ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ സമയം നിശ്ചലമാകുന്നതുപോലെ തോന്നും. ചില ഗായകരെക്കുറിച്ച് പറയുമ്പോൾ വാക്കുകളേക്കാൾ വികാരങ്ങളാണ് മുന്നിലെത്തുന്നത്. അത്തരത്തിലൊരാളാണ് എസ്. ജാനകി, മലയാളികളുടെ സ്വന്തം ജാനകിയമ്മ. ഒരു ഗായിക എങ്ങനെ പാടണം എന്നതിനപ്പുറം, ഒരു കലാകാരി എങ്ങനെ ജീവിക്കണം, എങ്ങനെ മറ്റുള്ളവരെ ചേർത്തുപിടിക്കണം എന്നത് ജീവിതംകൊണ്ട് പഠിപ്പിച്ച വ്യക്തിത്വമായിരുന്നു ജാനകിയമ്മയെന്ന് ഗായിക ബിന്നി കൃഷ്ണകുമാർ പറയുന്നു.
“ഒരു കലാകാരി എങ്ങനെയായിരിക്കണം, ഒരു ഗായികയുടെ മനസ്സ് എങ്ങനെയായിരിക്കണം എന്നതിന് ജാനകിയമ്മ വലിയൊരു പാഠപുസ്തകമാണ്. പാട്ടിലെ ഭാവങ്ങൾ എങ്ങനെ ഉൾക്കൊള്ളണം എന്നതു മുതൽ പിന്നണി ഗാനത്തിന്റെ എല്ലാ സൂക്ഷ്മതകളും പഠിക്കണമെങ്കിൽ ജാനകിയമ്മയെ കേട്ടാൽ മതി. എന്നാൽ അതിനേക്കാളും വലിയ പാഠം അവരുടെ മനസ്സായിരുന്നു. ജാനകിയമ്മയുടെ സംഗീതത്തെപ്പോലെ തന്നെ അവരുടെ നൈർമല്യവും സ്നേഹപൂർണമായ പെരുമാറ്റവുമാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.
Also Read
ഒരാൾക്ക് ഇത്രയും നൈർമല്യത്തോടെ ജീവിക്കാനാകുമോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ അടുത്തറിഞ്ഞിട്ടുള്ള ജാനകിയമ്മയും പി. സുശീലാമ്മയും വാണിയമ്മയും(വാണി ജയറാം) മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്യുന്ന രീതി എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ കഴിവിനെ ഹൃദയം തുറന്ന് അംഗീകരിക്കാനുള്ള ആ മനസ്സ് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണ്. ഓരോ ശബ്ദവും വ്യത്യസ്തമാണെന്നും എല്ലാവരും ഒരുപോലെ പാടണമെന്നില്ലെന്നും മനസ്സിലാക്കി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവമായിരുന്നു ജാനകിയമ്മയുടേത്. ഓരോരുത്തരുടെയും കഴിവ് തിരിച്ചറിഞ്ഞ് ആത്മാർഥമായി അഭിനന്ദിക്കും. എന്തെങ്കിലും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് സ്നേഹത്തോടെ പറഞ്ഞുതരും. ഒരിക്കലും മറ്റൊരാളെ ചെറുതാക്കുന്ന രീതിയിൽ സംസാരിക്കില്ല.
ജാനകിയമ്മയുമായുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമകൾ ഗുരു ഡോ. ബാലമുരളീകൃഷ്ണയുടെ വീട്ടിലേതാണ്. ജാനകിയമ്മയുടെ മകന് 'മുരളി' എന്ന് പേരിട്ടത് ഗുരുജിയോടുള്ള ആദരവും സ്നേഹവും കൊണ്ടായിരുന്നു. ഗുരുജിയുടെ വീട്ടിലേക്ക് അമ്മ ഇടയ്ക്കിടെ വരുമായിരുന്നു. 'മുരളി...' എന്ന് വിളിച്ച് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്ന ആ സ്നേഹം കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു. അവരുടെ സംഭാഷണങ്ങളൊക്കെ ഇന്നും മനസ്സിലുണ്ട്. ഗുരുജിയുമായി ബന്ധപ്പെട്ട ഏത് പരിപാടിയായാലും ജാനകിയമ്മയുടെ സാന്നിധ്യം ഉറപ്പായിരുന്നു. ഗുരുജിയോടുള്ള ആദരവും ബന്ധങ്ങളോടുള്ള ആത്മാർഥതയും ജീവിതാവസാനം വരെ അമ്മ കാത്തുസൂക്ഷിച്ചു.
ചെന്നൈയിലെ 'ശർവാണി സംഗീത സഭ'യിൽ നടന്ന കർണാടക സംഗീതക്കച്ചേരികളിലും അമ്മ സ്ഥിരം സാന്നിധ്യമായിരുന്നു. സംഗീതലോകത്ത് ഞങ്ങൾക്ക് വലിയ പിന്തുണയായിരുന്ന വസന്ത ആന്റിയുടെ നേതൃത്വത്തിലുള്ള ആ വേദിയിൽ ജാനകിയമ്മ പലതവണ എത്തിയിട്ടുണ്ട്. ഞങ്ങളുടെ എത്രയോ കച്ചേരികൾ അമ്മ കേട്ടിട്ടുണ്ട്. പരിപാടി കഴിഞ്ഞാൽ ഞങ്ങൾ ഓടിച്ചെന്ന് കാണും. ഓരോ പാട്ടിനെക്കുറിച്ചും പ്രത്യേകം പറഞ്ഞ് അഭിനന്ദിക്കും. 'എനിക്ക് കർണാടക സംഗീതം പഠിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പഠിക്കണമെന്നു തോന്നുന്നു' എന്ന് അത്രയും നിഷ്കളങ്കമായി പറയുമായിരുന്നു. സംഗീതത്തിന്റെ തന്നെ പ്രതിരൂപമായ ഒരാൾ ഇങ്ങനെ പറയുമ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നുമായിരുന്നു.
പുതിയ വീട് പണിതപ്പോൾ സംഗീതലോകത്തെ എല്ലാവരെയും ആത്മാർഥമായി വീട്ടിലേക്ക് ക്ഷണിച്ച ജാനകിയമ്മയുടെ സ്നേഹവും ഇന്നും മനസ്സിലുണ്ട്. അമ്മ ആളുകളെ ഔപചാരികമായി ക്ഷണിക്കുന്ന ആളായിരുന്നില്ല. 'വീട്ടിലേക്ക് വരണം' എന്ന് പറഞ്ഞാൽ അത് ഹൃദയത്തിൽനിന്നുള്ള ക്ഷണമായിരുന്നു. അത്രയും ആത്മാർഥതയോടെയായിരുന്നു ഓരോ ക്ഷണവും. എന്നെയും വീട്ടിലേക്ക് വിളിച്ചിരുന്നു. അക്കാര്യം ഞാൻ ചിത്രച്ചേച്ചിയോട് പറഞ്ഞപ്പോൾ, 'ഞാൻ പോകുന്നുണ്ട്, നീയും കൂടെ വരൂ' എന്നാണ് ചേച്ചി പറഞ്ഞത്. പക്ഷേ എന്തോ ഒരു ചമ്മൽ കൊണ്ട് ഞാൻ പോയില്ല. ഇന്ന് ആലോചിക്കുമ്പോൾ അത് നഷ്ടപ്പെട്ട ഒരു മനോഹരമായ അവസരമായിരുന്നുവെന്ന് തോന്നാറുണ്ട്.
പ്രിയപ്പെട്ട ജാനകിഗാനങ്ങളെക്കുറിച്ച് ചോദിച്ചാൽ ഒരൊറ്റ ഉത്തരം പറയാൻ കഴിയില്ല. ഓരോ ഗാനവും ഓരോ അനുഭവമാണ്. ചെറുപ്പം മുതൽ എത്രയോ തവണ കേട്ട പാട്ടാണ് 'ഗാനം' എന്ന സിനിമയിലെ 'ആലാപനം'. അതുകൊണ്ട് അതിന് എന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്. 'ചിന്ന ത്തായവൾ' ഉൾപ്പെടെ എണ്ണിപ്പറയാനാകാത്തത്ര ഗാനങ്ങൾ എനിക്ക് പ്രിയപ്പെട്ടവയാണ്.
എനിക്ക് ജാനകിയമ്മ ഒരു മഹാഗായിക മാത്രമല്ല, സംഗീതം എങ്ങനെ ജീവിതമാക്കാമെന്നും ഒരു കലാകാരി എങ്ങനെ മനുഷ്യനായി നിലകൊള്ളണമെന്നും പഠിപ്പിച്ച അപൂർവ വ്യക്തിത്വമാണ്. സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കിയിട്ടും മനസ്സിന്റെ നൈർമല്യം കൈവിടാത്ത സംഗീതസ്വരൂപം.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: binni-krishnakumar-remembers-s-janaki-musical-legend
Published: 13 Jul 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented