സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ. പ്രഭാസും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027 മാർച്ച് അഞ്ചിനായിരിക്കും റിലീസ് ചെയ്യുക. നിർമ്മാണ കമ്പനിയായ ടി-സീരീസ് സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തി, ആരാധകരോട് അവരുടെ കലണ്ടറുകളിൽ തീയതി അടയാളപ്പെടുത്താൻ അഭ്യർഥിച്ചത്.

അതേസമയം, റിലീസ് നീണ്ടുപോയതിൽ ആരാധകർ ചെറിയ പരിഭവം പങ്കുവെക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ. നേരത്തേ 2026-ൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. കാത്തിരിക്കാൻ വയ്യ, 2027 വളരെ ദൂരെയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇത്രയും വൈകിയതെന്തുകൊണ്ടെന്ന് ഒട്ടേറെപ്പേർ കമന്റ് ചെയ്തു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് 2026 ജനുവരി 1-നാണ് പുറത്തുവിട്ടത്. പ്രഭാസ് താടിയും നീളൻ മുടിയും ശരീരത്തിലാകമാനം മുറിവുകളുമായി നിൽക്കുമ്പോൾ, തൃപ്തി ദിമ്രി അദ്ദേഹത്തിന് സിഗരറ്റ് കത്തിച്ചു നൽകുന്നതാണ് പോസ്റ്ററിലുള്ളത്.

അതേസമയം, പ്രഭാസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘രാജാ സാബ്’ എന്ന ചിത്രം വലിയ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണോ സ്പിരിറ്റിന്റെ റിലീസ് തീയതി മാറ്റിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ചിത്രീകരണത്തിനു മുമ്പേ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രങ്ങളിലൊന്നാണ് സ്പിരിറ്റ്. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രങ്ങൾ വൈകാരികതയും സംഘർഷവും നിറഞ്ഞ കഥാ പശ്ചാത്തലത്തിന്റെ പേരിൽ പ്രശസ്തമാണ്. പ്രഭാസും തൃപ്തിയും ആദ്യമായി ഒരുമിക്കുന്നു എന്നതും ഈ ചിത്രത്തിന് പ്രത്യേകതയാണ്. ശക്തമായ സംഘട്ടന രംഗങ്ങളും തീവ്രമായ വൈകാരിക സംഘർഷങ്ങളും സമന്വയിപ്പിക്കുന്ന ഒരു കഥയായിരിക്കും സ്പിരിറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സിനിമയിൽ തൃപ്തിയുടെ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ദീപിക പദുകോണിനെയാണ്. എന്നാൽ, ഷൂട്ടിങ് സമയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi