കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് നടി അഞ്ജു അരവിന്ദിന്റെ ജീവിതത്തിലെ വലിയൊരു വേദനയിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചത്. തന്റെ പ്രിയപ്പെട്ട ആന്റിയായ രാജമണിയുടെ മരണവും അതിന് പിന്നിലെ കാൻസറിന്റെ വൈകിയ തിരിച്ചറിവും സംബന്ധിച്ചായിരുന്നു ആ കുറിപ്പ്. എന്നാൽ അത് വെറുമൊരു മരണവാർത്തയല്ലായിരുന്നു. അഞ്ജുവിന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ഒരു സ്ത്രീയോടുള്ള സ്നേഹവും കടപ്പാടും നിറഞ്ഞ ഓർമക്കുറിപ്പായിരുന്നു.
70 വയസ്സുകാരിയായ രാജമണി, അഞ്ജുവിന്റെ അമ്മയുടെ സഹോദരിയാണ്. വയറുവേദനയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും ഏറെക്കാലം അത് ഗ്യാസ്ട്രബിളാണെന്ന് കരുതിയാണ് ചികിത്സ തുടർന്നത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് അതിവേഗം പടരുന്ന കാൻസറാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലെത്തി കരളിനെയും വൃക്കകളെയും ബാധിച്ചിരുന്നു. ‘ഇനി ഒരാളും ഇങ്ങനെ മരിക്കാൻ പാടില്ല’ എന്ന വേദനയാണ് അഞ്ജുവിന്റെ വാക്കുകളിൽ നിറയുന്നത്. ഡോക്ടർമാരെ വിശ്വസിച്ച് ചികിത്സ തേടുന്ന സാധാരണക്കാരുടെ ആശങ്കയും ഈ അനുഭവം പങ്കുവെക്കാൻ അവരെ പ്രേരിപ്പിച്ചു.
Also Read
കുറിപ്പിന്റെ പൂർണരൂപം:
“രാജാന്റി... അമ്മയുടെ അനിയത്തി മാത്രമായിരുന്നില്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റോൾ മോഡലുകളിൽ ഒരാൾ. ആന്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആന്റി. ഞാൻ ആദ്യമായി അങ്ങനെ ഒരാളെ കാണുന്നതും ആന്റിയിലൂടെയായിരുന്നു.
എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആന്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി. ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിന്ന് ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാന്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആന്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ ബി.എ എടുത്തത്. പിന്നീട് എം.എയും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാന്റി തന്നെയാണ്.
പക്ഷേ നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആന്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിളാണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്‌കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത... തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി. പ്രണാമം..."
കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ആ വിഷമത്തെക്കുറിച്ചും രാജം ആന്റിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അഞ്ജു അരവിന്ദ് തുറന്നു പറയുന്നു.

“ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ഈ പോസ്റ്റ് ഇട്ടത്. ഒരു രോഗം കൃത്യസമയത്ത് കണ്ടെത്തുന്നതിന്റെ പ്രാധാന്യം പറയാനാണ്. നമ്മളെല്ലാവരും ഡോക്ടർമാരെ വിശ്വസിച്ചാണ് ചികിത്സ തേടുന്നത്. ആന്റിയും അങ്ങനെയായിരുന്നു. ഡോക്ടർ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കുമായിരുന്നു. പക്ഷേ നഷ്ടം സംഭവിച്ചുകഴിഞ്ഞാൽ ആ വേദന കുടുംബത്തിനാണ്. ഇനി ഒരാളും ഇങ്ങനെ മരിക്കാൻ പാടില്ല എന്ന സങ്കടമാണ് ഞാൻ പങ്കുവെച്ചത്.
ഇന്ന് ആന്റിയുടെ ഡയറി വായിക്കുമ്പോൾ ഹൃദയം തകരുന്നു. ‘എന്റെ പ്രാർഥന കേൾക്കൂ ദൈവമേ’ എന്നൊക്കെയുള്ള വരികൾ കാണുമ്പോൾ സഹിക്കാനാവുന്നില്ല.
ആന്റിക്ക് 70 വയസ്സായിരുന്നു. അമ്മയ്ക്ക് അഞ്ച് സഹോദരിമാരാണ്. അമ്മയുടെ നേരെ അനിയത്തിയാണ് ആന്റി. തലശ്ശേരിയിലെ പഴശ്ശിയിലായിരുന്നു വീട്. വിവാഹശേഷം കുറേക്കാലം നോർത്തിൽ ജീവിച്ചു. ഇടയ്ക്ക് നാട്ടിൽ വരുമായിരുന്നു. അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടിൽ ഏറ്റവും ഫാഷനബിളായി നടന്നിരുന്ന സ്ത്രീകളിൽ ഒരാളാണ് ആന്റി. നല്ല ഡ്രസ് സെൻസുള്ള, അസാധ്യ കുക്കായ ഒരാൾ. കുടുംബത്തിലെ പാചകവിദഗ്ധ. ആന്റിയുടെ റെസിപ്പികളാണ് ഞാനൊക്കെ പരീക്ഷിച്ചിരുന്നത്. വീട്ടിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു.
ഞാൻ ചെറുപ്പത്തിൽ ഭരതനാട്യം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, സംഘനൃത്തം തുടങ്ങി എല്ലാത്തിനും പങ്കെടുക്കുമായിരുന്നു. ഓരോ പരിപാടിക്കും പുതിയ ഡാൻസ് കോസ്റ്റ്യൂം വേണം. അന്ന് അതെല്ലാം ഒരുക്കുക വീട്ടുകാർക്ക് എളുപ്പമായിരുന്നില്ല. എന്റെ അമ്മ സ്‌കൂൾ ടീച്ചറായിരുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചുതരാൻ അമ്മ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. കുച്ചുപ്പുടി പഠിക്കാൻ തുടങ്ങിയ സമയത്താണ് ആന്റി എനിക്ക് ഒരു മനോഹരമായ കാഞ്ചീപുരം സാരി തന്നത്. ‘ഇതുകൊണ്ട് നീ ഡ്രസ് തയ്പ്പിക്ക്’ എന്ന് പറഞ്ഞു. ആ സാരി കൊണ്ടുണ്ടാക്കിയ വേഷം ധരിച്ചാണ് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ യുവജനോത്സവ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തത്. ആ കോസ്റ്റ്യൂമണിഞ്ഞ് നൃത്തം ചെയ്ത് ഞാൻ കണ്ണൂർ ജില്ലാ കലാതിലകമായി. പിന്നീട് സംസ്ഥാന യുവജനോത്സവ വേദികളിലും അണിഞ്ഞത് അതേ കോസ്റ്റ്യൂമായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ ഇന്നും മനസ്സ് നിറയും.

സിനിമയിലേക്കുള്ള എന്റെ യാത്രയുടെ തുടക്കത്തിലും രാജം ആന്റിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഞാൻ സിനിമയിലേക്ക് വരാൻ നിമിത്തമായത് തന്നെ ആന്റിയാണ്. എം.ഇ.എസ് കോളേജിൽ പഠിച്ച രണ്ട് വർഷവും ആന്റിയുടെ വീട്ടിലായിരുന്നു താമസം. അവിടെവെച്ചുണ്ടായ പരിചയങ്ങളിലൂടെയാണ് പിന്നീട് സിനിമയിലേക്കുള്ള വഴികൾ തുറന്നത്. അങ്കിളിന്റെ സുഹൃത്തായ പി.വി. ഗംഗാധരൻ സാർ എന്നെ കാണുന്നതും പിന്നീട് സിനിമയിലേക്കുള്ള യാത്രയ്ക്ക് വഴിതുറക്കുന്നതുമൊക്കെ. സിനിമയിൽ വരുന്നതിന് മുന്നോടിയായി ‘ഗൃഹലക്ഷ്മി’ മാസികയിൽ എന്റെ ഒരു കവർ ഫോട്ടോ വന്നിരുന്നു. ആ ചിത്രത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്നത് ആന്റിയുടെ മകളായിരുന്നു. ആ ഫോട്ടോ ഉപയോഗിച്ച് പിന്നീട് കുറേ കാലം വിഷു ആശംസാ കാർഡുകൾ ഉണ്ടാക്കി എല്ലാവർക്കും നൽകുമായിരുന്നു. ആ കാർഡുകളും ഫോട്ടോകളും ഇന്നും ആന്റി സൂക്ഷിച്ചുവെച്ചിരുന്നു. അത്രയും ആത്മബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ.
എന്റെ ആദ്യ വിവാഹജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡിപ്രഷനിലായി വീട്ടിൽ നിൽക്കുന്ന സമയത്താണ് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം കണ്ടിട്ട് ‘അഞ്ജു, നൃത്തം പഠിച്ചതല്ലേ, ബി.എയ്ക്ക് അപേക്ഷിക്ക്’ എന്ന് ആന്റി പറയുന്നത്. അങ്ങനെ ഞാൻ ബി.എ പഠിച്ചു. പിന്നീട് ആർ.എൽ.വി കോളേജിൽ നിന്ന് എം.എയും പൂർത്തിയാക്കി. ഇന്ന് എനിക്ക് മറ്റുള്ളവരെ സഹായിക്കാനാകുന്ന ഒരു നിലയിലെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആന്റിയുടെ വലിയ പങ്കുണ്ട്.
ഈയടുത്ത് ഒരു ചാനലിൽ ഒരു ഷൂട്ട് നടത്തിയിരുന്നു. അതിന് പോകുന്നതിനുമുമ്പ് ഞാൻ ആന്റിയെ വിളിച്ചിരുന്നു. ‘നീ പോയിട്ട് വാ, നന്നായി ചെയ്തു വാ’ എന്ന് പറഞ്ഞു. അത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ആന്റി കാണാനില്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. പക്ഷേ നമ്മുടെ പ്രിയപ്പെട്ടവർ പോകുമ്പോൾ അത് താങ്ങാനുള്ള കരുത്തും ദൈവം തരുമല്ലോ...
ആന്റിക്ക് കാൻസറാണെന്ന് അറിയുന്നത് രണ്ട് മൂന്ന് മാസം മുമ്പാണ്. വളരെ വേഗത്തിൽ പടരുന്ന കാൻസറായിരുന്നു. നാലാം ഘട്ടത്തിലെത്തിയിരുന്നു. കരളിനെയും വൃക്കയെയും ബാധിച്ചു. പക്ഷേ ആന്റിയോട് ആരും രോഗത്തിന്റെ യഥാർഥ അവസ്ഥ പറഞ്ഞിരുന്നില്ല. അവസാന നിമിഷം വരെ വീട്ടിൽ തന്നെ കഴിയണമെന്നായിരുന്നു ആഗ്രഹം.
മരിക്കുന്ന ദിവസം പുലർച്ചെ അബോധാവസ്ഥയിൽ “അമ്മേ, ഒരു സെക്കന്റ്... ചേച്ചീ എനിക്ക് സമ്മതം താ ഞാൻ തറവാട്ടിലേക്ക് പോവട്ടെ” എന്ന് ചോദിച്ചിരുന്നുവത്രെ. അതായിരുന്നു അവസാന വാക്കുകൾ. തറവാട്ട് ശ്മശാനത്തിലാണ് ആന്റിയെയും കൊണ്ടുപോയത്... ജീവിച്ചിരിക്കുമ്പോൾ എങ്ങനെ അണിഞ്ഞൊരുങ്ങി നടന്നിരുന്നോ, അതേ ഭംഗിയോടെയും അതേ സ്നേഹത്തോടെയുമാണ് ഞങ്ങൾ ആന്റിയെ അവസാന യാത്രയ്ക്കായി ഒരുക്കിയത്.
ഞാൻ പഠിക്കട്ടെ, ജീവിതത്തിൽ മുന്നോട്ട് പോകട്ടെ എന്ന് കരുതി സ്വന്തം മകളെപ്പോലെ സ്നേഹിച്ച് കൂടെനിന്ന ആളാണ് ആന്റി. അതുകൊണ്ടുതന്നെ ഇത് കടപ്പാട് എന്നൊരു വാക്കിൽ ഒതുക്കാനാവില്ല. ആന്റിയെക്കുറിച്ച് ആളുകൾ അറിയണം എന്ന് തോന്നി. അതുകൊണ്ടാണ് ആ ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. എന്റെ ജീവിതത്തിൽ രാജം ആന്റി തെളിച്ച വെളിച്ചം ഒരിക്കലും അണയില്ല. ഞാൻ എവിടെയെത്തിയാലും, എന്തായാലും, അതിൽ രാജം ആന്റിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു പങ്ക് എന്നും ഉണ്ടാകും...”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anju Aravind shares the pain behind her viral Facebook post on her aunt Rajam's death
Published: 11 Jun 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented