ഓണമെന്നാൽ ഓർമ്മകളാണ്, ഓർമ്മകളുടെ പൂക്കളം. ഒരുമിച്ചിരുന്നവർ കൂടെയില്ലാത്തപ്പോൾ, അവരുടെ സാന്നിധ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഇത്തരം ആഘോഷദിനങ്ങളിലായിരിക്കും. പഴയൊരു ചിരി, പറഞ്ഞുവച്ചൊരു തമാശ, പതിവായിരുന്നൊരു ശീലം... അങ്ങനെ ചെറിയ കാര്യങ്ങളിലൂടെ പ്രിയപ്പെട്ടവർ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരും. അത്തരമൊരു ഓർമ്മക്കാലം പങ്കുവയ്ക്കുകയാണ് സംവിധായകൻ കമൽ. ഓണക്കോടിയിലും പൂക്കളത്തിലും വലിയ താത്പര്യമില്ലാതിരുന്ന, ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും പിന്നാലെ പോകാത്ത, സാധാരണ ജീവിതത്തെ അതിന്റെ സ്വാഭാവികതയിൽ കണ്ട മനുഷ്യനായ ശ്രീനിവാസനൊപ്പമുള്ള കാലം. സൗഹൃദത്തിലും എഴുത്തിലും സിനിമയിലും സ്വന്തം നിലപാടുകളിലും അസാധാരണമായ വ്യക്തിത്വം കാത്തുസൂക്ഷിച്ച ശ്രീനിവാസനൊപ്പമുണ്ടായിരുന്ന നേരങ്ങൾ... മദ്രാസിലെ കോടമ്പാക്കത്തെ സൗഹൃദകാലം മുതൽ ഒരുമിച്ചുണ്ടാക്കിയ സിനിമകൾ വരെ, എഴുത്തിലെ വിസ്മയങ്ങൾ മുതൽ രോഗബാധിതനായിരുന്നപ്പോഴും കൈവിടാതിരുന്ന പഴയ തമാശകൾ വരെ... കമലിന്റെ ഓർമ്മകളിൽ ശ്രീനിവാസൻ ഇന്നും അതേപോലെ സജീവമാണ്.
“ഷൂട്ടിങ്ങിനിടയിൽ വന്ന ഓണമായിരുന്നു അത്, ‘പാവം പാവം രാജകുമാരൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ വീണുകിട്ടിയ ദിവസങ്ങൾ... ഞാനും ശ്രീനിവാസനും ഒരുമിച്ച് ഓണം ആഘോഷിച്ച ഓർമ്മകളിലൊന്നാണത്. പക്ഷേ ശ്രീനി ഓണം ആഘോഷിക്കുന്ന ഒരാളായിരുന്നില്ല. ഓണക്കോടിയുടുക്കുകയോ പൂക്കളമിടുകയോ അമ്പലത്തിൽ പോവുകയോ ചെയ്യുന്ന പതിവൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അത്തരം ആചാരങ്ങളിലൊന്നും ശ്രീനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലാണ് ഞങ്ങൾ ഒത്തുചേർന്നത്. അവിടെ ചെന്നപ്പോഴാണ് മലബാറിലെ ഓണത്തിന്റെ മറ്റൊരു രുചി ഞാൻ അറിയുന്നത്. ഓണസദ്യയിൽ മീൻകറിയും ഫ്രൈയും ചിക്കൻ റോസ്റ്റുമൊക്കെയുണ്ടായിരുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. മലബാറിലെ സുഹൃത്തുക്കളുടെയെല്ലാം വീടുകളിലും ഇതേ രീതിയാണെന്ന് പിന്നീട് മനസ്സിലായി. ഓണം എന്നത് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്ന ആഘോഷം കൂടിയല്ലേ. ശ്രീനിക്കൊപ്പമുള്ള ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ അത്രയേയുള്ളൂ. കോടമ്പാക്കത്തെ സൗഹൃദവും ഒന്നിച്ചുചെയ്ത സിനിമകളുമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്.
കോടമ്പാക്കത്തെ സൗഹൃദം
മദ്രാസിൽ എത്തിയ കാലം തൊട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. അന്നത്തെ കോടമ്പാക്കത്തെ അടുത്തടുത്തുള്ള രണ്ട് തെരുവുകളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ ശ്രീനി അവിടെ താമസിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു. അന്ന് മലയാള പത്രം രാവിലെ കിട്ടുമായിരുന്നില്ല. ട്രെയിനിൽ വന്നാണ് പത്രം മദ്രാസിലെത്തുന്നത്. വൈകുന്നേരം നാലുമണിയോടെയാകും കിട്ടുക. കോടമ്പാക്കത്തെ റാം തിയറ്ററിന് അടുത്ത് ഒരു മുറുക്കാൻ കടയുണ്ടായിരുന്നു. അവിടെ പത്രം വാങ്ങാൻ ശ്രീനിയും വരും. ഞാനും വരും. അങ്ങനെ ദിവസവും ഞങ്ങൾ കണ്ടുമുട്ടി. സംസാരിച്ചു. പരിചയപ്പെട്ടു.
അന്ന് ശ്രീനിവാസൻ കോമഡി സിനിമകളിലെ നടനായിരുന്നില്ല. ഇൻസ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞ് ഗൗരവമുള്ള സിനിമകളിൽ അഭിനയിച്ചിരുന്ന കാലമാണ്. 'സംഘഗാനം' എന്ന സിനിമയൊക്കെ ചെയ്തശേഷമുള്ള സമയം. അതായത് ‘മേള’യൊക്കെ ചെയ്യുന്നതിനുമുമ്പാണ്... പിന്നീടാണ് ശ്രീനി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിലൊരാളായി മാറിയത്.
വളരെ വൈകിയാണ് ഞാനും ശ്രീനിയും ചേർന്ന് സിനിമ ചെയ്യുന്നത്. അതിനുമുമ്പ് പ്രിയദർശനും സത്യൻ അന്തിക്കാടിനുമൊപ്പമാണ് അദ്ദേഹം സിനിമകൾ ചെയ്തിരുന്നത്. എന്റെ കൂടെയുണ്ടായിരുന്ന ആദ്യകാല തിരക്കഥാകൃത്തുക്കൾ ജോൺ പോളും രഞ്ജിത്തുമൊക്കെയായിരുന്നു. പാവം പാവം രാജകുമാരൻ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഞങ്ങളാദ്യമായി ഒന്നിച്ചത്. ശ്രീനി തിരക്കഥയെഴുതി ഞാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനി തന്നെയായിരുന്നു നായകൻ.
അതിന് മുമ്പ് പല പ്രോജക്ടുകളും ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരിക്കൽ രഘുനാഥ് പലേരിയുടെ ഒരു സ്‌ക്രിപ്റ്റ് ചെയ്യാനായി ഞാൻ ശ്രീനിയെ സമീപിച്ചു. കഥ ശ്രീനിക്ക് ഇഷ്ടപ്പെട്ടില്ല. 'എന്നാൽ പിന്നെ നിങ്ങൾ എനിക്ക് ഒരു സ്‌ക്രിപ്റ്റ് എഴുതി താ' എന്ന് ഞാൻ പറഞ്ഞു. 'എഴുതാമല്ലോ' എന്നായിരുന്നു ശ്രീനിയുടെ മറുപടി. അങ്ങനെയാണ് ഞങ്ങൾ ആ സിനിമയിലേക്കെത്തുന്നത്. അത് ശ്രീനിയുടെ ഒരു പ്രത്യേക തരം കഥാപാത്രമായിരുന്നു. സിനിമ വിജയിച്ചു. അതിലെ ശ്രീനിയുടെ രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ണട ധരിച്ച് ക്ലീൻ ഷേവ് ചെയ്ത മുഖം. രണ്ട് വ്യത്യസ്ത അപ്പിയറൻസുകൾ. പക്ഷേ അതിനുശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്ത സിനിമകൾ ആ മാതൃകയിൽ നിന്നുള്ളതായിരുന്നില്ല.
ഒന്നുകിൽ എന്റെ വഴി അല്ലെങ്കിൽ കമലിന്റെ വഴി
അടുത്ത ചിത്രമായ ‘ചമ്പക്കുളം തച്ചൻ’ ചെയ്യുമ്പോൾ ഞങ്ങളൊരു ധാരണയിലെത്തി. ശ്രീനി പ്രിയനൊപ്പവും സത്യനൊപ്പവുമൊക്കെ ചേർന്ന് ചെയ്തിരുന്ന സ്ഥിരം പാറ്റേണിൽ നിന്ന് മാറണം.
ഞാൻ ശ്രീനിയോട് പറഞ്ഞു, 'നമുക്ക് അതിൽനിന്നൊക്കെ മാറി ഒരു സിനിമ ചെയ്താലോ? നിങ്ങളുടെ സ്ഥിരം പാറ്റേൺ ഇല്ലാത്ത ഒരു സിനിമ.'
അപ്പോൾ ശ്രീനി പറഞ്ഞു: 'എന്റെ വഴിക്ക് കമൽ വരുന്നില്ലെങ്കിൽ ഞാൻ കമലിന്റെ വഴിക്ക് വരാം.'
ഒരുമിച്ച് നടക്കാൻ തീരുമാനിച്ചാൽ ആരെങ്കിലും ഒരാൾ തെളിച്ച വഴിയിലൂടെ നടക്കണമല്ലോ. അങ്ങനെയാണ് വള്ളം പണിയുന്നവരുടെ കഥയിലേക്ക് ഞങ്ങൾ എത്തുന്നത്. ചമ്പക്കുളം തച്ചനും വിജയിച്ചു. പതിവുപോലെ ശ്രീനിയുടെ കഥാപാത്രവും മനോഹരമായിരുന്നു. ശക്തമായ വളരെ വൈകാരികമായ കഥയായിരുന്നു അതിന്റെ അടിത്തറ.
പിന്നീട് ഞങ്ങൾ ചെയ്ത സിനിമയാണ് ‘മഴയെത്തും മുൻപേ’. അതിലും ആ കൂട്ടുകെട്ട് മറ്റൊരു തലത്തിലേക്ക് പോയി. കഥ ചർച്ച ചെയ്യുമ്പോൾ തന്നെ ശ്രീനി പറഞ്ഞു: 'കമൽ ഉദ്ദേശിച്ച വഴിയിലൂടെ പോയാൽ നമ്മൾ കുഴപ്പമില്ലാതെ കരയിലെത്തും. അതുകൊണ്ട് ആ വഴിക്ക് തന്നെ പോകാം.' പക്ഷേ ആ വഴിയിലെത്താൻ ശ്രീനി കുറെ സമയമെടുത്തു. പല കഥകളും മാറിമാറി വന്നു. പല പ്രോജക്ടുകളും ഉപേക്ഷിച്ചു. ഒടുവിലാണ് മഴയെത്തും മുൻപേയിലേക്ക് എത്തിയത്.
സിനിമയിൽ ആനി ചെയ്ത ആ കഥാപാത്രം നെഗറ്റീവ് ഷേഡുള്ളതായിരുന്നു. ഇന്ന് അതിനെ അത്ര എളുപ്പത്തിൽ നെഗറ്റീവ് റോൾ എന്ന് വിളിക്കാൻ കഴിയില്ല. കാരണം അവളുടെ ഈഗോയ്ക്കും വൈകാരികതയ്ക്കും തീരുമാനങ്ങൾക്കുമെല്ലാം അവളുടേതായ ന്യായീകരണങ്ങളുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആ കഥാപാത്രത്തെ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയും. ആ കഥാപാത്രം ഇത്രയും വളരുമെന്ന് കഥ ചർച്ച ചെയ്യുമ്പോൾ ഞങ്ങൾ കരുതിയിരുന്നതല്ല. പക്ഷേ ശ്രീനിയുടെ എഴുത്തിലൂടെ അത് വികസിച്ചു. അതാണ് ശ്രീനിയുടെ എഴുത്തിന്റെ പ്രത്യേകത.
അദ്ദേഹം പലപ്പോഴും പൂർണമായ കഥയുമായല്ല ഇരിക്കുക. ഒരു കഥയുടെ അന്തരീക്ഷമുണ്ടാകും. കഥാപാത്രങ്ങളുണ്ടാകും. പിന്നെ ഞങ്ങൾ സംസാരിക്കും. സീനുകൾ എങ്ങനെയാകണമെന്ന് തീരുമാനിക്കും. 'ബാക്കി എഴുതുമ്പോൾ ശരിയാക്കാം' എന്നായിരുന്നു ശ്രീനി പറയുക. എഴുതിത്തുടങ്ങുമ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. നമ്മൾ പ്രതീക്ഷിക്കാത്ത സംഭാഷണങ്ങൾ വരും. നർമ്മം വരും. കഥാപാത്രങ്ങൾക്ക് പുതിയ തലങ്ങൾ ഉണ്ടാകും. മഴയെത്തും മുൻപേയിലും അതുതന്നെയായിരുന്നു.
മമ്മൂട്ടിയോട് ശ്രീനി പറഞ്ഞു, 'നിങ്ങൾ തന്നെയാണ് കഥാപാത്രം'
അഴകിയ രാവണൻ മറ്റൊരു അനുഭവമായിരുന്നു. മമ്മൂട്ടി അതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രം. പണക്കാരനും പൊങ്ങച്ചക്കാരനുമായ ശങ്കർദാസ്. ശ്രീനി ഫോണിലൂടെയാണ് മമ്മൂക്കയ്ക്ക് കഥ പറഞ്ഞുകൊടുത്തത്. സംസാരിക്കുന്നതിനിടെ മമ്മൂട്ടി ചോദിച്ചു: 'എന്താണ് കഥാപാത്രം?' ശ്രീനി പറഞ്ഞു: 'നിങ്ങൾ തന്നെയാണ് കഥാപാത്രം.'
'ഞാനോ?' മമ്മൂക്ക ചോദിച്ചപ്പോൾ 'ഇനി ബാക്കി ചിന്തിച്ചാൽ മതി' എന്നായിരുന്നു ശ്രീനിയുടെ മറുപടി. പക്ഷേ മമ്മൂക്ക അതെല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റിലാണ് എടുത്തത്. അഴകിയ രാവണൻ അങ്ങനെ മറ്റൊരു വിജയമായി. മമ്മൂക്ക നന്നായി ആസ്വദിച്ചാണ് ആ സിനിമ ചെയ്തത്. അതിലെ ശ്രീനിയുടെ കഥാപാത്രമായ അമ്പുജാക്ഷന്റെ ഡയലോഗ് 'ഇവിടെ പാലുകാച്ചൽ, അവിടെ താലികെട്ട്' പല അവസരത്തിലും ഇന്നും ആളുകൾ ഉപയോഗിക്കാറുണ്ട്.
‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലാണ് പിന്നീട് ഞങ്ങളൊന്നിച്ചത്. സംവിധായകൻ സിദ്ദിഖിന്റെതായിരുന്നു കഥ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തമാശയും കളിചിരിയുമൊക്കെയായി എന്നാൽ വൈകാരികനിമിഷങ്ങളും ട്വിസ്റ്റുകളുമൊക്കെ കോർത്തിണക്കി ഒരുക്കിയ ചിത്രമായിരുന്നത്. എന്റെ മറ്റ് ഒരുപാട് ചിത്രങ്ങളിൽ ശ്രീനി അഭിനയിച്ചിട്ടുമുണ്ട്.
നല്ല മനുഷ്യനും നല്ല എഴുത്തുകാരനും
ശ്രീനിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ എഴുത്തായിരുന്നു. സ്വന്തം പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ചില സിനിമകളിൽ അഭിനയിക്കാതിരുന്നത് തന്നെ മലയാള സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവനയാണെന്ന് ശ്രീനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് ആ സിനിമകൾ മോശമായതുകൊണ്ടല്ല. തനിക്ക് അവയിൽ ചേരാനാകില്ലെന്ന് തോന്നിയതുകൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാൻ എഴുതിയാൽ എന്തായിരിക്കും, അഭിനയിച്ചാൽ എന്തായിരിക്കും എന്നെനിക്ക് അറിയാം' എന്ന് അദ്ദേഹം പറയുമായിരുന്നു. അവനവനെക്കുറിച്ച് ഇത്ര കൃത്യമായ ബോധ്യമുള്ള കലാകാരൻ അപൂർവമാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെ. മറ്റുള്ളവർക്ക് തന്റെ അഭിപ്രായങ്ങൾ ബോധ്യപ്പെട്ടില്ലെങ്കിലും സ്വന്തം ബോധ്യങ്ങളിൽ ശ്രീനി ഉറച്ചുനിന്നു. മരുന്നുകളുടെ കാര്യത്തിലായാലും രാഷ്ട്രീയമായാലും ജീവിതത്തെക്കുറിച്ചായാലും അദ്ദേഹത്തിന് വ്യക്തമായ നിലപാടുണ്ടായിരുന്നു.
അദ്ദേഹം മരിക്കുന്നതിന് ഏകദേശം ഒന്നര മാസം മുമ്പായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. '80 മദ്രാസ് മെയിൽ' എന്ന കൂട്ടായ്മയുടെ ഗെറ്റ് ടുഗെദറിലായിരുന്നു അത്. പഴയ മദ്രാസിൽ ജീവിച്ചിരുന്ന, സിനിമാപ്രവർത്തകരുടെ കൂട്ടായ്മയാണ് അത്. അന്ന് ആ ചടങ്ങിൽ ശ്രീനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അസുഖം അദ്ദേഹത്തെ തളർത്തിയിരുന്നു. എന്നിട്ടും അദ്ദേഹം ആദ്യമുതൽ അവസാനംവരെ അവിടെ സജീവമായിനിന്നു. പഴയ ഓർമ്മകളും തമാശകളും പങ്കുവച്ചു. എല്ലാവരോടും സംസാരിച്ചു. ചിരിച്ചു. അസുഖം ശരീരത്തെ തളർത്തിയപ്പോഴും ആ മനുഷ്യന്റെ സ്വഭാവത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല. അന്നാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. പിന്നീട് ഒരിക്കൽ കൂടി കണ്ടു. പക്ഷേ സംസാരിക്കാൻ കഴിഞ്ഞില്ല. തിരക്കിനിടയിലെ ഒരു കണ്ടുമുട്ടൽ മാത്രം.
ഇന്നും ശ്രീനിയെക്കുറിച്ച് ഓർക്കുമ്പോൾ കോടമ്പാക്കത്തെ ഒരു ചെറിയ മുറുക്കാൻ കടയിൽ പത്രം വാങ്ങാൻ എത്തിയിരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമാണ് മനസ്സിൽ തെളിയുക. മലയാള സിനിമയുടെ കഥയും നർമ്മവും കഥാപാത്രങ്ങളും മാറ്റിമറിച്ച ശ്രീനിവാസനെ...
ഓണം കടന്നുപോകും. സദ്യയുടെ മണം മാഞ്ഞുപോകും. പൂക്കളങ്ങൾ വാടും. പക്ഷേ, ചില സൗഹൃദങ്ങൾ മായാതെ ഉള്ളിലങ്ങനെ കിടക്കും, ഒരു പുതുമണമോടെ…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: director-kamal-recalls-onam-memories-with-sreenivasan
Published: 25 Aug 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented