മൂന്ന് പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമയുടെ ഭാഗമാണ് അജയ് ദേവ്ഗൺ. സിംഗിൾ സ്‌ക്രീൻ കാലം മുതൽ മൾട്ടിപ്ലെക്സുകളുടെയും ഒ.ടി.ടി.യുടെയും വരവുവരെ സിനിമാ പ്രേക്ഷകരിലുണ്ടായ വലിയ മാറ്റങ്ങൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ യാത്ര. എന്നാൽ ഇന്നത്തെ കാലത്ത് ഒരു ഹിന്ദി സിനിമ ഒരുക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകരെ കൃത്യമായി തിരിച്ചറിയാനാകാത്തതാണെന്ന് അജയ് ദേവ്ഗൺ പറയുന്നു. ബുധനാഴ്ച നടന്ന ഫിക്കി ഫ്രെയിംസിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകൾക്ക് താരതമ്യേന തങ്ങളുടെ പ്രേക്ഷകരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നും എന്നാൽ ഹിന്ദി സിനിമയുടെ പ്രേക്ഷകനിര അത്ര ലളിതമല്ലെന്നും അജയ് പറഞ്ഞു.

''ഹിന്ദി സിനിമ ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു. കാരണം നിങ്ങളുടെ ടാർഗറ്റ് പ്രേക്ഷകർ ആരാണെന്ന് നിങ്ങൾക്ക് കൃത്യമായി അറിയില്ല. 80-90 കിലോമീറ്റർ ഇടവിട്ട് ഭാഷയും ചിന്തകളും അഭിരുചികളും മാറുന്നു. അതിനുപുറമേ മാസ്, ക്ലാസ്, നഗരങ്ങൾ, ടൗണുകൾ, സബർബൻ മേഖലകൾ എന്നിങ്ങനെ പ്രേക്ഷകർ വീണ്ടും പല വിഭാഗങ്ങളാകുന്നു,'' അജയ് വിശദീകരിച്ചു.

1990കളിൽ സിംഗിൾ സ്‌ക്രീൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് സിനിമ ചെയ്യുന്നത് താരതമ്യേന എളുപ്പമായിരുന്നെന്നും മൾട്ടിപ്ലെക്സുകൾ വന്നതോടെ ഒരേസമയം വിവിധ വിഭാഗം പ്രേക്ഷകരെ പരിഗണിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''എല്ലാവരെയും ലക്ഷ്യമിടണം. എന്നാൽ എല്ലാവരിലേക്കും ഒരുപോലെ എങ്ങനെ എത്തുമെന്നതാണ് ചോദ്യം. അതുകൊണ്ടാണ് ഒരു ഹിന്ദി സിനിമ എഴുതുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് എനിക്ക് തോന്നുന്നത്,'' അജയ് പറഞ്ഞു.

അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം ‘ദൃശ്യം: ദി കൺക്ലൂഷൻ’ കൂടി ഈ ചർച്ചയിൽ ശ്രദ്ധേയമായി. ചിത്രത്തിന്റെ മൂന്നാം ഭാഗം കഥയെ തികച്ചും പുതിയൊരു ദിശയിലേക്കാണ് കൊണ്ടുപോകുന്നതെന്നും അതുകൊണ്ടുതന്നെ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ അഭിപ്രായത്തിന് താൻ പ്രാധാന്യം നൽകിയെന്നും അജയ് വെളിപ്പെടുത്തി. ''ലാൽ സാറിനെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം സിനിമ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇത്തവണ ഞങ്ങൾ കഥയെ പൂർണമായും മറ്റൊരു ദിശയിലേക്കാണ് കൊണ്ടുപോയത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരുതരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നി,'' അജയ് പറഞ്ഞു. അവധിയിലായതിനാൽ മോഹൻലാലിന് ഇപ്പോൾ സിനിമ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഉടൻ ചിത്രം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹിന്ദി ദൃശ്യം മൂന്നാം ഭാഗം ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമായിരിക്കുമെന്നും അജയ് വ്യക്തമാക്കി. മലയാളം പതിപ്പിൽ നിന്ന് വ്യത്യസ്തമായി കഥ ഇവിടെ അവസാനിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ''ഇത് കൺക്ലൂഷനാണ്. ഒരു ദൃശ്യം എഴുതുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. ഉയർന്ന നിലയിൽ തന്നെ ഇത് അവസാനിപ്പിക്കാനാണ് ആഗ്രഹം. തിരക്കഥയും സിനിമയും രൂപപ്പെട്ടിരിക്കുന്ന രീതിയിൽ ഇപ്പോൾ തന്നെ ഇതിന് വിരാമമിടുന്നതാണ് ഉചിതമെന്ന് തോന്നുന്നു,'' അജയ് പറഞ്ഞു. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ദൃശ്യം: ദി കൺക്ലൂഷൻ ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi