവിധാനം ചെയ്യാന്‍ അധികം താത്പര്യം കാണിക്കാത്തത്. മ്യൂസിക് ആല്‍ബങ്ങള്‍ക്കായി ഞാന്‍ സംഗീതം ചെയ്യാറുണ്ട്. ഈ വര്‍ഷവും ആറിലധികം പാട്ടുകള്‍ ചെയ്തു.
ഇന്ന് സിനിമയില്‍ ഒരുപാട് പുതുമുഖ ഗായകര്‍ക്ക് അവസരം ലഭിക്കുന്നു, എന്നാല്‍ സിനിമയില്‍ പാട്ട് അത്യാവശ്യഘടമല്ലാതായി മാറുകയും ചെയ്യുന്നു, ഈയൊരു മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ...?
ഞാന്‍ ഈ രംഗത്തേക്ക് വരുന്ന കാലഘട്ടം ഒരുപാട് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അന്ന് സിനിമയില്‍ ഒരുപാട്ട് പാടണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. പുതിയ ഗായകര്‍ക്ക് ഒട്ടും അനുകൂല അന്തരീക്ഷമായിരുന്നില്ല. എന്നാല്‍ ഇന്ന് അതെല്ലാം മാറി. ഒരുപാട് അവസരങ്ങളുണ്ട്. അതിനാല്‍ ഒട്ടനവധി പുതിയ ഗായകര്‍ ഇന്ന് പിന്നണിഗാനരംഗത്ത് സജീവമാണ്. അതൊരു നല്ല മാറ്റമായാണ് ഞാന്‍ കാണുന്നത്.
ഒരുകാലത്ത് സിനിമയുടെ ഏറ്റവും വലിയ ഘടകം പാട്ടായിരുന്നു. എത്ര പാട്ടുകളുണ്ട് എന്ന് നോക്കിയാണ് ആളുകള്‍ സിനിമ കാണാന്‍ പോയിരുന്നത്.
എന്നാല്‍ ഇന്ന് സിനിമയില്‍ പാട്ട് അത്യന്താപേക്ഷിതമല്ല. പകരം എന്തെങ്കിലും ഒരുശബ്ദം ആ സിറ്റുവേഷനില്‍ മതി. ഗായകരെ സംബന്ധിച്ചിടത്തോളം അത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. നമ്മള്‍ പാടിയ പാട്ട് മുഴുവനായി സ്‌ക്രീനില്‍ കാണണമെന്നാണ് എപ്പോഴും ആഗ്രഹിക്കുക. എന്നാല്‍ പുതിയ സിനിമയുടെ രീതി വ്യത്യസ്തമാണ്. ചെറിയ ദൈര്‍ഘ്യത്തിലുള്ള പാട്ടുകള്‍ പശ്ചാത്തല സംഗീതം പോലെ തന്നെ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പണ്ടൊക്കെ അഭിനയിക്കുന്നവര്‍ പാട്ടിന് ലിപ് സിങ്ക് ചെയ്യും. എന്നാല്‍ ഇപ്പോള്‍ ആ രീതിയൊക്കെ മാറി. മാറ്റത്തിനൊപ്പം സഞ്ചരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇനിയും നല്ല പാട്ടുകള്‍ പാടാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: interview with singer Unni menon based on his cinema career
Published: 07 Sept 2023, 02:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented