മറ്റെല്ലാ താരങ്ങളെയും പോലെ ഷാരൂഖ് ഖാൻ സോഷ്യൽമീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ ആരാധകരുമായി ഇടയ്ക്ക് അദ്ദേഹം സംവദിക്കുമ്പോൾ അത് സൂപ്പർഹിറ്റായി മാറാറുമുണ്ട്. കഴിഞ്ഞ ദിവസം 'എക്‌സി'ൽ #AskSRK-യിലൂടെ ആരാധകരുമായി പല കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. അതിനിടയിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായി 'ധുരന്ധറി'നെ പ്രശംസിക്കുകയും ചെയ്തു താരം.

To advertise here,

അതിനിടെ ഒരാൾ ചോദിച്ച ചോദ്യമിങ്ങനെ, ''ആത്മാർഥമായി പറഞ്ഞാൽ, യഥാർത്ഥജീവിതത്തിൽ ഒരു രാജാവിനെപ്പോലെ (KING-like) നിങ്ങൾ ചെയ്യുന്ന ഒരു കാര്യം എന്താണ്?''. ഷാരൂഖ് പറഞ്ഞ മറുപടി വളരെ പെട്ടെന്ന് തന്നെ വൈറലായി. അതിങ്ങനെയായിരുന്നു, ''ഷൂട്ടിങ്ങിന് പോകുന്നത് വൈകിയാലും ശരി, ആരെങ്കിലും എന്നോട് സംസാരിക്കുന്നതിന് മുൻപ് കിടക്കയിൽ കിടന്നുതന്നെ മൂന്ന് കപ്പ് കാപ്പി കുടിച്ചിരിക്കും. പിന്നെ ഷൂട്ടിങ് സെറ്റിലെത്തുമ്പോൾ വൈകിയതിന് വഴക്ക് കേൾക്കേണ്ടി വരും; അപ്പോൾ ആ 'രാജകീയ' (Kingly) ഭാവമൊന്നും ബാക്കിയുണ്ടാവില്ല''.

മുമ്പ് ഒരഭിമുഖത്തിലും തന്റെ ഭക്ഷണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. ''ഞാൻ ദിവസവും രണ്ടുനേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ, ഉച്ചഭക്ഷണവും അത്താഴവും. ഈ രണ്ടുനേരത്തെ ഭക്ഷണം അല്ലാതെ മറ്റൊന്നും ഞാൻ കഴിക്കാറില്ല. എനിക്ക് അമിതമായി അലങ്കരിച്ചതോ വിശിഷ്ടമായതോ ആയ വിഭവങ്ങൾ (fancy foods) ഇഷ്ടമല്ല. മുളപ്പിച്ച ധാന്യങ്ങൾ, ഗ്രിൽ ചെയ്ത ചിക്കൻ, ബ്രൊക്കോളി, പിന്നെ ഇടയ്ക്ക് അല്പം പരിപ്പ് കറി എന്നിവയാണ് ഞാൻ കഴിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ദിവസവും ഇതേ ഭക്ഷണക്രമം തന്നെയാണ് ഞാൻ പിന്തുടരുന്നത്''.

എങ്കിലും ആരെങ്കിലും സ്‌നേഹത്തോടെ നൽകുന്ന ഭക്ഷണം താൻ ഒരിക്കലും നിരസിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ബിരിയാണി, റോട്ടി, പൊറോട്ട, നെയ്യിൽ പാകം ചെയ്ത ഭക്ഷണം, അല്ലെങ്കിൽ ഒരു ഗ്ലാസ് ലസ്സി...അങ്ങനെ അവർ സ്‌നേഹത്തോടെ വിളമ്പുന്നതെന്തും ഞാൻ കഴിക്കാറുണ്ട്. മറ്റുള്ളവരോടൊപ്പം ഭക്ഷണം പങ്കിടുന്ന കാര്യത്തിൽ ഞാൻ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താറില്ല'', അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഒരു കഥാപാത്രത്തിനായി തയ്യാറെടുക്കുമ്പോൾ ഇതൊന്നുമല്ല അദ്ദേഹത്തിന്റെ ഭക്ഷണരീതി. ആ സമയത്ത് വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, പഞ്ചസാര, മദ്യം എന്നിവ പൂർണമായും ഒഴിവാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പകരം, ആരോഗ്യം നിലനിർത്താൻ അദ്ദേഹം പയർവർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, ഗ്രിൽഡ് ചിക്കൻ എന്നിവയെ ആശ്രയിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi