ആളുകള്‍ ഒന്നിച്ചു കൂടുമ്പോള്‍ ലഹരിയൊഴുകണം എന്ന ചിന്ത സമൂഹത്തെ വിഴുങ്ങിക്കഴിഞ്ഞു. മദ്യപാനമാണ് സാമൂഹികവത്കരണത്തിനുള്ള ഉപാധിയെന്നുപോലും പലരും കരുതുന്നു. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവുമായ നഷ്ടങ്ങളെ പൊതുവെ അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. പ്രത്യേകിച്ചും യുവാക്കള്‍. ഈ പ്രവണത വലിയ അപകടത്തിലേക്കാണ് സമൂഹത്തെ കൊണ്ടുപോകുന്നത്. ലഹരി അവഗണിച്ചുള്ള വിനോദങ്ങള്‍ ആളുകള്‍ മറന്നുപോകുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം.

ലോകത്താകമാനം വര്‍ഷത്തില്‍ 30 ലക്ഷത്തോളം പേര്‍ മരിക്കാന്‍ മദ്യം കാരണമാകുന്നു. അതായത് പത്തു സെക്കന്‍ഡില്‍ ഒരാള്‍ എന്ന തോതില്‍. ലോകത്തെ ആകെ മരണത്തിന്റെ അഞ്ച് ശതമാനവും മദ്യം മൂലമാണെന്നു പറയാം. അതുപോലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈകല്യവുമുണ്ടാകുന്നു. ലോകമെമ്പാടുമുള്ള രോഗങ്ങളുടെ 5.1 ശതമാനത്തിനും കാരണമാകുന്നത് മദ്യത്തിന്റെ ഹാനികരമായ ഉപയോഗം തന്നെയെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.  

മദ്യം യുവാക്കളെ കവരുകയാണെന്നും ഡബ്ല്യു.എച്ച്.ഒ. ആശങ്കയറിയിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യവും കുടുംബജീവിതവും വൈദഗ്ധ്യവുമെല്ലാം മദ്യത്തില്‍ പൊലിഞ്ഞുപോവുകയാണ്. 20-നും 39-നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തില്‍ 13.5 ശതമാനവും മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മദ്യത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ലോകത്തുടനീളം കൊണ്ടുവരുകയേ പോംവഴിയുള്ളൂ.

15 നും 49 നും ഇടയില്‍ പ്രായമുള്ളവരില്‍ അകാല മരണത്തിനും വൈകല്യത്തിനും പ്രധാനകാരണം മദ്യമാണ്. പത്തുശതമാനം വരുമത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരിലാണ് മദ്യപാനം മൂലമുള്ള മരണനിരക്കും ആശുപത്രിവാസവും കൂടുതല്‍. 

ആഗോളതലത്തിൽ ഏകദേശം 30 കോടിയോളം ആളുകള്‍ മദ്യപാന വൈകല്യങ്ങളുമായി ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു, ഇതില്‍ ഏകദേശം 15 കോടിയോളം പേര്‍ മദ്യാസക്തിയുള്ളവരാണ്. യുവാക്കളെ മദ്യത്തിന്റെ പരസ്യങ്ങള്‍ വ്യാപകമായി ലക്ഷ്യമിടുന്നുണ്ട്. പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ സാമൂഹിക, സാമ്പത്തിക, സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ് അന്താരാഷ്ട്രകമ്പനികളുടെ മദ്യപരസ്യങ്ങള്‍ എത്തുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ചൂണ്ടിക്കാട്ടുന്നു. മദ്യാസക്തി, പെരുമാറ്റ വൈകല്യങ്ങള്‍, ലിവര്‍ സിറോസിസ്, ചില അര്‍ബുദങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കു പുറമെ, ആക്രമണവാസന, റോഡിലെ അപകടങ്ങള്‍ എന്നിവയും മദ്യത്തിന്റെ പരിണിതഫലമാണ്.