കാന്‍സറിനോട് പോരാടി ജീവിതം തിരിച്ചു പിടിച്ച ബോളിവുഡ് താരമാണ് സൊനാലി ബിന്ദ്രെ. കാന്‍സറിനെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും വീണ്ടും ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് സൊനാലി. 2018-ല്‍ കാന്‍സര്‍ സ്ഥിരീകരിച്ച താരം, ന്യൂയോര്‍ക്കില്‍ ചികിത്സ തേടിയിരുന്നു. ഭര്‍ത്താവ് ഗോള്‍ഡി ബെഹ്ലിന്റെ പിന്തുണ തന്റെ രോഗമുക്തിയില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് അവര്‍ പങ്കുവെച്ചു.

To advertise here,

ഭാരതി സിങിന്റെയും ഹാര്‍ഷ് ലിംബാച്ചിയയുടെയും യൂട്യൂബ് പോഡ്കാസ്റ്റായ 'ഭാരതി ടിവി'യില്‍ സൊനാലി അടുത്തിടെ അതിഥിയായി എത്തിയിരുന്നു. ഈ സംഭാഷണത്തിനിടയില്‍, അവര്‍ തന്റെ രോഗത്തെക്കുറിച്ചും അന്നത്തെ അവസ്ഥയുടെ ഗൗരവത്തെക്കുറിച്ചും സംസാരിച്ചു.

“ ഞാന്‍ പലപ്പോഴും അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയായിരുന്നു. എനിക്ക് അന്ന് വലിയ പിന്തുണയുണ്ടായിരുന്നു. ശരിയാകുമായിരിക്കും, നോക്കാം. മകന്‍ ചെറുതല്ലേ. ഇതൊക്കെയായിരുന്നു മനസ്സില്‍. പക്ഷേ ഗോള്‍ഡി പറഞ്ഞു, 'ഇപ്പോള്‍ നമ്മള്‍ ചികിത്സക്കായി പോകുകയാണ്’.''

വീട്ടിലെ വാതിലുകളും അലമാരകളും പൂട്ടിയിട്ടുണ്ടോ എന്നോര്‍ത്ത്, യാത്രയിലുടനീളം താന്‍ ഭര്‍ത്താവുമായി തര്‍ക്കിച്ചിരുന്നുവെന്നും ആ സമയത്ത്, തന്റെ ആരോഗ്യത്തേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്ന് ഭര്‍ത്താവ് അവരെ ഓര്‍മ്മിപ്പിച്ചു എന്നും സൊനാലി വെളിപ്പെടുത്തി.

 ''ചികിത്സക്കായി ന്യൂയോര്‍ക്കില്‍ ചെന്ന്, സാഹചര്യം എത്രത്തോളം മോശമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒന്ന്-രണ്ട് ആഴ്ചകള്‍ക്ക് ശേഷം കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മാറി'' പെട്ടെന്ന് ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിന് ഭര്‍ത്താവിനോട് നന്ദി പറഞ്ഞുവെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.

'അതൊരു അതിവേഗം വളരുന്ന കാന്‍സറായിരുന്നു. അതിനാല്‍ ഓരോ ദിവസവും ശരീരം മാറുകയാണ്. കാത്തിരിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു,' നടി ഓര്‍മ്മിച്ചു. താനും ഗോള്‍ഡിയും ഒരു അപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കുന്നതിനുമുമ്പ് തന്നെ ചികിത്സ ആരംഭിച്ചിരുന്നുവെന്നും 50 വയസ്സുകാരിയായ നടി കൂട്ടിച്ചേര്‍ത്തു.

''ചികിത്സ അത്രയേറെ അടിയന്തിരമായിരുന്നു. അതിനാല്‍ അദ്ദേഹം എന്നെ കൊണ്ടുപോയത് ഒരു തരത്തില്‍ നന്നായി,'' ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ വിട്ടിരുന്നെങ്കില്‍, കാര്യങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് അറിയാതെ താന്‍ ആ പ്രക്രിയ വൈകിപ്പിക്കുമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

2021-ലാണ് സൊനാലി ബിന്ദ്രെ കാന്‍സര്‍ മുക്തയായത്. ചികിത്സയ്ക്ക് ശേഷം, ശരീരത്തിലുണ്ടായ മാറ്റങ്ങളെ അവര്‍ പൂര്‍ണ മനസ്സോടെ സ്വീകരിച്ചു, അതിനുശേഷം രോഗത്തെക്കുറിച്ചും അതിജീവനത്തിന്റെ ശക്തിയെക്കുറിച്ചും അവബോധം വളര്‍ത്താന്‍ അവര്‍ പൊതുവേദികളില്‍ അതേക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.

സര്‍ഫറോഷ്, ഹം സാത് സാത് ഹേ, കല്‍ ഹോ ന ഹോ എന്നീ ചിത്രങ്ങളിലാണ് സൊനാലി അഭിനയിച്ചിട്ടുളളത്. താരം അഭിനയിക്കുന്ന ക്രൈം-ത്രില്ലര്‍ സീരീസായ റാഖ് അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi