
''വയസ്സാകുമ്പോള്‍ ഞാന്‍ എങ്ങനെയായിരിക്കുമെന്ന് നിന്റെ ആപ്പ് കാണിച്ചുതരുമോ?'', നാല്പതുകളുടെ പകുതിയില്‍ നില്‍ക്കുന്ന സുലജ മൊബൈലിലെ എ.ഐ. ആപ്പില്‍ രൂപംമാറ്റി കളിക്കുന്ന മകളോട് അല്പം മടിയോടെ ചോദിച്ചു. പരസ്യമായി പറഞ്ഞാലും ഇല്ലെങ്കിലും വാര്‍ധക്യത്തെക്കുറിച്ച് നമുക്കൊക്കെ ചെറിയൊരു ആശങ്കകലര്‍ന്ന കൗതുകം മനസ്സിലുണ്ട്.
യു.എന്‍.പി.എഫിന്റെ ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023 പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങളുള്ള (ശതമാന കണക്കില്‍) സംസ്ഥാനം കേരളമാണ്. കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് പഠനത്തിനും ജോലിക്കുമൊക്കെയായി നീങ്ങിക്കൊണ്ടിരിക്കുന്നു. പല വീടുകളിലും വൃദ്ധരായ മാതാപിതാക്കള്‍ മാത്രം.
പ്രായമായവരുടെ ജീവിതം നമ്മുടെ നാട്ടില്‍ എങ്ങനെയാണ്? അവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? പല തലമുറകള്‍ വാര്‍ധക്യത്തെ നോക്കിക്കാണുന്നത് പല തരത്തിലായിരിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക സാമൂഹിക പശ്ചാത്തലം എന്നിവയെല്ലാം അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മലയാളികള്‍ വാര്‍ധക്യത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്?
ഒറ്റയ്ക്കാവല്ലേ
ഏതാണ്ടെല്ലാ പ്രായക്കാരും വാര്‍ധക്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം പറയുന്നത് ഏകാന്തതയെപ്പറ്റിയാണ്. ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളുമൊക്കെയുണ്ടെങ്കിലും ഒറ്റപ്പെടല്‍ വല്ലാത്തൊരു പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാര്‍ നല്ല വിദ്യാഭ്യാസവും ജോലിയും ജീവിത സാഹചര്യങ്ങളുമൊക്കെ സ്വപ്‌നം കാണുമ്പോഴും അച്ഛനമ്മമാര്‍ തനിച്ചാവുമോ എന്ന് ഭയക്കുന്നുണ്ട്. മാനസിക പിരിമുറുക്കവും ഏകാന്തതയും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകാന്തതയിലുമുണ്ട് ഏറ്റക്കുറച്ചില്‍. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ സചിത്രയുടെ വീട്ടില്‍ അച്ഛന്‍ മാത്രമേയുള്ളൂ. ദമ്പതിമാര്‍ രണ്ടുപേരുമുള്ള അവസ്ഥയും ഒരാള്‍ മാത്രമാകുന്ന അവസ്ഥയും വിഭിന്നമാണല്ലോ.
''ജോലിക്കും മറ്റുമായി ഞാന്‍ കൂടി പോയാല്‍ അച്ഛന്‍ തനിച്ചാവില്ലേയെന്ന് എപ്പോഴും ചിന്തിക്കും. അങ്ങനെ വന്നാല്‍ എന്ത് ചെയ്യണമെന്ന് അച്ഛനോടുതന്നെ ചോദിക്കും. എനിക്കൊപ്പം നില്‍ക്കണമെങ്കില്‍ അങ്ങനെ, അതല്ല ഏതെങ്കിലും സ്ഥാപനത്തില്‍ നില്‍ക്കാനാണെങ്കില്‍ അങ്ങനെ. വീടിനടുത്തുള്ള വയോജനകേന്ദ്രത്തിലെ ജീവിതം ഞാന്‍ നേരിട്ട് കാണുന്നതാണ്. അവര്‍ എന്ത് സന്തോഷത്തിലാണ് കഴിയുന്നതെന്ന് എനിക്കറിയാം. തനിച്ചായി പോകരുതെന്നേ ഉള്ളൂ.'' മക്കള്‍ക്കും കുടുംബത്തിനും ഒപ്പം നിന്നാലും ഏകാന്തത അനുഭവിക്കുന്നവരുണ്ട്. സമാനമായി ചിന്തിക്കുന്നവരുടെ സാമീപ്യം എല്ലാവരും ആഗ്രഹിക്കുന്നു.
ഷെയറിങ് ഈസ് കെയറിങ്
പ്രായമായവര്‍ ആഗ്രഹിക്കുന്നത് തങ്ങളെ കേള്‍ക്കാനും മനസ്സിലാക്കാനും തയ്യാറുള്ള ഒരു കൂട്ടാണ്. ജീവിത പ്രാരാബ്ദങ്ങളും തിരക്കുമായി ഓടിനടക്കുന്ന മക്കളെയും പരീക്ഷകളും പാഠങ്ങളുമൊക്കെയായി എപ്പോഴും തിരക്കിലായിരിക്കുന്ന ചെറുമക്കളെയും എപ്പോഴും പിടിച്ചിരുത്തി സംസാരിക്കാന്‍ പറ്റുമോ? മിക്ക വീടുകളിലും പകല്‍ മുഴുവന്‍ പ്രായമായവര്‍ തനിച്ചായിരിക്കും. വൈകീട്ട് ക്ഷീണിച്ച് തിരിച്ചുവരുന്ന മറ്റുള്ളവര്‍ക്ക് എത്രനേരം പ്രായമായവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിയും. സംസാരിച്ചാല്‍ തന്നെ അവര്‍ക്ക് എത്രത്തോളം മനസ്സിലാകും.
രണ്ടുകൂട്ടരുടെയും ലോകം ഏറെ വിഭിന്നമാണ്. തങ്ങള്‍ പറയുന്നത് എത്രത്തോളം മനസ്സിലാക്കും എന്ന ആശങ്കകൊണ്ട് വീട്ടിലുള്ളവരോട് ചുരുക്കി സംസാരിക്കുന്ന പ്രായമായവരുണ്ട്. തങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയും സമയവുമുള്ള, കേട്ടാല്‍ തന്നെ അത് മനസ്സിലാക്കാനുള്ള മാനസികാവസ്ഥയുള്ള ആരെയെങ്കിലും കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുറച്ചുനേരം ഹൃദയം തുറന്ന് സംസാരിച്ചാല്‍ തന്നെ എന്തൊരു ആശ്വാസമായിരിക്കും. സമപ്രായക്കാരുടെ ഒത്തുകൂടലുകള്‍ അത് വീട്ടുമുറ്റത്തായാലും പൊതുയിടങ്ങളിലായാലും അവര്‍ക്ക് വലിയ ആശ്വാസമാണ്.
കാഴ്ചപ്പാടൊരു കീറാമുട്ടി
നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊക്കെ പറയുമെങ്കിലും ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പലപ്പോഴും കാലങ്ങള്‍ എടുക്കും. ഏറെ ചീത്തപ്പേര് കേട്ടിട്ടുള്ള സംവിധാനമാണ് ഓര്‍ഡ് ഏജ് ഹോമുകള്‍. നിലവാരമില്ലാത്ത നടത്തിപ്പും മോശം സാഹചര്യങ്ങളും നടതള്ളല്‍ പരിപാടികളുമൊക്കെ അതിന് ആക്കം കൂട്ടി. കാലം മാറി, ചുറ്റുപാടുകളും മാറി. പ്രായമായവര്‍ക്ക് സ്വതന്ത്രമായി താമസിക്കാനും കൂട്ടുകൂടാനും കഴിയുന്ന ഇടങ്ങള്‍ ഇപ്പോഴുണ്ട്. അച്ഛനമ്മമാരെ സുരക്ഷിതമായ കേന്ദ്രങ്ങളിലാക്കണമെന്ന് ആഗ്രഹിക്കുന്ന പല മക്കളും പക്ഷേ, സമൂഹത്തിന്റെ കുത്തുവാക്കുകളും കുറ്റം പറച്ചിലുകളും ഭയക്കുന്നു.
''വൃദ്ധസദനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തില്‍ അത് മോശം കാര്യമാണ്. പക്ഷേ, മക്കളുടെ സാമീപ്യം ഇല്ലാതെ വീട്ടില്‍ തനിച്ചാകുന്ന രക്ഷിതാക്കള്‍ക്ക് ഡിപ്രഷന്‍ വരെ ഉണ്ടാകാറുണ്ട്. ഒറ്റപ്പെടലില്‍ പ്രായമായവര്‍ക്കുള്ള കേന്ദ്രങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന മാതാപിതാക്കളുമുണ്ട്. പക്ഷേ, സമൂഹം അത് അംഗീകരിക്കാന്‍ മടിക്കും. മക്കളെ കുറ്റപ്പെടുത്തും.'' രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനികളായ അനന്യയും മൈഥിലിയും അക്കാര്യത്തില്‍ അസ്വസ്ഥരാണ്. ''ഇത്തരമൊരു കാഴ്ചപ്പാട് നിലനില്‍ക്കുന്നതുകൊണ്ട് എത്രയൊക്കെ സംവിധാനങ്ങളുള്ള ഇടത്താണെങ്കില്‍ കൂടിയും മക്കള്‍ ഞങ്ങളെ ഉപേക്ഷിച്ചതാണോ എന്ന് ചില അച്ഛനമ്മമാര്‍ക്കെങ്കിലും തോന്നും.'' അവര്‍ പറയുന്നു.
കാലം മാറി കോലവും
പഴയ ഓള്‍ഡ് ഏജ് ഹോമുകള്‍ക്ക് പകരം ഇപ്പോള്‍ സീനിയര്‍ സിറ്റിസണ്‍ കമ്യൂണിറ്റികളും റിട്ടയര്‍മെന്റ് ഹോമുകളുമൊക്കെ വ്യാപകമാകുകയാണ്. ഒരു മുറിയില്‍ ഒരുപാടുപേര്‍ എന്നത് മാറി.
ഒരു ഫാമിലിക്ക് ഒരു മുറി, അല്ലെങ്കില്‍ ഒരു ഫ്‌ളാറ്റ് അതുമല്ലെങ്കില്‍ ഒരു വില്ല എന്ന തരത്തില്‍ സൗകര്യങ്ങള്‍ വന്നിട്ടുണ്ട്. സ്വന്തം വീട്ടിലെന്നതുപോലെ നില്‍ക്കാം. ഭക്ഷണം സ്വയം ഉണ്ടാക്കണമെങ്കില്‍ അതാകാം. പൊതുവായി ഭക്ഷണമുണ്ടാക്കാന്‍ ആളുണ്ടാവും. നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയുമൊക്കെ സേവനം ലഭ്യമാകും. വിനോദോപാധികളും കലാസാംസ്‌കാരിക കൂട്ടായ്മകളും ഇത്തരം കേന്ദ്രങ്ങളിലുണ്ട്. വിദേശത്തും മറ്റുമുള്ള മക്കള്‍ക്ക് അവധിക്ക് വന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാം. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഇത്തരം സാധ്യതകള്‍ കിട്ടുന്നുള്ളൂ എന്നതാണ് പോരായ്മ.
വരുന്നത് വരട്ടേ...
വരുന്നത് വരട്ടേ എന്നൊരു ലൈനാണ് പ്രായമുള്ളവരില്‍ പലര്‍ക്കും. കൂടുതല്‍ ചിന്തിച്ച് മനസ്സമാധാനം കളയുന്നത് മണ്ടത്തരമാണ് എന്നതാണ് അവരില്‍ കൂടുതല്‍ പേരുടെയും ന്യായം.
പെന്‍ഷനോ മറ്റ് സാമ്പത്തിക സുരക്ഷയോ ഉള്ളവരില്‍നിന്ന് വ്യത്യസ്തരാണ് കൂലിപ്പണിക്കാരും ദിവസവേതനക്കാരുമായ ആളുകളുടെ അവസ്ഥ. അവരെ സംബന്ധിച്ചിടത്തോളം വിശ്രമജീവിതം എന്നൊന്ന് ചിന്തിക്കാന്‍ തന്നെ സാധിക്കില്ല. പറ്റുന്നിടത്തോളം പണിയെടുക്കണം. കിടന്നുപോകാതെ മരിക്കണം. അത്രേയുള്ളു അവരുടെ റിട്ടയര്‍മെന്റ് പ്ലാന്‍. കഴക്കൂട്ടം മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന വിമലയ്ക്ക് തന്നെ മക്കള്‍ നോക്കിക്കോളുമെന്ന് വിശ്വാസമുണ്ട്. ''ഒന്നും ആലോചിച്ച് വിഷമിക്കാന്‍ നേരമില്ല. അച്ഛനും അമ്മയ്ക്കുമൊക്കെ വെള്ളംപോലും കൊടുക്കാതെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയുന്ന മക്കളുണ്ട്. എനിക്കത് ആലോചിക്കാന്‍ പോലും വയ്യ.''
Content Highlights: old age, parents, oldage homes, generation
Published: 29 Nov 2023, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented