നമ്മള്‍ കഴിക്കുന്ന ഭക്ഷണം ശരീരം ഊര്‍ജ്ജമാക്കി മാറ്റുന്ന ശാരീരിക, രാസ പ്രക്രിയയാണ് മെറ്റബോളിസം. പ്രായവും ലിംഗവ്യത്യാസവും പൊക്കവും ഭാരവുമെല്ലാം ഒരു വ്യക്തിയുടെ ശരീരത്തിലെ മെറ്റബോളിസത്തെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം ജീവിതശൈലിയും ഭക്ഷണക്രമവും. മെറ്റബോളിസത്തെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളെന്തെന്ന് നോക്കാം. 
 
ആഹാരം ഒഴിവാക്കല്‍
ഭക്ഷണം കഴിക്കാതിരിക്കുന്നത് മെറ്റബോളിസം കുറയ്ക്കും. ഭക്ഷണം എത്താത്തതുമൂലം ശരീരത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതാണ് കാരണം. ഇതുമൂലം ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കിട്ടാതെ വരികയും മെറ്റബോളിസം കുറയുകയും ചെയ്യുന്നു. കൃത്യസമയത്ത് ഭക്ഷണം ശീലിക്കണം. 

To advertise here,

വെള്ളം കുടിക്കാതിരിക്കല്‍ 
ശരീരത്തിന് വെള്ളം അനിവാര്യമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും മെറ്റബോളിസം കുറയും. ശരീരോഷ്മാവ് നിയന്ത്രിക്കാനും വിഷാംശങ്ങള്‍ പുറന്തള്ളാനും പോഷകങ്ങള്‍ ശരീരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗങ്ങളിലേക്കെത്തിക്കാനും വെളളം സഹായിക്കും. നിര്‍ജലീകരണം വന്നാല്‍ ഈ പ്രവര്‍ത്തനം തടസ്സപ്പെടുകയും മെറ്റബോളിസം കുറയുകയും ചെയ്യും. 

സമ്മര്‍ദ്ദം
നിങ്ങള്‍ സമ്മര്‍ദ്ദത്തിലാവുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. അത് മെറ്റബോളിസം കുറയ്ക്കുകയും ശരീരഭാരം വര്‍ധിപ്പിക്കുകയും ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുകയാണ് വേണ്ടത്.
 
വളരെ കുറഞ്ഞ കലോറി 
കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി വളരെ കുറച്ചേയുള്ളൂവെങ്കില്‍ ശരീരം അനിയന്ത്രിതമായി മെലിയാനും മെറ്റബോളിസം കുറയാനും ഇടവരും.  

ഉറക്കമില്ലാത്തത്
നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരം കുറച്ചേ ലെപ്റ്റിന്‍ (അപ്പെറ്റൈറ്റിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോര്‍മോണാണിത്) ഉത്പാദിപ്പിക്കുകയുള്ളൂ. തന്മൂലം ഭാരംകൂടും. 

കൂടുതല്‍ സമയം ഇരിപ്പുവേണ്ട
ഒരുപാടുനേരം ഇരിക്കുന്നതും മെറ്റബോളിസം കുറയ്ക്കും. കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ കലോറി കത്തിച്ചുകളയാനുള്ള ശേഷി ശരീരത്തിന് കുറയും. അതുകൊണ്ട് ജോലിയില്‍ നിന്ന് അല്പനേരം ബ്രേക്കെടുക്കാം.