ഫിറ്റ്‌നസ് ഐക്കൺ എന്ന വിശേഷണം വർഷങ്ങളായി കേൾക്കുന്ന താരമാണ് കത്രീന കൈഫ്. ഭക്ഷണത്തിലെ നിയന്ത്രണവും കൃത്യമായ വ്യായാമവും ശരീരത്തെ പരിപാലിക്കുന്നതിലെ ശ്രദ്ധയും കത്രീനയുടെ ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ന് താരം അമ്മയായതിന് ശേഷമുള്ള ശരീരത്തിലെ മാറ്റങ്ങളെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ കമന്റുകളെത്തുന്നുണ്ട്.

To advertise here,

സെപ്റ്റംബർ 14ന് മുംബൈയിൽ നടന്ന അംബാനി കുടുംബത്തിന്റെ വിനായക ചതുർഥി ആഘോഷത്തിൽ ഭർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന എത്തിയത്. എന്നാൽ ആഘോഷചിത്രങ്ങൾക്കൊപ്പം കത്രീനയുടെ പ്രസവശേഷമുള്ള ശരീരത്തെ പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്ന 'before and after' പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെ നിരവധി സ്ത്രീകളും ആരാധകരും ഈ വിമർശനത്തിനെതിരെ രംഗത്തെത്തി. ഇവിടെയാണ് വർഷങ്ങൾക്ക് മുമ്പ് കത്രീന തന്നെ പറഞ്ഞിരുന്ന ഫിറ്റ്‌നസ് രീതികൾ വീണ്ടും ശ്രദ്ധ നേടുന്നത്.

2019ൽ GQ Indiaയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കത്രീന തന്റെ ഭക്ഷണശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മിക്ക സമയത്തും മൂന്ന് കാര്യങ്ങൾ ഒഴിവാക്കുന്നതാണ് തന്റെ പ്രധാന നിയമമെന്ന് താരം പറഞ്ഞിരുന്നു.

''ഗ്ലൂട്ടൻ ഇല്ല, റിഫൈൻഡ് ഷുഗർ ഇല്ല, ഡയറിയും ഇല്ല'' എന്നതായിരുന്നു കത്രീനയുടെ ഭക്ഷണരീതി. എന്നാൽ കാർബോഹൈഡ്രേറ്റുകളെ പൂർണമായി ഒഴിവാക്കുന്ന ഡയറ്റിനോട് കത്രീനയ്ക്ക് യോജിപ്പില്ലായിരുന്നു. കാർബ്‌സ് കഴിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇഡ്ഡലി, ചോറ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനെക്കുറിച്ചും കത്രീന മുമ്പ് സംസാരിച്ചിട്ടുണ്ട്. അതായത്, ഫിറ്റ്‌നസിനായി ഭക്ഷണം പൂർണമായി നിയന്ത്രിക്കുക എന്നതിലുപരി, തനിക്ക് അനുയോജ്യമായ ചില ഭക്ഷണനിയമങ്ങൾ പിന്തുടരുകയായിരുന്നു കത്രീനയുടെ സമീപനം.

ആഴ്ചയിൽ ആറുദിവസം വർക്കൗട്ട്
ഭക്ഷണക്രമത്തിനൊപ്പം വ്യായാമത്തിനും കത്രീന വലിയ പ്രാധാന്യം നൽകിയിരുന്നു. ആഴ്ചയിൽ ആറ് ദിവസം, കുറഞ്ഞത് 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്.

സ്‌ട്രെങ്ത് ട്രെയിനിങ്, യോഗ, ഡാൻസ് അധിഷ്ഠിത വർക്കൗട്ടുകൾ തുടങ്ങിയവയും കത്രീനയുടെ ഫിറ്റ്‌നസ് രീതിയുടെ ഭാഗമായിട്ടുണ്ട്. ''എനിക്ക് പരിശീലനം ഇഷ്ടമാണ്. അതില്ലാതെ ഞാൻ എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരിക്കില്ല,'' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

എന്നാൽ വർഷങ്ങളായി ഇത്രയേറെ ശ്രദ്ധയോടെ ഫിറ്റ്‌നസ് പിന്തുടർന്ന ഒരാളായിട്ടും, പ്രസവശേഷം ശരീരത്തിൽ വന്ന മാറ്റങ്ങളുടെ പേരിൽ കത്രീനയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടേണ്ടിവന്നതാണ് ഇപ്പോഴത്തെ ചർച്ചയുടെ പ്രധാന കാര്യം.

2025 നവംബർ 7-നാണ് കത്രീനയ്ക്കും വിക്കി കൗശലിനും കുഞ്ഞ് പിറന്നത്. അതിനുശേഷം ഏകദേശം പത്ത് മാസത്തിനുള്ളിലാണ് താരം വീണ്ടും വലിയൊരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്.

പ്രസവശേഷം ശരീരഭാരം, ശരീരഘടന, വയറിന്റെ രൂപം, ഹോർമോണുകൾ, ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രസവശേഷമുള്ള ശരീരമാറ്റങ്ങൾക്ക് എല്ലാവർക്കും ഒരേ സമയപരിധിയുമില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi