സൂപ്പർസ്റ്റാർ രജനീകാന്തിന് രാജ്യത്തുടനീളം ആരാധകരുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, താൻ കൈവീശി കാണിച്ചിട്ടും, ആളുകൾ ഫോട്ടോയെടുക്കാൻ തടിച്ചുകൂടുമെന്ന് പ്രതീക്ഷിച്ചിട്ടും, ആരും തിരിഞ്ഞുപോലും നോക്കാതിരുന്ന ഒരു സന്ദർഭം വെളിപ്പെടുത്തിയിരുക്കുകയാണ് നടനിപ്പോൾ. ഈ അനുഭവം തന്റെ അഹംഭാവത്തെ (ego) പൂർണ്ണമായും തകർത്തുകളഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികവും ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനവും പ്രമാണിച്ച്, ചൊവ്വാഴ്ച നടന്ന ചടങ്ങിൽ രജനീകാന്ത് പങ്കെടുത്തിരുന്നു. ഈ ചടങ്ങിലാണ് ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്റർ സന്ദർശിച്ചപ്പോഴുണ്ടായ തന്റെ അനുഭവം അദ്ദേഹം അനുസ്മരിച്ചത്.

ആശ്രമം ഒന്ന് ചുറ്റിക്കാണാൻ ഗുരുദേവൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ഓർത്തെടുത്തു. എന്നാൽ, താരത്തെ കാണാനും ഓട്ടോഗ്രാഫിനായും ആളുകൾ തടിച്ചുകൂടി പ്രശ്നമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ രജനീകാന്ത് ആഗ്രഹിച്ചിരുന്നു.

"ഗുരുദേവൻ എന്നോട് അദ്ദേഹത്തോടൊപ്പം വരാൻ ആവശ്യപ്പെട്ടു. അത് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞാൻ പറഞ്ഞു. 'കുഴപ്പമില്ല, ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല, നിങ്ങൾ വരൂ'… എന്ന് അദ്ദേഹവും. സ്വാഭാവികമായും അവിടെ ആളുകൾ ഉണ്ടാകുമെന്നും, അവർ എന്നെ തിരിച്ചറിയുമെന്നും, എന്റെ പേര് വിളിച്ചു കൂവുമെന്നും, ഫോട്ടോയ്ക്ക് ചോദിക്കുമെന്നുമൊക്കെയാണ് ഞാൻ കരുതിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒട്ടനവധി ആളുകളെയും ഞാനവിടെ കണ്ടിരുന്നു," രജനീകാന്ത് പറഞ്ഞു.

"തുറന്നുപറഞ്ഞാൽ, ആയിരക്കണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നിട്ടും, ഒരാൾ പോലും എന്നെ നോക്കിയില്ല... ഫോട്ടോയുടെയും ഓട്ടോഗ്രാഫിന്റെയും കാര്യം വിടൂ; ഒരൊറ്റയാൾ പോലും എന്നെ നോക്കുകയോ എന്നോട് സംസാരിക്കുകയോ ചെയ്തില്ല. ഞാൻ കൈവീശി കാണിക്കുന്നുണ്ടായിരുന്നു, പക്ഷേ ആരും എന്നെ ശ്രദ്ധിച്ചില്ല... ഞാൻ നിരവധി രാഷ്ട്രീയക്കാരെയും വ്യവസായികളെയും കണ്ടിട്ടുണ്ട്, പക്ഷേ ഈ സംഭവം എന്റെ ഈഗോയെ ശെരിക്കും തകർത്തു കളഞ്ഞു." ആത്മീയതയുടെ ശക്തിയാണ് ആ അനുഭവം തനിക്ക് കാണിച്ചുതന്നതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചു.

'കൂലി' എന്ന ചിത്രത്തിലാണ് രജനീകാന്ത് അവസാനമായി അഭിനയിച്ചത്. 'ജയിലർ 2', കമൽ ഹാസനൊപ്പം അഭിനയിക്കുന്ന ചിത്രം എന്നിവയാണ് അടുത്ത പ്രൊജക്ടുകൾ. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi