മലയാള സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ ഫഹദ് ഫാസിൽ ഇപ്പോൾ തെലുങ്ക് സിനിമയിലും പുതിയ അധ്യായം കുറിക്കുകയാണ്. ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തെലുങ്കിൽ പുതിയ വേഷത്തിലെത്തുന്നത്. മലയാളവും തമിഴും കടന്ന് തെലുങ്ക് സിനിമയിലേക്കും സാന്നിധ്യം ശക്തമാക്കുന്ന ഘട്ടത്തിലാണ് താരമിപ്പോൾ.
എന്നാൽ സിനിമയിലെ താരപദവിയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ്, ഫഹദിന്റെ ജീവിതം മറ്റൊരു വഴിയിലൂടെയായിരുന്നു നീങ്ങിയത്. പ്ലസ് ടു കഴിഞ്ഞ ഉടൻ അമേരിക്കയിലേക്ക് പോകാനും അവിടെ പഠിക്കാനുമായിരുന്നു ഫഹദിന്റെ പദ്ധതി. എന്നാൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെ നടന്ന ഒരു സംഭവം ആ പദ്ധതികൾക്ക് താൽക്കാലികമായി വിരാമമിട്ടു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണം. അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പ്രധാന വഴിത്തിരിവിന്റെ കഥ കൂടിയായി മാറുകയായിരുന്നു.
Also Read
പ്ലസ് ടു പൂർത്തിയാക്കിയ ഉടൻ അമേരിക്കയിലെ സ്‌കോളർഷിപ്പുകൾക്കായി അപേക്ഷിച്ചിരുന്നുവെന്ന് 2024-ൽ നൽകിയ ഒരഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞിരുന്നു. എന്നാൽ സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയിലേക്കുള്ള യാത്ര വൈകി. ''പ്ലസ് ടു കഴിഞ്ഞ ഉടൻ അമേരിക്കയിലെ സ്‌കോളർഷിപ്പുകൾക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 11-ലെ ഭീകരാക്രമണം കാരണം അത് വൈകി,'' ഫഹദ് പറഞ്ഞു. അമേരിക്കയിലേക്കുള്ള യാത്ര നീണ്ടതോടെ നാലോ അഞ്ചോ മാസത്തോളം ഫഹദ് വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയില്ലാതെ വീട്ടിലിരിക്കുന്ന മകനെക്കുറിച്ച് അമ്മയ്ക്കും ആശങ്കയായി. ഒടുവിൽ ആലപ്പുഴയിലെ എസ്.ഡി. കോളജിൽ ചേർന്ന് ഒരു വർഷം പഠിച്ച ശേഷമാണ് ഫഹദ് അമേരിക്കയിലേക്ക് പോയത്.
അമേരിക്കയിലെത്തിയത് എഞ്ചിനീയറിങ് പഠിക്കാനുള്ള സ്‌കോളർഷിപ്പിലായിരുന്നു. എന്നാൽ രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും ആ കോഴ്‌സ് തനിക്ക് ചേരുന്നതല്ലെന്ന് ഫഹദിന് മനസ്സിലായി. മാതാപിതാക്കളുമായി സംസാരിച്ച ശേഷമാണ് ഫിലോസഫി പഠിക്കാൻ തീരുമാനിച്ചത്. അമേരിക്കയിലെ ആറ് വർഷങ്ങൾ ഫഹദിന്റെ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായി. പുതിയ ആളുകളെയും പുസ്തകങ്ങളെയും ലോകസിനിമയെയും പരിചയപ്പെട്ട ആ കാലഘട്ടം ജീവിതത്തെയും സിനിമയെയും നോക്കിക്കാണുന്ന ഫഹദിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി. തന്റെ ജീവിതത്തെ പലപ്പോഴും അമേരിക്കയിൽ പോകുന്നതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി കാണാറുണ്ടെന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെയും താൽപര്യങ്ങളെയും ഏറെ സ്വാധീനിച്ചിരുന്നു.
അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഫഹദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' ആയിരുന്നു ആദ്യ ചിത്രം. എന്നാൽ സിനിമ ബോക്‌സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് പിന്നാലെ ഫഹദ് ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. ഒരു ഘട്ടത്തിൽ തന്റെ ജീവിതം മുഴുവൻ അമേരിക്കയിൽ തന്നെയായിരിക്കുമെന്നും അവധിക്കാലത്ത് മാത്രമേ ഇന്ത്യയിലേക്ക് വരൂവെന്നും ഫഹദ് കരുതിയിരുന്നു. എന്നാൽ ആറ് വർഷത്തെ അമേരിക്കൻ ജീവിതം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റി.
''ആ ആറ് വർഷങ്ങളാണ് തിരിച്ചുവന്ന് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം എന്നിൽ ജനിപ്പിച്ചത്,'' എന്നാണ് ഫഹദ് പറഞ്ഞത്. ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹവുമായി നാട്ടിലേക്ക് മടങ്ങിയ ആ തീരുമാനം പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായൊരു അഭിനയജീവിതത്തിന് തുടക്കമായി. ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മാറിനിന്ന ഫഹദ്, തിരിച്ചെത്തിയപ്പോൾ തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും തന്റെ അഭിനയശൈലി അടയാളപ്പെടുത്തി.
ഇന്ന് ഫഹദ് പാൻ ഇന്ത്യൻ താരമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ 2-ന് പ്രദർശനത്തിനെത്തുകയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിൽ ബേബി സാറ പലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 01 Oct 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented