സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു 'ഹം ദിൽ ദേ ചുകേ സനം'. ബോക്സ് ഓഫീസിൽ വലിയ വിജയമായതിന് പുറമെ, സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും പ്രണയത്തിന്റെ പേരിലും സിനിമ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണവേളയിലെ പല കഥകളും വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സൽമാൻ ഖാനോട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി ദേഷ്യപ്പെട്ട ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്, സിനിമയിൽ ഐശ്വര്യയുടെ അമ്മയുടെ വേഷത്തിലെത്തിയ നടി സ്മിത ജയ്ക്കർ. സിദ്ധാർഥ് കണ്ണന്റെ ടോക് ഷോയിൽ സംസാരിക്കവെയാണ് അവർ ഈ സംഭവം ഓർത്തെടുത്തത്.

സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആംഖോം കി ഗുസ്താഖിയാ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം നടന്നതെന്ന് സ്മിത പറയുന്നു.

"ഒരു വലിയ മേശയ്ക്ക് ചുറ്റുമിരുന്നാണ് ആ രംഗം ചിത്രീകരിക്കുന്നത്. ഞാനും അവിടെയുണ്ടായിരുന്നു. മേശയ്ക്ക് ചുറ്റും നടക്കുന്നതിനിടയിൽ സൽമാൻ ഐശ്വര്യയുടെ കൈകളിൽ തൊട്ടു. എന്നാൽ അങ്ങനെയൊരു ഡയറക്ഷൻ സഞ്ജയ് നൽകിയിരുന്നില്ല. അതുകണ്ട ഉടൻ ബൻസാലി സൽമാനോട് ഉറക്കെ ചോദിച്ചു: 'സൽമാൻ, നീ എന്തിനാണ് അവളെ തൊട്ടത്?'. ഐശ്വര്യയെ നോക്കിനിൽക്കുക മാത്രമായിരുന്നു സൽമാൻ ചെയ്യേണ്ടിയിരുന്നത്. ഐശ്വര്യ തിരിച്ച് സൽമാനെയും നോക്കണം," - സ്മിത പറഞ്ഞു.

പ്രണയവും വേർപിരിയലും

1999-ൽ 'ഹം ദിൽ ദേ ചുകേ സനം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്. തുടർന്ന് ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയജോഡികളായി മാറി. എന്നാൽ 2002-ൽ ഇരുവരും വേർപിരിഞ്ഞു.

2003-ൽ ഷാറൂഖ് ഖാൻ നായകനായ 'ചൽത്തേ ചൽത്തേ' എന്ന സിനിമയുടെ സെറ്റിൽ സൽമാൻ എത്തി പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് ഐശ്വര്യക്ക് പകരം റാണി മുഖർജിയെ നായികയാക്കിയിരുന്നു. പിന്നീട് നടൻ വിവേക് ഒബ്‌റോയിയുമായുള്ള ഐശ്വര്യയുടെ സൗഹൃദവും സൽമാനും വിവേകും തമ്മിലുള്ള തുറന്ന പോരിലേക്ക് വഴിതെളിച്ചു.

സൽമാനുമായുള്ള ബന്ധത്തെക്കുറിച്ച് പൊതുവേദികളിൽ സംസാരിക്കാൻ ഐശ്വര്യ എന്നും വിമുഖത കാണിച്ചിരുന്നു. 2012-ൽ സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തെക്കുറിച്ച് ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സൽമാനുമായുള്ള ബന്ധത്തെക്കുറിച്ച് ഓർത്തെടുക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, "ഞാൻ ആ അധ്യായം എന്നെന്നേക്കുമായി അടച്ചുകഴിഞ്ഞു. പൊതുവേദിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല," എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

2007 ഏപ്രിലിൽ നടൻ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം ചെയ്തു. ആരാധ്യ ബച്ചൻ ഇവരുടെ മകളാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi