കൊറിയയിലെ സൂപ്പർതാരമാണ് ഡോൺ ലീ. ലീ ഡോങ്-സിയോക്ക് എന്നാണ് യഥാർഥപേര്. ട്രെയിൻ ടു ബുസാൻ, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, സ്റ്റാർട്ടപ്പ് എന്നീ ചിത്രങ്ങളിലൂടെ കാണികൾക്ക് പ്രിയപ്പെട്ട താരമാണ് അദ്ദേഹം. 'എറ്റേണൽസ്' എന്ന സിനിമയിലൂടെ 2021-ലാണ് ഹോളിവുഡിലെത്തിയത്. ദക്ഷിണകൊറിയയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം.

ഇപ്പോൾ ഇന്ത്യൻസിനിമയിലേക്ക് താരം വരുന്നുവെന്നുള്ള വാർത്തകൾ ചർച്ചയാവുന്നു. സന്ദീപ് വാംഗ റെഡ്ഡി സംവിധാനം ചെയ്യുന്ന 'സ്പിരിറ്റി'ൽ അദ്ദേഹമായിരിക്കും വില്ലനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയിൽ നായകനായെത്തുന്നത് പ്രഭാസാണ്. കൊറിയൻ മാധ്യമങ്ങളുടെ ഗ്രൂപ്പായ മുകോ ട്വിറ്ററിൽ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.

''ബാഹുബലിയെന്ന ചിത്രത്തിലൂടെ പ്രശസ്തനായ പ്രഭാസിനൊപ്പം, ഡോൺ ലീയും അഭിനയിക്കുന്നു. പ്രഭാസിന് എതിരായി നിൽക്കുന്ന കഥാപാത്രമായിരിക്കും അദ്ദേഹത്തിന്റേത്. ഈയടുത്ത് ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള കുറേ പോസ്റ്റുകൾ അദ്ദേഹം ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവെച്ചിരുന്നു. ആ യാത്രകളെല്ലാം ഈ സിനിമയ്ക്കുവേണ്ടിയായിരുന്നു'' കുറിപ്പിൽ പറയുന്നു.

സിനിമയിലേക്ക് വരുന്നതിനുമുമ്പ് മിക്‌സഡ് മാർഷ്യൽ ആർട്‌സ് ട്രെയിനറായിരുന്നു അദ്ദേഹം. 2008 മുതൽ പഞ്ചഗുസ്തിയിലും സജീവമായിരുന്നു. 2018-ൽ കൊറിയൻ പഞ്ചഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായി ഡോൺ ലീ. അഭിനയത്തിൽ സജീവമായ ശേഷം ടീം ഗൊറില്ല എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനിയും അദ്ദേഹം തുടങ്ങി.

'സ്പിരിറ്റി'ൽ പ്രഭാസിനൊപ്പം തൃപ്തി ദിമ്രി, വിവേക് ഒബ്‌റോയ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. 2026-ലാണ് സിനിമ തിയേറ്ററുകളിലെത്തുക. നേരത്തെ പ്രഭാസിന്റെ പിറന്നാളിനോടനുബന്ധിച്ച്, സിനിമയുടെ ഓഡിയോ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രഭാസിന്റെ ശബ്ദത്തിലുള്ള ആ ടീസർ വൈറലാവുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi