നൂറുവയസ്സു തികയുക എന്നത് ഒരു കൗതുകമാണ്. ആയുർദൈർഘ്യം കുറഞ്ഞുവരുന്ന ഇന്നത്തെ കാലത്ത് നൂറുവയസ്സിൽ കൂടുതൽ പ്രായമുള്ളവരെപ്പറ്റി കേൾക്കുന്നതുതന്നെ ഒരു സന്തോഷമാണല്ലോ. 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 95119 എന്ന റെക്കോർഡ് ഉയരത്തിലെത്തിനിൽക്കുന്ന ജപ്പാന് പക്ഷേ ആ സന്തോഷമില്ല, കാരണം പുതിയ തലമുറയുടെ ജനനം നന്നേ കുറഞ്ഞു എന്നതുതന്നെ.
രാജ്യത്തിന്റെ വിപണിപോലും കുഞ്ഞുങ്ങളിൽ നിന്ന് മുതിർന്നവരിലേക്ക് ചുവടുമാറ്റുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ ഡയപ്പറുകളേക്കാൾ മുതിർന്നവർക്കുള്ള ഡയപ്പറുകളുടെ ആവശ്യം വർധിച്ച രാജ്യമായി ജപ്പാൻ മാറിക്കഴിഞ്ഞു.
ഭാവി മുന്നിൽ കണ്ട് കുഞ്ഞുങ്ങളുടെ ഡയപ്പർ ഉത്പാദനത്തിൽ നിന്ന് കമ്പനികളെല്ലാം മുതിർന്നവരുടേതിലേക്ക് ചുവടുമാറ്റുകയാണ്. കുറഞ്ഞ ജനനനിരക്കു തന്നെ കാരണം.
പല കമ്പനികളും ഈ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആഗോളഡയപ്പർ നിർമാതാക്കളായ ഓജി ഹോൾഡിങ്സ് അത്തരമൊരു കമ്പനിയാണ്. മുതിർന്നവരുടെ ഡയപ്പറിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത് കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് മുതിർന്നവർക്കുള്ള ഡയപ്പറുകളുടെ വിൽപ്പന കുഞ്ഞുങ്ങളുടേതിനെ മറികടന്നിട്ട്. 2023-ൽ രാജ്യത്ത് കുഞ്ഞുങ്ങളെക്കാൾ 7.3 ശതമാനം കൂടുതൽ ഡയപ്പറുകൾ മുതിർന്നവർക്കായി കമ്പനി വിറ്റു. അതേസമയം, ജനനനിരക്ക് അത്രയധികം കുറയാത്ത വിദേശരാജ്യങ്ങളിൽ തങ്ങളുടെ ബേബി ഡയപ്പർ ബിസിനസ്സ് തുടരുമെന്നും കമ്പനി പറയുന്നു.
12.4 കോടിയാണ് ജപ്പാന്റെ ജനസംഖ്യ. അതിൽ ഏകദേശം 30 ശതമാനവും (3.625 കോടി) 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. നൂറുവയസ്സുതികഞ്ഞവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2,980 കൂടി. നൂറുവയസ്സു തികഞ്ഞതിൽ 90 ശതമാനവും സ്ത്രീകളാണെന്നത് മറ്റൊരു കാര്യം. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ജനസംഖ്യ ചുരുങ്ങുന്നത് വലിയ പ്രതിസന്ധിയിലേക്കുതന്നെയാണ് രാജ്യത്തെ നയിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Japan`s aging population leads to higher demand for adult diapers, surpassing baby diaper sales. Companies shift focus to elder care products.
Published: 28 Aug 2025, 12:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented