നടി ദീപിക പദുകോണ്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നുകാട്ടി 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ അവരെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. പ്രതിഫലമായി 20 കോടിയും ലാഭവിഹിതവുമാണ് ദീപിക ചോദിച്ചതത്രേ. ഒപ്പം ഷൂട്ടിങ് സമയം കുറയ്ക്കണമെന്നും. രാജ്യത്തെ മുന്‍നിര നടിയായി പേരെടുത്ത ദീപികയുടെ അരങ്ങേറ്റചിത്രം ബ്ലോക്ബസ്റ്റര്‍ 'ഓം ശാന്തി ഓം' ആയിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ ദീപിക എന്തു പ്രതിഫലം വാങ്ങിയിരുന്നുവെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. 

മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങിയ ദീപിക 2007-ലാണ്‌ ഫറാ ഖാന്റെ 'ഓം ശാന്തി ഓമി'ലൂടെ ബോളിവുഡിലെത്തിയത്. 40 കോടി രൂപയുടെ ബജറ്റില്‍ നിര്‍മിച്ച ചിത്രം ലോകത്താകമാനം 152 കോടി രൂപയുടെ നേട്ടമുണ്ടാക്കി. അക്കൊല്ലം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഹിന്ദി സിനിമയായിരുന്നു അത്. 

അതിശയിപ്പിക്കുന്ന കാര്യമെന്തെന്നുവെച്ചാല്‍, ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ കോടികള്‍ പ്രതിഫലം വാങ്ങിയിരുന്നെങ്കിലും തന്റെ ആദ്യസിനിമയില്‍ പണം വാങ്ങാതെയാണ് ദീപിക അഭിനയിച്ചത്. സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനോടൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നതുതന്നെ ഒരു സമ്മാനമായിക്കരുതി, ദീപിക സൗജന്യമായി അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നത്രേ. സിനിമ ഇറങ്ങി ഒറ്റരാത്രികൊണ്ട് സൂപ്പര്‍താരമായി മാറി ദീപിക.

ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല ദീപികയ്ക്ക്‌. ദീപികയുണ്ടെങ്കില്‍ ചിത്രം ഹിറ്റാവുമെന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ സിനിമയ്ക്കും 10-15 കോടി രൂപ വരെയാണ് ദീപികയുടെ പ്രതിഫലം. കൂടാതെ, 500 കോടി രൂപക്ക് മുകളിലാണ് അവരുടെ സ്വത്തുക്കളെന്നും കരുതപ്പെടുന്നു.