രാവിലെ അടുക്കളയിലെ പെടാപ്പാട്, കുട്ടികളോടുള്ള കശപിശ, അതുകഴിഞ്ഞ് എല്ലാവര്‍ക്കും ഭക്ഷണമൊക്കെ കൊടുത്ത് ഒറ്റയോട്ടമാണ് ഓഫീസിലേക്ക്...അതിനിടയില്‍ സമയം ലാഭിക്കാനുള്ള ഏകവഴി സ്വന്തം പ്രഭാതഭക്ഷണം ഒഴിവാക്കലാണ്... ഓഫീസിലെത്തിയാലോ അവിടത്തെ ആധികള്‍... കുറേ അവധിദിവസങ്ങള്‍ കഴിഞ്ഞുള്ള പ്രവര്‍ത്തിദിനമാണെങ്കില്‍ ബാങ്കിലുള്ളവര്‍ക്കൊന്നും ബാത്ത്‌റൂമില്‍ പോകാന്‍വരെ നേരം കിട്ടില്ല. വനിതാ കണ്ടക്ടര്‍മാരുടെ കാര്യം പറയുകയേ വേണ്ട... ബാലന്‍സ് ചെയ്തുള്ള നില്‍പ്പാണ് വൈകുന്നേരം വരെ. ഓഫീസ് ജോലികളാണെങ്കില്‍ ഒരേ ഇരിപ്പും...ഇതിനൊക്കെ പുറമെ മാനസികസമ്മര്‍ദങ്ങളും. ഇതിന്റെയെല്ലാം പരിണിതഫലമാണ് വിട്ടുമാറാതെയുള്ള തലവേദന, നടുവേദന, മൂത്രത്തില്‍ കല്ല് തുടങ്ങിയ അസുഖങ്ങള്‍.  ഇരിപ്പിലും നടപ്പിലും ഭക്ഷണത്തിലും വിശ്രമത്തിലുമൊക്കെ ഒരല്‍പം ശ്രദ്ധിച്ചാല്‍ ഇതൊക്കെ പാടേ മാറ്റിവെച്ച് വീട്ടിലും ജോലിസ്ഥലത്തും സ്മാര്‍ട്ടാകാം... 

ഇരിപ്പ് എങ്ങനെയാണ്

ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലോ ലാപ്‌ടോപ്പിനു മുന്നിലോ ഇരുന്ന് ജോലി ചെയ്യുന്നതാണ് പലപ്പോഴും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകാറ്. ഒരേ ഇരിപ്പ് ഇരിക്കുമ്പോള്‍ പേശികള്‍ക്ക് ഏറെനേരം പ്രവര്‍ത്തിക്കേണ്ടി വരുന്നു. അങ്ങനെ പേശികള്‍ ക്ഷീണിക്കുന്നു. ഈ ക്ഷീണം പിന്നീട് കഴുത്തുവേദനയും നടുവേദനയും ഒക്കെയായി മാറുകയാണ് പതിവ്. തെറ്റായിട്ടുള്ള ഇരിപ്പ് പേശികളിലുണ്ടാക്കുന്ന സമ്മര്‍ദവും ചില്ലറയല്ല. കൂടാതെ പേശികളുടെ പിരിമുറുക്കം, കശേരുക്കള്‍ക്കിടയിലെ ഡിസ്‌കുകള്‍ക്കിടയിലുണ്ടാകുന്ന സമ്മര്‍ദം ഇവയൊക്കെയും ഒരേ ഇരിപ്പുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മിക്കവരും മുന്നിലേക്ക് ആഞ്ഞിരിക്കും. ഇത് ഡിസ്‌കുകളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം നടുവേദനയും കഴുത്ത് വേദനയുമുണ്ടാക്കാം. കശേരുക്കള്‍ക്കിടയിലുണ്ടാകുന്ന തേയ്മാനവും നടുവേദനയ്‌ക്കൊരു കാരണമാണ്. 

ശ്രദ്ധിക്കേണ്ടത്: കഴിയുന്നതും നട്ടെല്ല് നിവര്‍ത്തി ഇരിക്കുക. ഇടുപ്പും പുറംഭാഗവും കസേരയോട് ചേര്‍ന്നുള്ള രീതിയില്‍ വേണം ഇരിക്കാന്‍. ചെറിയ തലയണയോ തുണി മടക്കിയതോ ഒക്കെ ഉപയോഗിക്കാം. കാല്‍മുട്ടുകള്‍ 90 ഡിഗ്രി മടക്കിെവയ്ക്കണം. കാല്‍പ്പാദങ്ങള്‍ തറയിലോ ചെറിയ പലകയിലോ ഒക്കെ ഉറപ്പിക്കുന്ന രീതിയില്‍ വേണം ഇരിക്കാന്‍. കാലുകള്‍ തൂക്കിയിടുന്നത് കാലില്‍ നീരുണ്ടാക്കിയേക്കാം. നാല്‍പത് മിനിറ്റില്‍ കൂടുതല്‍ ഒരേ രീതിയില്‍ ഇരിക്കുന്നത് ഒഴിവാക്കണം. അരമണിക്കൂറോ മുക്കാല്‍മണിക്കൂറോ ഇരുന്ന് കഴിഞ്ഞ് ഒരഞ്ചുമിനിറ്റ് എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യാം. അഞ്ചുമിനിറ്റിനുശേഷം കൂടുതല്‍ പ്രസരിപ്പോടെ ജോലി തുടരാം. കഴുത്തുവേദന, പുറംവേദന ഇവ ഒഴിവാക്കാന്‍ പതിനഞ്ച് മിനിറ്റ് കൂടുമ്പോള്‍ കഴുത്ത് ഇരുവശത്തേക്കും ചലിപ്പിക്കാം.  താഴോട്ടും മുകളിലോട്ടും കഴുത്ത് ഇളക്കുന്നതും വേദന കുറയാന്‍ സഹായിക്കും. 

വെള്ളം കുടിക്കാന്‍ മടിക്കേണ്ട

പല സ്ത്രീകളും മൂത്രമൊഴിക്കാതെ ഏറെ നേരം പിടിച്ചിരിക്കുന്ന സ്വഭാവക്കാരാണ്. പലപ്പോഴും സാഹചര്യങ്ങളാണ് അതിന് കാരണമാകാറ്. പുറത്തെവിടെയെങ്കിലും പോയാല്‍ വൃത്തിയുള്ള ടോയ്‌ലെറ്റ് കിട്ടാതിരിക്കുക, ടോയ്‌ലെറ്റേ ഇല്ലാതിരിക്കുക എന്നിവയെല്ലാം അതിനിടയാക്കും. വളരെ തിരക്കുള്ള സമയങ്ങളില്‍ അധ്യാപകരും ബാങ്ക് ജീവനക്കാരും മറ്റ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവരുമെല്ലാം  ഏറെനേരം മൂത്രമൊഴിക്കാതിരിക്കുന്നത് പതിവാണ്. ടോയ്‌ലെറ്റില്‍ പോകാന്‍ മടിച്ച് വെള്ളം കുടിക്കാതിരിക്കുന്നതും പലരുടെയും ശീലമാണ്. ഇത് രണ്ട് തരം അസുഖങ്ങളിലേക്ക് നയിക്കാം. ഒന്ന്, മൂത്രാശയ അണുബാധ. രണ്ടാമത്തേത് മൂത്രാശയത്തില്‍ കല്ലുകള്‍. 

ശ്രദ്ധിക്കേണ്ടത്: വേണ്ടത്ര വെള്ളം കുടിക്കണം. മൂത്രമൊഴിക്കേണ്ടി വരുമല്ലോ എന്നു കരുതി വെള്ളം കുടിക്കാതിരിക്കുന്നത് പാടേ ഒഴിവാക്കണം. മൂത്രം പിടിച്ചുവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
 
വയര്‍ കാലിയാക്കാറുണ്ടോ

ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുന്നത് തന്നെയാണ് മിക്കവരിലും ഉദരരോഗങ്ങളുണ്ടാക്കുന്നത്. രാവിലെ വീട്ടിലെ പണികളൊക്കെ ഒതുക്കി ഓടുന്നതിനിടയില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് മിക്കവരുടെയും ശീലമാണ്. അതുപോലെ തിരക്കുകള്‍ വന്നാല്‍ ഉച്ചഭക്ഷണം നീട്ടിവെയ്ക്കുകയും ചെയ്യും. ഇവയൊക്കെ ഉദരരോഗങ്ങള്‍ വിളിച്ചുവരുത്തും. അസിഡിറ്റി പ്രശ്‌നങ്ങള്‍, ആമാശയത്തില്‍നിന്നും അന്നനാളത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ തികട്ടിവരിക (GERD), ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നുക ഇവയൊക്കെ ഭക്ഷണം കൃത്യമായി കഴിക്കാത്തവരില്‍ കാണുന്ന പ്രശ്‌നങ്ങളാണ്.   

ശ്രദ്ധിക്കേണ്ടത്: ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമായും കഴിക്കുക. അതും സമയമെടുത്ത് സ്വസ്ഥമായിരുന്നുതന്നെ കഴിക്കണം. ഇടനേരങ്ങളില്‍ ധാരാളം വെള്ളം കുടിക്കുന്നതും ശീലമാക്കാം. ഇരുന്ന് ജോലി ചെയ്യുന്നവര്‍ എപ്പോഴും അടുത്ത് ബോട്ടിലില്‍ വെള്ളം കരുതുക. കട്‌ലറ്റ്, ബര്‍ഗര്‍ പോലെയുള്ള ആഹാരസാധനങ്ങള്‍ക്ക് പകരം ബിസ്‌കറ്റ്, പഴങ്ങള്‍ ഒക്കെ കഴിക്കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകുന്നില്ലെങ്കിലും ഇടനേരങ്ങളിലെങ്കിലും എന്തെങ്കിലും കഴിക്കുക. വയര്‍ കാലിയായിരിക്കുന്നത് ഒഴിവാക്കാനാണിത്.

ടെന്‍ഷനോട് ടെന്‍ഷന്‍

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ഇരട്ട ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. അവര്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കണം. ഒപ്പം ജോലിസ്ഥലത്തെ കാര്യങ്ങളും. പലതരത്തിലുള്ള സമ്മര്‍ദമുണ്ടാക്കാന്‍ ഇതുമതി. ഇതെല്ലാം ചേരുന്നതാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം. ഉത്കണ്ഠ, ആകാംക്ഷ പോലെയുള്ളവയും ഇതിന്റെ ഭാഗമാണ്. ആധിയില്‍നിന്ന് വ്യാധിയെന്ന് പറയും പോലെ ഈ ടെന്‍ഷനുകള്‍ പിന്നീട് ജീവിതശൈലീരോഗങ്ങള്‍ വരെ ആയേക്കാം. ഇത് പിന്നീട് രക്തസമ്മര്‍ദം കൂടുക, ഹൃദയാരോഗ്യം ദുര്‍ബലമാവുക, ഡയബറ്റിസ് തുടങ്ങിയവയിലേക്കും നയിക്കും. 

ശ്രദ്ധിക്കേണ്ടത്: ഇതൊഴിവാക്കാന്‍ റിലാക്‌സിങ് ടെക്‌നിക്കുകള്‍ ശീലമാക്കാം. യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കാം. ജോലി ആസ്വദിച്ച് ചെയ്യുക. എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കുക. ഇടയ്ക്കിടയ്ക്ക് ശ്വാസം നന്നായി അകത്തോട്ടെടുത്ത് പുറത്തേക്ക് വിടുന്നതും റിലാക്‌സേഷന് നല്ലതാണ്. പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഇത് ചെയ്തുനോക്കാം. ഉറക്കവും പ്രധാനമാണ്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങണം. കായികാധ്വാനം കൂടുതലുള്ള ജോലി ചെയ്യുന്നവര്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സമയം കണ്ടെത്തിയേ തീരൂ.

ഫിറ്റ്‌നസ് ശ്രദ്ധിക്കാം

തുടരെയുള്ള ഷിഫ്റ്റ് മാറ്റങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.  ഉറക്കമില്ലായ്മയാണ് ഇതില്‍ പ്രധാനവില്ലന്‍. മൈഗ്രേന്‍ പോലുള്ള അസുഖങ്ങള്‍ക്കും ഷിഫ്റ്റ് മാറ്റങ്ങള്‍ കാരണമാവാം. ഇതിന് പരിഹാരമായി അടിക്കടിയുള്ള ഷിഫ്റ്റ് മാറ്റങ്ങളൊഴിവാക്കാന്‍ നോക്കുക. ഒരു മാസമെങ്കിലും ഒരേ ഷിഫ്റ്റില്‍ തുടരാന്‍ ശ്രമിക്കുന്നതും ഗുണം ചെയ്യും. രാത്രിയാണ് ജോലിയെങ്കില്‍ പകല്‍ നന്നായി ഉറങ്ങുവാനും ഭക്ഷണം കൃത്യസമയത്ത് കഴിക്കാനും ശ്രദ്ധിക്കണം.