
ഇന്ന് ലോക കാൻസർ ദിനം. കേരളത്തിന്റെ ആരോഗ്യമേഖല ലോകനിലവാരത്തിലേക്ക് ഉയരുമ്പോഴും, നിശബ്ദമായി പടരുന്ന കാൻസർ എന്ന രോഗാവസ്ഥ സംസ്ഥാനത്തിന് വലിയൊരു ഭീഷണിയായി മാറുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പുതിയ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകളിലെ ആശങ്ക
ജനസംഖ്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.
ദേശീയ ശരാശരി ഒരു ലക്ഷം പേരിൽ 98.5 പേരാണ് രോഗബാധിതരാകുന്നത്. കേരളത്തിൽ ഒരു ലക്ഷം പേരിൽ 173 പേർ (2014-ൽ ഇത് 114 ആയിരുന്നു). 2015-ൽ 39,672 ആയിരുന്ന കേസുകൾ 2024-ൽ 61,175 ആയി ഉയർന്നു. തമിഴ്‌നാട് (137), കർണാടക (139), ആന്ധ്രാപ്രദേശ് (144) തുടങ്ങിയ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ രോഗവ്യാപന തോത് വളരെ കൂടുതലാണെന്നത് ഗൗരവകരമായ സാഹചര്യമാണ്.
എന്തുകൊണ്ടാണ് കേരളത്തിൽ കാൻസർ കൂടുന്നത്?
കേരളത്തിൽ കാൻസർ കൂടുന്നതിന് പിന്നിൽ കുറേ കാരണങ്ങളുണ്ട്.
മാറുന്ന ജീവിതശൈലി: വ്യായാമമില്ലാത്ത ദിനചര്യകളും ഫാസ്റ്റ് ഫുഡ് സംസ്കാരവും കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ വർധിപ്പിച്ചു. ഇത് കാൻസർ സാധ്യതയെയും സ്വാധീനിക്കുന്നു.
ഉയർന്ന ആയുർദൈർഘ്യം: പ്രായം കൂടുന്തോറും കാൻസർ സാധ്യത വർധിക്കുന്നു. കേരളത്തിലെ ശരാശരി ആയുർദൈർഘ്യം കൂടുതലായതിനാൽ പ്രായമായവരിൽ സ്വാഭാവികമായും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു.
പരിശോധനാ സൗകര്യങ്ങൾ: കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും അവബോധവും കാരണം രോഗലക്ഷണങ്ങൾ ഉള്ളവർ വേഗത്തിൽ പരിശോധനയ്ക്ക് വിധേയരാകുന്നു. ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നു.
അവബോധവും സ്ക്രീനിങ്ങും
അനാരോഗ്യകരമായ ജീവിതശൈലി കാൻസറിന് കാരണമാകുമെന്ന് ഭൂരിഭാഗം ആളുകൾക്കും (ഏകദേശം 57%) ബോധ്യമുണ്ട്. പുകവലിയും മദ്യപാനവും രോഗസാധ്യത കൂട്ടുമെന്നും മലയാളികൾക്കറിയാം. എന്നാൽ, രോഗനിർണ്ണയ പ്രക്രിയകളിൽ നാം ഇന്നും പിന്നിലാണ്.
സ്ക്രീനിങ് ടെസ്റ്റുകൾ: കാൻസർ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ അത് കണ്ടെത്താനുള്ള 'സ്ക്രീനിങ്' പരിശോധനകളെക്കുറിച്ച് 80 ശതമാനത്തോളം പേർക്കും അറിവില്ല, അല്ലെങ്കിൽ അവർ അത് ചെയ്യുന്നില്ല.
പ്രതിരോധ വാക്സിനുകൾ: സെർവിക്കൽ കാൻസർ (ഗർഭാശയ ഗള കാൻസർ) പോലുള്ളവ വാക്സിനിലൂടെ പ്രതിരോധിക്കാമെന്ന അറിവ് കേവലം 15% ആളുകൾക്ക് മാത്രമാണുള്ളത്.
നേരത്തെയുള്ള കണ്ടെത്തൽ: ആദ്യഘട്ടത്തിൽ തന്നെ കാൻസർ തിരിച്ചറിഞ്ഞാൽ അത് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. ജനിതക പരിശോധനകളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.
ചികിത്സാ ചെലവും അതിജീവനവും
ആധുനിക ചികിത്സാ രീതികൾ ലഭ്യമാണെങ്കിലും, സാധാരണക്കാരായ പല കുടുംബങ്ങളെയും കാൻസർ ചികിത്സയുടെ സാമ്പത്തിക ബാധ്യത ആശങ്കപ്പെടുത്തുന്നുണ്ട്. സർക്കാർ തലത്തിൽ നിരവധി ആശ്വാസ പദ്ധതികൾ (കാരുണ്യ പോലുള്ളവ) നിലവിലുണ്ടെങ്കിലും, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് ചികിത്സ ഇന്നും വെല്ലുവിളിയാണ്. രോഗം വരാതെ നോക്കുന്നതിനൊപ്പം തന്നെ, ആരോഗ്യ ഇൻഷുറൻസ് പോലുള്ള സുരക്ഷാ മാർഗങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നത് ഈ സാമ്പത്തിക ആഘാതം കുറയ്ക്കാൻ സഹായിക്കും.
എന്തുകൊണ്ടാണ് കേരളത്തിൽ കാൻസർ ബാധിതരുടെ തോത് മറ്റ് സംസ്ഥാനങ്ങളെക്കാൾ കുടുന്നത് എന്നത് ഗൗരവമായി വിലയിരുത്തി പരിഹാരങ്ങൾ കാണേണ്ടതുണ്ട്. ഏതെങ്കിലും ഒരു കാരണം മാത്രമല്ല, ഒരുകൂട്ടം കാരണങ്ങൾ ഒത്തുചേരുന്ന സാഹചര്യമാണ് കാൻസർ കേസുകളുടെ വർധനവിന് കളമൊരുക്കുന്നതെന്ന് കാൻസർ ചികിത്സാ വിദഗ്‌ധർ വിലയിരുത്തുന്നു.
കേരളത്തെ സംബന്ധിച്ച് ജീവിതശൈലിയിൽ വന്ന പ്രകടമായ മാറ്റങ്ങൾ- പ്രത്യേകിച്ചും അനാരോഗ്യകരമായ ഭക്ഷണരീതികൾ, വ്യായാമക്കുറവ് എന്നിവയും ഉയർന്ന ജീവിതദൈർഘ്യവുമെല്ലാം സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം പരിശോധനകളിലൂടെ നേരത്തേ കണ്ടെത്തുന്നതും കണക്കുകളിൽ മുന്നിലെത്താനുള്ള ഒരു കാരണമായി വിലയിരുത്തുന്നു. എങ്കിലും ഇത്രയേറെ കാൻസർ ബാധിതർ ഉണ്ട് എന്നതും അത് തടയാനുള്ള വഴികൾ ഗൗരവത്തോടെ പരിഗണിക്കേണ്ടതും അത്യാവശ്യമാണ്. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രത പാലിക്കുകയാണ് വേണ്ടത്. ഭക്ഷണക്രമത്തിലെ നിയന്ത്രണം, കൃത്യമായ വ്യായാമം, ലഹരി പദാർത്ഥങ്ങളിൽ നിന്നുള്ള അകലം, കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധന എന്നിവയിലൂടെ നമുക്ക് കാൻസറിനെ ഒരു പരിധിവരെ തടയാനും അതിജീവിക്കാനും സാധിക്കും.
(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why cancer cases are rising in Kerala. Understand lifestyle changes, screening gaps, and prevention strategies for a healthier future. Learn more!
Published: 04 Feb 2026, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented