പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവർക്കും വീടുകളുടെ മുകൾനിലകൾ കൈയെത്തിപ്പിടിക്കാനാവാത്ത ദൂരത്തിലാവാറുണ്ട്. രണ്ടാംനിലയിലേക്കും മൂന്നാംനിലയിലേക്കുമൊക്കെ കയറിപ്പോവണമെന്ന് ആഗ്രഹമുണ്ടെങ്കിലും കാലുകളുടെ ശേഷിക്കുറവും വേദനകളുമൊക്കെ തടസ്സമായിനിൽക്കും. അങ്ങനെയുള്ളവർക്ക് വീട്ടിലെ സ്റ്റെയർകേസുകളിൽ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് സ്റ്റെയർ ലിഫ്റ്റുകൾ. മതിയായ വീതിയുള്ള സ്റ്റെയറുകളിലാണിവ ഘടിപ്പിക്കാൻ സാധിക്കുക. ചവിട്ടുപടികളിൽ ഒരു റെയിൽ, അതിനുമുകളിൽ ഇരിപ്പിടം. റെയിലിലൂടെ നീങ്ങുന്ന ഇരിപ്പിടത്തിലേക്ക് കയറിയിരുന്ന് ആളുകൾക്ക് സ്റ്റെപ്പുകൾ കയറുകയും ഇറങ്ങുകയും ചെയ്യാം. 

1930-കളിൽ അമേരിക്കയിലെ ഇൻക്ലിനേറ്റർ എന്ന കമ്പനി വാണിജ്യാടിസ്ഥാനത്തിൽ സ്റ്റെയർ ലിഫ്റ്റുകൾ നിർമിക്കുകയും പരസ്യം ചെയ്ത് വിൽക്കുകയും ചെയ്തിരുന്നു. പോളിയോ ബാധിച്ചവർക്കുവേണ്ടിയായിരുന്നു അന്ന് സ്റ്റെയർലിഫ്റ്റുകൾ ഏറ്റവുമധികം വിറ്റുപോയത്. ഇപ്പോൾ പ്രായമായവർ, പടികൾ കയറാൻ സാധിക്കാത്തവർ, അംഗപരിമിതർ തുടങ്ങിയവർക്കുവേണ്ടിയാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്. 

സ്റ്റെയർകേസിന്റെ ആകൃതിക്കും വലിപ്പത്തിനുമൊത്തുള്ള സ്റ്റെയർ ലിഫ്റ്റുകൾ നിർമിച്ചുനൽകുന്നവരുണ്ട്. സ്വാധീനക്കുറവുള്ള അംഗങ്ങൾ വീട്ടിലുണ്ടെങ്കിൽ അവർക്ക് പടികളിൽ നിന്ന് കാലിടറി വീഴുമെന്ന ആശങ്കയില്ലാതെ സ്വതന്ത്രമായി വീടിനു ചുറ്റും സഞ്ചരിക്കാൻ സ്റ്റെയർലിഫ്റ്റ് ഉപകരിക്കും. കുടുംബാംഗങ്ങളുടെ ആശങ്കയും സമ്മർദ്ദവും കുറയ്ക്കുകയും ചെയ്യാം. വീടിന്റെ ശൈലിയുമായി പൊരുത്തപ്പെടുന്ന പലതരം സ്റ്റെയർലിഫ്റ്റുകൾ വിപണിയിലുണ്ട്. 

  • സ്ട്രെയ്റ്റ് സ്റ്റെയർലിഫ്റ്റുകൾ: വളവുകളില്ലാത്ത നേരെയുള്ള പടികൾക്കായി ഉപയോഗിക്കാവുന്നത്. 
  • കർവ്ഡ് സ്റ്റെയർലിഫ്റ്റുകൾ: വളഞ്ഞ കോണിപ്പടികളുടെ വളവുകൾക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്തതത്. 
  • സ്റ്റാൻഡിങ് സ്റ്റെയർലിഫ്റ്റുകൾ: ഇരിക്കുന്നതിനോ എഴുന്നേൽക്കുന്നതിനോ ബുദ്ധിമുട്ടുള്ള ആളുകളെ ഒരു പ്ലാറ്റ് ഫോമിൽ നിൽക്കാൻ സഹായിക്കുന്നത്. 
  • ഹെവി-ഡ്യൂട്ടി സ്റ്റെയർലിഫ്റ്റുകൾ: ഒരു ശരാശരി സ്റ്റെയർലിഫ്റ്റിനേക്കാൾ ഭാരം വഹിക്കാൻ ശേഷിയുള്ളതാണിത്. ഭാരക്കൂടുതലുള്ളവർക്കുവേണ്ടി രൂപകല്പന ചെയ്തത്.