കഴിഞ്ഞ വർഷമാണ് പ്രമുഖ ടെലിവിഷൻ താരം ദീപിക കക്കറിന് മാരകമായ ട്യൂമർ കണ്ടെത്തിയത്. കരളിൽ ടെന്നീസ് ബോളിൻ്റെ വലുപ്പമുള്ള ട്യൂമറിനെ തുടർന്ന് നടന്ന ശസ്ത്രക്രിയയിലൂടെ അവരുടെ കരളിൻ്റെ 22 ശതമാനത്തോളം നീക്കം ചെയ്തിരുന്നു.
ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം തൻ്റെ പുതിയ യൂട്യൂബ് വ്ളോഗിലൂടെയാണ് ദീപികയ്ക്ക് പുതിയതായി ഒരു സിസ്റ്റ് കണ്ടെത്തിയ വിവരം പങ്കുവെച്ചത്. ഇതേത്തുടർന്ന് ഈ ആഴ്ച ദീപികയെ മറ്റൊരു വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയയാക്കും.
വെള്ളിയാഴ്ച ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്തതിന് ശേഷമാണ് ദീപികയുടെ ആരോഗ്യനില വഷളായത്. ശനിയാഴ്ച മുഴുവൻ ആശുപത്രി സന്ദർശനങ്ങളായിരുന്നുവെന്ന് ഷോയിബ് പറഞ്ഞു. "കഴിഞ്ഞ രണ്ട് ദിവസമായി ദീപികയ്ക്ക് ചെറിയ വയറുവേദന ഉണ്ടായിരുന്നു, വെള്ളിയാഴ്ച രാത്രിയോടെ അത് കൂടി. സിടി സ്കാനിൽ ദീപികയ്ക്ക് 13 മില്ലിമീറ്റർ (1.3 സെൻ്റീമീറ്റർ) വലുപ്പമുള്ള മറ്റൊരു സിസ്റ്റ് കൂടി ഉണ്ടെന്ന് കണ്ടെത്തി," ഷോയിബ് വ്യക്തമാക്കി.
വയറുവേദനയ്‌ക്കൊപ്പം തനിക്ക് തോളിൽ വേദനയും അനുഭവപ്പെട്ടതായി ദീപിക പറഞ്ഞു. എന്നാൽ ഇടത് തോളിലെ വേദന ഈ സിസ്റ്റ് മൂലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗം വീണ്ടും വരാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെട്ട ട്യൂമറായതിനാൽ കൃത്യമായ പരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർമാർ നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഡിസംബറിൽ നടത്തിയ പെറ്റ് സ്കാനിൽ ഇത് കണ്ടിരുന്നില്ല. ഇപ്പോൾ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനായത് ആശ്വാസകരമാണ്. ഇതൊരു വലിയ ശസ്ത്രക്രിയ ആയിരിക്കില്ല. സിസ്റ്റ് കരിച്ചു കളയുന്ന രീതിയായിരിക്കും സ്വീകരിക്കുക. ഇതിനായി ദീപികയെ 3-4 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കും. ചൊവ്വാഴ്ചയായിരിക്കും ഈ നടപടിക്രമം നടക്കുക എന്നൊക്കെ താരം പങ്കുവെച്ചു.
അതിന് ശേഷം ദീപികയുടെ ക്യാൻസർ ചികിത്സയിൽ മാറ്റം വന്നേക്കാമെന്നും, ഗുളിക രൂപത്തിലുള്ള കീമോതെറാപ്പിക്ക് പകരം ഇമ്മ്യൂണോതെറാപ്പി നൽകുവാനുമാണ് ഡോക്ടർമാരുടെ നിർദ്ദേശം.
"ജീവിതം ഇങ്ങനെയാണ്. എന്നെപ്പോലെ രോഗത്തോട് പോരാടുന്നവർ ഇത്തരം തടസ്സങ്ങൾ വരുമ്പോൾ, തളരാതെ നേരിടണം. പേടി തോന്നും, എനിക്കും ഇന്ന് രാവിലെ പേടിയുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് ഇത് കണ്ടെത്താനായതിൽ സന്തോഷമുണ്ട്. ചെറിയ വേദന പോലും അവഗണിക്കരുത്," ദീപിക തൻ്റെ വ്ലോഗിൽ കൂട്ടിച്ചേർത്തു.
2018-ലാണ് ദീപികയും ഷോയിബും വിവാഹിതരായത്. ഇവർക്ക് റുഹാൻ എന്നൊരു മകനുണ്ട്. കഴിഞ്ഞ വർഷം സ്റ്റേജ് 2 ലിവർ ക്യാൻസർ സ്ഥിരീകരിച്ചത് മുതൽ ദീപിക ചികിത്സയിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: TV star Deepika Kakkar undergoes further medical checks after a new cyst is discovered following her liver cancer treatment. Learn about her journey and resilience.
Published: 23 Feb 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented