അത്താഴം കഴിച്ചയുടൻ കിടക്കുകയാണോ പതിവ്? രാവിലെ എഴുന്നേൽക്കുമ്പോൾ വയറിന് ഭാരം, അസ്വസ്ഥത എന്നിവ അനുഭവപ്പെടാറുണ്ടോ? എങ്കിൽ അത്താഴശേഷം ചെറിയൊരു നടത്തം ശീലമാക്കാം. ഭക്ഷണശേഷം 10-20 മിനിറ്റ് ലളിതമായി നടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഭക്ഷണം കഴിച്ച ശേഷം ശരീരം അനങ്ങാതെ ഇരിക്കുന്നതിന് പകരം അൽപനേരം നടക്കുന്നത് ദഹനത്തെ സഹായിക്കാനും ഭക്ഷണശേഷം ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയറുവീർക്കുന്നത് കുറയ്ക്കാനും സഹായിച്ചേക്കാം. അത്താഴശേഷം നടക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ കൂടി നോക്കാം...

To advertise here,

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും
ഭക്ഷണം കഴിച്ചശേഷമുള്ള ചെറിയ നടത്തം ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഇതിലൂടെ ഭക്ഷണം ദഹനനാളത്തിലൂടെ മുന്നോട്ട് നീങ്ങാൻ സഹായകമാകാം. അത്താഴത്തിന് ശേഷം അനുഭവപ്പെടുന്ന വയറുനിറഞ്ഞതുപോലുള്ള ഭാരവും അസ്വസ്ഥതയും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും
ഭക്ഷണശേഷം നടക്കുമ്പോൾ പേശികൾക്ക് പ്രവർത്തിക്കാൻ ഊർജം ആവശ്യമായി വരും. അതിനായി രക്തത്തിലെ ഗ്ലൂക്കോസ് പേശികൾ ഉപയോഗിക്കുന്നു. ഇതുവഴി ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ തുടരുന്ന സമയം കുറയ്ക്കാൻ സഹായിക്കാം. ഭക്ഷണശേഷമുള്ള ചെറിയ ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. 

വയറുവീർക്കൽ കുറയ്ക്കാം
അമിതമായി ഭക്ഷണം കഴിക്കുക, വേഗത്തിൽ ഭക്ഷണം കഴിക്കുക, മലബന്ധം, ചില ഭക്ഷണങ്ങളോടുള്ള അസഹിഷ്ണുത തുടങ്ങിയ പല കാരണങ്ങളാലും വയറുവീർപ്പ് ഉണ്ടാകാം. ഭക്ഷണശേഷമുള്ള സാവധാനത്തിലുള്ള നടത്തം ദഹനനാളത്തിലൂടെ ഭക്ഷണവും വാതകവും നീങ്ങാൻ സഹായിക്കുന്നതിനാൽ ചിലരിൽ വയറുവീർക്കൽ കുറയാം. എന്നാൽ തുടർച്ചയായി വീർക്കൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ നടത്തം മാത്രം പരിഹാരമായി കരുതരുത്. കാരണം കണ്ടെത്തുകയാണ് പ്രധാനം.

ഭാരം നിയന്ത്രിക്കാൻ സഹായകമാകാം
അത്താഴത്തിന് ശേഷം നടക്കുന്നത് മാത്രം കൊണ്ട് ശരീരഭാരം കുറയില്ല. എന്നാൽ സമീകൃതമായ ഭക്ഷണവും മറ്റ് ശാരീരിക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ജീവിതശൈലിയുടെ ഭാഗമാക്കുമ്പോൾ ഇത് ഭാരം നിയന്ത്രിക്കാൻ സഹായകമാകാം. ദിവസത്തിൽ കുറച്ച് അധികം ചലനം ഉൾപ്പെടുത്താനുള്ള എളുപ്പവഴിയാണിത്. ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് ശരീരത്തിന്റെ ഊർജോപയോഗം കൂട്ടാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ചിലരിൽ രാത്രിയിലെ അമിതവിശപ്പും ഭക്ഷണത്തോടുള്ള ആഗ്രഹവും നിയന്ത്രിക്കാൻ സഹായിച്ചേക്കാം. 

ഉറക്കം മെച്ചപ്പെടുത്തും
അത്താഴം കഴിച്ചയുടൻ സോഫയിലേക്കോ കിടക്കയിലേക്കോ പോകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ വയറുനിറഞ്ഞ അവസ്ഥയിൽ ഉടൻ കിടക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാം. ഭക്ഷണശേഷമുള്ള ചെറിയൊരു നടത്തം ശരീരത്തിന് ലഘുത്വം തോന്നാനും രാത്രി കൂടുതൽ സുഖകരമായി വിശ്രമിക്കാനും സഹായിച്ചേക്കാം. ഇത് കഠിനമായ വ്യായാമമാക്കാതെ, ഉറക്കത്തിന് മുമ്പുള്ള ശാന്തമായ ദിനചര്യയുടെ ഭാഗമാക്കുന്നതാണ് നല്ലത്.

മാനസിക സമ്മർദം കുറയ്ക്കാം
ദിവസം മുഴുവൻ ജോലി, സ്‌ക്രീൻ ഉപയോഗം, വീട്ടിലെ തിരക്കുകൾ എന്നിവയ്ക്കിടയിൽ നിന്ന് മാറിനിൽക്കാനുള്ള ചെറിയൊരു ഇടവേള കൂടിയാണിത്. നടക്കുമ്പോൾ ശരീരം ചലിപ്പിക്കുന്നത് ദിവസത്തിൽ അടിഞ്ഞുകൂടിയ സമ്മർദവും പിരിമുറുക്കവും കുറയ്ക്കാൻ സഹായിച്ചേക്കാം. ഫോൺ മാറ്റിവച്ച് അൽപസമയം നടക്കുന്നത് ദിവസത്തിന്റെ തിരക്കിൽ നിന്ന് വിശ്രമത്തിലേക്കുള്ള നല്ലൊരു മാറ്റവുമാകാം.

ദൈനംദിന ശാരീരിക പ്രവർത്തനം കൂട്ടാം
വ്യായാമത്തിനായി പ്രത്യേക സമയം കണ്ടെത്താൻ കഴിയാത്തവർക്ക് പോലും ഭക്ഷണശേഷമുള്ള ചെറിയ നടത്തം എളുപ്പത്തിൽ ദിനചര്യയിൽ ഉൾപ്പെടുത്താം. ദിവസവും 10-20 മിനിറ്റ് എന്ന ചെറിയ ലക്ഷ്യത്തോടെ തുടങ്ങാം. അഞ്ചു മിനിറ്റ് നടക്കാൻ കഴിയുന്ന ദിവസങ്ങളിൽ അത്രയും മതിയാകും. ദിവസവും ചെയ്യാൻ കഴിയുന്ന ഒരു ശീലമാക്കുക എന്നതാണ് പ്രധാനം. 

അത്താഴം കഴിഞ്ഞ് എത്ര നേരം നടക്കണം?
അത്താഴം കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരിക്കണമെന്ന നിർബന്ധമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണശേഷം കഴിയുന്നത്ര നേരത്തെ, നടത്തം ആരംഭിക്കാം. 10-20 മിനിറ്റ് നടത്തമാണ് നല്ലത്. എന്നാൽ അഞ്ചു മിനിറ്റ് നടക്കുന്നതുപോലും ഉടൻ ഇരിക്കുന്നതിനേക്കാൾ ഗുണം ചെയ്യും. വേഗത്തിൽ നടക്കേണ്ടതില്ല. സംസാരിക്കാൻ കഴിയുന്നത്ര സാവധാനത്തിലുള്ള, സുഖകരമായ വേഗം മതിയാകും. എത്ര മിനിറ്റ് നടന്നു എന്നതിലുപരി, സ്ഥിരമായി നടക്കുന്നതാണ് പ്രധാനം.

എല്ലാവർക്കും അത്താഴശേഷം ഉടൻ നടക്കാമോ?
ഭക്ഷണം കഴിച്ച ശേഷം വയറിന് അമിതഭാരം തോന്നുന്നവർ, അസിഡിറ്റി അല്ലെങ്കിൽ റിഫ്‌ലക്‌സ് അനുഭവപ്പെടുന്നവർ ഒക്കെ ഉടൻ നടക്കാതെ അൽപസമയം കാത്തിരിക്കുന്നത് നല്ലതാണ്. നടക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ വേഗം കുറയ്ക്കുകയും ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കുകയും വേണം.

രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിൽ ഭക്ഷണം കഴിച്ചശേഷം നേരത്തേ തന്നെ ചെറിയ തോതിൽ ചലിക്കുന്നത് കൂടുതൽ പ്രയോജനകരമായേക്കാം. എന്നാൽ വ്യക്തികളുടെ ആരോഗ്യസ്ഥിതിയും ഭക്ഷണരീതിയും അനുസരിച്ച് വ്യത്യാസമുണ്ടാകാം.

അതുപോലെ, വയറുവീർക്കൽ സ്ഥിരമായി ഉണ്ടാകുകയോ വേദനയോടൊപ്പം വരികയോ ദിവസങ്ങളോളം മാറാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ കാരണം കണ്ടെത്താൻ ഡോക്ടറുടെ സഹായം തേടുന്നതാണ് ഉചിതം. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi