ഒക്ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നുണ്ടെങ്കിലും സ്തനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർഷം മുഴുവൻ തുടരേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 2024-ൽ ലോകമെമ്പാടുമായി ഏകദേശം 24 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം സ്ഥിരീകരിച്ചിട്ടുണ്ട്. സ്തനങ്ങളുടെ ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നതിന്റെയും സമയബന്ധിതമായി പരിശോധന നടത്തുന്നതിന്റെയും പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. 
സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചെറിയ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പുതുതായി കാണപ്പെടുന്നതോ ക്രമേണ വർധിക്കുന്നതോ ആയ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.

സ്തനങ്ങളുടെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകാൻ പല കാരണങ്ങളുണ്ട്. പ്രായപൂർത്തിയാകുന്ന സമയത്ത് സ്തനങ്ങൾ ഒരേ വേഗത്തിലല്ല വളരുന്നത്. അതിനാൽ സ്വാഭാവികമായ അസമത്വം ഉണ്ടാകാം. പരിക്കുകൾ, ശസ്ത്രക്രിയകൾ, ഗർഭാവസ്ഥ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും സ്തനങ്ങളുടെ രൂപത്തെയും വലുപ്പത്തെയും ബാധിക്കാം.

സ്തനങ്ങളിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും അർബുദത്തിന്റെ ലക്ഷണമല്ല. ദ്രാവകം നിറഞ്ഞ സിസ്റ്റുകൾ ഉൾപ്പെടെയുള്ള അർബുദമല്ലാത്ത അവസ്ഥകളും ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാം. എന്നിരുന്നാലും ചില മാറ്റങ്ങൾ സ്തനാർബുദത്തിന്റെ സൂചനയായിരിക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

സ്തനങ്ങളിൽ ശ്രദ്ധിക്കേണ്ട 6 മാറ്റങ്ങൾ

  1. മുഴയോ കട്ടിയോ അനുഭവപ്പെടുക: സ്തനത്തിൽ പുതുതായി മുഴയോ കട്ടിയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. വേദനയോടെയോ വേദനയില്ലാതെയോ മുഴകൾ പ്രത്യക്ഷപ്പെടാം. വേദനയില്ലാത്ത മുഴയാണെങ്കിലും പരിശോധന വൈകരുത്.
  2. സ്തനങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ മാറ്റം: ഒരു സ്തനത്തിന് മറ്റേതിനേക്കാൾ ചെറിയ വ്യത്യാസം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അടുത്തിടെ ഒരു സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ മാറ്റം കാണപ്പെടുകയോ വ്യത്യാസം ക്രമേണ വർധിക്കുകയോ ചെയ്താൽ ഡോക്ടറെ സമീപിക്കണം.
  3. ചർമത്തിൽ കുഴി പോലെ കാണപ്പെടുന്നത്: സ്തനത്തിലെ ചർമത്തിൽ കുഴികൾ രൂപപ്പെടുക, ചുവപ്പുനിറം പ്രത്യക്ഷപ്പെടുക, ഓറഞ്ചിന്റെ തൊലി പോലുള്ള പരുക്കൻ രൂപം ഉണ്ടാകുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങൾ തുടർന്നാൽ പരിശോധന ആവശ്യമാണ്.
  4. മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞുപോകുക: മുലക്കണ്ണ് സ്വാഭാവികമായി ഉള്ളിലേക്ക് തിരിഞ്ഞിരിക്കുന്ന അവസ്ഥ ചിലരിലുണ്ടാകാം. എന്നാൽ മുമ്പ് സാധാരണ നിലയിലായിരുന്ന മുലക്കണ്ണ് പെട്ടെന്ന് ഉള്ളിലേക്ക് വലിഞ്ഞുപോകുന്നത് അവഗണിക്കരുത്.
  5. മുലക്കണ്ണിൽനിന്ന് അസാധാരണമായ സ്രവം വരുക: മുലക്കണ്ണിൽനിന്ന് രക്തം കലർന്ന സ്രവമോ അസാധാരണമായ സ്രവമോ ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഇത്തരം മാറ്റങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് കാരണം കണ്ടെത്തണം.
  6. മാറാതെ തുടരുന്ന മാറ്റങ്ങൾ: സ്തനങ്ങളിലോ മുലക്കണ്ണിലോ ചർമത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ തുടരുകയാണെങ്കിൽ അവ അവഗണിക്കരുത്. താനേ മാറുമെന്ന് കരുതി പരിശോധന വൈകിക്കാതെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.

സ്തനാർബുദം എങ്ങനെ തിരിച്ചറിയാം?
സ്തനങ്ങളിൽ മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ഡോക്ടർ ആദ്യം സ്തനങ്ങളും സമീപഭാഗങ്ങളും പരിശോധിക്കും. പ്രായവും പരിശോധനയിൽ കണ്ടെത്തുന്ന ലക്ഷണങ്ങളും അനുസരിച്ച് മാമോഗ്രാം അല്ലെങ്കിൽ അൾട്രാസൗണ്ട് പരിശോധന നിർദേശിച്ചേക്കാം. സംശയാസ്പദമായ ഭാഗം കണ്ടെത്തിയാൽ ബയോപ്‌സി ആവശ്യമായി വന്നേക്കാം. ഇതിൽ സ്തനത്തിലെ ചെറിയൊരു കോശകല സാമ്പിളായി എടുത്ത് അർബുദകോശങ്ങളുണ്ടോ എന്ന് പരിശോധിക്കും.

സ്തനത്തിൽ മുഴയോ ചർമത്തിൽ മാറ്റങ്ങളോ മുലക്കണ്ണിൽ വ്യത്യാസങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ വേദന വരുന്നതുവരെ കാത്തിരിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നേരത്തെതന്നെ പരിശോധിച്ച്, രോഗകാരണം കണ്ടെത്താനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi