കാൻ ഫിലിം ഫെസ്റ്റിവലിൽ രണ്ട് മനോഹരവസ്ത്രങ്ങളാണ് ഇക്കുറി ബോളിവുഡ് താരം ആലിയ ഭട്ട് ധരിച്ചത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ആലിയ റെഡ് കാർപ്പറ്റിലെത്തിയത്.

ഫാഷൻ ഡിസൈനറായ ടമറ റാൾഫ് ആണ് ഈ ഗൗൺ ഡിസൈൻ ചെയ്തത്. കസ്റ്റം കോറൽ സിൽക്ക് ക്രെയ്പ്പിലുള്ള കോർസെറ്റ് കോളം ഡ്രസ്സാണിത്. ഭംഗി കൂട്ടാനായി സിൽക്ക് വോയിൽ ഷിഫോൺ മെറ്റീരിയലിലുള്ള ലോങ് സ്‌കാർഫും ആലിയ തിരഞ്ഞെടുത്തു. ഒപ്പം ബ്ലഷ് പിങ്ക് നിറത്തിലുള്ള ചോക്കറും. റെഡ് കാർപ്പറ്റിന് മുമ്പുള്ള ഫോട്ടോഷൂട്ടിൽ പ്രിന്റഡ് ലോങ് ഫ്രോക്കാണ് താരം ധരിച്ചത്.

അതിനിടെ 'മേരി ക്ലെയർ' ഫ്രാൻസുമായുള്ള അഭിമുഖത്തിൽ ആലിയ തന്റെ സൗന്ദര്യരഹസ്യവും വെളിപ്പെടുത്തി. ''ഞങ്ങൾ നെയ്യിൽ ഭക്ഷണം പാകം ചെയ്യുന്നു. കുറഞ്ഞത് എന്റെ വീട്ടിലെങ്കിലും അങ്ങനെ ചെയ്യുന്നു. ഇത് കുടലിനും ചർമ്മത്തിനും വളരെ നല്ലതാണ്. ഞാനെപ്പോഴും കൈവശം വെക്കുന്നൊരു സ്‌നാക്കുണ്ട്. ഇത് അടിസ്ഥാനപരമായി നെയ്യിൽ അല്പം ശർക്കരയും, കുറച്ച് നിലക്കടല പൊടിച്ചതും, അല്പം തേങ്ങയും ചേർത്താണ് തയ്യാറാക്കുന്നത്. ഇത് സത്യത്തിൽ ചർമ്മത്തിനുവേണ്ടിയുള്ള ഒരു ലഘുഭക്ഷണമാണ് (Skin Snack). എന്റെ ചർമ്മം മനോഹരമായിരിക്കാൻ വേണ്ടിയാണ് ഞാനിത് ഉപയോഗിക്കുന്നത്. ഇത് ശരിക്കും വളരെ ഉപകാരപ്രദമാണ്''.

ഇതിന്റെ ഗുണങ്ങൾ

ഒമേഗാ ഫാറ്റി ആസിഡും ആന്റിഓക്‌സിഡന്റും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് നെയ്യ്. നെയ്യ് കഴിക്കുന്നത് ചർമ്മത്തെ മൃദുലമായി നിലനിർത്താൻ സഹായിക്കുന്നു. ചർമ്മത്തിൽ ജലാംശം എപ്പോഴും നിലനിൽക്കാനും ഇത് സഹായകമാണ്.

ചർമ്മത്തിന്റെ ആരോഗ്യത്തിനാവശ്യമായ പല ഘടകങ്ങളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇതുപകരിക്കും. ദഹനപ്രക്രിയ എളുപ്പമാക്കാനും നല്ലതാണ്.

ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ആന്റിഓക്‌സിഡന്റുകളും ഫൈബറുകളും തേങ്ങയിൽ അടങ്ങിയിട്ടുണ്ട്.

നിലക്കടലയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ എപ്പോഴും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. അതിനൊപ്പം നിലക്കടലയിൽ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.

ആലിയ രണ്ടാം തവണയാണ് കാൻ ഫിലിം ഫെസ്റ്റിവലിലെത്തുന്നത്. രണ്ടുതവണയും ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായിട്ടാണ് റെഡ് കാർപ്പറ്റിലെത്തിയത്. കഴിഞ്ഞ വർഷം ഗുച്ചി ഡിസൈൻ ചെയ്ത സാരി അണിഞ്ഞാണ് താരം കാനിലെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi