നന്നായി ഉറങ്ങണമെങ്കിൽ കിടപ്പുമുറിയിലെ താപനിലയും ഉറങ്ങുന്ന സമയവുമെല്ലാം പ്രധാനമാണ്. എന്നാൽ അതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, അത്താഴത്തിന് കഴിക്കുന്ന ഭക്ഷണം. ദഹനവും ഉറക്കവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രിയിലെ അത്താഴം ശരിയായി തിരഞ്ഞെടുത്താൽ വയറിന് അസ്വസ്ഥതയുണ്ടാകാതെ ഉറങ്ങാൻ സഹായിക്കും. രാത്രിയിലെ അത്താഴം കുടലിന്റെ വിശ്രമത്തിനും സ്വാഭാവികമായ പുനരുജ്ജീവന പ്രക്രിയയ്ക്കും സഹായിക്കുന്ന തരത്തിലായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. 

To advertise here,

അത്താഴത്തിൽ എന്തൊക്കെ വേണം?
കുടലിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഫൈബർ. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ ഫൈബറിന്റെ നല്ല ഉറവിടങ്ങളാണ്. ഇവ കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനും അതുവഴി വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും ഫൈബർ സഹായിക്കും.

കുടലിന്റെ ആരോഗ്യത്തിന് മികച്ച 5 അത്താഴങ്ങ

മധുരക്കിഴങ്ങ്: രുചിയും പോഷകഗുണങ്ങളും ഒരുപോലെ നൽകുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഒരു ഇടത്തരം മധുരക്കിഴങ്ങിൽ ഏകദേശം നാല് ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യത്തിന് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. മലബന്ധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കാനും മധുരക്കിഴങ്ങിന് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലടങ്ങിയ റെസിസ്റ്റന്റ് സ്റ്റാർച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമാകാനും സഹായിക്കും. വേവിച്ചോ ചുട്ടോ ഗ്രിൽ ചെയ്‌തോ എയർ ഫ്രൈ ചെയ്‌തോ മധുരക്കിഴങ്ങ് കഴിക്കാം. 

സാൽമണും ബ്രോക്കോളിയും: സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. കുടലിന്റെ സംരക്ഷണ പാളിയുടെ ആരോഗ്യം നിലനിർത്താൻ ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് തുടങ്ങിയ പോഷകങ്ങളും സാൽമണിൽ ലഭിക്കും. സാൽമണിനൊപ്പം ചെറുതായി വഴറ്റിയ ബ്രോക്കോളി ചേർക്കാം. 

പരിപ്പ് അല്ലെങ്കിൽ ബോൺ ബ്രോത്ത് സൂപ്പ്: രാത്രിയിൽ ചൂടുള്ള ഒരു കപ്പ് സൂപ്പ് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പരിപ്പ് സൂപ്പോ ബോൺ ബ്രോത്ത് സൂപ്പോ നല്ലൊരു ഓപ്ഷനാണ്. പരിപ്പ് ഫൈബറിന്റെ നല്ല ഉറവിടമാണ്. ബോൺ ബ്രോത്ത് എളുപ്പത്തിൽ ദഹിക്കുന്നതും കൊളാജൻ ഉൾപ്പെടെയുള്ള ഘടകങ്ങൾ ലഭ്യമാക്കുന്നതുമായ ഭക്ഷണമാണ്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ വയറിന് സുഖകരമായ ഒരു അത്താഴമായി ഇത് തിരഞ്ഞെടുക്കാം.

വേവിച്ച ഇലക്കറികൾ, ക്വിനോവ, അവക്കാഡോ: രാത്രിയിൽ അസംസ്‌കൃത പച്ചക്കറികൾക്ക് പകരം വേവിച്ച ഇലക്കറികളും മറ്റ് പച്ചക്കറികളും കഴിക്കുന്നത് ചിലർക്ക് കൂടുതൽ എളുപ്പത്തിൽ ദഹിക്കാം. ബ്രോക്കോളി പോലുള്ള പച്ചക്കറികളും ഇലക്കറികളും ഫൈബർ നൽകും. ഇതിനൊപ്പം ക്വിനോവ ചേർക്കാം. പതുക്കെ ദഹിക്കുന്ന ഫൈബർ ലഭിക്കുന്നതിനാൽ രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കാം. ഫൈബറും പ്രീബയോട്ടിക്‌സും അടങ്ങിയ അവക്കാഡോ കൂടി ചേർത്താൽ ഗുണകരമായ ബാക്ടീരിയകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കും. 

മഞ്ഞളും ഇഞ്ചിയും ചേർത്ത വിഭവങ്ങൾ: രുചി കൂട്ടുന്നതിനൊപ്പം മഞ്ഞളും ഇഞ്ചിയും ദഹനത്തിനും സഹായകമാകുന്ന ചേരുവകളാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും ദഹനപ്രക്രിയയെ പിന്തുണയ്ക്കാനും ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. മഞ്ഞൾ ചേർത്ത ചിക്കൻ കറി, കടല കറി തുടങ്ങിയവ അത്താഴത്തിന് പരീക്ഷിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത ചെമ്മീൻ സ്റ്റിർ-ഫ്രൈയും മറ്റൊരു ഓപ്ഷനാണ്.

ഭക്ഷണം മാത്രമല്ല, സമയവും പ്രധാനം
കുടലിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് അത്താഴം കഴിച്ച് തീർക്കുന്നതാണ് നല്ലത്. ഭക്ഷണം ദഹിക്കാൻ സമയം ലഭിക്കുന്നതിനൊപ്പം കിടന്ന ഉടനെയുള്ള ആസിഡ് റിഫ്‌ലക്‌സും അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് സഹായിക്കും.

എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് അത്താഴം കഴിക്കുന്ന ശീലവും ഗുണകരമാണ്. നമ്മുടെ ശരീരത്തിന് ഒരു ദിനചര്യ ഇഷ്ടമാണ്. ഭക്ഷണത്തിനും ഉറക്കത്തിനും കൃത്യമായ സമയക്രമം പാലിക്കുന്നത് രാത്രിയിലെ വിശ്രമത്തെ പിന്തുണയ്ക്കും.
ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അമിതമായ അളവിൽ കഴിച്ചാൽ പ്രശ്‌നമാകാം. വളരെ വലിയ അത്താഴം വയറ്റിൽ ഭാരമായി തോന്നുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യാം. അതിനാൽ രാത്രി ഭക്ഷണം ലളിതവും ഫൈബർ സമ്പന്നവും മിതമായ അളവിലുമാക്കാം. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi