കാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നവരാണ് പലരും. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കിയും സമീകൃതാഹാരം ശീലമാക്കിയുമൊക്കെ പലരും ആരോഗ്യം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണംകൊണ്ടു മാത്രം കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമോ? ഇല്ലെന്നാണ് ഓങ്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണക്രമത്തിനൊപ്പം ജീവിതശൈലിയിലെ മറ്റ് പല ഘടകങ്ങളും കാൻസർ സാധ്യത കുറയ്ക്കുന്നതിൽ നിർണായകമാണ്.
ആരോഗ്യകരമായ ഭക്ഷണമെന്നത് കാൻസർ പ്രതിരോധത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശരീരഭാരം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകയിലയും മദ്യവും ഒഴിവാക്കുക, അമിതമായ വെയിൽ ഏൽക്കുന്നത് തടയുക തുടങ്ങിയ ശീലങ്ങൾക്കും ഇതിൽ പ്രധാന പങ്കുണ്ട്. കാൻസറുമായി ബന്ധപ്പെട്ട വൈറസുകൾക്കെതിരായ വാക്സിനേഷനും കൃത്യമായ ആരോഗ്യപരിശോധനകളും ഇതോടൊപ്പം പരിഗണിക്കണം.
Also Read
ഗുരുഗ്രാമിലെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റുമാരാണ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിനപ്പുറം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തീർച്ചയായും പ്രധാനമാണ്. എന്നാൽ കാൻസർ പ്രതിരോധം എന്നത് അതുകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പതിവായി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക, മദ്യപാനം പരിമിതപ്പെടുത്തുക, പുകയില ഒഴിവാക്കുക, അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് തടയുക, മാനസിക സമ്മർദം നിയന്ത്രിക്കുക, ആവശ്യമായ ആരോഗ്യപരിശോധനകൾ നടത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. എച്ച്.പി.വി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കാൻസറുമായി ബന്ധമുള്ള വൈറസുകൾക്കെതിരായ വാക്സിനേഷനും പ്രധാനമാണ്. എന്നാൽ ഇത്തരം നടപടികൾ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെങ്കിലും രോഗം ഒരിക്കലും വരില്ലെന്ന് ഉറപ്പുനൽകുന്നില്ല.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് തങ്ങൾ കാൻസർ സാധ്യതയിൽനിന്ന് പൂർണമായും സുരക്ഷിതരാണെന്ന തെറ്റായ ധാരണയുണ്ടാകാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാനും നിർദേശിച്ച പരിശോധനകൾ ഒഴിവാക്കാനും സാധ്യതയുണ്ട്. മറ്റൊരു തെറ്റിദ്ധാരണയെക്കുറിച്ചും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു തവണ പൊതുവായ ആരോഗ്യപരിശോധന നടത്തിയാൽ എല്ലാ തരത്തിലുള്ള കാൻസറുകളും ഇല്ലെന്ന് ഉറപ്പാക്കാമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ സാധാരണ ആരോഗ്യപരിശോധനയും കാൻസർ നിർണയത്തിനുള്ള പ്രത്യേക സ്ക്രീനിങ് പരിശോധനകളും ഒന്നല്ല.
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചുമുള്ള പരസ്പരവിരുദ്ധമായ വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
കാൻസർ പ്രതിരോധത്തിൽ വരുത്തുന്ന സാധാരണ പിഴവുകൾ
വ്യായാമം ഒഴിവാക്കുന്നത്: ഭക്ഷണക്രമത്തിൽ മാത്രം ശ്രദ്ധിക്കുകയും വ്യായാമം അവഗണിക്കുകയും ചെയ്യുന്നു. സമീകൃതാഹാരവും കൃത്യമായ വ്യായാമവും കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കുടുംബത്തിലെ രോഗചരിത്രം അവഗണിക്കുന്നത്: കുടുംബത്തിൽ കാൻസർ ബാധിച്ചവരുണ്ടെങ്കിൽ അതും ജനിതകമായ അപകടസാധ്യതകളും ശ്രദ്ധിക്കണം. ഇത് തിരിച്ചറിയുന്നത് കൂടുതൽ നിരീക്ഷണത്തിനും നേരത്തെയുള്ള ഇടപെടലിനും സഹായിക്കും.
മദ്യപാനത്തിന്റെ അപകടം കുറച്ചുകാണുന്നത്: പലതരം കാൻസറുകളുമായി മദ്യപാനത്തിന് നേരിട്ട് ബന്ധമുണ്ട്. അതിനാൽ മദ്യത്തിന്റെ ഉപയോഗം നിസ്സാരമായി കാണരുത്.
പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കാതിരിക്കുന്നത്: പ്രമേഹം, അമിതവണ്ണം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കാം. ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ചർമ്മസംരക്ഷണം അവഗണിക്കുന്നത്: ചർമ്മത്തിൽ കാണുന്ന അസാധാരണമായ മാറ്റങ്ങൾ സ്വയം പരിശോധിക്കുന്നതും വെയിലിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതും പ്രധാനമാണ്. മെലനോമ പോലുള്ള ചർമ്മാർബുദങ്ങളുടെ സാധ്യതയും അവഗണിക്കരുത്.
മാനസിക സമ്മർദം നിയന്ത്രിക്കാതിരിക്കുന്നത്: മാനസികാരോഗ്യവും മൊത്തത്തിലുള്ള ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദം നിയന്ത്രിക്കുന്നതിനും ജീവിതശൈലിയിൽ പ്രാധാന്യം നൽകണം.
ഇങ്ങനെ ഭക്ഷണക്രമത്തിൽ മാത്രം ഒതുങ്ങാതെ ആരോഗ്യകരമായ ജീവിതശൈലിയുടെ എല്ലാ വശങ്ങൾക്കും പ്രാധാന്യം നൽകുകയാണ് കാൻസർ സാധ്യത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, ദുശ്ശീലങ്ങൾ ഒഴിവാക്കൽ, ആവശ്യമായ വാക്സിനേഷനുകൾ, പരിശോധനകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാകണം. കാൻസർ പൂർണമായും തടയാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തേ കണ്ടെത്താനും ഇത്തരം ശീലങ്ങൾ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 09 Nov 2026, 11:55 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented