“എന്റെ ജീവിതത്തിന്റെ 75 ശതമാനവും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്. അത് അത്ര സുഖകരമായ അനുഭവമല്ല.” ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് കരുതുന്നവരോട് നടി നീന ഗുപ്തയ്ക്ക് പറയാനുള്ളത് ഇതാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ്, ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവവും കാഴ്ചപ്പാടും അവർ പങ്കുവച്ചത്. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടപ്പോൾ, തന്റെ ജീവിതാനുഭവത്തിൽനിന്ന് വ്യത്യസ്തമായൊരു വശമാണ് നീന മുന്നോട്ടുവച്ചത്.
“ഞാൻ നിങ്ങളോട് ചോദിച്ച ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ലഭിച്ചു. 90 ശതമാനം പേരും ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നാണ് പറഞ്ഞത്. അവരുടെ അഭിപ്രായം എനിക്ക് മനസ്സിലാകും. പക്ഷേ, എന്റെ അഡൽട്ട് ലൈഫിൽ 75 ശതമാനവും ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്. അത് അത്ര സുഖകരമായി തോന്നിയിട്ടില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വീട്ടിൽ ആരുമില്ല. അപ്പോൾ വീട്ടിലേക്ക് വരാൻ തന്നെ തോന്നില്ലായിരുന്നു,” നീന പറഞ്ഞു.
Also Read
എന്നാൽ ഒറ്റയ്ക്ക് ജീവിക്കാത്തതുകൊണ്ട് ഒരാളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടണമെന്നില്ലെന്നും നീന ചൂണ്ടിക്കാട്ടുന്നു. ഒരാളോടൊപ്പം താമസിക്കുമ്പോഴും സ്വന്തം ലോകത്ത്, സ്വന്തം താൽപര്യങ്ങളോടെ ജീവിക്കാനുള്ള ഇടം ഒരാൾക്ക് ലഭിക്കാം. “മറ്റൊരാളോടൊപ്പം ജീവിക്കുമ്പോഴും നിങ്ങൾക്ക് ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതാകാം. അത് ഭർത്താവോ ഭാര്യയോ മകനോ മകളോ അമ്മായിയമ്മയോ അമ്മായിയച്ഛനോ ആരുമാകാം. നിങ്ങൾക്ക് നിങ്ങളുടേതായ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം അവർ നൽകുന്നുണ്ടോ എന്നതാണ് പ്രധാനം. ടിവി സീരീസ് കാണണമെങ്കിൽ അത് കാണാം. പുസ്തകം വായിക്കണമെങ്കിൽ വായിക്കാം. ആരോടും സംസാരിക്കാൻ തോന്നുന്നില്ലെങ്കിൽ അങ്ങനെ ഇരിക്കാം. നിങ്ങളായിരിക്കാൻ അവർ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിൽ, ഒരുമിച്ച് ജീവിക്കുമ്പോഴും നിങ്ങൾക്ക് ഒറ്റയ്ക്കായിരിക്കാം.”
ഒറ്റയ്ക്ക് ജീവിക്കുന്നതും ഒറ്റപ്പെടുന്നതും രണ്ടാണ്. സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും കുടുംബജീവിതത്തിനുള്ളിലും സാധ്യമാകണം. അതില്ലാതാകുമ്പോഴാണ് ഒരുമിച്ചുള്ള ജീവിതം ബുദ്ധിമുട്ടായി മാറുന്നത്.
“ഇതൊന്നും ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് ജീവിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. മറുവശത്ത്, ഒരാളോടൊപ്പം ജീവിച്ചുകൊണ്ട് ഒറ്റയ്ക്കായിരിക്കുക എന്നതും വളരെ ബുദ്ധിമുട്ടാണ്. ഇതെല്ലാം നിങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്കൊപ്പം ജീവിക്കുന്ന ആളുകൾ എങ്ങനെയുള്ളവരാണ്? നിങ്ങളുടെ മാനസികാവസ്ഥ എന്താണ്? നിങ്ങൾ സ്വന്തമായി പണം സമ്പാദിക്കുന്നുണ്ടോ? നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടോ? സുഹൃത്തുക്കൾ വലിയൊരു ശക്തിയാണ്,” നീന വ്യക്തമാക്കി.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പലപ്പോഴും സ്വന്തം വരുമാനം, സ്വന്തം വീട്, സ്വന്തം തീരുമാനങ്ങൾ എന്നിങ്ങനെ മാത്രം നിർവചിക്കാറുണ്ട്. എന്നാൽ ജീവിതം അത്ര ലളിതമായ സമവാക്യമല്ല. ഒറ്റയ്ക്ക് ജീവിക്കുമ്പോൾ സ്വകാര്യതയും തീരുമാനങ്ങളിലെ പൂർണ നിയന്ത്രണവും ലഭിക്കാം. അതേസമയം, ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ സംസാരിക്കാൻ ഒരാളില്ലാത്തതിന്റെ ഏകാന്തതയും അനുഭവപ്പെടാം. കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ കൂട്ടായ്മയും പിന്തുണയും ലഭിക്കാം. എന്നാൽ സ്വന്തം സമയം, സ്വകാര്യത, അതിരുകൾ എന്നിവ ഇല്ലാതാകാനും സാധ്യതയുണ്ട്.
“കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു സ്ത്രീക്ക് ചിലപ്പോൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കണമെന്നോ ഒരു വൈകുന്നേരം ആരോടും സംസാരിക്കാതെ ഇരിക്കണമെന്നോ തോന്നാം. വിവാഹിതയായ ഒരാൾക്ക് സ്വന്തം സമയവും ഇടവും ആവശ്യമായി വരാം. മാതാപിതാക്കളോടൊപ്പം കഴിയുന്ന മകൾക്കും സ്വകാര്യത വേണമെന്നുണ്ടാകാം. ഒരമ്മ തന്റെ ഒഴിവുസമയത്തിന്റെ ഓരോ നിമിഷവും കുട്ടികൾക്കൊപ്പം ചെലവഴിക്കണമെന്നില്ല. അതുപോലെ, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ കാത്തിരിക്കുന്ന ഒരാളെ മിസ് ചെയ്യുകയും ചെയ്യാം.
ഈ വിരുദ്ധമെന്ന് തോന്നുന്ന ആഗ്രഹങ്ങളെല്ലാം ഒരേസമയം സത്യമായിരിക്കാം. അതുകൊണ്ടുതന്നെ, സ്ത്രീയുടെ ജീവിതത്തിൽ യഥാർഥ സ്വാതന്ത്ര്യം എന്നത് ഒറ്റയ്ക്ക് ജീവിക്കുകയോ മറ്റൊരാൾക്കൊപ്പം ജീവിക്കുകയോ ചെയ്യുന്നതിലല്ല. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തിലാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഒറ്റയ്ക്ക് ജീവിക്കുന്നതാണോ നല്ലത്, അതോ മറ്റൊരാൾക്കൊപ്പം ജീവിച്ചുകൊണ്ട് സ്വന്തം ഇടം നിലനിർത്തുന്നതാണോ നല്ലത് എന്ന് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്,” എന്നായിരുന്നു നീന ഗുപ്തയുടെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: neena-gupta-on-living-alone-and-loneliness
Published: 19 Aug 2026, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented