ചിലപ്പോൾ ഒരു നോട്ടം, അല്ലെങ്കിൽ ചെറു പുഞ്ചിരി, പങ്കാളിയുടെ ചെറിയൊരു കരുതൽ പോലും നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാറുണ്ട്. തിരക്കുകളും സമ്മർദങ്ങളും നിറഞ്ഞ നേരങ്ങളിൽ ‘ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്’ എന്നൊരു ചെറിയ സൂചന മാത്രം മതി, ബന്ധങ്ങൾ കൂടുതൽ ശക്തമാകാൻ. പലർക്കും അടുപ്പം എന്നത് പ്രത്യേക നിമിഷങ്ങളോ യാത്രകളോ സംസാരവിഷയങ്ങളോ മാത്രമായി ഒതുങ്ങുന്ന ഒന്നായി തോന്നാം. യഥാർഥത്തിൽ ഓരോ ദിവസവും പങ്കാളികൾ ഒരുമിച്ച് പങ്കിടുന്ന ചെറിയ ചെറിയ നിമിഷങ്ങളാണ് അവരെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നത്. അത് ചിലപ്പോൾ നമ്മൾ പിന്തുടരുന്ന ചില ശീലങ്ങളുമാവാം.
രാവിലെ ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നത്, ജോലിത്തിരിക്കിനിടയിൽ അയയ്ക്കുന്ന ‘ഭക്ഷണം കഴിച്ചോ’ എന്ന ഒരു സന്ദേശം, ക്ഷീണിച്ച് വീട്ടിലേക്കെത്തുമ്പോൾ ഒരു ചേർത്തുപിടിത്തം, ഇതെല്ലാം സാധാരണ കാര്യങ്ങളായി തോന്നാം. പക്ഷേ, ഈ ചെറിയ ശീലങ്ങളാണ് പലപ്പോഴും ബന്ധത്തിൽ സ്‌നേഹവും ദൃഢതയും സുരക്ഷിതത്വവുമൊക്കെ വളർത്തുന്നത്. ഒരാളുടെ ജീവിതത്തിൽ മറ്റൊരാൾ എത്രത്തോളം പധാനപ്പെട്ടവരാണ് എന്ന ബോധം ഇത്തരം നിമിഷങ്ങളിലൂടെയാണ് പ്രകടമാകുന്നത്.
Also Read
അതുപോലെ, ശരീരത്തോടും മനസ്സോടും നമ്മൾ കാണിക്കുന്ന കരുതലും ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം, ചെറിയ വ്യായാമം, മനസ്സിനെ ശാന്തമാക്കുന്ന ഇടവേളകൾ...ഇവയെല്ലാം നമുക്ക് കൂടുതൽ സന്തോഷം നൽകുന്ന ഘടകങ്ങളാണ്. മനസ്സും ശരീരവും ആരോഗ്യത്തോടെയിരിക്കുമ്പോൾതന്നെ പങ്കാളിക്കൊപ്പം ചെലവഴിക്കുന്ന സമയങ്ങളിലും ആ നല്ല മാറ്റം കാണാം. ക്ഷീണവും സമ്മർദവും കുറയുമ്പോൾ, കൂടുതൽ ക്ഷമയോടെയും സ്നേഹത്തോടെയും ബന്ധങ്ങളെ സമീപിക്കാൻ സാധിക്കും. ഏതൊരു ബന്ധവും മനോഹരമായ വാക്കുകളിലോ വിലകൂടിയ സമ്മാനങ്ങളിലോ മാത്രം നിലനിൽക്കുന്നതല്ല. മറിച്ച്, ദിവസേന ആവർത്തിക്കുന്ന ചെറിയ സ്‌നേഹശീലങ്ങളിലാണ് അതിന്റെ ഭംഗിയും ആഴവും ഒളിഞ്ഞിരിക്കുന്നത്.
- ഒരുമിച്ചുള്ള നടത്തം, ലഘു വ്യായാമം, യോഗ തുടങ്ങി വീട്ടിലെ പണികൾ ഒന്നിച്ച് ചെയ്യുമ്പോഴുള്ള ചെറിയ ശാരീരിക ചലനങ്ങൾ പോലും മാനസിക സമ്മർദം കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കും. ആത്മവിശ്വാസവും ഊർജവും തോന്നുമ്പോൾ, പങ്കാളിയുമായി കൂടുതൽ അടുപ്പത്തോടെ ഇടപെടാൻ സാധിക്കും.
- നല്ല ഭക്ഷണം മനസ്സിനെയും ബന്ധത്തെയും സ്വാധീനിക്കും. ഭക്ഷണക്രമീകരണത്തിലൂടെ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതിന്റെ സ്വാഭാവിക പ്രതിഫലനം ബന്ധങ്ങളിലും കാണാം.
- മതിയായ ഉറക്കം ശരീരത്തിനും മനസ്സിനും അത്യാവശ്യമാണ്. നന്നായി വിശ്രമിച്ചാൽ മാനസിക അസ്വസ്ഥതകളും ക്ഷീണവും കുറയും. ഇത് പങ്കാളിയോടൊപ്പം ചെലവഴിക്കുന്ന സമയം കൂടുതൽ സന്തോഷകരമാക്കും. ഉറങ്ങുന്നതിന് വളരെമുമ്പ് തന്നെ മൊബൈൽ മാറ്റിവച്ച് പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാം, മങ്ങിയ ലൈറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ നല്ല ഉറക്കത്തിന് സഹായിക്കും.
- ബന്ധം ശാരീരിക അടുപ്പത്തിൽ മാത്രം ഒതുങ്ങുന്നില്ല. പരസ്പരം മനസ്സിലാക്കൽ, തുറന്ന ആശയവിനിമയം, ചെറിയ പ്രശംസകൾ എന്നിവ ബന്ധത്തെ കൂടുതൽ ശക്തമാക്കും. ''നിനക്ക് എങ്ങനെയുണ്ട്?'' എന്നൊരു സത്യസന്ധമായ ചോദ്യം പോലും പലപ്പോഴും ഹൃദയങ്ങളെ കൂടുതൽ ചേർത്തുവയ്ക്കാറുണ്ട്.
- ചെറിയ കാര്യങ്ങൾക്കുമുണ്ട് വലിയ പ്രാധാന്യം. തിരക്കേറിയ ദിവസത്തിനിടയിലെ ഒരു സ്‌നേഹസന്ദേശം, ഒരു ചേർത്തുപിടിത്തം, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണം...ഇത്തരം ചെറിയ നിമിഷങ്ങളാണ് ബന്ധത്തിലെ സ്നേഹവും കരുതലും ജീവനോടെ സൂക്ഷിക്കുന്നത്.
- അപ്രതീക്ഷിത ഗർഭധാരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കാൻ ശരിയായ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് ദമ്പതികൾക്ക് കൂടുതൽ ആത്മവിശ്വാസവും ബന്ധത്തിലെ സ്വാതന്ത്ര്യവും വർധിപ്പിക്കും.
- അടുപ്പമുള്ള നിമിഷങ്ങളെ പൂർണമാക്കുന്നതിൽ ഫോർപ്ലേയും പിന്നീട് നൽകുന്ന കരുതലും വലിയ പങ്ക് വഹിക്കുന്നു. സ്‌നേഹത്തോടെയുള്ള സ്പർശങ്ങൾ, ആശ്വാസകരമായ വാക്കുകൾ, ചേർന്ന് കിടക്കുന്ന നിമിഷങ്ങൾ എന്നിവ ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നു. ഇത് പങ്കാളികൾക്കിടയിലെ വിശ്വാസവും മാനസിക അടുപ്പവും കൂട്ടാൻ സഹായിക്കും.
ആരോഗ്യകരമായ ജീവിതശൈലിയും സ്‌നേഹപൂർണമായ ചെറിയ ശീലങ്ങളും ഒരുമിക്കുമ്പോൾ, അത് ശരീരത്തിനും മനസ്സിനും പുതുഊർജം നൽകും. ഒപ്പം ബന്ധത്തിലെ സ്‌നേഹവും അടുപ്പവും കൂടുതൽ മനോഹരമായി നിലനിർത്തുകയും ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: daily-habits-to-strengthen-relationship-intimacy
Published: 13 May 2026, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented