നമ്മുടെ ശരീരം തുടർച്ചയായി ഉത്പാദിപ്പിക്കുന്ന, എന്നാൽ അപൂർവ്വമായി മാത്രം നമ്മുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു ദ്രാവകമാണ് ഉമിനീരെന്നു പറയാം. ഒരു മനുഷ്യൻ തന്റെ ജീവിതകാലം മുഴുവൻ എത്ര അളവിൽ ഉമിനീർ ഉത്പാദിപ്പിക്കുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഒരു മണിക്കൂറിലോ ഒരു ദിവസത്തിലോ എത്രയായിരിക്കുമെന്ന്?

To advertise here,

അതിനുള്ള ഉത്തരം ഇവിടെയുണ്ട്. ഒരു സാധാരണ ദിവസം, ശരാശരി ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തി അര ലിറ്ററിനും ഒന്നര ലിറ്ററിനും ഇടയിൽ ഉമിനീർ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയമായ അനുമാനം. പ്രായം, ആരോഗ്യം എന്നിവയനുസരിച്ച് ഓരോരുത്തരിലും വ്യത്യസ്ത അളവിലായിരിക്കുമത്. ശരാശരിയായി 700 മില്ലി കണക്കാക്കുകയാണെങ്കിൽ ഒരു വർഷത്തിൽ ഏകദേശം 255.5 ലിറ്റർ ഉമിനീരായിരിക്കും ഒരു ശരീരം ഉത്പാദിപ്പിക്കുക. ഏകദേശം 80 വർഷത്തെ ശരാശരി ആയുസ്സെടുത്താൽ, ഇത് ഏകദേശം 20,440 ലിറ്ററായിരിക്കും. ഒരു ചെറിയ നീന്തൽക്കുളത്തിൽ നിറയ്ക്കാൻ മാത്രം ഉമിനീരുണ്ടാകും മൊത്തത്തിൽ നോക്കിയാലിത്.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ജോലികളാണ് ഉമിനീർ നിർവഹിക്കുന്നത്. വായ നനവോടെ നിലനിർത്തുന്നതിനൊപ്പം ഭക്ഷണം ആസ്വദിക്കാനും, സുഗമമായി സംസാരിക്കാനും, വായുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. ദഹനപ്രക്രിയ പോലും ആരംഭിക്കുന്നത് വായിൽ വെച്ചാണ്, ഉമിനീരിലെ അമൈലേസ് (amylase) എന്ന എൻസൈം കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്നു.

പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. വായയിലൂടെ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന ഒരു കാവൽക്കാരൻ കൂടിയാണ് ഉമിനീർ. ഉമിനീരിൽ ഏകദേശം 99 ശതമാനവും വെള്ളമാണെന്നതാണ് മറ്റൊരു കാര്യം. പ്രോട്ടീനുകൾ, ഇലക്ട്രോളറ്റുകൾ, ദഹന എൻസൈമുകൾ എന്നിവയുടെ മിശ്രിതമാണ് ബാക്കി ഒരു ശതമാനം. നിങ്ങളുടെ വായയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ഗ്രന്ഥികളും നിരവധി ചെറുഗ്രന്ഥികളും ചേർന്നാണ് ഉമിനീർ ഉത്പാദിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi