സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയ നൽകിയെങ്കിലും, അതിരുവിടുന്ന പരാമർശങ്ങളെ ആരാണ് ചോദ്യം ചെയ്യുക? സിനിമകളും താരങ്ങളും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെപ്പോലും ലക്ഷ്യമിട്ട് ചില ഇൻഫ്‌ളുവൻസർമാരും യൂട്യൂബർമാരും നടത്തുന്ന പരാമർശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് നടിയും നിർമാതാവുമായ രാധിക ശരത്കുമാർ. റിവ്യൂവിന്റെയും ഓൺലൈൻ കമന്ററിയുടെയും പേരിൽ പരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു.
ടെലിവിഷൻ ഒടിടി പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഫ് സൗത്ത് (TOPCOS) രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷമായിരുന്നു രാധികയുടെ പ്രതികരണം. ഡിജിറ്റൽ മീഡിയ വളർന്നതോടെ സിനിമയെയും അഭിനേതാക്കളെയും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് എന്തും പറയാമെന്ന സാഹചര്യം ചിലർ മുതലെടുക്കുകയാണെന്നാണ് രാധിക പറഞ്ഞത്.
Also Read
''ഡിജിറ്റൽ മീഡിയ വളർന്നതോടെ സിനിമകളെയും അഭിനേതാക്കളെയും സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് വളരെ മോശമായി സംസാരിക്കാൻ ചില ഇൻഫ്‌ളുവൻസർമാർക്ക് എളുപ്പമായി. ആരും അവരെ ചോദ്യം ചെയ്യാനോ തടയാനോ ഇല്ലെന്ന ആത്മവിശ്വാസമാണ് അവർക്കുള്ളത്,'' എന്നാണ് രാധിക പറഞ്ഞത്.
സിനിമാ റിവ്യൂകളുടെ സ്വാധീനം മുമ്പത്തേക്കാൾ ശക്തമായ സാഹചര്യത്തിലാണ് ഇത്തരം പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളും ഉയരുന്നത്. ഒരു സിനിമയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ പലപ്പോഴും പ്രേക്ഷകരുടെ ആദ്യ പ്രതികരണത്തെ തന്നെ സ്വാധീനിക്കാറുണ്ട്.
യൂട്യൂബ് റിവ്യൂകളും സോഷ്യൽ മീഡിയ അഭിപ്രായങ്ങളും സിനിമാ വ്യവസായത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി മാറുകയാണെന്നും രാധിക ചൂണ്ടിക്കാട്ടി. ഇത് ഒരു വിഭാഗം ആളുകളുടെയോ ഒരു വ്യവസായത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ആശങ്കകളുണ്ടെന്നും താരം പറഞ്ഞു.
''സിനിമാ റിവ്യൂകൾ ഇപ്പോൾ ആരുടെയും നിയന്ത്രണത്തിലല്ലാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ലോകമെമ്പാടുമുള്ള വലിയൊരു പ്രശ്‌നമാണിത്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് പ്രത്യേകിച്ച് കൂടുതലാണ്. നല്ല ഉള്ളടക്കമുള്ള സിനിമകൾക്ക് പോലും ചിലപ്പോൾ മനഃപൂർവം മോശം റിവ്യൂകൾ നൽകുന്ന സാഹചര്യമുണ്ട്. ഒരു സിനിമയെക്കുറിച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ചിലപ്പോൾ സിനിമ നല്ലതാണെങ്കിലും അത് നല്ലതല്ലെന്ന് പറഞ്ഞ് തെറ്റായ റിവ്യൂകൾ മനഃപൂർവം പ്രചരിപ്പിക്കാറുണ്ട്. ഇത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ്,'' രാധിക പറഞ്ഞു.
ഇത്തരം വിഷയങ്ങൾ തമിഴ് കുമരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരാതികൾ പരിഹരിക്കാൻ കൂടുതൽ ശക്തമായ സംവിധാനം ആവശ്യമാണെന്നും താരം വ്യക്തമാക്കി.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ടെലിവിഷൻ, ഒടിടി മേഖലകളിലെ നിർമാതാക്കളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് Television OTT Producers Council of South (TOPCOS) ആരംഭിച്ചത്. ദക്ഷിണേന്ത്യയിലെ വിനോദമേഖലയിൽ പ്രവർത്തിക്കുന്ന നിർമാതാക്കൾക്ക് പൊതുവായ ഒരു വേദിയൊരുക്കുകയാണ് പുതിയ സംഘടനയുടെ ലക്ഷ്യം.
TOPCOS-ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് രാധികയുടെ ഈ പ്രതികരണങ്ങൾ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം ഉള്ളടക്ക നിർമാതാക്കൾക്കുള്ള ഉത്തരവാദിത്തവും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന വിഷയത്തിലേക്കാണ് രാധികയുടെ വാക്കുകൾ ശ്രദ്ധ ക്ഷണിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 01 Oct 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented