
പാലക്കാട് ജില്ലയിലെ നെന്മാറ. കാറ്റ് കുന്നിറങ്ങുന്ന ഉത്സാഹത്തില്‍ പറന്നു പോകുന്നുണ്ടൊരു സ്‌പോര്‍ട്‌സ് സൈക്കിള്‍. ട്രാക്ക് സ്യൂട്ടും ഓവര്‍കോട്ടും ഷൂവും ഹെല്‍മെറ്റുമായി ചെത്തു വേഷത്തിലാണ് യാത്രക്കാരി. നെന്മാറ എ.കെ നഗര്‍ വിനുഭവനിലെ വളര്‍മതിയുടെ സൈക്കിള്‍ തെക്കു വടക്ക് ഓട്ടം തുടങ്ങിയിട്ട് വര്‍ഷം നാലായി.
പ്രായം 55. പുലര്‍ച്ചെ 4.30ന് യാത്ര തുടങ്ങും. നാലോ അഞ്ചോ മണിക്കൂറുകള്‍ നീളുന്ന സവാരിയായിരുന്നു തുടക്കത്തില്‍. സംഗതി ഹരമായതോടെ കിലോമീറ്ററുകള്‍ കൂടി. പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ നിന്നിറങ്ങി ഒമ്പത് മണിക്കൂറോളം യാത്ര. വാളയാര്‍, മലമ്പുഴ, കവ, ആനമല, തൃശ്ശൂര്‍... ഓരോ ദിവസം ഓരോ റൂട്ട്.
ആവേശം വാനോളം
സൈക്കിളില്‍ പറക്കുമ്പോള്‍ മനസ് ഉല്ലാസം അറിയുമെന്ന് വളര്‍മതി പറയുന്നു. ''വഴിയാത്രക്കാരും കുട്ടികളും പോലീസും ലോറിക്കാരുമൊക്കെ കൈവീശിക്കാണിക്കും. അതുകാണുമ്പോള്‍ സന്തോഷമാണ്. ആവേശം തോന്നും. വീടെത്തുമ്പോള്‍ എന്തൊക്കെയോ നേടിയ സംതൃപ്തി കിട്ടും. കുറച്ചുനേരം വിശ്രമിച്ച് വീട്ടുപണികള്‍ തുടങ്ങും. അപ്പോഴും 10 കിലോമീറ്റര്‍ കൂടി ഓടി വരാനുള്ള ഉത്സാഹം തോന്നാറുണ്ട് ''
സൈക്കിളില്‍ ബാല്യം
തമിഴ്‌നാട്ടിലെ കുറുമ്പപട്ടി എന്ന ഉള്‍ഗ്രാമമാണ് വളര്‍മതിയുടെ ജന്മദേശം. അവിടെ ഓരോ വീട്ടിലും മൂന്നോ നാലോ സൈക്കിള്‍ ഉണ്ടാവും. ''പത്തു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് സ്‌കൂളില്‍ പോയിരുന്നത്. അച്ഛന് കൃഷിയായിരുന്നു. 30 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മുളകും മുരിങ്ങക്കായയുമെല്ലാം ചന്തയിലെത്തിക്കുമായിരുന്നു ഞാന്‍.'' വളര്‍മതി ആ കാലം ഓര്‍ത്തെടുത്തു.
ഇടവേളയ്ക്കുശേഷം
പതിനാറാം വയസ്സിലായിരുന്നു വളര്‍മതിയുടെ കല്യാണം. മൂത്തമകള്‍ ഭുവന ജനിച്ച ശേഷം വളര്‍മതിയും ഭര്‍ത്താവ് കുമാര സ്വാമിയും നെന്മാറയില്‍ താമസമാക്കി. പഴയ സൈക്കിളോട്ടത്തിന്റെ ഹരം അപ്പോഴും വളര്‍മതിയെ വിട്ടുപോയിരുന്നില്ല. ഇടയ്ക്കിടെ ഭര്‍ത്താവിന്റെ സൈക്കിളില്‍ ഒന്നു കറങ്ങും.
പിന്നെ സൈക്കിളോട്ടത്തിന് ഒരു ഇടവേള വന്നു. കോവിഡ് ലോക്ക്ഡൗണ്‍ വന്നപ്പോള്‍ വളര്‍മതി ആ പഴയ പൂതി പൊടിതട്ടിയെടുത്തു. അമ്മയുടെ ആഗ്രഹത്തിന് മകന്‍ വിനോദും മകള്‍ ഭുവനയും മരുമകന്‍ സജിയും കട്ട സപ്പോര്‍ട്ട് പറഞ്ഞു. ബ്രാന്‍ഡഡ് പാന്റ്‌സും ഓവര്‍ക്കോട്ടും ഷൂവുമൊക്കെ അവര്‍ സമ്മാനിക്കുകയും ചെയ്തു.
Also Read
അക്കാലത്ത് വളര്‍മതിയ്‌ക്കൊപ്പം സഹയാത്രികനായി മകനും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ മകന്റെ കൂട്ടുകാരും ഒപ്പംകൂടി. സൈക്കിള്‍ കിലോമീറ്ററുകള്‍ താണ്ടുമ്പോഴും കയറ്റം കയറുമ്പോഴും കൂടെയുള്ളവര്‍ കിതച്ചാലൊന്നും വളര്‍മതിയുടെ ആവേശം കുറയാറില്ല. മുപ്പത് കിലോമീറ്റര്‍ കടക്കുമ്പോള്‍ വെളളം കുടിക്കാനായി അഞ്ചുമിനിറ്റ്... അതു മാത്രമാണ് യാത്രയ്ക്കിടയിലെ വിശ്രമം.
സവാരിയൊത്തില്ലെങ്കില്‍
ജോലിയുടെ ഭാഗമായി മകന് യാത്രകള്‍ കൂടി വന്നപ്പോള്‍ വളര്‍മതിയ്ക്ക് യാത്രയില്‍ കൂട്ടില്ലാതായി. അമ്മയെ തനിച്ചുവിടാന്‍ മക്കള്‍ക്കും പേടി. അങ്ങനെയാണ് സമീപത്തുള്ള ജിമ്മില്‍ ചേരുന്നത്. രണ്ടരമണിക്കൂര്‍ ജിമ്മില്‍. ലെഗ്പ്രസ്, പ്ലാങ്ക്, സിറ്റ് അപ്പ്‌സ്, പുഷ് അപ്പ്‌സ്... വളര്‍മതിക്ക് വഴങ്ങാത്ത കസര്‍ത്തുകളില്ല.
ഈ പ്രായത്തില്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്ന് ജിമ്മിലെ പുതുതലമുറക്കാര്‍ ചോദിച്ചിരുന്നു. പുഷ്അപ്പും സിറ്റ്അപ്പും പുഷ്പം പോലെ വളര്‍മതി കൈകാര്യം ചെയ്യുന്നത് കണ്ടതും അവര്‍ തിരുത്തി.
ജിമ്മിലും നാട്ടിലുമൊക്കെയായി ഇപ്പോള്‍ അമ്മയ്ക്ക് ഫാന്‍സ് ഏറെയുണ്ടെന്ന് മകന്‍ വിനോദ്. വിചാരിച്ചതു പോലൊന്നുമല്ല അമ്മ അതുക്കും മേലെയെന്നു തോന്നിയ ഒരു സംഭവം വിനോദ് വിവരിച്ചു. ''കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ എറണാകുളത്തെ ഒരു സ്‌പോര്‍ട്‌സ് ഷോപ്പില്‍ കയറി. അമ്മയ്ക്ക് പാന്റ്‌സ് വാങ്ങാന്‍ കയറിയതാണ്. ബാര്‍ ഹോള്‍ഡിങ്ങ് ചലഞ്ച് എന്ന പേരില്‍ ഒരു മത്സരം അവിടെ നടക്കുന്നുണ്ടായിരുന്നു. കണ്ടപ്പോള്‍ ആവേശം തോന്നി ഞാനും ശ്രമിച്ചു. 50 സെക്കന്‍ഡിനപ്പുറം എനിക്ക് തുടരാന്‍ പറ്റിയില്ല.
അമ്മയ്ക്കും മത്സരിച്ചാല്‍ കൊള്ളാമെന്ന് തോന്നി. പ്രായമായ ആളല്ലേ രജിസ്റ്റര്‍ ചെയ്യുകയൊന്നും വേണ്ട വെറുതെ നോക്കിക്കോളൂ എന്നായി സംഘാടകര്‍. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഉയരമുളള ആ കമ്പിയില്‍ ഒരു മിനിറ്റും 50 സെക്കന്‍ഡും പിടിച്ചു തൂങ്ങി അമ്മ ഒന്നാമതായി. ചുറ്റിനും കൈയടി. അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു. ആ സന്തോഷത്തില്‍ കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയാണ് അന്ന് മടങ്ങിയത്.'' മകന്റെ വിവരണം കേട്ട് ഇതൊക്കെ എന്ത് എന്ന മട്ടില്‍ വളര്‍മതി ചിരിച്ചു.
ഒപ്പംപോന്ന ധൈര്യം
സൈക്കിളില്‍ ചുറ്റാനും ജിമ്മില്‍ പോകാനും പറ്റാതെ വരുമ്പോള്‍ നഷ്ടബോധം തോന്നുമെന്ന് വളര്‍മതി. ''മുമ്പ് കാലുവേദനയും നടുവേദനയും ഉണ്ടായിരുന്നു. ദേഷ്യവും വിഷമവുമൊക്കെ പെട്ടെന്ന് പ്രകടിപ്പിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് ഏഴു വര്‍ഷമായി. മകന്‍ ജോലി സ്ഥലത്തും മകള്‍ വിദേശത്തും. എല്ലാത്തിനും തുണയായ ഭര്‍ത്താവ് പെട്ടെന്നൊരു ദിവസമങ്ങു പോയപ്പോള്‍ പൊരുത്തപ്പെടാനായില്ല. എന്നാല്‍ സൈക്കിളും വര്‍ക്കൗട്ടും മനസ്സിനെ മെച്ചപ്പെടുത്തി. ഇപ്പോള്‍ എല്ലാത്തിനെയും സന്തോഷത്തോടെ നോക്കിക്കാണാന്‍ പറ്റുന്നുണ്ട്. എന്തു വന്നാലും നേരിടാമെന്ന ധൈര്യമുണ്ട്. അനാവശ്യ ചിന്തകളില്ല. നല്ല ഉറക്കവും കിട്ടുന്നുണ്ട്.
കുടുംബം, കുട്ടികള്‍, പേരക്കുട്ടികള്‍, അടുക്കള എന്നിങ്ങനെ ഓരോ കാരണങ്ങളാല്‍ സ്വന്തം കാര്യം മറക്കുന്നവരാണ് സ്ത്രീകള്‍. സ്വയം സ്‌നേഹിച്ചു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്. അവരവര്‍ക്കായി ദിവസവും ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാനായാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും പല പ്രശ്‌നങ്ങളും ഒഴിവാകും.''വളര്‍മതി പറയുന്നു.
ന്യൂജെനാണ് ലുക്കും വാക്കും
ചെറുപ്പക്കാരുമായുള്ള കൂട്ടുകെട്ട് തനിക്ക് മാറ്റംവരുത്തിയെന്ന് വളര്‍മതി. ''സാരി മാത്രം ധരിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ അമ്പലത്തിലേക്കോ കല്യാണത്തിനോ പോകുമ്പോള്‍ മാത്രമേ സാരിയുടുക്കാറുളളൂ. പാന്റ്‌സും ടീഷര്‍ട്ടും തൊപ്പിയും ഓവര്‍കോട്ടുമായി വേഷം.''
ആരോഗ്യത്തിന് വര്‍ക്കൗട്ട് മാത്രം പോരാ ആഹാരരീതികളും മാറ്റണമെന്നും വളര്‍മതി പറയുന്നു. ''ചപ്പാത്തി, ഓട്‌സ്, സ്മൂത്തി, നട്‌സ്, ഫ്രൂട്‌സ്, പച്ചക്കറികള്‍ , മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവയൊക്കെയാണ് കൂടുതലും കഴിക്കുന്നത്. ശരീരത്തിന് ഗുണം ചെയ്യുമോ എന്നുനോക്കിയേ എന്തും കഴിക്കാറുളളൂ. പണ്ട് പാചകം വലിയ ഇഷ്ടമായിരുന്നു. ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയതോടെ ആ ഇഷ്ടം കുറഞ്ഞു.''
വളര്‍മതിക്ക് സ്വപ്‌നങ്ങള്‍ ഇനിയും ഏറെയുണ്ട്. ''ഗിയര്‍ സൈക്കിളിലേക്ക് മാറണം. എന്നിട്ട് ദിവസം അഞ്ഞൂറ് കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. പഴനി വരെയൊക്കെ സൈക്കിളില്‍ കറങ്ങി വരണം.'' ഒരു കൗമാരക്കാരിയുടെ ആവേശം നിറയുന്നു വളര്‍മതിയുടെ മുഖത്ത്. സ്വപ്‌നങ്ങളെല്ലാം സാധ്യമാകട്ടെ എന്ന മട്ടില്‍ എവിയെയോ ഒരു സൈക്കിളിന്റെ മണിയൊച്ച കേട്ടു.
Content Highlights: valarmathi a housewife who travel in cycle
Published: 17 May 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented