78-കാരനായ വേണുവിന് അടുത്ത കാലത്താണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തിയത്. രോഗത്തിന്റെ കാഠിന്യമായിരുന്നില്ല, വേണു ഭയപ്പെട്ടത്, തന്റെ ഈ പ്രായത്തില്‍ വന്നതിനെ ചൊല്ലിയുള്ള ആകുലതകളായിരുന്നു. തന്റെ ജീവിതാവസാനത്തിന്റെ തുടക്കമാണതെന്ന് വേണു കരുതി. വീട്ടുകാരോട് താനൊരു ബാധ്യതയാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായ ക്യാന്‍സര്‍ രോഗികള്‍ നേരിടുന്ന മാനസിക വ്യാകുലതകളുടെ നേര്‍ചിത്രമാണ് വേണുവിന്റേത്.

To advertise here,

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ സാധാരണമാണെങ്കിലും, ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുക എന്നത് ഒരാളുടെ സ്വാതന്ത്ര്യത്തെയും ജീവിതനിലവാരത്തെയും അസാധാരണമായി ബാധിക്കും. ഇവിടെയാണ് പ്രായമുള്ള ക്യാന്‍സര്‍ രോഗബാധിതരുടെ വൈകാരിക ആവശ്യങ്ങളെയും അഭിസംബോധന ചെയ്യുന്ന ജെരിയാട്രിക് സൈക്കോ- ഓങ്കോളജി സേവനത്തിന്റെ പ്രാധാന്യം.

ജെരിയാട്രിക് സൈക്കോ- ഓങ്കോളജിയുടെ ആവശ്യം
ഒരാള്‍ പ്രായമാകുന്തോറും ശാരീരികമായ പല അനാരോഗ്യങ്ങളിലൂടെയും കടന്നുപോകും. ക്യാന്‍സര്‍ രോഗബാധ ഉണ്ടെന്ന് കണ്ടെത്തുന്നത് ഈ ഭാരത്തെ അധികമാക്കുന്നത് പോലെയാണ്. ക്യാന്‍സര്‍ രോഗമാണെന്ന് അറിയുമ്പോള്‍ തന്നെ താന്‍ മരിക്കാന്‍ പോകുകയാണെന്ന ചിന്തയാണ് ആദ്യം വരിക. അത് ആശങ്ക വര്‍ദ്ധിപ്പിക്കും. ആരോഗ്യം ക്ഷയിക്കുമെന്ന ഭീതി, വര്‍ദ്ധിച്ചു വരുന്ന അസ്വസ്ഥകള്‍ ഒക്കെയും താന്‍ നിസഹായനാണെന്ന തോന്നലിലേക്കും തുടര്‍ന്ന് ചികിത്സ നിഷേധിക്കുന്നതിലേക്കും നയിച്ചേക്കാം.

പ്രായമായവരിലുണ്ടാകുന്ന വൈകാരിക സമ്മര്‍ദ്ദം വളരെ വലുതാണ്. അവര്‍ക്ക് ചികിത്സ തേടുക എന്നത്, പ്രതീക്ഷയുടെ കിരണമായല്ല അധിക ബാധ്യതയായാണ് തോന്നുക. മതിയായ വൈകാരിക പിന്തുണ കുടുംബത്തില്‍ നിന്നും തന്റെ ഏറ്റവുമടുത്ത ചുറ്റുപാടില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ അവര്‍ വിഷാദത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ വഴുതിവീണേക്കാം.

പ്രായമായ സ്ത്രീകള്‍, കഠിനമായ വേദന അനുഭവിച്ചാലും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നുപറയുന്നതില്‍ വിമുഖത കാട്ടുന്നവരാണ്. ഈ പ്രായത്തിലുള്ളവരില്‍ ശരീരത്തിന്റെ പ്രതിച്ഛായ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുറയുകയും ശ്രദ്ധ വേദന നിയന്ത്രിക്കുന്നതിലേക്കും പ്രവൃത്തിസ്വാതന്ത്ര്യത്തിലേക്ക് തിരിയുകയും ചെയ്യും. പ്രിയപ്പെട്ടവരെ വിട്ടുപിരിയുന്നതിന്റെ പേടിയും കുടുംബത്തിന് ഒരു ഭാരമായി മാറുമെന്ന ചിന്തയും വളരെ പ്രധാനമായ വൈകാരിക പ്രശ്‌നങ്ങളാണ്. ഇതിനൊപ്പം തന്നെ ഇവരെ ശുശ്രൂഷിക്കുന്നവര്‍ തന്നെ പലപ്പോഴും വൈകാരികമായി തളരും. 

ക്യാന്‍സര്‍ രോഗബാധ തിരിച്ചറിയുമ്പോഴുണ്ടാകുന്ന വൈകാരിക വെല്ലുവിളികളെ എങ്ങനെ നേരിടാം?
രോഗം സ്ഥിരീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സങ്കടം, വെറുപ്പ്, പേടി, ദേഷ്യം, ഞെട്ടല്‍, അവിശ്വാസം, നിരാശ, കുറ്റബോധം, നാണക്കേട് തുടങ്ങിയ വികാരങ്ങളെ നാം മാനിക്കണം. ജീവിതം തന്നെ മാറിമറിയുന്ന ഒരു കാര്യം നടക്കുമ്പോള്‍ ഇത്തരം വൈകാരിക പ്രകടനങ്ങള്‍ സാധാരണമാണ്. ഈ വികാരങ്ങളെ അംഗീകരിക്കുകയാണ് രോഗത്തെ നേരിടാനുള്ള ആദ്യപടി.

പ്രായമോ സമ്പത്തോ ഒന്നും നോക്കാതെ ആരെയും ഗ്രസിക്കാവുന്ന ഒന്നാണ് രോഗം എന്നത് മനസിലാക്കുക. ക്യാന്‍സര്‍ യാത്രയുടെ ഓരോ ഘട്ടവും കൃത്യമായ കാരണങ്ങള്‍, നേരിടേണ്ടി വരാവുന്ന വെല്ലുവിളികള്‍, അത് എങ്ങനെയൊക്കെ മറികടക്കാം എന്നിങ്ങനെ വിശദീകരിച്ചു നല്‍കുന്നത് രോഗിയ്ക്ക് ആത്മധൈര്യം നല്‍കാനും ആശങ്ക കുറയ്ക്കാനും സഹായിക്കും. മുന്‍പുണ്ടായ വേദനാജനകമായ ഓര്‍മ്മകളെ സുഖപ്പെടുത്തുന്നതു പോലെയുള്ള തെറാപ്യൂട്ടിക് തന്ത്രങ്ങള്‍ ഗുണം ചെയ്‌തേക്കും. അന്നുണ്ടായ സംഭവങ്ങള്‍ ഇന്ന് ഏതുവിധത്തില്‍ ആഘാതമേല്‍പ്പിച്ചുവെന്ന് മനസ്സിലാക്കുകയും മനപൂര്‍വ്വം അവയെ മാറ്റി നല്ല ഓര്‍മ്മകളെ കൊണ്ടുവരികയുമാണ് ഇതില്‍ ചെയ്യുന്നത്.

ഭയവും അനിശ്ചിതത്വവും നിയന്ത്രണവിധേയമാക്കുക
ഭയവും നാളെ എന്തെന്ന തോന്നലും ക്യാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള സ്വാഭാവിക പ്രതികരണങ്ങളാണ്. രോഗം, ചികിത്സയ്ക്കുള്ള വിവിധ മാര്‍ഗങ്ങള്‍, വരാന്‍ സാദ്ധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍, കുടുംബം, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ എന്നിവരുമായി തുറന്ന ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. ഉണ്ടാകുന്ന പേടിയും ആശങ്കകളും പങ്കുവയ്ക്കുന്നത് ആ ഭാരം കുറയ്ക്കാന്‍ സഹായിക്കും. മൈന്‍ഡ്ഫുള്‍നെസ് ടെക്‌നിക്ക്, പിരിമുറുക്കം കുറയ്ക്കാനുള്ള വ്യായാമം, ഇഷ്ട്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയും മാനസിക സമ്മര്‍ദ്ദവും ആശങ്കയും കുറയ്ക്കും. പ്രായമായവര്‍ക്ക് സമൂഹവുമായി ഒരു ബന്ധം ഉണ്ടാകുന്നതും ജീവിച്ചിരിക്കാന്‍ ഒരു കാരണവും ഉണ്ടായിരിക്കേണ്ടത് അവരുടെ വൈകാരിക സൗഖ്യത്തിന് അതിപ്രധാനമാണ്.

വേണുവിന്റെ കാര്യത്തില്‍, ജെറിയാട്രിക് സൈക്കോ-ഓങ്കോളജി ടീം അദ്ദേഹത്തിനും കുടുംബത്തിനും കൗണ്‍സിലിംഗും സപ്പോര്‍ട്ട് ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി നല്‍കുകയും അദ്ദേഹത്തിന്റെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിനുള്ള നുറുക്കുവിദ്യകളും നല്‍കി. അത് അദ്ദേഹത്തിന്റെ പേടി അകറ്റുക മാത്രമല്ല, ഇന്നില്‍ പൂര്‍ണമായും ജീവിക്കാനും ക്യാന്‍സര്‍ ബാധിതനായിട്ടും ജീവിതത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാനുള്ള ആത്മവിശ്വാസവുമേകി. ശരീരത്തിന് എത്ര ചികിത്സ ആവശ്യമോ അത്രതന്നെ മാനസിക പിന്തുണയും നല്‍കേണ്ടതുണ്ട്.ഇത് പ്രായമായവരെ അവരുടെ കാന്‍സര്‍ യാത്രയെ പ്രതീക്ഷയോടെ, നിയന്ത്രണബോധത്തോടെ നേരിടാന്‍ പ്രാപ്തരാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ അസുഖം ആഴത്തില്‍ ബാധിക്കുന്ന ഉറ്റവര്‍ക്കും മതിയായ പിന്തുണ നല്‍കുന്നു. ഇത്തരത്തില്‍ രോഗിയുടെയും അവരുടെ ഉറ്റവരുടെയും വൈകാരിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ജെരിയാട്രിക് സൈക്കോ ഓങ്കോളജി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്നു.

തയ്യാറാക്കിയത്:

  • എസ്. രാജ വെങ്കടേശ്വരി (സൈക്കോ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി)
  • അപര്‍ണ അന്ന മാത്യു (സൈക്കോ ഓങ്കോളജിസ്റ്റ്, ഒങ്കോളജി വിഭാഗം, ആസ്റ്റര്‍ മെഡ്‌സിറ്റി- കൊച്ചി)