പ്രായമാവുന്തോറും ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. എല്ലുകള്‍ പെട്ടെന്ന് ഒടിയാനും പൊട്ടാനുമൊക്കെയുള്ള സാധ്യത കൂടുതലാണ്. പ്രായം ദഹനേന്ദ്രിയ പ്രക്രിയയേയും ബാധിക്കും. ക്ഷീണം കൂടും. അതുകൊണ്ട് പ്രായമേറിയവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കണം, പെട്ടെന്ന് ദഹിക്കുന്നതുമാവണം. 

പ്രായമാവുമ്പോള്‍ ഏറ്റവും പ്രധാനമായി മാറ്റമുണ്ടാവുന്നത് ദഹനപ്രക്രിയയിലാണ്. ദഹനരസങ്ങളുടെ ഉത്പാദനം കുറയാന്‍ സാധ്യതയുണ്ട്. ആ സമയത്ത് ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കുക. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണവും മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വറുത്തതും പൊരിച്ചതുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. അവ കഴിക്കുമ്പോള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടും. അമിതമായ കൊഴുപ്പ് രക്തധമനികളിലും മറ്റും അടിഞ്ഞുകൂടി, അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. 

റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞക്കരു എന്നിവ പ്രായമായവര്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇവയില്‍ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ബേക്കറി പലഹാരങ്ങളും ഹോട്ടല്‍ ഭക്ഷണവും കഴിക്കുമ്പോഴും ശ്രദ്ധിക്കണം. ബേക്കറി പലഹാരങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും ഹോട്ടല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന എണ്ണയും മറ്റ് ചേരുവകളും ഉദരപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ചെറിയൊരു വയറിളക്കം പോലും താങ്ങാന്‍ പറ്റിയെന്നുവരില്ല. കൃത്രിമ പാനീയങ്ങളും ശീതളപാനീയങ്ങളുമെല്ലാം പൂര്‍ണമായി ഒഴിവാക്കണം. 

പെട്ടെന്ന് ദഹിക്കുന്ന, നാരുകളും ആന്റി ഓക്‌സിഡന്റുകളും കാത്സ്യവും അടങ്ങിയ ഭക്ഷണമാണ് പ്രായമുള്ളവര്‍ കഴിക്കേണ്ടത്. കഞ്ഞി, പയര്‍, ഇഡ്ഡലി, ഓട്‌സ്, പഴങ്ങള്‍ എന്നിവയൊക്കെ മാറി മാറി പരീക്ഷിക്കാം. പ്രഭാതഭക്ഷണം നന്നായി കഴിക്കണം. കഞ്ഞി-പയറോ, ദോശയോ ഇഡ്ഡലിയോ കഴിക്കാം. ഒപ്പം ചെറിയ പഴങ്ങളും. ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ച് കറികള്‍ കൂടുതലായി കഴിക്കുക. അത്താഴം വളരെ ലഘുവായി മതി. പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് രാത്രിയില്‍ ഓട്‌സ് കഴിക്കാം. അല്ലെങ്കില്‍ കഞ്ഞിയോ പയറോ ആവാം. ഇടനേരങ്ങളില്‍ പഴങ്ങളോ ബിസ്‌കറ്റോ കഴിക്കുക. എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. കാരറ്റ് ജ്യൂസാണെങ്കില്‍ ഏറ്റവും നല്ലത്. രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കാം. അതില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇതില്‍ നാരുകള്‍ ധാരാളമായുണ്ട്. വലിയ പോഷകമൂല്യങ്ങള്‍ ഒന്നുമില്ലെങ്കിലും, നാരുകള്‍ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും. അങ്ങനെ പ്രമേഹസാധ്യത കുറയ്ക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നാരുകള്‍ സഹായിക്കും. 

ഓറഞ്ച്, നെല്ലിക്ക എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ചുളിവുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. എല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. അതിനേറ്റവും നല്ലത് പാലാണ്. ഒരു ഗ്ലാസ് പാല്‍ എല്ലാ ദിവസവും കുടിക്കാം. മുട്ടയുടെ വെള്ളക്കരുവിലും കാത്സ്യമുണ്ട്. റാഗി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കുമ്പോഴും ശരീരത്തിനാവശ്യമായ കാത്സ്യം ലഭിക്കും.  

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.ബി.പത്മകുമാര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍
മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം