മുടികൊഴിച്ചിൽ തടയാനുള്ള ഏറ്റവും നല്ല സമയം ഏതാണ്? മുടി കൊഴിഞ്ഞു തുടങ്ങിയ ശേഷമല്ല, അതിന് മുമ്പാണെന്നാണ് വിദഗ്ധരുടെ പുതിയ വിലയിരുത്തൽ. മുടിയുടെ ആരോഗ്യം മുൻകൂട്ടി പരിശോധിച്ച് അപകടസാധ്യത കണ്ടെത്താൻ കഴിഞ്ഞാൽ, പിന്നീട് സംഭവിക്കാവുന്ന മുടികൊഴിച്ചിൽ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് പ്ലാസ്റ്റിക് സർജനും ക്ലിനിക്കൽ സയന്റിസ്റ്റുമായ ഡോ. ദേബ്രാജ് ഷോം പറയുന്നു. മിക്ക ആളുകളും മുടിയുടെ അളവ് കുറഞ്ഞെന്ന് മനസ്സിലാക്കിയ ശേഷമാണ് ഡോക്ടറെ സമീപിക്കാറുള്ളത്. എന്നാൽ അതുവരെ രോമകൂപങ്ങളുടെ (Hair Follicles) ആരോഗ്യത്തിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകാം.

To advertise here,

മുൻകാലങ്ങളിൽ ഹെയർ ലൈൻ പിന്നോട്ടുപോകുക, തലയിണയിൽ കൂടുതൽ മുടി കാണുക, ഹെയർ പാർട്ടിങ് വീതിയാകുക തുടങ്ങിയ ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണ് മുടികൊഴിച്ചിൽ വിലയിരുത്തിയിരുന്നത്. എന്നാൽ ഈ ലക്ഷണങ്ങൾ കാണുമ്പോഴേക്കും ചികിത്സ വൈകിയിരിക്കാം. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളിലെ പോലെ തന്നെ മുടിയുടെ ആരോഗ്യവും മുൻകൂട്ടി വിലയിരുത്തേണ്ട ഒന്നാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കണ്ണാടി നോക്കി മാത്രം വിലയിരുത്തുന്നതിന് പകരം, ഒരു വ്യക്തിയുടെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

ജനിതക ഘടകങ്ങൾ: കുടുംബത്തിൽ മുടികൊഴിച്ചിലിന്റെ ചരിത്രമുണ്ടോ?
മുടികൊഴിച്ചിലിന്റെ സ്വഭാവം: തുടർച്ചയായ മുടികൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും.
മുടിയുടെ ഗുണനിലവാരം: മുടിയിഴയുടെ കരുത്ത്, ഘടന, പുറംപാളിയുടെ ആരോഗ്യം.
ശരീരത്തിനുള്ളിലെ ഘടകങ്ങൾ: ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, ശരീരത്തിലെ അണുബാധാ പ്രതികരണങ്ങൾ (inflammation) തുടങ്ങിയവ.

മുടിയുടെ ആരോഗ്യം കൂടുതൽ കൃത്യമായി വിലയിരുത്താൻ 'Hair Ageing Index (HAI)' എന്ന 12 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിലയിരുത്തൽ രീതിയാണ് ഡോ. ഷോം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു 'Hair Biology Score' തയ്യാറാക്കി, ഓരോരുത്തരുടെയും മുടികൊഴിച്ചിലിന്റെ ജൈവകാരണം മനസ്സിലാക്കാം. ഈ വിലയിരുത്തലിലൂടെ മുടികൊഴിച്ചിലിനെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ചറിയാനാകും. 

  • രോമകൂപങ്ങളുടെ വളർച്ചാ സിഗ്‌നലുകൾ ക്ഷയിക്കുന്നത്.
  • അമിതമായ മുടികൊഴിച്ചിൽ.
  • മുടിയിഴകളുടെ ഘടനാപരമായ ബലക്കുറവ്.
  • സാധാരണ ചികിത്സകൾക്ക് എളുപ്പത്തിൽ പ്രതികരിക്കാനാവാത്ത സങ്കീർണ അവസ്ഥകൾ.

ഈ പരിശോധന ഭാവിയിൽ തീർച്ചയായും മുടികൊഴിച്ചിൽ ഉണ്ടാകുമെന്ന് പ്രവചിക്കുന്നതല്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഹൃദ്രോഗ സാധ്യത കണക്കാക്കുന്ന റിസ്‌ക് സ്‌കോറുകൾ പോലെ തന്നെ, മുടികൊഴിച്ചിലിന് സാധ്യതയുള്ളവരെ നേരത്തേ തിരിച്ചറിഞ്ഞ് നിരീക്ഷണവും ചികിത്സയും ആരംഭിക്കാൻ സഹായിക്കുന്ന ഒരു മാർഗം മാത്രമാണിത്. 

മുടികൊഴിച്ചിൽ വ്യക്തമായ ശേഷമുള്ള ചികിത്സയിൽ മാത്രം ഒതുങ്ങാതെ, ആരോഗ്യമുള്ള മുടി സംരക്ഷിക്കുന്നതിലേക്കായിരിക്കും ഭാവിയിലെ ഹെയർ റസ്റ്ററേഷൻ രംഗം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഡോ. ഷോം വിലയിരുത്തുന്നു. രോമകൂപങ്ങളുടെ ജൈവപ്രവർത്തനങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും, തുടക്കത്തിലേ മാറ്റങ്ങൾ കണ്ടെത്തി ചികിത്സ നൽകുകയും ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം കൂടുതൽ കാലം നിലനിർത്താനാകും. അമിതമായ മുടികൊഴിച്ചിൽ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi