ലാലു അലക്‌സിന്റെ സിനിമാജീവിതത്തിന് 45 വര്‍ഷം പ്രായമുണ്ട്. 1978-ല്‍ എന്‍.ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത, പ്രേം നസീര്‍ നായകനായ ഈ ഗാനം മറക്കുമോ എന്ന സിനിമയില്‍ വിക്രമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറിയ 24-കാരന്‍ ഇന്നും മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നുവെന്നത് ഈ നടനോടുള്ള പ്രേക്ഷകരുടെ അവസാനിക്കാത്ത ഇഷ്ടത്തിന്റെ തെളിവാണ്. നാലര പതിറ്റാണ്ടിനിടെ മുന്നൂറിലധികം സിനിമകളില്‍ വില്ലനായും കൊമേഡിയനായും നായകനായും ഉപനായകനായും അഭിനയിച്ചു. ''എന്തേ സിനിമകളുടെ എണ്ണം ഇത്രയ്ക്ക് കുറഞ്ഞുപോയതെ''ന്ന് ചോദിക്കുമ്പോള്‍ നിഷ്‌കളങ്കമായ ട്രേഡ്മാര്‍ക്ക് ചിരിയോടെ ലാലുവിന്റെ മറുപടി, ''ഇടയ്ക്കിടെ സിനിമ എന്നോട് പറയും. കുറച്ചുനാള്‍ വീട്ടില്‍ ഇരിക്ക്. അപ്പം ഞാനങ്ങനെ ചെയ്യും. പിന്നെ ഇടയ്ക്ക് ഓരോ സിനിമ ഗിഫ്റ്റ് കിട്ടും. അപ്പം ഞാനങ്ങ് കയറി അഭിനയിക്കും. പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെട്ടാല്‍ പിന്നെയും വിളിവരും. അവരുടെ ദാസനാണ് ഞാന്‍''.   

To advertise here,

സാധാരണ സിനിമാക്കാരെല്ലാം കൊച്ചി, ചെന്നൈ പോലുള്ള വലിയ നഗരങ്ങളില്‍ താമസമാക്കുന്നവരാണ്. താങ്കളെന്താ പിറവത്തുതന്നെ താമസമാക്കിയത്? 

അങ്ങനെ പ്രത്യേകിച്ച് കാരണമെന്നുമില്ല. ഇതെന്റെ മണ്ണാണ്. പിറവത്തുകാരനായ വി.ഇ.ചാണ്ടിയുടെ മകനാണ് ഞാന്‍. അമ്മ അന്ന ചാണ്ടി. ശരാശരി കര്‍ഷകകുടുംബമായിരുന്നു ഞങ്ങളുടേത്. അവര്‍ക്കൊന്നും ഇവിടം വിട്ടുപോവണമെന്ന് തോന്നിയിട്ടില്ല. എന്റെ ഒരു സഹോദരനും ഒരു സഹോദരിയും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. പിറവത്തു തന്നെയായിരുന്നു വിദ്യാഭ്യാസവും. പ്രീഡിഗ്രി വരെ പഠിച്ചു. 

പിറവത്തുകാരന്‍ പിന്നെയെങ്ങനെ സിനിമയിലെത്തി?

'ആക്സിഡന്റല്‍' എന്ന വാക്ക് ഉപയോഗിക്കുന്നതാവും ഉചിതം. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഈ വരവ്. പ്രീഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം ചുമ്മാ നടന്നു. ഞങ്ങള്‍ക്ക് ബസ് സര്‍വീസും ലോറിയുമുണ്ടായിരുന്നു. അതുമൊക്കെയായി നടന്നു. പിന്നെ കൊല്ലത്ത് പോയി സെയില്‍സ് റെപ്പായി ജോലി തുടങ്ങി. പിന്നീട് മെഡിക്കല്‍ റെപ്പായി മാറി. ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ യോഗം വന്നു. അന്നത്തെ മുന്‍നിര സംവിധായകനായിരുന്ന എന്‍. ശങ്കരന്‍ നായര്‍ സാറിന്റെ മുന്നില്‍ ചെന്നുപെട്ടു. മദനോത്സവം, രാസലീല തുടങ്ങിയ സിനിമളൊക്കെയെടുത്ത വലിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമയില്‍ അഭിനയിച്ചു. രണ്ടും പുറത്തുവന്നില്ല. എന്നാല്‍ മൂന്നാമത്തെ സിനിമയിലും അവസരം തന്നു. അതാണ് 'ഈ ഗാനം മറക്കുമോ' എന്ന എന്റെ ആദ്യ സിനിമ. വില്ലനായിട്ടായിരുന്നു ഞാന്‍. 
 

placeholder
കുടുംബത്തോടൊപ്പം

നസീര്‍ സാറിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ഈസിയായിരുന്നോ? 

അത് ഭയങ്കര അനുഭവമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഫീല്‍. ചെറുപ്രായമായിരുന്നു എനിക്ക്. നസീര്‍ സാറിനൊപ്പം അഭിനയിക്കുമ്പോള്‍ ഭയം തോന്നിയിരുന്നു. കിലുകിലാ വിറയ്ക്കുമായിരുന്നു. പക്ഷെ അദ്ദേഹം, ഈസിയായി എടുക്കാന്‍ പറഞ്ഞു. 'ധൈര്യമായി നില്‍ക്ക് അസ്സെ' എന്നു പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. വലിയ സഭാകമ്പം ഉണ്ടായിരുന്നുവെങ്കിലും എന്റെ ആദ്യത്തെ ഷോട്ട് തന്നെ ഓക്കെയായിരുന്നു. ചെറുപ്പകാലത്ത് കണ്ട പല സിനിമകളിലെ ഡയലോഗുകള്‍ വീട്ടില്‍ വന്ന് പറഞ്ഞുനോക്കുമായിരുന്നു. അതുകൊണ്ടൊക്കെ ആകും ആദ്യഷോട്ട് തന്നെ ഓക്കെ ആയത്. പിന്നെ ജയനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി. മീന്‍, ഇടിമുഴക്കം തുടങ്ങി നാലഞ്ച് സിനിമകള്‍. വല്ലാത്ത ത്രില്ലോടു കൂടിയാണ് ജയനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നിന്നിരുന്നത്. 

അന്നത്തെ സിനിമാക്കാരില്‍ ഉറ്റബന്ധമുണ്ടായിരുന്നത് ആരുമായിട്ടായിരുന്നു?

ഉമ്മുക്ക എന്ന് ഞാന്‍ വിളിച്ചിരുന്ന കെ.പി.ഉമ്മര്‍. എന്റെ ഗുരുസ്ഥാനീയനാണ് ഉമ്മുക്ക. അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തോട്. വീട്ടില്‍ പോവുമ്പോള്‍ നല്ല ബിരിയാണി വെച്ചു തരും. ഇപ്പോഴും ഉമ്മുക്കയുടെ മകനും മകന്റെ മകനുമായി ഫോണ്‍ ബന്ധമുണ്ട്. സിനിമയില്‍ വില്ലനായിരുന്ന ഉമ്മുക്ക തികഞ്ഞ സഹൃദയനായിരുന്നു. അദ്ദേഹം ശരിയായ രീതിയില്‍ ആസ്വദിച്ച് ജീവിച്ച ആളാണ്.

സിനിമാഭിനയത്തിന് വീട്ടില്‍ നിന്ന് നല്ല പ്രതികരണമായിരുന്നുവോ? 

ആദ്യ കാലങ്ങളില്‍ നല്ല പ്രതികരണമായിരുന്നില്ല. പിന്നെ ലാലു അലക്സിനെ ജനം അറിയാന്‍ തുടങ്ങിയതോടെ എല്ലാവരും അംഗീകരിച്ചു തുടങ്ങി. 'ഈനാടി'ലൂടെയാണ് അത് സംഭവിച്ചത്. അതിനുമുമ്പ് കുറേ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഈ നാടാണ് എന്നെയൊരു ജനപ്രിയ നടനാക്കി തീര്‍ത്തത്. ശശിയേട്ടന്റെ (ഐ.വി.ശശി) സംവിധാനത്തില്‍ 'മീന്‍' എന്ന സിനിമയില്‍ നേരത്തെ അഭിനയിച്ചിരുന്നു. 'ഈനാടി'ല്‍ നായകപ്രാധാന്യമുള്ള ഒരു പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം തന്നു. ആ സിനിമ എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി. ശശിയേട്ടനോട് വലിയ കടപ്പാടുണ്ട്. 
 

placeholder
അതിരാത്രം എന്ന സിനിമയിലെ ഒരു രംഗം

എന്നാലും ഒരുകാലത്ത്, എണ്‍പതുകളിലൊക്കെ മമ്മൂട്ടി-മോഹന്‍ലാല്‍-ലാലു അലക്‌സ് എന്ന് ആളുകള്‍ പറഞ്ഞിരുന്നുവല്ലോ?

ഞാന്‍ നായകനായി അഭിനയിച്ച പടങ്ങള്‍ എത്രയോ കുറവാണ്. തരക്കേടില്ലാത്ത വേഷങ്ങള്‍ ലഭിച്ചിരുന്നു. ഇന്നും ലഭിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എക്കാലത്തേയും നായകനടന്‍നാരാണ്. വലിയ അഭിനേതാക്കളുമാണ്. അവര്‍ക്കൊപ്പമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു നടനാണ് ഞാന്‍. 

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ആദ്യം അഭിനയിച്ചത് ഓര്‍മയുണ്ടോ? 

അവരുടെയൊക്കെ വില്ലനായിട്ടായിരുന്നു അഭിനയം. ഏത് റോള്‍ കിട്ടിയാലും ഞാന്‍ ഓക്കെ ആയിരുന്നു. സിനിമയോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അന്ന് സത്യത്തില്‍ ജീവിക്കാനുള്ള കാശൊന്നും കിട്ടില്ലായിരുന്നു. അങ്ങനെ വലിയൊരു പ്രതിഫലം കിട്ടിയിരുന്ന കാലമായിരുന്നില്ലല്ലോ? മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന് ഉപരിയായി സെറ്റിലൊരുമിച്ചുണ്ടാവുമ്പോഴുള്ള തമാശകളാണ് എന്നും ഓര്‍മയില്‍ വരുന്നത്. മോഹന്‍ലാല്‍ സിറ്റുവേഷന് അനുസരിച്ച് കോമഡി ഉണ്ടാക്കുന്ന ആളാണ്. യൂണിറ്റിനെ ചാര്‍ജാക്കാന്‍ ലാലിന് എളുപ്പത്തില്‍ സാധിക്കും. പുള്ളിയുടേതായ ചില കോമഡി പരിപാടികള്‍ ഉണ്ട്. കെട്ടിപ്പിടിക്കും, പാട്ടുപാടും അങ്ങനെ ആകെയൊരു അരങ്ങാണ്.  

വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് കോമഡി ട്രാക്കിലേക്കുള്ള മാറ്റമാണ് ലാലുച്ചായന്റെ കരിയറില്‍ പില്‍ക്കാലത്ത് സംഭവിച്ചത്? 

ചെറുപ്പം മുതലേ സിനിമയിലും കൂട്ടുകാര്‍ക്കൊപ്പവും കോമഡി ആസ്വദിക്കുന്ന ആളായിരുന്നു ഞാന്‍. എന്റെയുള്ളില്‍ സെന്‍സ് ഓഫ് ഹ്യൂമര്‍ കിടപ്പുണ്ട്. അതായിരിക്കാം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ തലമുറ കോമഡി നടനായാണ് കാണുന്നതെന്ന് തോന്നുന്നു. സന്തോഷത്തോടെയാണ് ആ മാറ്റവും നോക്കി കാണുന്നത്. കോമഡി പറഞ്ഞ് രംഗത്ത് വരുമ്പോള്‍ ആളുകളുടെ ഇഷ്ടം വരുന്നുവെന്നാണ് അനുഭവം.

സിനിമയില്‍ നിന്ന് കല്യാണം കഴിക്കാഞ്ഞത് എന്താണ്?

എന്നാ ചോദ്യമാണിത്? ഏത് മതക്കാരോട് ചോദിച്ചാലും പറായാറില്ലേ വിവാഹം സ്വര്‍ഗത്തില്‍ വെച്ചാണ് നടക്കുകയെന്ന്. അല്ലെങ്കില്‍ ദൈവത്താല്‍  നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിതപങ്കാളി വന്നുചേരുന്നത്. എന്റേത് കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. 1987-ലായിരുന്നു അത്. 'ഈനാട്' ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന കാലത്താണ് ഞാന്‍ എന്റെ ബെറ്റിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. 
 

placeholder
സുകുമാരിക്കൊപ്പം

ഒപ്പം അഭിനയിച്ച അഭിനേത്രിമാരിൽ ഏറ്റവും നല്ല കെമിസ്ട്രി തോന്നിയ ആള്‍ ആരാണ്? 

അങ്ങനെ ഒരാളെ എടുത്തു പറയാനാവില്ല. ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചിയൊക്കെ വലിയ പിന്തുണയും സ്‌നേഹവും നല്‍കിയിരുന്നു. ചേച്ചി അടുത്തുള്ളപ്പോള്‍ നമുക്ക് ഒരു തലവേദന വന്നുവെന്ന് വിചാരിക്കുക. ഉടനെ ചേച്ചിയുടെ കൈയില്‍ മരുന്നുണ്ടാകും. ഹോമിയോ ആയിട്ടോ.. ഓയില്‍മെന്റ് ആയിട്ടോ അങ്ങനെ. അല്ലെങ്കില്‍ കാലിന് വേദനയുണ്ടോ...അതിനും മരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്‍ഫുള്‍ ആയിരുന്നു ചേച്ചി. എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടായിരുന്നു. അതുപോലെ തന്നെയാണ് മീനാമ്മ ചേച്ചിയും.

രതീഷുമായി നല്ല അടുപ്പമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...

എന്റെ നല്ല സുഹൃത്തായിരുന്നു. രതീഷിന്റെ മരണശേഷം വീട്ടില്‍ പോയി തിരിച്ചുവരുമ്പോള്‍ എന്റെ കൈയില്‍നിന്ന് കാര്‍ സ്റ്റിയറിങ്ങിന്റെ കണ്‍ട്രോള്‍ പോയി. എവിടെയോ ചെന്നിടിച്ചു. വിഷമം കൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചത്. അവന്റെ നന്‍മ കൊണ്ടാവും എനിക്കന്ന് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. 

ശങ്കരന്‍ നായര്‍ തൊട്ട് പൃഥ്വിരാജ് വരെ പലതലമുറയില്‍ പെട്ട സംവിധായര്‍ക്ക് കീഴില്‍ അഭിനയിച്ചുവല്ലോ?

അതൊക്കെ നിസ്സാരകാര്യമല്ല. എനിക്ക് കിട്ടിയ വലിയ ഗിഫ്റ്റുകളാണതെല്ലാം. പൃഥ്വിരാജുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാലുച്ചായാ എന്നും രാജു, എടാ മോനെ എന്നും വിളിക്കുന്ന ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. നല്ല സംവിധായകനെന്ന നിലയില്‍ സിനിമാപ്രേക്ഷകര്‍ രാജുവിനെ അംഗീകരിച്ചതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍. 
 

placeholder
പൃഥ്വിരാജ്, റിമ കല്ലിങ്കൽ എന്നിവർക്കൊപ്പം

സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തനാണോ?

തീര്‍ച്ചയായും സംതൃപ്തനാണ്. ഞാന്‍ സിനിമയിലൂടെ പലതും ആയില്ലേ, അല്ലെങ്കില്‍ ഈ ഇന്റര്‍വ്യൂവിനായി നിങ്ങള്‍ ഇവിടെ വരില്ലല്ലോ? പിന്നെ ആളുകളുടെ ഇടയില്‍ പോകുമ്പോള്‍ ഞാന്‍ തിരിച്ചറിയപ്പെടുന്നുണ്ട്. അത് വലിയ സന്തോഷമല്ലേ. അതാണ് ഇത്രയും കാലം കൊണ്ട് ഞാനുണ്ടാക്കിയ ക്യാപിറ്റല്‍. ചിലര്‍ക്ക് ഇത്ര കോടി ആസ്തിയുണ്ട്, മറ്റ് സൗകര്യങ്ങള്‍ ഉണ്ട് എന്ന് പറയുമായിരിക്കും. എനിക്ക് കിട്ടുന്ന അംഗീകാരമാണ് എന്റെ വലിയ സന്തോഷം. കുറേയധികം അംഗീകാരങ്ങള്‍ കിട്ടി. 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടി. വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നുമില്ലാത്ത ആളാണ് ഞാന്‍. എന്നിട്ടും ആളുകള്‍ എന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്രയൊക്കെ മതി എനിക്ക്. അല്ലെങ്കില്‍ ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ്, ഓരോ സന്തോഷങ്ങളാണ്, ഓരോ വേദനകളാണ്, വിജയങ്ങളാണ്, ചില നഷ്ടങ്ങളാണ്. ഇതെല്ലാമാണ് ജീവിതം.

അല്‍പം ആത്മീയമായി ചിന്തിക്കുകയാണല്ലേ?

അങ്ങനെയൊന്നുമല്ല. ഇത്തരം ചിന്തകള്‍ പണ്ടേയുള്ളതാണ്. എനിക്കൊന്നും അറിയില്ല. ഞാന്‍ ആശ്രയിക്കുന്നത് ഈ പ്രപഞ്ചത്തെയാണ്. ഈ പ്രകൃതിയില്‍ നിറഞ്ഞുനില്‍ക്കുന്ന അല്ലെങ്കില്‍ ജീവനുള്ള എല്ലാം കൂടുമ്പോഴുണ്ടാകുന്ന ഒരു ജീവനുണ്ട്. ആ ജീവനാണ് ദൈവം. അതുകൊണ്ട് ദൈവം സര്‍വജ്ഞനാണ്, സര്‍വവ്യാപിയാണ്. സര്‍വശക്തനാണ്. ആ ശക്തിയില്‍ ഞാന്‍ വിശ്വസമര്‍പ്പിച്ചിരിക്കുന്നു. ഒരു കോസ്മിക്ക് എനര്‍ജി ഇവിടെയുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്ന എനര്‍ജി. അങ്ങനെയൊക്കെ വിശ്വസിക്കുന്നതുകൊണ്ടാണ് എനിക്ക് വലിയ പരാതികളോ പരിഭവങ്ങളോ ഇല്ലാത്തത്. സത്യത്തില്‍ എന്റെ ജീവിതം അത്രയ്ക്ക് സുഖകരമായിരുന്നില്ല. സ്വന്തമായി ജീവിക്കാന്‍ തുടങ്ങിയശേഷം സ്ട്രഗിള്‍ ആയിരുന്നു. 

മക്കളെ കുറിച്ചൊന്നും പറഞ്ഞില്ല...

നാല് മക്കളായിരുന്നു. മൂന്ന് മക്കളേ ഇപ്പോഴുളളൂ. ബെന്‍, സെന്‍, സിയ. ബെന്നും സെന്നും എന്‍ജിനീയര്‍മാരാണ്. സിയ അക്കൗണ്ടന്‍സി കഴിഞ്ഞു.ബെന്‍ ലണ്ടനിലാണ്. സെന്നും സിയയും യു.എസ്സില്‍.